രണ്ടാം ലോകമഹായുദ്ധത്തിന്റെ കാലം മുതല്‍ക്കെ മണിപ്പുര്‍ പോരാട്ടങ്ങളുടെ തീഷ്‌ണതയറിഞ്ഞ മണ്ണാണ്. ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ന്നതിനുശേഷം രാഷ്ട്രീയമായും ആ വീര്യം ചോരാതെ മണിപ്പുര്‍ നിലകൊണ്ടു. അധികാരക്കൊതിയുമായി ബിജെപി പടരാന്‍ തുടങ്ങിയതോടെ മണിപ്പുര്‍ നിലമറന്നു. സംസ്ഥാനത്ത് ശക്തമായ വേരോട്ടമുള്ള കോണ്‍ഗ്രസിന്റെ പതനവും തുടങ്ങി. പ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് ഗോവിന്ദദാസ് കോന്‍തോജാമും പാര്‍ട്ടി എംഎല്‍എമാരുമടക്കം വലിയൊരു പടതന്നെ ബിജെപിയുടെ കച്ചവടത്തില്‍ വീണു. ആളുണ്ടായിട്ടും ഭരിക്കാനാവാതെ മണിപ്പുര്‍ നിയമസഭയില്‍ കോണ്‍ഗ്രസ് നോക്കുകുത്തിയായി. ബിജെപി എറിഞ്ഞുകൊടുക്കുന്ന നോട്ടുകെട്ടുകളിലേക്കായി കോണ്‍ഗ്രസിന്റെ വമ്പന്മാരടക്കം കണ്ണുവയ്ക്കുന്നത്. 2017ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ 28 സീറ്റുകള്‍ നേടി കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. 21 സീറ്റുമായി സഭയില്‍ രണ്ടാം കക്ഷിയായതോടെ ബിജെപിക്ക് കൊതിയേറി. പണം കൊടുത്തും കയ്യൂക്കുകാട്ടിയും അധികാരം പിടിക്കുക എന്ന ലക്ഷ്യത്തിനായി കേന്ദ്ര നേതാക്കള്‍വരെ രംഗത്തിറങ്ങുകയായിരുന്നു. കേവലഭൂരിപക്ഷത്തിന് 25 പേരുടെ പിന്തുണയാണ് വേണ്ടിയിരുന്നത്. എങ്കിലും ഭരണം സുസ്ഥിരമാക്കുവാന്‍ 10 എംഎല്‍എമാരെയെങ്കിലും അനിവാര്യവുമായിരുന്നു. ബിജെപി മുന്നണിയിലുള്ള നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ നാല് അംഗങ്ങള്‍ക്കും ഉപമുഖ്യമന്ത്രിസ്ഥാനമുള്‍പ്പെടെ ഉറപ്പുകൊടുത്തു. നാഗാ പീപ്പിള്‍സ് ഫ്രണ്ടിന് നാല് മന്ത്രിസ്ഥാനവും ലോക്ജനശക്തി പാര്‍ട്ടിക്ക് ഒരു മന്ത്രിസ്ഥാനവും നല്‍കി. കോണ്‍ഗ്രസില്‍ നിന്ന് അടര്‍ത്തിയെടുത്തവര്‍ക്കും മന്ത്രിപദവി സമ്മാനിച്ചാണ് ബിജെപി അധികാരമുറപ്പിച്ചത്.
സുപ്രീം കോടതിയുടെ ഇടപെടലും എംഎല്‍എമാരുടെ നിയമസഭാ വിലക്കും അയോഗ്യതയുമെല്ലാം മണിപ്പുര്‍ രാഷ്ട്രീയത്തെ കലുഷിതമാക്കി നിര്‍ത്തി. ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാരാണ് രാജിവച്ച് ബിജെപിക്കൊപ്പം ചേര്‍ന്നത്. രാജ്യസഭാ അംഗത്തെ തെരഞ്ഞെടുക്കാനുള്ള ദിവസത്തിന്റെ തലേന്നായിരുന്നു എംഎല്‍എമാരുടെ കൂട്ടരാജി. നേരത്തെ ശ്യാംകുമാര്‍ സിങ് എന്ന കോണ്‍ഗ്രസ് എംഎല്‍എയെ ബിജെപിയില്‍ ചേര്‍ന്നതിന് കൂറുമാറ്റനിരോധന നിയമപ്രകാരം സുപ്രീം കോടതി അയോഗ്യനാക്കിയിരുന്നു. കോണ്‍ഗ്രസില്‍ പ്രതിസന്ധി ഉണ്ടെങ്കിലും ഇടക്കാലത്ത് മൂന്ന് പാര്‍ട്ടി എംഎല്‍എമാര്‍ രാജിവച്ചത് ബിജെപിയെയും അങ്കലാപ്പിലാക്കിയിരുന്നു. ബിരോണ്‍ സിങ് സര്‍ക്കാരിന്റെ നിലനില്പിനെ തന്നെ അത് ബാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തി. ഈ ഘട്ടത്തില്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഒക്രാം ഇബോബി സിങ് മന്ത്രിസഭാ രൂപീകരണത്തിന് അവകാശമുന്നയിച്ചത് ദേശീയതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു.
ഇന്നലെയാണ് മണിപ്പുരിലുള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. മണിപ്പുരില്‍ ഫെബ്രുവരി 27നും മാര്‍ച്ച് മൂന്നിനുമായി രണ്ട് ഘട്ടങ്ങളിലായാണ് നിയമസഭാ വോട്ടെടുപ്പ്. 2017ല്‍ മാര്‍ച്ച് നാല്, എട്ട് തീയതികളിലായിരുന്നു തെരഞ്ഞെടുപ്പ്. മനുഷ്യാവകാശപ്രവര്‍ത്തക ഇറോം ശര്‍മിളയുടെ രാഷ്ട്രീയ രംഗപ്രവേശംകൊണ്ട് ശ്രദ്ധേയമായ തെരഞ്ഞെടുപ്പുകൂടിയായിരുന്നു അന്നത്തേത്. ഒക്രാം ഇബോബി സിങ്ങിന്റെ നേതൃത്വത്തില്‍ ഭരണത്തിലിരുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ പുതിയ ഏഴ് ജില്ലകള്‍ രൂപീകരിച്ചത് മണിപ്പുരിലെ രാഷ്ട്രീയ സമവാക്യങ്ങളെത്തന്നെ മാറ്റിമറിച്ചു. തങ്ങള്‍ക്ക് ആധിപത്യമുണ്ടായ ജില്ലകളെ വെട്ടിമുറിച്ചതില്‍ നാഗകള്‍ വലിയ പ്രതിഷേധമാണ് അന്ന് ഉയര്‍ത്തിയത്. മൊയ്തേയി സമുദായത്തിന്റെ ദീര്‍ഘകാലത്തെ ആവശ്യംകൂടിയായിരുന്നു പുതിയ ജില്ലകള്‍.
മണിപ്പുര്‍ താഴ്‌വരകളില്‍ രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നത വര്‍ധിപ്പിക്കാനും നാഗകളുടെ നേതൃത്വത്തില്‍ ദീര്‍ഘകാലത്തെ റോഡ് ഉപരോധ സമരങ്ങള്‍ക്കും കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തീരുമാനം ഇടയാക്കുകയായിരുന്നു.
കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തീരുമാനത്തിന്റെ അലയൊലികള്‍ ബിജെപിയിലുമെത്തി. തങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള സംസ്ഥാനം തന്നെ വേണമെന്ന ആവശ്യത്തില്‍ കേന്ദ്ര സര്‍ക്കാരുമായി നാഗാപ്രസ്ഥാനങ്ങള്‍ ചര്‍ച്ചകള്‍ നടത്തുന്നതിനിടെയായിരുന്നു പുതിയ ജില്ലകളുടെ പ്രഖ്യാപനം. ഹിന്ദു മൊയ്തേയി വിഭാഗവും നാഗകളുമാണ് മണിപ്പുരിലെ ബിജെപിയുടെ അടിത്തറ. നാഗാ വിമത വിഭാഗം തുടരുന്ന പ്രതിഷേധങ്ങള്‍ ബിജെപിക്ക് തീരാതലവേദനയാണ്. നാഗകളില്‍ വലിയൊരു വിഭാഗം ഒപ്പമായിരുന്നെങ്കിലും ജില്ലകള്‍ രൂപീകരിക്കപ്പെട്ടതോടെ കോണ്‍ഗ്രസിനും പ്രതിസന്ധിയാണ്. ബിജെപിക്കുവേണ്ടി നരേന്ദ്രമോഡി ഉള്‍പ്പെടെ മണിപ്പുരില്‍ സജീവമാണ്. ഇക്കഴിഞ്ഞ ദിവസം സംസ്ഥാനത്തെ വികസന പദ്ധതികളുടെ ശിലാസ്ഥാപനവും ഉദ്ഘാടനങ്ങളും നിര്‍വഹിക്കുന്നതിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസംഗം തീര്‍ത്തും വോട്ടുകളിലധിഷ്ഠിതമായിരുന്നു. ‘നിങ്ങളുടെ ഒരു വോട്ടുകൊണ്ടാണ് മണിപ്പുരില്‍ ‘സുസ്ഥിര സര്‍ക്കാര്‍’ രൂപീകരിക്കാനായത്. ആ വോട്ടിന്റെ ശക്തി മണിപ്പുരില്‍ ആര്‍ക്കും സങ്കല്പിക്കാന്‍ പോലും കഴിയാത്തതായിരുന്നു.
കിസാന്‍സമ്മാന്‍ നിധിയും ഗരീബ് കല്യാണ്‍ യോജനയുടെ കീഴിലെ സൗജന്യ റേഷനും പ്രധാന്‍മന്ത്രി ആവാസ് യോജനയിലൂടെ വീട് അനുവദിച്ചതും നിങ്ങളുടെ വോട്ടിന്റെ ശക്തികൊണ്ടാണ്. സൗജന്യ ഗ്യാസും വൈദ്യുതി കണക്ഷനുമെല്ലാം ഉറപ്പാക്കിയതും നിങ്ങളുടെ ഒരു വോട്ടാണ്. നിങ്ങളുടെ ഒരു വോട്ട് സ്വച്ഛ് ഭാരത് അഭിയാന് കീഴിലൂടെ 30,000 ശൗചാലയങ്ങളുണ്ടാക്കി. കൊറോണയെ ചെറുക്കാന്‍ 30 ലക്ഷത്തിലധികം ഡോസ് വാക്സിന്‍ നല്‍കിയതും നിങ്ങളുടെ ഒരു വോട്ടിന്റെ ഫലംകൊണ്ടാണ്’ — നരേന്ദ്രമോഡി വോട്ടിന് വിലപറയുകയാണിവിടെ. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മണിപ്പുര്‍ രാഷ്ട്രീയം കൂടുതല്‍ സജീവമാകും. സമകാലിക വിഷയങ്ങള്‍ക്കൊപ്പം 2017ലെ രാഷ്ട്രീയസ്ഥിതിവിശേഷവും ചര്‍ച്ചകളില്‍ വന്നെത്തും. കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക സൈനികാധികാര നിയമം (അഫ്‌സപ) റദ്ദാക്കണമെന്ന ആവശ്യവും സംസ്ഥാനത്ത് സജീവമാണ്. ഇടതുപാര്‍ട്ടികളുടെ നേതൃത്വത്തില്‍ വലിയ പ്രക്ഷോഭമാണ് ഈ ആവശ്യത്തിന്മേല്‍ തുടരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.