ഓരോ ഇന്ത്യാക്കാരനും അവരുടെ വിശ്വാസം ആചരിക്കാനും സംരക്ഷിക്കാനും പിന്തുടരാനും ഭരണഘടന അവകാശവും സംരക്ഷണവും നൽകുന്നു. ഇത് നിഷേധിക്കാനാവാത്ത അവകാശവുമാണ്. അതേസമയം ഭരണകൂടം ഏതെങ്കിലും വിശ്വാസത്തെയോ മതത്തെയോ പിന്തുടരുകയോ ആചരിക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഭരണഘടന അസന്നിഗ്ധമായി വ്യക്തമാക്കിയിട്ടുമുണ്ട്. ഭരണഘടനയെ ഉയർത്തിപ്പിടിക്കുമെന്നും സംരക്ഷിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്തത് അധികാരമേല്ക്കുന്നവർ കർക്കശമായി അത് പാലിക്കാനും ബാധ്യസ്ഥരാണ്. ഭരണഘടനാ മൂല്യങ്ങളിൽ വിശ്വസിക്കുന്ന ഏതൊരു പൗരനും അത് വിഭാവനം ചെയ്യുന്ന ജനകീയ മതേതര മൂല്യങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്യണം. എന്നാൽ ഭരണഘടന കത്തിക്കണമെന്നും മനുസ്മൃതി പിന്തുടരണമെന്നും ആവർത്തിക്കുന്ന പ്രത്യയശാസ്ത്രം അധികാരം കയ്യാളുമ്പോൾ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ മാത്രമല്ല കേവലജനാധിപത്യ ബോധം പോലും സമൂഹത്തിൽ നിന്ന് തുടച്ചു നീക്കാനാണ് ശ്രമം നടക്കുക. നിർമ്മാണത്തിലിരിക്കുന്ന പുതിയ ലോകസഭാ സമുച്ചയത്തിന് മുകളിൽ സ്ഥാപിക്കുന്ന ദേശീയ ചിഹ്നത്തിന്റെ അനാച്ഛാദനം രാജ്യത്തിന്റെ ഭരണപരമായ ഘടനയെത്തന്നെ വെല്ലുവിളിക്കുന്നതായിരുന്നു. ദേശീയ ചിഹ്നം അനാച്ഛാദനം ചെയ്തത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ്. ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് ചടങ്ങ് നടക്കുന്ന സമയത്തു തന്നെ പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ജനാധിപത്യത്തിന്റെ മൂന്ന് വിഭാഗങ്ങളായ ലെജിസ്ലേച്ചർ (നിയമനിർമ്മാണ സഭകൾ), എക്സിക്യൂട്ടീവ് (ഭരണ നിർവഹണ സംവിധാനം), ജുഡീഷ്യറി (നീതിനിർവഹണ സംവിധാനം) എന്നിവയെ ഭരണഘടന കൃത്യമായി വേർതിരിച്ചിട്ടുണ്ട്. രാഷ്ട്രപതിയാണ് നിയമനിർമ്മാണ സഭ വിളിച്ചുചേർക്കാനുള്ള അധികാരി. സ്പീക്കർ സഭയുടെ അധിപനുമാണ്. ഇവരെ മറികടന്ന് എക്സിക്യൂട്ടീവിന്റെ തലവനായ പ്രധാനമന്ത്രി നിയമനിർമ്മാണസഭയ്ക്ക് ഭരണഘടന കല്പിച്ചു നല്കിയ അധികാരങ്ങൾ കവർന്നെടുക്കുകയായിരുന്നു. ഭരണത്തിൽ കയറിയ ശേഷമത്രയും സഭയെയും അംഗങ്ങളെയും നോക്കുകുത്തിയാക്കി ഓർഡിനൻസുകളിലൂടെ ജനവിരുദ്ധനിയമങ്ങൾ നടപ്പാക്കുന്ന ഭരണാധികാരിയിൽ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കാനില്ല.
ദേശീയ ചിഹ്നത്തിന്റെ അനാച്ഛാദന ചടങ്ങിൽ പ്രധാനമന്ത്രി പൂജ നടത്തിയെന്നത് വലിയ വാർത്തകളായാണ് പല ദേശീയ മാധ്യമങ്ങളും ആഘോഷിച്ചത്. പൂജാചടങ്ങുകളുടെ വ്യത്യസ്ത ചിത്രങ്ങളും ക്ലിപ്പിങ്ങുകളും മത്സരബുദ്ധിയോടെ പ്രദർശിപ്പിക്കുകയും ചെയ്തു. എന്നാലിത് ഒരു മതേതര രാജ്യത്തിന്റെ ഭരണാധികാരി ചെയ്യേണ്ടതാണോ എന്ന് ചിന്തിക്കേണ്ടതുണ്ട്. എല്ലാ പൗരനും അവരുടെ വിശ്വാസം പിന്തുടരാൻ അവകാശമുണ്ടെന്നത് ശരിയാണ്. പക്ഷേ ഏതെങ്കിലും വിശ്വാസത്തെയോ മതത്തെയോ രാഷ്ട്രം പിന്തുടരുന്നില്ലെന്ന് ഭരണഘടന വ്യക്തമാക്കിയിട്ടുണ്ടെന്നത്, ഭരണഘടനയെ മുൻനിർത്തി പ്രതിജ്ഞയെടുത്ത ഭരണാധികാരി മറന്നത് യാദൃച്ഛികമല്ല. വിവിധ മതവിശ്വാസികൾ വെെവിധ്യ സംസ്കാരം ഉൾക്കൊണ്ട് പുലരുന്ന രാജ്യത്ത് ഹിന്ദുമതത്തിന്റെ ആചാര്യനായി ജനാധിപത്യത്തിൽ വിശ്വസിക്കുന്ന പ്രധാനമന്ത്രി പ്രവർത്തിക്കുന്നത് പക്ഷേ ഇതാദ്യമല്ല; അവസാനത്തേതുമാകില്ല. ബ്രാഹ്മണിക‑ഹൈന്ദവ സംസ്കാരത്തിൽ അധിഷ്ഠിതമായ ഹിന്ദുത്വ വർഗീയ രാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്ന സംഘ്പരിവാർ നേതാവാണ് മോഡി എന്നതു തന്നെ കാരണം. 2019ൽ രണ്ടാമതും അധികാരത്തിലെത്തിയതു മുതലാണ് ഹിന്ദുത്വ അജണ്ടകൾ നടപ്പാക്കാനും ജനാധിപത്യം ഇല്ലാതാക്കാനുമുള്ള തീവ്രശ്രമം നരേന്ദ്ര മോഡിയും പങ്കാളിയായ അമിത്ഷായും കൊണ്ടുപിടിച്ചു നടത്തുന്നത്. 2020 ഓഗസ്റ്റിൽ രാമജന്മഭൂമിയിൽ പുതിയ രാമക്ഷേത്രനിർമ്മാണത്തിന് തറക്കല്ലിട്ടുകൊണ്ട് നരേന്ദ്രമോഡി ഇതിന് തുടക്കം കുറിച്ചു. അവിടെയും പൂജകൾക്കുശേഷമാണ് പ്രധാനമന്ത്രി ശിലാസ്ഥാപനം നടത്തിയത്. മോഡി ക്ഷേത്രഭൂമിയിൽ പാരിജാതത്തൈ നടുന്നതും രാമജന്മഭൂമിയിൽ സാഷ്ടാംഗം പ്രണമിക്കുന്നതും ഭൂമിപൂജയിൽ പങ്കെടുക്കുന്നതും കുത്തക മാധ്യമങ്ങൾ ആഘോഷിച്ചു. ഇക്കഴിഞ്ഞ ഡിസംബറിൽ യുപിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തെ ഗംഗാനദിയുമായി ബന്ധിപ്പിക്കുന്ന പുതിയ ഇടനാഴിയുടെ ഉദ്ഘാടനം നിർവഹിച്ചതും പ്രധാനമന്ത്രിയാണ്. ‘കാശി അതിന്റെ ഭൂതകാലചൈതന്യം വീണ്ടെടുത്തു‘വെന്നാണ് മോഡി അവിടെ പ്രസംഗിച്ചത്. ചടങ്ങുകൾക്ക് മുന്നോടിയായി ഗംഗയിൽ മുങ്ങി പൂജ നടത്തുന്നതും ക്ഷേത്രത്തിൽ ദർശനം നടത്തുന്നതും ഔദ്യോഗിക മാധ്യമങ്ങളിലടക്കം പ്രധാന വാർത്തയായി. കഴിഞ്ഞ ഫെബ്രുവരിയിൽ പഞ്ചാബിലെ തെരഞ്ഞെടുപ്പ് പ്രചരണം കർഷക പ്രതിഷേധത്തെ തുടർന്ന് ഉപേക്ഷിക്കേണ്ടി വന്നപ്പോൾ മോഡി നടത്തിയ പ്രസംഗവും വർഗീയവികാരം ഉത്തേജിപ്പിക്കുന്നതായിരുന്നു. ‘ജലന്ധറിലെ പരിപാടിക്ക് ശേഷം മാലിനീദേവി ശക്തിപീഠത്തിലെത്തി പ്രാർത്ഥിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ അതിനുള്ള സുരക്ഷാ ക്രമീകരണങ്ങൾ ചെയ്യാനാകില്ലെന്നാണ് സംസ്ഥാന പൊലീസ് അറിയിച്ചത്. എങ്കിലും ഞാൻ തീർച്ചയായും ശക്തിപീഠത്തിൽ എത്തി പ്രാർത്ഥന നടത്തും’ എന്നായിരുന്നു മോഡിയുടെ വാക്കുകൾ. ഒരു ബൃഹദ് ജനാധിപത്യ മതേതര രാജ്യത്തിന്റെ ഭരണാധികാരിയുടെ ഇച്ഛാഭംഗം ഇങ്ങനെയായത് എന്തുകൊണ്ട്?
1925ൽ ആർഎസ്എസ് സ്ഥാപിച്ചതു മുതൽ ഹിന്ദുരാഷ്ട്രം എന്നത് അവരുടെ പ്രഖ്യാപിത ലക്ഷ്യമാണ്. അസഹിഷ്ണുതയാണ് അതിന്റെ മുഖമുദ്ര. ഇന്ത്യൻ ഭരണഘടനയ്ക്കു നേരെയുള്ള ഏറ്റവും വലിയ ഭീഷണിയാണ് ഈ നിലപാട്. ബ്രാഹ്മണിക‑ഹൈന്ദവ സംസ്കാരത്തിൽ അധിഷ്ഠിതമായ ഹിന്ദുത്വ വർഗീയ രാഷ്ട്രീയമാണവർ മുന്നോട്ടുവയ്ക്കുന്നത്. സാംസ്കാരികമായും ഭാഷാപരമായും ഏകത്വമുള്ള സാമൂഹികഘടനയാണ് സംഘ്പരിവാർ പ്രത്യയശാസ്ത്രത്തിന് വളരാൻ ആവശ്യം. മതനിരപേക്ഷതയും ജനാധിപത്യവും വ്യക്തിസ്വാതന്ത്ര്യവും ഉറപ്പുനൽകുന്ന ഇന്ത്യൻ ഭരണഘടനയെ തകർക്കേണ്ടത് സംഘ്പരിവാറിന്റെ ആധിപത്യത്തിന് അനിവാര്യമാണ്. അതുകൊണ്ടവര്‍ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന സ്വാശ്രയത്വം, ഫെഡറലിസം, സാമൂഹ്യനീതി എന്നിവ ഇല്ലാതാക്കുന്നു. രാജ്യത്ത് അധികാരം നേടുന്നതിനുള്ള ഹിന്ദുത്വശക്തികളുടെ രാഷ്ട്രീയപദ്ധതിയായിരുന്നു അയോധ്യപ്രസ്ഥാനം. 1989 ജൂൺ 11ന് ഹിമാചൽപ്രദേശിലെ പാലമ്പൂരിൽ ചേർന്ന നേതൃയോഗത്തിലാണ് രാമക്ഷേത്രനിർമ്മാണ അജണ്ട ബിജെപി മുന്നോട്ടുവയ്ക്കുന്നത്. ഭരണഘടനയിലെ 370-ാം വകുപ്പ് റദ്ദാക്കലും പൊതുസിവിൽ കോഡും അയോധ്യക്ഷേത്രനിർമ്മാണവും അവരുടെ പ്രധാന രാഷ്ട്രീയ അജണ്ടയായി. 2019ല്‍ രണ്ടാമത് അധികാരത്തിലേറിയ ഉടൻതന്നെ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഉറപ്പുവരുത്തുന്ന ഭരണഘടനയിലെ 370, 35 എ അനുച്ഛേദങ്ങൾ എടുത്തുകളഞ്ഞു. സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വെട്ടിമുറിച്ചും സൈന്യത്തിന്റെ പൂർണ നിയന്ത്രണത്തിലാക്കിയും ആശയവിനിമയ സംവിധാനം വിച്ഛേദിച്ചും ജനങ്ങളുടെ ദൈനംദിന ജീവിതം പൂർണമായും തടസപ്പെടുത്തിയുമാണ് ഇത് നടപ്പാക്കിയത്. ഇതിനു പിന്നാലെ പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കി. ഭരണഘടനയെ അട്ടിമറിച്ചും വ്യവസ്ഥകൾ ലംഘിച്ചും പാർലമെന്റിനെ വിശ്വാസത്തിലെടുക്കാതെയുമാണ് നിയമം കൊണ്ടുവന്നത്.
ഭരണഘടനയ്ക്കു നേരെയുള്ള കടന്നാക്രമണം യഥാർത്ഥത്തിൽ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ്. നാനാത്വത്തിലെ ഏകത്വമാണ് ഭരണഘടനയുടെ സവിശേഷത. ഈ സവിശേഷതയിലൂടെയാണ് നമ്മുടെ രാജ്യത്തെയും ജനങ്ങളെയും നിർവചിക്കുന്നത്. ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിലൂടെ മാത്രമേ ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും ശക്തിപ്പെടുത്താൻ സാധിക്കുകയുള്ളൂ. മതം, വിശ്വാസം, ഭാഷ, വംശം, സംസ്കാരം, ജീവിതരീതി തുടങ്ങിയ വൈവിധ്യങ്ങളെ തകർത്ത് ഹിന്ദുത്വം അടിച്ചേല്പിക്കാനാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നത്. ആർഎസ്എസ് വിഭാവനം ചെയ്യുന്ന ഹിന്ദു രാഷ്ട്രത്തിന്റെ പ്രധാന ആശയംതന്നെ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ടവർ ഹിന്ദുത്വ ആശയം ഉൾക്കൊണ്ട് ജീവിക്കുക അല്ലെങ്കിൽ ഭരണഘടനാ പ്രകാരമുള്ള തുല്യനീതിയില്ലാതെ രണ്ടാംകിട പൗരന്മാരായി ജീവിക്കുക എന്നതാണ്. അതിനാണവര്‍ ഭരണാധികാരിയെ തന്നെ ഹിന്ദുപൗരോഹിത്യ വേഷം ധരിപ്പിക്കുന്നത്.
മോഡി രാഷ്ട്രീയത്തിന്റെ ഗുരുവായ സവർക്കര്‍ പറഞ്ഞത്, ‘നാം ഹിന്ദുക്കൾ ഒരു രാഷ്ട്രം മാത്രമല്ല ഒരു ജാതി കൂടിയാണ്. എന്നാൽ ഇത് രണ്ടും ആയിരിക്കുന്നതിന്റെ ഫലമായി പ്രകടമായും ഒരു പൊതു സംസ്കാരത്തിന്റെ ഉടമകൾ കൂടിയാണ്. അത് കാത്തു സൂക്ഷിക്കപ്പെടുന്നത് മുഖ്യമായും മൗലികമായി നമ്മുടെ വംശത്തിന്റെ യഥാർത്ഥ മാതൃഭാഷയായ സംസ്കൃതത്തിലൂടെയാണ്. ഈ സംസ്കാരത്തെ ഹിന്ദുവായിരിക്കുന്ന ഏതൊരാളും പൂർവാർജിത സ്വത്തെന്നപോലെ സ്വായത്തമാക്കുകയും സ്വന്തം പൂർവചിന്തകളുടെ രക്തത്തെപ്പോലെയും ഈ ഭൂമിയുടെ ഭാഗമെന്ന നിലയിൽ സ്വശരീരത്തെപ്പോലെയും അതിനോട് കടപ്പെട്ടിരിക്കുന്നു’ എന്നാണ്. ഹിന്ദുദേശീയത സംബന്ധിച്ച സവര്‍ക്കര്‍ സിദ്ധാന്തമനുസരിച്ച് ഹിന്ദുക്കളുടെ പൊതു ഭാഷയാണ് സംസ്കൃതം. അതാണിപ്പോള്‍ ഹിന്ദിയിലേക്ക് വഴിമാറിയത്. ‘ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാൻ’ എന്ന ആർഎസ്എസ് മുദ്രാവാക്യം ഏക ഭാഷകൂടി അടിച്ചേല്പിക്കാനുദ്ദ്യേശിച്ചുള്ളതാണ്.
ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 140 പറയുന്നത് ‘ഇന്ത്യയുടെ അതിർത്തിക്കകത്ത് ഭരണകൂടം ഏതൊരു വ്യക്തിക്കും നിയമത്തിനു മുമ്പിലുള്ള സമത്വമോ നിയമങ്ങളുടെ തുല്യ പരിരക്ഷയോ നിഷേധിക്കുകയില്ല. ഇന്ത്യാ രാജ്യത്തിനുള്ളിൽ നിയമത്തിനു മുന്നിൽ എല്ലാവരും സമന്മാരാണ്. എല്ലാവർക്കും ഒരേ നീതി ലഭ്യമാക്കണം’ എന്നാണ്. മതം, വംശം, ജാതി, ലിംഗം, ജന്മസ്ഥലം എന്നിവയുടെ പേരിൽ ഒരു പൗരനോടും വിവേചനം കാണിക്കാൻ പാടില്ലെന്ന് 15-ാം അനുച്ഛേദം പറയുന്നു. 140-ാം അനുച്ഛേദവും ഇന്ത്യയിലെ ഏതെങ്കിലും പൗരനുമേല്‍ ഒരു വിവേചനവും പാടില്ല എന്നുതന്നെ വ്യക്തമാക്കുന്നു. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഒരാളുടെ മതവിശ്വാസത്തെ പൗരത്വം ലഭിക്കുന്നതിനുള്ള മാനദണ്ഡമാക്കുന്നത് മോഡി ഭരണത്തിലാണ്. കശ്മീർ മാതൃകയിൽ ലക്ഷദ്വീപിലും വർഗീയ ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ അശാന്തി പടർത്തുകയാണ്. 2020 ഓഗസ്റ്റ് അഞ്ചിനാണ് ഭരണഘടനയിലെ 370–ാം വകുപ്പ് റദ്ദാക്കി കശ്മീരിനുള്ള പ്രത്യേക അവകാശങ്ങൾ എടുത്തുകളഞ്ഞത്. അതിന്റെ ഒന്നാം വാർഷികവേള തന്നെയാണ് രാമക്ഷേത്രനിർമ്മാണത്തിന് തുടക്കം കുറിക്കാന്‍ തിരഞ്ഞെടുത്തത്. ഏക സിവിൽകോഡിന്റെ ഭാഗമായി മുത്തലാഖ് ക്രിമിനൽ കുറ്റമാക്കി കഴിഞ്ഞിട്ടുണ്ട്. ഇക്കൊല്ലം ഓഗസ്റ്റ് അഞ്ചിന് പൊതുസിവിൽകോഡ് നിലവിൽ വരുമോ എന്ന് കണ്ടറിയണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.