16 December 2025, Tuesday

ഇനി ഗ്രന്ഥശാലകളും ഹരിതം

എന്‍ ഗോപാലകൃഷ്ണന്‍
March 30, 2025 4:40 am

പ്രകൃതിയോടൊത്ത് അതിന്റെ താളങ്ങൾക്കനുസരിച്ച് മാത്രം ജീവിച്ച് തുടങ്ങിയ മനുഷ്യൻ ക്രമേണ അത് മറന്നുതുടങ്ങി. അതാണ് ഇന്ന് നാമനുഭവിക്കുന്ന സകല പാരിസ്ഥിതിക വ്യതിയാനങ്ങൾക്കും കാരണമാകുന്നത്. ഈ ഭൂമി നമ്മൾ മുൻതലമുറകളിൽ നിന്നും ഏറ്റുവാങ്ങിയതാണ്. അതിന് ഒരു പോറൽ പോലുമേൽക്കാതെ അടുത്ത തലമുറയ്ക്ക് മടക്കി നൽകേണ്ടതുമാണ്. ഇതിപ്പോൾ നമ്മുടെ പ്രകൃതിക്ക് വെറും ഒരു പോറലല്ലല്ലോ സൃഷ്ടിച്ചിട്ടുള്ളത്. കവികളും മറ്റും പാടിയതുപോലെ ഞെരിച്ച്‌ കൊല്ലുകയല്ലേ ! കാലാവസ്ഥാ വ്യതിയാനത്തിന്റെയും പ്രകൃതിദുരന്തങ്ങളുടെയും പശ്ചാത്തലത്തിൽ ഈ ചിന്ത തന്നെയാണ് നമ്മൾ സമൂഹത്തിന് ഒന്നാമതായി പകർന്നുനൽകേണ്ടത്. ഇടതു മുന്നണി സർക്കാർ ‘മാലിന്യമുക്തം നവകേരളം’ എന്ന ജനകീയ കാമ്പയിൻ എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തത്തോടെ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ശുചിത്വ കേരളം സുന്ദര കേരളം എന്ന ലക്ഷ്യത്തിലേക്കെത്താൻ മന്ത്രിസഭയുടെ നാലാം വാർഷികത്തിൽ സർക്കാരിന്റെയും ജനകീയ പ്രസ്ഥാനങ്ങളുടെയും വിവിധ തലങ്ങളുടെ ഏകോപനത്തിലൂടെ തയ്യാറെടുക്കുകയാണ്. അതിന്റെ ഭാഗമായി കേരളത്തിന്റെ മുഴുവൻ ഗ്രന്ഥശാലകളെയും ഹരിത ഗ്രന്ഥശാലകളാക്കുക എന്ന ചരിത്രദൗത്യം ഏറ്റെടുക്കുകയാണ്. മുൻകാലങ്ങളിൽ ഇടത് സർക്കാരുകൾ നടപ്പിലാക്കിയ സമ്പൂർണ സാക്ഷരതയുടെയും ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെയും വിജയത്തിനുപിന്നിൽ നമ്മുടെ വായനശാലകളുടെ പങ്ക് മറക്കാവുന്നതല്ലല്ലോ. ഹരിത ഗ്രന്ഥശാലകൾക്കായി വായനശാലകൾ വിവിധങ്ങളായ പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും വിജയിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. ഗ്രന്ഥശാലകൾ മാത്രമല്ല, നാടും നഗരവും മാലിന്യമുക്തമാകാനുള്ള വലിയ യജ്ഞം ഇതിന്റെ പിന്നിലുണ്ട്. ഗ്രന്ഥശാലകളും പരിസരവും ഹരിതാഭമാക്കുക, ഗ്രന്ഥശാലാ പ്രദേശങ്ങളിൽ ഹരിതവല്‍ക്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക, ‘മാലിന്യമുക്തം നവകേരളം’ എന്ന വിഷയത്തിൽ ബോധവല്‍ക്കരണം നടത്തുക, ഗ്രന്ഥശാലാ പ്രവർത്തകരുടെ വീടുകൾ മാതൃകാ ശുചിത്വഭവനങ്ങളാക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ആദ്യഘട്ടത്തിൽ നടപ്പിലാക്കുക. മാർച്ച് 31ന് സംസ്ഥാന ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള മുഴുവൻ ഗ്രന്ഥശാലകളും ‘ഹരിത ഗ്രന്ഥശാലകൾ’ എന്ന പദവി നേടിയതായി സംസ്ഥാനതലത്തിൽ പ്രഖ്യാപിക്കുകയും ചെയ്യും.

ഹരിത ഗ്രന്ഥശാല എന്നത് കേവലമായ ഒരു വിവക്ഷയല്ല. വരുംതലമുറയെക്കൂടി മുന്നിൽക്കണ്ട് ജലവും വൈദ്യുതിയും മിതമായി ഉപയോഗിക്കുക, മാലിന്യങ്ങളുടെ അളവ് തീരെ കുറയ്ക്കുക, കുറഞ്ഞ അളവിലെങ്കിലും മാലിന്യം ശേഷിക്കുന്നുണ്ടെങ്കിൽ അവ ജൈവം, അജൈവം, ഖരമാലിന്യം എന്നിങ്ങനെ തരംതിരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുക. ഹരിത ഊർജ സാധ്യതകളെക്കുറിച്ച് പ്രചരണം നടത്തുക, തനതായി അത്തരം സാധ്യതകൾ നടപ്പിൽവരുത്തുക എന്നിവയാണ്.
പദ്ധതി പ്രായോഗികതലത്തിൽ വിജയിപ്പിക്കാനായി ഗ്രന്ഥശാലാ പ്രവർത്തകർക്ക് പരിശീലനം നൽകുകയും അതിലൂടെ പ്രവർത്തനങ്ങൾ സുഗമമാക്കുകയും ചെയ്തിട്ടുണ്ട്. ലൈബ്രറികളിലെ പരിപാടികൾക്കായി പലപ്പോഴും ഭക്ഷണവും മറ്റും വിതരണം നടത്തേണ്ടതായി വരാറുണ്ട്. അത്തരം ഘട്ടങ്ങളിലേക്ക്, വാർഷിക ഗ്രാന്റിൽ നിന്നും നിശ്ചിതതുക ഉപയോഗിച്ച് ഒറ്റത്തവണ ഉപയോഗം മാത്രമുള്ള ഡിസ്പോസിബിൾ പാത്രങ്ങൾക്ക് പകരം സ്ഥിരമായി ഉപയോഗിക്കാവുന്ന സ്റ്റീൽ പ്ലേറ്റ്, ഗ്ലാസ് തുടങ്ങിയവ വാങ്ങാനുളള ഉത്തരവുകളും നൽകിയിട്ടുണ്ട്. ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന ഫ്ലക്സുകൾക്ക് പകരം പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കണം. ലൈബ്രറി ആവശ്യത്തിന് പുറത്തുള്ള ഉപയോഗങ്ങൾക്ക് ഗ്രന്ഥശാല വിട്ടുനൽകുകയാണെങ്കിൽ അവരും ഈ നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ട്. ഏതെങ്കിലും ആവശ്യങ്ങൾക്കായി പ്രകൃതി സൗഹൃദമല്ലാത്ത പ്ലാസ്റ്റിക് പോലുള്ള വസ്തുക്കൾ ഗ്രന്ഥശാലകളിലേക്കെത്തുകയാണെങ്കിൽ അവ വേർതിരിച്ച് യൂസർ ഫീ നൽകി ഹരിതകർമ്മ സേനയ്ക്ക് കൈമാറണം. ഒരു തരത്തിലുള്ള മാലിന്യവും വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യാനാവില്ല. ലൈബ്രറി പരിപാടികളിലെ ജല ഉപയോഗത്തിനുളള ടാപ്പുകൾ ചോർച്ചയുള്ളവയല്ല എന്ന് യഥാസമയം ഉറപ്പുവരുത്തുകയും, മലിന ജലനിർഗമനത്തിന് സുരക്ഷിത മാർഗങ്ങൾ കണ്ടെത്തി സംസ്കരിക്കുകയും വേണം. ഗ്രന്ഥശാലയും പരിസരവും വൃത്തിയായി സൂക്ഷിച്ച് സ്ഥലലഭ്യതയ്ക്കുസരിച്ച് പൂന്തോട്ടം, പാർക്കുകൾ, ചിത്രച്ചുമരുകൾ തുടങ്ങിയവ നിർമ്മിച്ച് സൗന്ദര്യവല്‍ക്കരണം ഉറപ്പുവരുത്തണം. ലൈ ബ്രറിച്ചുമരുകളിൽ ഹരിത പെരുമാറ്റച്ചട്ടമനുസരിച്ചുള്ള ബോർഡുകളും സ്ഥാപിക്കേണ്ടതുണ്ട്.
ചുറ്റുവട്ടത്തുള്ള പ്രദേശങ്ങളുടെ സൗന്ദര്യവല്‍ക്കരണം കടമയായി പല ഗ്രന്ഥശാലകളും ഇതിനകം ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്. നവകേരളം ശുചിത്വ കാമ്പയിന്റെ ഭാഗമായി ഗ്രാമപ്രദേശങ്ങളിലെയും പട്ടണങ്ങളിലെയും പൊതു ഇടങ്ങളും വിനോദസഞ്ചാരത്തിന് പ്രാധാന്യമുള്ള സ്ഥലങ്ങളും ലൈബ്രറി പ്രവർത്തകരുടെ കൂടി ഇടപെടലിലൂടെ ആകർഷകമാക്കി മാറ്റാവുന്നതാണ്. അത്തരം പ്രവർത്തനങ്ങൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും സഹായം ഉറപ്പുവരുത്താനുമാകും. അവധിക്കാലത്ത് അത്തരം ക്ലീൻ — അപ്പ് ഡ്രൈവുകൾ സംഘടിപ്പിക്കുമ്പോൾ പ്രവർത്തനങ്ങൾക്കെത്തുന്ന അമ്മമാർക്കും കുട്ടികൾക്കും വായനയ്ക്കായി പുസ്തകങ്ങൾ നൽകാവുന്നതുമാണ്. ചെറിയ കുട്ടികൾക്കായി രസകരവും ഭാഷാപരവുമായ മത്സരങ്ങൾ കൂടി സംഘടിപ്പിച്ചാൽ എല്ലാത്തരം ആളുകളെയും വായനയിലേക്ക് ആകർഷിക്കാനും ഈ അവസരം പ്രയോജനപ്പെടുത്താം.

ചരിത്രപ്രസിദ്ധവും കലാപരവും സാഹിത്യപരവുമായ പ്രാധാന്യമുള്ള സ്ഥലങ്ങൾ തെരഞ്ഞെടുത്ത് സൗന്ദര്യവല്‍ക്കരണ പ്രവർത്തനങ്ങൾ നടത്തിയാൽ അവയുടെ ചരിത്രവും കഥകളും പങ്കിടുന്ന രീതിയിലുള്ള പരിപാടികളും ആസൂത്രണം ചെയ്യാനാകും. ഇപ്രകാരം മാറ്റിയെടുത്ത കേന്ദ്രങ്ങൾ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള വേദിയാക്കി മാറ്റുകയോ പുസ്തകങ്ങൾ വായിക്കാനുള്ള സങ്കേതമാക്കി മാറ്റുകയോ ചെയ്യാം. സൗകര്യങ്ങൾ ചെയ്ത ഗ്രന്ഥശാലയുടെ ബോർഡുകൾ അതാതിടങ്ങളിൽ സ്ഥാപിക്കാനും കഴിയും.‌ മാലിന്യസംസ്കരണം എന്ന അജണ്ടയിൽ കേരളം നിരവധി ചർച്ചകൾക്ക് വിധേയമായിട്ടുണ്ട്. വ്യക്തിശുചിത്വത്തിൽ രാജ്യത്തിന് തന്നെ മാതൃകയായ മലയാളി പരിസര ശുചിത്വത്തിൽ ഏറ്റവും പിറകിലുമാണ്. നമ്മുടെ നാട്ടിൽ മറ്റു പല കാര്യങ്ങൾക്കുമെന്ന പോലെ ഈ വിഷയത്തിലും നിരവധി ചട്ടങ്ങളും നിയമങ്ങളും നിലവിലുണ്ട്. അവയെല്ലാം നോക്കുകുത്തികളായി മാറുന്നുവെന്ന് മാത്രം. പരിസ്ഥിതി സംരക്ഷണ നിയമം മുതൽ പതിമൂന്നോളം ശക്തമായ നിയമങ്ങളും ഈ മേഖലയിലുണ്ട്. കേന്ദ്ര — സംസ്ഥാന സർക്കാരുകൾ നിരവധി ഉത്തരവുകളും പുറപ്പെടുവിച്ചിട്ടുണ്ട്. കടുത്ത ശിക്ഷാ നടപടികളാണ് അതിൽ നിലവിലുള്ളത്. യൂസർ ഫീ നൽകാതിരുന്നാൽ തന്നെ 1,000 മുതൽ 10,000 രൂപ വരെ പിഴയൊടുക്കേണ്ടി വരും എന്ന കാര്യം നമ്മുടെ നാട്ടിൽ എത്ര പേർക്കറിയാം?. എന്നാൽ അത്തരം ശിക്ഷാവിധികൾക്കപ്പുറം പ്രകൃതി ഒരുക്കിവച്ചിട്ടുള്ള എന്തെല്ലാം ശിക്ഷാവിധികളാണ് ഇന്നത്തെ മനുഷ്യന്റെ വഴിവിട്ട പ്രവർത്തനങ്ങളിലൂടെ വരുംതലമുറകൾ കൂടി ഏറ്റുവാങ്ങേണ്ടിവരുന്നത് എന്നതാണ് ഏറെ കഷ്ടം. നിയന്ത്രണങ്ങളില്ലാതെ പോയാൽ ഇന്ന് നേരിടുന്നതിന്റെ പതിന്മടങ്ങായി കാൻസറും ശ്വാസകോശ രോഗങ്ങളും നേരിടേണ്ടിവരും. കൂടാതെ മൈക്രോ പ്ലാസ്റ്റിക്കുകൾ മനുഷ്യശരീരത്തിലും ജീവികളിലും ചെറുസസ്യങ്ങളിലും വൃക്ഷങ്ങളിലും വരെ എത്തിച്ചേരും . ജലാശയങ്ങളുടെ കാര്യം പറയാനുമില്ല. നിരവധി പാരിസ്ഥിതിക പ്രശ്നങ്ങൾ ലോകജനതയെ കാത്തിരിക്കുമ്പോൾ മറ്റു പലതിലും മാതൃകയായ മലയാളികൾ ഈ വിഷയത്തിൽ തിരുത്തലുകൾ വരുത്താൻ ഏറെ വൈകിയിരിക്കുന്നു. ഇത് അതിന് ഏറ്റവും യോജിച്ച സമയമാണിത്. അതിനാൽ ‘ശുചിത്വകേരളം സുന്ദര കേരളം’ മുദ്രാവാക്യം പ്രാവർത്തികമാക്കാൻ ഹരിത ഗ്രന്ഥശാലകൾ എന്ന ജനകീയ കാമ്പയിനുമായി കൈകോർത്ത് മുന്നോട്ടു പോകാം

(ഹരിത ഗ്രന്ഥശാലാ പദ്ധതിയുടെ
കോ-ഓർഡിനേറ്റർ ആണ് ലേഖകൻ)

Kerala State - Students Savings Scheme

TOP NEWS

December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 15, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.