27 December 2024, Friday
KSFE Galaxy Chits Banner 2

കണ്ണ് കടിക്ക് മരുന്ന് വേണം

വി കെ സുരേഷ്ബാബു
December 2, 2022 4:45 am

സമൂഹത്തിൽ മനുഷ്യർക്ക് പല വിധത്തിലുള്ള ആനന്ദവേളകളുണ്ടാകും. കായിക വിനോദങ്ങൾ, കലാമേളകൾ, ഉത്സവങ്ങൾ, വിവാഹങ്ങൾ, സമ്മേളനങ്ങൾ, തുടങ്ങി മനുഷ്യർ ഒത്തുചേരുകയും ആഹ്ലാദിക്കുകയും പരസ്പര സ്നേഹവും ഹൃദയബന്ധവും പുലർത്തുകയും ചെയ്യുന്ന അവസരങ്ങൾ സമൂഹത്തിന്റെ ഐക്യത്തിന്റെയും വികാസത്തിന്റെയും ലക്ഷണമായിട്ടാണ് കാണേണ്ടത്. ഇത്തരത്തിൽ ഭൂമണ്ഡലത്തിലെ സിംഹഭാഗം മനുഷ്യരുടേയും ആനന്ദത്തിന്റെയും ആഹ്ലാദത്തിന്റെയും, വാശിയുടേയും വിജയത്തിന്റെയും ഉത്സവമാണ് ഇപ്പോൾ നടക്കുന്ന ഫിഫ വേൾഡ് കപ്പ്. ലോകത്തിലുള്ള മനുഷ്യക്കൂട്ടങ്ങളെ ജാതി-മത-വർഗ – വർണ — രാഷ്ട്ര വ്യത്യാസമില്ലാതെ ഒരുമിപ്പിക്കുകയാണ് ഈ കായിക മാമാങ്കം.

ഒരു പന്തിനു പുറകെ ഓടുന്ന കളിക്കാരൻ ഏത് രാജ്യക്കാരനാകട്ടേ, ഏത് ജേഴ്സി അണിഞ്ഞവനാകട്ടേ അവന്റെ ഉള്ളിലുള്ള ആവേശവും വികാരവും ലക്ഷ്യബോധവും എല്ലാം അത് തൽസമയം കാണുന്ന ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള കോടിക്കണക്കിനു മനുഷ്യരുടെ ഹൃദയ വികാരമായി മാറുന്നു. ഇപ്പോൾ ഫിഫ വേൾഡ് കപ്പ് നടക്കുന്ന രാജ്യമായ ഖത്തർ ഒരു ഇസ്‌ലാം മതാധിഷ്ഠിത രാജ്യമാണെന്ന് നമുക്കറിയാം. ഇതിൽ കളിക്കുന്ന സൗദി അറേബ്യ പോലുള്ള പല രാജ്യങ്ങളും മതാധിഷ്ഠിതമായ ഭരണം നടത്തുന്നവരാണ്. അവർക്കൊന്നും ഹറാമല്ലാത്ത ഫുട്ബോൾ ഇവിടെ മാത്രം നിഷിദ്ധമാണെന്ന് ചില പ്രഭാഷകർ പറയുന്നത് സഹിച്ചു കൂടായ്മയാണെന്ന് ആരോപിച്ചാൽ കുറ്റം പറയാൻ കഴിയില്ല.

 


ഇതുകൂടി വായിക്കു; അല്‍ ബെയ്ത്തില്‍ നിന്നുരുളുന്ന ഫുട്ബോള്‍ നിനവുകള്‍


ദൈവങ്ങളെ ആരാധിക്കുന്നതും കായിക താരങ്ങളെയും സിനിമാ താരങ്ങളെയും ആരാധിക്കുന്നതും തമ്മിൽ സാമ്യം കല്പിക്കാൻ കഴിയില്ല.
ദൈവത്തെ പ്രാർത്ഥിക്കുന്നവർ വ്യക്തമായ ചില നേട്ടങ്ങൾ കാംക്ഷിക്കുന്നുണ്ട്. ധനവും, സ്വത്തും, മനസമാധാനവും, മരണാനന്തര സ്വർഗവും തരേണമേ എന്നാണ് ഭക്തന്മാരുടെ പ്രാർത്ഥന. എന്നാൽ ഇതുപോലെന്തെങ്കിലുമൊന്ന് മെസ്സിയോടോ, നെയ്മറോടോ, മമ്മൂട്ടിയോടോ ആരെങ്കിലും പ്രാർത്ഥിക്കാറുണ്ടോ?
പിന്നെ എന്തിനാണ് അഭിനവദൈവ വക്താക്കൾക്ക് ഇത്ര ബേജാറ്? എല്ലാ അന്താരാഷ്ട്ര മത്സരങ്ങളും ഭൂലോകവാസികളെ വിഭാഗീയതയ്ക്കതീതമായി ഒരുമിപ്പിക്കുന്നു.
ഈ ആഗോള അഖണ്ഡത (Glob­al Inte­gra­tion) വളർത്തിയെടുക്കുന്നതിൽ ഐക്യരാഷ്ട്രസഭയേക്കാൾ പങ്ക് വഹിക്കുന്നത് ഇത്തരത്തിലുള്ള അന്താരാഷ്ട്ര കായിക മത്സരങ്ങളും, ഫിലിം ഫെസ്റ്റിവലും പുസ്തകോത്സവങ്ങളും, യുവജനോത്സവങ്ങളും തീർത്ഥാടനങ്ങളും, വിനോദയാത്രകളുമാണ്.

“പ്രതിജന ഭിന്ന വിചിത്രമാർഗികളായ” മനുഷ്യർക്ക് ആനന്ദമുണ്ടാകാൻ വ്യത്യസ്തമായ പലതരം വഴികളുണ്ട്. എല്ലാവർക്കും ഒരുപോലെ സന്തോഷം പകരുന്ന ഒരു കാര്യവും ലോകത്തില്ല. മറ്റൊരാൾക്ക് ആനന്ദം തോന്നുന്ന ഒരു കാര്യം എനിക്ക് ചിലപ്പോൾ അങ്ങിനെ തോന്നണമെന്നില്ല. അതുപോലെ എന്നെ സന്തോഷിപ്പിക്കുന്ന വിഷയങ്ങൾ മറ്റുള്ളവരെ സന്തോഷിപ്പിക്കണമെന്നുമില്ല. മറ്റുള്ളവരുടെ സന്തോഷം എന്നെ സന്തോഷിപ്പിക്കുന്നില്ലെങ്കിൽ അതിൽ അസഹിഷ്ണുത പ്രകടിപ്പിക്കുന്നത് വളരെ വളരെ സങ്കുചിത മനസ്കരുടെ മാത്രം സ്വഭാവമാണ്. ഇത്തരം സങ്കുചിതമനസ്കരുടെ എണ്ണം വർധിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. പാട്ടുപാടാൻ പാടില്ല, ഫുട്ബോൾ കളിക്കാൻ പാടില്ല, ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ പാടില്ല എന്നിങ്ങനെ ജീവിതത്തിന്റെ സകല കാര്യത്തിലും കൈയിടാൻ ശ്രമിക്കുന്ന മതമേധാവികളെ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും കാണുമ്പോൾ കഷ്ടം!! എന്നല്ലാതെ മറ്റെന്തു പറയാൻ?

നാട്ടിൽ കാണുന്ന അക്രമ പ്രവർത്തനങ്ങളിലും, മയക്കുമരുന്ന് കച്ചവടത്തിലും, വിധ്വംസക പ്രവർത്തനങ്ങളിലും, വർഗീയ‑വിഭാഗീയ പ്രവർത്തനങ്ങളിലും, ഭീകരവാദത്തിലും എല്ലാം പ്രതിയാക്കപ്പെടുന്നവരിൽ മഹാഭൂരിപക്ഷവും വിശ്വാസികൾ തന്നെയാണ്. അമ്പലങ്ങളും പള്ളികളും, ആരാധനാലയങ്ങളും, ഉത്സവങ്ങളും, മത പ്രഘോഷണങ്ങളും, സപ്താഹങ്ങളും, വർധിച്ചുവരുന്നതിന് ആനുപാതികമായി നമ്മുടെ സമൂഹത്തിൽ ധാർമ്മികതയും സത്യസന്ധതയും കരുണയും സ്നേഹവും, വളരുന്നതിന് പകരം തളർന്നു പോകുന്നതെന്താണ്? അതിൽ നിന്ന് അവരെ മോചിപ്പിക്കുവാനും “അരുത് “എന്ന് പറയുവാനും പുരോഹിതന്മാർക്കും മതമേധാവികൾക്കും കഴിയുന്നില്ല.

അതിന് പകരം യാതൊരുവിധ സാമൂഹ്യ വിരുദ്ധതയോ ധാർമ്മികച്യുതിയോ ഉണ്ടാക്കാത്ത കലാ-കായിക മേളകളേയും ആഘോഷങ്ങളേയും അധിക്ഷേപിക്കുകയും അതിൽ നിന്ന് വിശ്വാസികൾ വിട്ട് നിൽക്കണമെന്ന് ആഹ്വാനം നല്‍കുകയും ചെയ്യുന്നത് സത്യം പറഞ്ഞാൽ കണ്ണുകടിയാണ്. സ്വന്തം വീട്ടിലെ യുവാക്കൾ വിവാഹം കഴിയാതെ ഇരിക്കുമ്പോൾ അയൽപക്കത്തെ കല്യാണം മുടക്കുന്ന അതി നീചമായ മനസുള്ള ചില ആളുകളെ നാട്ടിൻപുറങ്ങളിൽ കാണാൻ കഴിയും. ഇതുപോലുള്ള സൂക്കേടാണോ മതമേധാവികൾ പ്രകടിപ്പിക്കുന്നത്? തന്റെ ഗീർവാണപ്രഘോഷണങ്ങൾ കേൾക്കാൻ വരാതെ കാറ്റ് നിറച്ച ഒരു ഉരുണ്ട വസ്തുവിന്റെ പിന്നാലെ ലോകം മുഴുവനും യുവാക്കളുടെ മനസ് ആവേശപൂർവം ഓടുന്നത് കാണുമ്പോൾ അസ്കിതയുണ്ടാകുന്ന കണ്ണുകടിക്ക് ചികിത്സ എളുപ്പത്തിലൊന്നും കണ്ടു പിടിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.