28 April 2024, Sunday

ശാന്തം സുരക്ഷിതം ശബരിമല

കെ രാധാകൃഷ്ണന്‍
(പട്ടികജാതി/വർഗ, പിന്നാക്ക വിഭാഗ വികസന, ദേവസ്വം മന്ത്രി) 
January 17, 2024 4:40 am

ഈ വർഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവം പരിസമാപ്തിയിലേക്ക് എത്തുകയാണ്. രാജ്യത്തിനകത്തും പുറത്തും നിന്നായി ലക്ഷക്കണക്കിന് തീർത്ഥാടകരാണ് ഇവിടെ വന്നുപോയത്. അസാധാരണമായ ഭക്തജനത്തിരക്കായിരുന്നു അനുഭവപ്പെട്ടത്. ഇവരിൽ സ്ത്രീകളും കുട്ടികളും ഏറെയുണ്ടായിരുന്നു. കഴിഞ്ഞ തീര്‍ത്ഥാടനകാലം പൂർത്തിയായ ഉടൻ സർക്കാർ നടത്തിയ പ്രവർത്തനങ്ങളുടെ മികവിലാണ് സുരക്ഷിതവും സുഗമവുമായ തീർത്ഥാടനം ഇത്തവണ പൂർത്തിയാകുന്നത്. 2023 ഏപ്രിലിൽ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ യോഗം ചേർന്ന് കൂടിയാലോചന നടത്തിയിരുന്നു. ഇതിനൊപ്പം വിവിധ മന്ത്രിമാരുടെ നേതൃത്വത്തിൽ വകുപ്പുകളെയെല്ലാം സജീവമാക്കി. ദേവസ്വം മന്ത്രിയെന്ന നിലയിലും നിരവധി യോഗങ്ങൾ വിളിച്ചുചേർത്തു. ഓരോ സ്ഥലവും സന്ദർശിച്ച് പോരായ്മകൾ പരിഹരിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഭാരവാഹികളും തോളോടുതോൾ ചേർന്ന് പ്രവർത്തിച്ചു. കേരള സമൂഹത്തിന്റെയാകെ പരിച്ഛേദമായി തീർത്ഥാടനം മാറുകയായിരുന്നു. വിവിധ ആരാധനാലയങ്ങൾ, വീടുകൾ, പൊതുവിടങ്ങളെല്ലാം ഭക്തർക്കായി തുറന്നിട്ടു. ആതിഥേയ മര്യാദയോടെ തീർത്ഥാടകരെ സ്വീകരിച്ചു. മതസൗഹാർദത്തിന്റെയും സാഹോദര്യത്തിന്റെയും പാരമ്പര്യം ഊട്ടിയുറപ്പിച്ചാണ് കേരളം തീര്‍ത്ഥാടനകാലത്തെ വരവേറ്റത്. ശബരിമലയിലെത്തുന്ന ഭക്തർ ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി കയറുകയെന്നത് ഒരു പ്രധാനകാര്യമാണ്. ഒരു മണിക്കൂറിൽ 3000 പേർക്കാണ് സാധാരണ ഗതിയിൽ പതിനെട്ടാംപടി കയറാനാവുക. എന്നാൽ തന്ത്രിയുമായും മറ്റും കൂടിയാലോചിച്ച് 17 മണിക്കൂറായിരുന്ന ദർശന സമയം ഒരു മണിക്കൂർ കൂടി വർധിപ്പിച്ചു. ഇതിനൊപ്പം എല്ലാ സമയങ്ങളും ക്രമീകരിച്ചതുവഴി ഒരു ലക്ഷത്തിനടുത്ത് പേരെ കടത്തിവിടാനായി. വിർച്വൽ ക്യൂ വഴിയുള്ള പ്രവേശനം ഒരു ദിവസം 90,000 ആയിരുന്നത് തിരക്ക് വർധിച്ചപ്പോൾ 80,000 ആക്കി. ആകെയെത്തിയവരിൽ 30 ശതമാനത്തോളം സ്ത്രീകളും കുട്ടികളും ഭിന്നശേഷിക്കാരുമായിരുന്നു. പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെല്ലാം മതിയായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ തീർത്ഥാടകർ ആവശ്യപ്പെട്ട അളവിൽ അരവണ നൽകുന്നതിന് ബുദ്ധിമുട്ടായി. ഇതിനിടെ കണ്ടെയ്നർ നൽകാൻ കരാറെടുത്തയാൾ കരാർ ഉപേക്ഷിച്ചതും ശർക്കരയുടെ കുറവും പരാതികൾക്കിടയാക്കി. പിന്നീട് ഇതെല്ലാം പരിഹരിച്ച് എല്ലാവർക്കും ആവശ്യത്തിന് അരവണ നൽകി. മനുഷ്യസാധ്യമായ എല്ലാ കാര്യങ്ങളും ശബരിമലയിൽ ചെയ്യാനായിട്ടുണ്ട്. ഓരോ വകുപ്പുകളും മികച്ച നിലയിൽ ഉത്തരവാദിത്തങ്ങൾ നിറവേറ്റി.

 


ഇതുകൂടി വായിക്കൂ; മറക്കരുത് വസ്തുതകളും ചരിത്രവും


സാധാരണ ഗതിയിൽ 16,000 പൊലീസുകാരാണ് ഡ്യൂട്ടിയിൽ ഉണ്ടാകുക. ഇത്തവണ 2000 പേരെ അധികം നിയോഗിച്ചു. ബീറ്റ് ഫോറസ്റ്റ് ഓഫിസർമാർ, എക്സൈസ്, ഫയർഫോഴ്സ്, സിവിൽ ഡിഫൻസ് തുടങ്ങി വിവിധ വിഭാഗങ്ങളുടെ സേവനവും തീർത്ഥാടനത്തെ സുഗമമാക്കി. എഡിജിപിയുടെ നേതൃത്വത്തിൽ ഉന്നതോദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു. മകരവിളക്കിന് തലേന്ന് ഡിജിപി നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലാ ഭരണകൂടങ്ങളും സജീവമായി പ്രവർത്തിച്ചു. ഒന്നേകാൽ ലക്ഷം ഭക്തർ വരെ ഒരു ദിവസം വന്നപ്പോൾ സ്വാഭാവിക തിരക്കുകൾ ഉണ്ടായി. അതിന്റെ ഭാഗമായി ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അതൊന്നും മനഃപൂർവമല്ലായിരുന്നു. അതിനെ മറ്റുവിധത്തിൽ തിരിച്ചുവിടാൻ ശ്രമങ്ങളുണ്ടായി. ചെറിയ സംഭവങ്ങളെപ്പോലും തെറ്റായ രീതിയിൽ തിരിച്ചുവിടാൻ ശ്രമിക്കുകയായിരുന്നു. തീർത്ഥാടകരെ നിയന്ത്രിച്ച് തിരക്ക് കുറച്ച് കയറ്റിവിടുന്ന ചിത്രങ്ങൾ പൊലീസ് മർദിക്കുന്നതായി അന്യസംസ്ഥാനങ്ങളിൽ പ്രചരിപ്പിച്ചു. ബസിൽ നിന്നിറങ്ങി കടയിൽ കയറിയ അച്ഛനെ കാണാതെ കരഞ്ഞ കുട്ടിയുടെ ചിത്രം തെറ്റായ പ്രചരണത്തിന് ഉപയോഗിച്ചു. ഹൃദ്രോഗ ബാധിതയായ കുട്ടി കുഴഞ്ഞു വീണ് മരിച്ചതിനെയും വഴി തിരിച്ചുവിട്ടു. പതിനായിരങ്ങൾ ക്യൂ നിന്ന് ദർശനം നടത്തുമ്പോൾ ചിലർ നിൽക്കാൻ കൂട്ടാക്കാതെ പോയതും വാർത്തകളിൽ പ്രത്യേകമായി ഇടംപിടിച്ചു.

 


ഇതുകൂടി വായിക്കൂ; ഹിന്ദു വിശ്വാസം തീരുമാനിക്കാന്‍ ബിജെപി‌ക്ക് എന്തവകാശം?


 

ശബരിമലയിലെ സ്ഥലപരിമിതി എല്ലാവർക്കും അറിയാം. ഭൗതിക സാഹചര്യങ്ങൾ അറിയുന്നവരാണ് മനഃപൂർവം കഴമ്പില്ലാത്ത വിമർശനങ്ങൾ ഉയർത്തിയത്. വെള്ളത്തിനും ഭക്ഷണത്തിനും നടുവിലിരുന്ന് ‘ഒന്നുമില്ലേ ഒന്നുമില്ലേ‘യെന്ന് മുദ്രാവാക്യം വിളിക്കുന്ന സ്ഥിതിയുമുണ്ടായി. ശബരിമല തീർത്ഥാടനത്തെ തകർക്കാൻ ശ്രമിക്കുന്ന ചില ശക്തികളുടെ താല്പര്യങ്ങളാണ് ഈ വിമർശനങ്ങൾക്ക് പിന്നിൽ. കൂടുതൽ വനഭൂമി കേന്ദ്രസർക്കാർ വിട്ടുനൽകിയാൽ മാത്രമേ ശബരിമലയുടെ ഭാവി വികസനം സാധ്യമാകൂ. ഇടത്താവളങ്ങളുടെ ഫലപ്രദമായ ഉപയോഗവും വരുംകാലങ്ങളിൽ പ്രധാനമാണ്. ശബരിമലയുടെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഇത്തവണ സുരക്ഷിതമായ തീർത്ഥാടനം ഒരുക്കാൻ സാധിച്ചിട്ടുണ്ട്. കേരളത്തിൽ മാത്രമല്ല രാജ്യത്തിനാകെ മാതൃകയാകുന്നതാണ് ശബരിമല തീർത്ഥാടനം. അതിന്റെ നന്മ തകർക്കാനുള്ള ശ്രമങ്ങൾ നടത്തുന്നവരെ നാം തിരിച്ചറിയേണ്ടതാണ്. ഭക്തിയോടെ മലകയറുന്നവരുടെ മനസ് ശുദ്ധമായിരിക്കണം. മറ്റു താല്പര്യങ്ങൾക്ക് ഭക്തിയെ ഉപയോഗിക്കരുത്. മാനവസൗഹൃദത്തിന്റെ വേദിയാണ് ശബരിമല. അതുകൊണ്ടു തന്നെ മനുഷ്യർ ഒന്നാണെന്ന സന്ദേശമാണ് ശബരിമല നൽകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.