17 December 2025, Wednesday

ദേശീയ ഐക്യം സംരക്ഷിക്കപ്പെടണം

പ്രൊഫ. കെ അരവിന്ദാക്ഷൻ
June 4, 2025 4:15 am

സ്വതന്ത്ര ഭാരതത്തിന്റെ ആനുകാലിക ചരിത്രത്തില്‍ പ്രത്യേകമായൊരു ഇടം നേടിയെടുക്കാന്‍ പിന്നിട്ട ഏതാനും ദിവസങ്ങളില്‍ അരങ്ങേറിയ അസ്വസ്ഥജനകമായ സംഭവങ്ങള്‍ക്ക് സാധ്യമായിരിക്കുന്നു. 2025 ഏപ്രില്‍ 22ന് യാതൊരുവിധ പ്രകോപനവുമില്ലാത്ത ഭീകരാക്രമണമാണ് കശ്മീരിലെ പഹല്‍ഗാമില്‍ നടന്നത്. നിരപരാധികളായ 26 ടൂറിസ്റ്റുകളെ നിഷ്ഠുരമായി വെടിവച്ച് കൊല്ലുകയാണ് പാക് ഭീകരര്‍ ചെയ്തത്. യഥാര്‍ത്ഥ കുറ്റവാളികളെ ഇനിയും കണ്ടെത്താനിരിക്കുകയാണെങ്കില്‍ക്കൂടി ഈ നടപടിക്ക് പിന്നിലെ പ്രേരകശക്തി പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രത്യേകം പരിശീലനം കിട്ടിയ ഭീകരന്മാരായിരുന്നു എന്ന് വ്യക്തമായിരുന്നു. പ്രതിപക്ഷത്തുള്ള ഇന്ത്യ സഖ്യവും ജമ്മു ‑കശ്മീര്‍ സംസ്ഥാന സര്‍ക്കാരും മോഡി സര്‍ക്കാരിന് അസന്ദിഗ്ധവും പരിപൂര്‍ണവുമായ പിന്തുണയാണ് ഒട്ടും താമസിയാതെ നല്‍കിയത്. 2025 മേയ് ഏഴിന് അതിരാവിലെ തന്നെ ഇന്ത്യയുടെ സായുധസേനകള്‍ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേരില്‍ പാക് അധീന കശ്മീരില്‍ മാത്രമല്ല, പാകിസ്ഥാനിലും ഒരേസമയം പ്രത്യാക്രമണം നടത്തുകയും ചെയ്തിരുന്നു. അതീവ കൃത്യതയോടെ ലക്ഷ്യം തെറ്റാതെ ഭീകരവാദികള്‍ക്കുനേരെ മാത്രമായിരുന്നു ആക്രമണത്തിന് മുതിര്‍ന്നത്. പരിമിതമായ തീവ്രതയോടെ ‘നോണ്‍ എസ്കലേറ്ററി’ ആക്രമണ ശെെലിയായിരുന്നു ഇന്ത്യന്‍ സെെനികരുടേത് എന്ന വസ്തുത പ്രത്യേകം പറയേണ്ടതാണ്. പ്രശ്നം പൂര്‍ണമായ സെെനിക ഏറ്റുമുട്ടലിലേക്ക് വ്യാപിപ്പിക്കാന്‍ പാകിസ്ഥാന്‍ ഒരുമ്പെട്ടു എന്നതും പറയാതിരുന്നുകൂടാ. ഇന്ത്യന്‍ സെെനികരെ പ്രത്യാക്രമണത്തിന് പ്രേരിപ്പിച്ച ഘടകവും ഇതുതന്നെയായിരുന്നു. ഇതേത്തുടര്‍ന്ന് പാകിസ്ഥാന്റെ സെെനിക ആസ്തികള്‍ക്ക് വന്‍തോതിലുള്ള നാശനഷ്ടങ്ങള്‍ വരുത്തിവയ്ക്കുകയും ചെയ്തു. 

ഇന്ത്യയുടെ സെെനിക കരുത്ത് പ്രത്യാക്രമണത്തിലൂടെ ബോധ്യപ്പെട്ട പാകിസ്ഥാന്‍ താല്‍ക്കാലികമായ വെടിനിര്‍ത്തലിന് സന്നദ്ധമാകുമെന്നൊരു മനോഭാവം കെെവരിക്കുകയാണുണ്ടായത്. ചുരുക്കത്തില്‍ തുര്‍ക്കിയുടെ മാത്രം പ്രത്യക്ഷമായ പിന്തുണ നേടിയെടുക്കാന്‍ കഴിഞ്ഞ പാകിസ്ഥാന്‍ ഭരണകൂടം ആഗോളതലത്തില്‍ത്തന്നെ ഒറ്റപ്പെട്ടുപോകുമെന്ന ഭയത്തെ തുടര്‍ന്നായിരുന്നു, ചെെനയെയും യുഎസിനെയും അത്ഭുതപ്പെടുത്തിക്കൊണ്ട് യുദ്ധവിരാമത്തിന് സന്നദ്ധമായത്. പാകിസ്ഥാന്റെ രാഷ്ട്രീയ പ്രേരണയും ധനസഹായവും തുടര്‍ന്നും ലഭ്യമായി വരുന്ന ഭീകരവാദികള്‍ ഏതുസമയവും പഹല്‍ഗാം മോഡല്‍ കടന്നാക്രമണത്തിന് തയ്യാറാകുമെന്നുതന്നെ വേണം പരിഗണിക്കാന്‍. പാകിസ്ഥാന്റെ മുന്‍കാല ചെയ്തികള്‍ ഇക്കാര്യത്തില്‍ നമുക്ക് ഒരു പാഠമാണ്.
പാക് ഭരണകൂടം ഭീകരാക്രമണത്തിലൂടെ ലക്ഷ്യമിട്ടത് ഇന്ത്യയില്‍ വര്‍ഗീയ കലാപത്തിന് തിരികൊളുത്തുക തന്നെയായിരുന്നു. ഇമ്രാന്‍ഖാന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ ഭരണകൂടത്തെ അട്ടിമറിച്ച് മുഖ്യമന്ത്രിയെത്തന്നെ ജയിലിലടച്ചതിനുശേഷം അധികാരമേറ്റ ഭരണകൂടത്തിന്റെ യഥാര്‍ത്ഥ നിയന്ത്രണം പട്ടാളത്തിന്റെ കെെപ്പിടിയിലാണിപ്പോള്‍. ഏതായാലും, ഇന്ത്യന്‍ ജനതയെ സംബന്ധിച്ചിടത്തോളം, പാക് ഭീകരര്‍ നടത്തിയ ഈ കൂട്ടക്കൊല ജാതി — മത – പ്രാദേശിക — രാഷ്ട്രീയ ഭേദമില്ലാതെ യോജിച്ചൊരു പ്ലാറ്റ്ഫോമിലെത്തിക്കാന്‍ സഹായകമായി എന്നതാണ് വസ്തുത. ഇത് വിഷയത്തിന്റെ ഒരു ഭാഗം മാത്രമേ ആകുന്നുള്ളു. കൂടുതല്‍ ഗുരുതര മാനങ്ങളുള്ള ഒരു മറുവശം കൂടിയുണ്ടെന്നതാണ് നമ്മെ ആശങ്കപ്പെടുത്തുന്നത്. 

രാജ്യത്തിനകത്തുതന്നെയുള്ള ദുഷ്ടശക്തികള്‍ ഈ ദേശീയ ഐക്യം തകര്‍ക്കാന്‍ ഗൂഢതന്ത്രങ്ങള്‍ മെനയുകയും ഓരോന്നായി പുറത്തെടുക്കാനും തുടങ്ങിയിരിക്കുകയാണ്. ദുരുപദിഷ്ടമായ ഈ പ്രക്രിയയ്ക്ക് തുടക്കമിട്ടത് മധ്യപ്രദേശിലെ ബിജെപി മന്ത്രി അജയ് ഷാ തന്നെയാണ്. ‘ഓപ്പറേഷന്‍ സിന്ദൂറി‘ന്റെ വിജയപ്രതീകമായ കേണല്‍ സോഫിയാ ഖുറേഷിയെ, ‘ഭീകരവാദികളുടെ സഹോദരി’ എന്നാണ് വിശേഷിപ്പിച്ചതെന്നോര്‍ക്കുക. ഇത്തരമൊരു രാജ്യദ്രോഹ പരാമര്‍ശത്തിനെതിരായി രാജ്യത്തിന്റെ പരമോന്നത നീതിപീഠമായ സുപ്രീം കോടതി വരെ രൂക്ഷമായി വിമര്‍ശിച്ചതിനുശേഷവും നടപടിയെടുക്കാന്‍ രാജ്യം ഭരിക്കുന്ന ബിജെപിയോ, പ്രധാനമന്ത്രി നരേന്ദ്ര മോഡിയോ അദ്ദേഹത്തിന്റെ മന്ത്രിമാരില്‍ ഒരാളെങ്കിലുമോ, നാളിതുവരെയായി തയ്യാറായിട്ടില്ല. ഒറ്റനോട്ടത്തില്‍ത്തന്നെ വര്‍ഗീയത വെളിവാക്കുന്ന വിടുവായത്തരത്തിന് ഉത്തരവാദിയാണ് മന്ത്രി എന്ന് ബോധ്യമായതിനുശേഷവും നിയമക്കോടതികള്‍ നിയമനടപടി വേണമെന്ന് അഭിപ്രായപ്പെട്ടിട്ടും എന്തേ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും സംഘ്പരിവാറും അറച്ചുനില്‍ക്കുന്നു എന്നതാണ് ഉത്തരം കിട്ടാത്ത ചോദ്യം. ഇത്തരം നടപടികള്‍ ആവര്‍ത്തിക്കപ്പെട്ടാല്‍ അതുളവാക്കുന്ന ആഘാതം ഇന്ത്യന്‍ സൈന്യത്തെ മാത്രമല്ല, ഇന്ത്യന്‍ ജനതയെ ആകെത്തന്നെയും രോഷാകുലരാക്കാതിരിക്കില്ല. അതോടെ, ദേ ശീയ ഐക്യവും ധാര്‍മ്മികതയും ഭാരതീയ സംസ്കാരവും മരീചികകളായി രൂപാന്തരപ്പെടുകയും ചെയ്യും.
മേയ് 12ന് രാഷ്ട്രത്തോടായി പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ ആഹ്വാനത്തില്‍ പരാമര്‍ശിച്ച കാര്യം അദ്ദേഹം ഒരിക്കലെങ്കിലും അനുസ്മരിച്ചാല്‍ നന്നായിരിക്കും. ‘നമ്മുടെ രാഷ്ട്രം മുഴുവനായും ഓരോ പൗരനും ഓരോ സമുദായവും ഓരോ വര്‍ഗവും ഭീകരവാദത്തിനെതിരായി ഐക്യത്തോടെ നിലകൊള്ളുകയും അതിനെതിരായി ശക്തമായ നടപടി വേണമെന്ന നിലപാടെടുക്കുകയുമാണ് ചെയ്തത്’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ഈ വാക്കുകളുടെ അന്തഃസത്ത ഉള്‍ക്കൊള്ളുന്നവിധമായിരുന്നോ, മന്ത്രിസഭാംഗമായ മുതിര്‍ന്ന സംഘ്പരിവാര്‍ നേതാവില്‍ നിന്നുള്ള പ്രതികരണമുണ്ടായത്? ‘അല്ല’ എന്നാണ് മറുപടിയെങ്കില്‍, പ്രധാനമന്ത്രിയുടെ മൗനത്തില്‍ നിന്നും നാം വായിച്ചെടുക്കേണ്ടതെന്താണ്? 

രാജ്യത്തെ പരമോന്നത നീതിപീഠം, കേണല്‍ സോഫിയാ ഖുറേഷിക്കെതിരായ പരാമര്‍ശങ്ങള്‍ രാജ്യത്തിന് നാണക്കേടാണെന്നും ബിജെപി മന്ത്രിയുടെയും നേതാക്കളുടെയും മാപ്പപേക്ഷ തള്ളി ഒരു പ്രത്യേക അന്വേഷണ കമ്മിഷനെ നിയോഗിക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടത് സ്വാഗതാര്‍ഹമാണ്. ബിജെപി മന്ത്രിമാരുടെ രാജ്യവിരുദ്ധമെന്നുതന്നെ കരുതാവുന്ന വിധത്തിലുള്ള സൈന്യത്തെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ ഇവിടംകൊണ്ട് അവസാനിക്കുന്നില്ല. മേയ് 16ന് മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ സിവില്‍ ഡിഫന്‍സ് സേനാംഗങ്ങള്‍ക്കുള്ള പരിശീലന പരിപാടിയില്‍ പങ്കെടുക്കവെ നടത്തിയ പ്രസംഗത്തിലാണ് സംസ്ഥാന ഉപമുഖ്യമന്ത്രി ജഗദീഷ് ദേവ്ഡ തീര്‍ത്തും അപമാനകരമായ പരാമര്‍ശം നടത്തിയത്. പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നല്‍കിയതില്‍ രാജ്യവും സൈന്യവും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കാല്‍ക്കീഴില്‍ തലകുമ്പിട്ട് നില്‍ക്കണമെന്നായിരുന്നു വാക്കുകള്‍. ഇതിലൂടെ ഈ ബിജെപി നേതാവ് ഇന്ത്യന്‍ സൈന്യത്തെ താഴ്ത്തിക്കെട്ടുകയാണ് ചെയ്തത്. ഇതിനെതിരെ ബിജെപി — സംഘ്പരിവാര്‍ വൃത്തങ്ങളൊഴികെ മുഴുവന്‍ കോണുകളില്‍ നിന്നും വ്യാപക പ്രതിഷേധമുയരുകയുണ്ടായി. അതോടെ മാധ്യമങ്ങള്‍ തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്ന് പറഞ്ഞ് തലയൂരാന്‍ നേതാവ് ശ്രമിച്ചു.
അതേയവസരത്തില്‍ പ്രമുഖ ബോളിവുഡ് നടിയും ബിജെപി എംപിയുമായ കങ്കണ റണൗട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിമര്‍ശിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച കുറിപ്പ് ഉടനടി നീക്കം ചെയ്യണമെന്നായിരുന്നു പാര്‍ട്ടിയുടെ ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡ നിര്‍ദേശിച്ചത്. കേന്ദ്ര ഭരണകൂടത്തിന്റെ ഇരട്ടത്താപ്പ് നയമാണിത് വെളിവാക്കുന്നത്. രണ്ടാം തവണ അധികാരത്തിലെത്തുന്ന ട്രംപിനെക്കാള്‍ ജനപ്രീതിയുള്ള നേതാവ് മോഡിയാണ് എന്നതിന്റെ പ്രതിഫലനമാണ് അദ്ദേഹം മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയാവുന്നത് എന്നായിരുന്നു കങ്കണയുടെ പരാമര്‍ശം.
ഇതിനിടെ ഓപ്പറേഷന്‍ സിന്ദൂറിനെപ്പറ്റി ഒരു കുറിപ്പിട്ട ഹരിയാനയിലെ അശോക സര്‍വകലാശാല പ്രൊഫസര്‍ അലി ഖാന്‍ മഹ്‌മൂദാബാദ് അറസ്റ്റിലാക്കപ്പെട്ടിരിക്കുകയാണ്. ഇതിന് പ്രേരകമായത് സംഘ്പരിവാര്‍ സംഘടനകള്‍ നല്‍കിയ ഒരു പരാതിയാണ്. സാമുദായിക സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കല്‍, കലാപശ്രമം, മതവിശ്വാസ ധ്വംസനം തുടങ്ങിയ ഭാരതീയ ന്യായസന്‍ഹിതയിലെ വകുപ്പുകള്‍ വിഭാവനം ചെയ്യുന്ന കുറ്റങ്ങളാണ് ചുമത്തപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ സായുധസേനയുടെ അഭിമാനമായ കേണല്‍ സോഫിയ ഖുറേഷി അടക്കമുള്ളവരെ സംബന്ധിച്ച് രാജ്യദ്രോഹികളെന്ന് ധ്വനിക്കുന്നവിധം പരാമര്‍ശങ്ങള്‍ നടത്തിയ മധ്യപ്രദേശ് ഉപമുഖ്യമന്ത്രി അടക്കമുള്ളവരുടെ നടപടികളെ കണ്ടില്ലെന്ന് നടിക്കുകയോ നിസാരമാക്കുകയോ ചെയ്തപ്പോള്‍, പ്രൊഫ. അലി ഖാന്‍ ഈ സമീപനത്തെ കാപട്യം എന്ന് വിശേഷിപ്പിച്ചതാണ് മഹാ അപരാധമായി കാണുകയും അദ്ദേഹത്തെ തടവിലാക്കുകയും ചെയ്തത്. കേണല്‍ സോഫിയ ഖുറേഷിക്കെതിരായ പരാമര്‍ശങ്ങള്‍ക്കുനേരെ ദേശീയ വനിതാ കമ്മിഷന്‍ എടുത്ത നടപടികള്‍ ഇപ്പോള്‍ എവിടംവരെ എത്തിനില്‍ക്കുന്നുവെന്ന് ആര്‍ക്കും ഒരുപിടിയുമില്ല. എന്നാല്‍ ഹരിയാന സംസ്ഥാന വനിതാ കമ്മിഷന്‍ പ്രൊഫ. അലിഖാനെതിരായി കര്‍ശന നടപടികള്‍ക്കൊരുങ്ങിനില്‍ക്കുന്നു. രാജ്യസ്നേഹത്തിന്റെയും രാജ്യവിരുദ്ധതയുടെയും പേരില്‍ കേന്ദ്ര മോഡി സര്‍ക്കാരും ബിജെപി — സംഘ്പരിവാര്‍ വൃന്ദവും സ്വീകരിച്ചുവരുന്ന ഇരട്ടത്താപ്പ് മാപ്പര്‍ഹിക്കുന്നില്ല.

ഭീകരാക്രമണത്തിന് ഇരയായവരുടെ ഹതാശരായ കുടുംബാംഗങ്ങളെ സമൂഹ മാധ്യമങ്ങളിലൂടെ അവഹേളിക്കുന്നതിലും സംഘ്പരിവാര്‍‍ യാതൊരുവിധ മടിയും കാണിക്കുന്നില്ല. ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേരിലൂടെ ഭരണകൂടം ലക്ഷ്യമിടുന്നത് രാഷ്ട്രീയ മുതലെടുപ്പാണെന്ന പ്രതിപക്ഷ ആരോപണത്തെ സാധൂകരിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഒരു നാവികോദ്യോഗസ്ഥന്റെ വിധവ, തന്റെ ഭര്‍ത്താവിനെ കണ്‍മുന്നില്‍ വധിച്ച പാക് ഭീകരനെ പിടികൂടണമെന്നും അയാള്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കണമെന്നും അഭ്യര്‍ത്ഥിച്ചതിനോടൊപ്പം, ഇതിന്റെ പേരില്‍ നിരപരാധികളായ മുസ്ലിങ്ങളെയും കശ്മീരി ജനതയെയും പ്രതിക്കൂട്ടിലാക്കരുതെന്നും അവരെ ഭീകരവിരുദ്ധതയുടെ പേരില്‍ ബലിയാടുകളാക്കരുതെന്നും അപേക്ഷിച്ചതിനെത്തുടര്‍ന്നായിരുന്നു സെെബര്‍ അക്രമം എന്നത് ഇതോടൊപ്പം ചേര്‍ത്തുകാണണം. ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും കുടുംബവും വിശിഷ്യ, അവരുടെ പുത്രിയും ട്രോളിങ്ങിലൂടെ അപമാനിതരായത് അദ്ദേഹം പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്നുണ്ടായ ഹ്രസ്വമായ ഇന്ത്യാ — പാക് സൈനിക ഏറ്റുമുട്ടലിന് ശേഷം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെയാണ്. ഇന്ത്യയുടെ ധാര്‍മ്മിക നിലപാടുകളും ദീര്‍ഘകാല സാമ്പത്തിക വികസന ലക്ഷ്യങ്ങളും പരിഗണിക്കുമ്പോള്‍ ഇത്തരം സമീപനങ്ങള്‍ ഒരുതരത്തിലും ഗുണകരമാണെന്ന് കരുതാന്‍ സാധ്യമല്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.