‘ഈ ആൾക്കൂട്ടത്തെ ഞാൻ ഭയക്കില്ല. ഞാൻ മാപ്പ് പറയില്ല. കട്ടിലിനടിയിൽ ഒളിച്ചിരിക്കില്ല. ആവിഷ്കാര സ്വാതന്ത്ര്യമാണ് ഞാൻ വിനിയോഗിച്ചത്, അതിന് മാപ്പു പറയേണ്ടതില്ല” പ്രശസ്ത ഹിന്ദി സ്റ്റാന്റപ്പ് കൊമേഡിയൻ കുനാൽ കമ്ര ഇൻസ്റ്റഗ്രാമിൽ ആവർത്തിച്ചു.
36കാരനായ കുനാൽ കമ്ര ഇതാദ്യമായല്ല വിവാദങ്ങളിൽ ഇടംപിടിക്കുന്നത്. തന്റെ സ്റ്റാന്റ്പ്പ് പരിപാടികളിലെ രാഷ്ട്രീയ പരാമർശങ്ങൾ കാരണം പല തവണ സംഘ്പരിവാറിന്റെയും കൂട്ടരുടെയും കണ്ണിലെ കരടായി കമ്ര മാറിയിട്ടുണ്ട്. സ്റ്റാന്റപ്പ് കോമഡിയിലെ രാഷ്ട്രീയ ആക്ഷേപഹാസ്യം ഉൾക്കൊള്ളാനാകാതെ സംഘ്പരിവാർ വാളോങ്ങി നിൽപ്പ് തുടങ്ങിയിട്ട് നാളുകളേറെയായിരിക്കുന്നു. ഇപ്പോളാകട്ടെ പ്രത്യക്ഷ കൗരവപട മഹാരാഷ്ട്ര സർക്കാരും ഉപമുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്‌നാഥ് ഷിൻഡേയും കൂട്ടരുമാണ്.
കോമഡി പരിപാടിയിൽ ഷിൻഡേയ്ക്കെതിരെ നടത്തിയ ഒരു പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നാണ് ഭരണകൂടത്തിന്റെ ആവശ്യം. പതിവുപോലെ കുനാൽ ഇത് നിരസിക്കുകയും ചെയ്തു. ആവിഷ്കാര സ്വാതന്ത്ര്യം വിശദീകരിച്ച് തന്റെ പരാമർശം കൃത്യമായി ന്യായീകരിക്കുകയും ചെയ്തു. ‘പൗരസ്വാതന്ത്ര്യത്തിൽ ഇന്ത്യ ഇപ്പോൾ 159-ാം സ്ഥാനത്താണ്’ കണക്കുകളുടെ പട്ടിക ചൊല്ലിയുള്ള പരിഹാസം അസഹിഷ്ണുണതയുടെ ആൾക്കൂട്ടമായ ശിവസേനയുടെ സകല നിയന്ത്രണവും ഇല്ലാതാക്കി. കുനാൽ മാപ്പ് പറഞ്ഞില്ലെങ്കിൽ ‘ഞങ്ങൾക്ക് ഞങ്ങളുടേതായ ഭാഷയിൽ അദ്ദേഹത്തോട് സംസാരിക്കേണ്ടിവരും’ പറഞ്ഞത് ശിവസേന നേതാവും മന്ത്രിയുമായ ഗുലാബ് രഘുനാഥ് പാട്ടീലാണ്. ‘‘കുനാലിനെ വെറുതെ വിടില്ല. അപമാനം ശിവസേന പൊറുക്കില്ല. ഇത്തരക്കാരെ പുറത്തിറങ്ങിനടക്കാൻ അനുവദിക്കില്ല. രാജ്യംവിട്ട് ഓടിപ്പോകേണ്ടിവരും. ”ശിവസേന എം പി നരേഷ് മസ്കെയുടെ മുന്നറിയിപ്പിങ്ങനെയായിരുന്നു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസാകട്ടെ നരേന്ദ്ര മോഡിയുടെ വാക്കുകൾ കടമെടുത്തു. “കുനാലിനു പിന്നിൽ അർബൻ നക്സലുകളും ഇടതു ലിബറലുകളുമാണ്”.
ആക്ഷേപഹാസ്യത്തിന് പരിധി വേണമെന്നായിരുന്നു ഷിൻഡേയുടെ അഭിപ്രായം. ‘‘അഭിപ്രായപ്രകടന സ്വാതന്ത്ര്യം വേണം, ഞങ്ങൾക്ക് ആക്ഷേപഹാസ്യവും മനസിലാകും, എന്നാൽ പരാമർശങ്ങളിൽ മാന്യത വേണം, ഇല്ലെങ്കിൽ അടിക്ക് തിരിച്ചടി നേരിടേണ്ടിവരും’’- ഷിൻഡേ പറയുന്നു. ശിവസേന ഉദ്ധവ് വിഭാഗം സാധാരണയായി ഷിൻഡേയെ ആക്ഷേപിക്കാൻ പറയുന്ന ഗദ്ദാര്‍ (രാജ്യദ്രോഹി), ബാപ് ചോരി (തന്തയെ കട്ടവൻ) എന്നിവയാണ് കുനാലും പരിപാടിയിൽ ആവർത്തിച്ചതെന്ന് പറഞ്ഞ് ശിവസന നേതാക്കൾ കുറ്റംകണ്ടെത്തി. കുനാൽ ഖറിലെ കോണ്ടിനെന്റൽ ഹോട്ടലിലുള്ള ഹാബിറ്റാറ്റ് സ്റ്റുഡിയോയിൽ അവതരിപ്പിച്ച ‘നയാ ഭാരത്’ എന്ന കോമഡി സീരീസ് കുനാൽ യുട്യൂബിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ പരിപാടിയിൽ ’ കമ്ര ‘ഭോലി സി സൂറത്ത്’ എന്ന ബോളിവുഡ് ഗാനം അടിസ്ഥാനമാക്കി പാരഡി ആലപിച്ചു. “മേരി നസർ സേ തും ദേഖോ തോ ഗദ്ദർ നസർ വോ ആയേ. ഹായേ! ” എന്ന ക്ലിപ്പ് സമൂഹ മാധ്യമങ്ങളില്‍ പെട്ടെന്ന് പ്രചരിക്കുകയും ഏക്‌നാഥ് ഷിൻഡെയുടെ അനുയായികളെ പ്രകോപിപ്പിക്കുകയും ചെയ്തു, ഒരാളുടെയും പേര് പറയുന്നില്ല എങ്കിലും ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡേയെ ലക്ഷ്യമിട്ടായിരുന്നു ഈ പ്രയോഗമെന്നായിരുന്നു ആരോപണം. 2022‑ൽ ഷിൻഡേ ശിവസേന പിളർത്തി സ്വന്തം ശിവസേനയുണ്ടാക്കി ബിജെപി പക്ഷത്തേക്ക് കൂറുമാറിയ സംഭവമായിരുന്നു പരിപാടിയുടെ ഉള്ളടക്കത്തിൽ നിറഞ്ഞത്. ‘‘ആദ്യം ബിജെപിയിൽനിന്ന് ശിവസേനയിലേയ്ക്ക്. പിന്നെ ശിവസേനയിൽനിന്ന് ശിവസേന. എൻസിപിയിൽനിന്ന് എൻസിപിയും പുറത്തുവന്നു. അവർ ഒരു വോട്ടർക്ക് ഒമ്പത് വോട്ടിങ് ബട്ടനുകൾ നൽകി. അവരോ ആശയക്കുഴപ്പത്തിലുമായി”- ഇതായിരുന്നു കുനാലിന്റെ വിവാദ പരാമർശം.
2022‑ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും ബിജെപിക്ക് സർക്കാറുണ്ടാക്കാനായില്ല. ഇതേതുടർന്നാണ് ശിവസേനയെ പിളർത്തി ഷിൻഡേയെ മുൻനിർത്തി ബി ജെപി അധികാരം പിടിച്ചെടുത്തത്. ജനവിധിയെ നോക്കുകുത്തിയാക്കി നടത്തിയ ഈ കാലുമാറ്റനാടകത്തെ ആക്ഷേപഹാസ്യത്തിലൂടെ പൊളിച്ചുകാട്ടുകയായിരുന്നു കുനാൽ. പ്രകോപിതരായ ശിവസേന പ്രവർത്തകർ, കുനാലിന്റെ പരിപാടി നടന്ന കോണ്ടിനെന്റൽ ഹോട്ടലും ഹാബിറ്റാറ്റ് സ്റ്റുഡിയോയും അടിച്ചുതകർത്തു. കലാകാരന്മാർ അവതരിപ്പിക്കാൻ തെരഞ്ഞെടുക്കുന്ന ഉള്ളടക്കവുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചുപൂട്ടുകയാണെന്നും ദി ഹാബിറ്റാറ്റ് പിന്നീട് മാധ്യമ പ്രസ്താവനയിൽ പറഞ്ഞു. കമ്രയുടെ കോമഡി വീഡിയോ വേദി നശിപ്പിച്ചതുമായി ബന്ധപ്പെട്ട് 12 ശിവസേന പ്രവർത്തകരെ അറസ്റ്റ് ചെയ്തു 15 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു. പക്ഷെ മണിക്കൂറുകൾക്ക് ശേഷം അവരെ ജാമ്യത്തിൽ വിട്ടയച്ചു. ‘ബട്ടർ ചിക്കൻ ഇഷ്ടപ്പെടാത്തതിനാൽ തക്കാളി കയറ്റിയ ലോറി മറിച്ചിടുന്നതിന് തുല്യം’ എന്നാണ് കുനാൽ ഇതിനെ ശിവസേനയുടെ പ്രവൃത്തിയെ വിശേഷിപ്പിച്ചത്.
ക്ലബ്ബിന്റെ ഒരു ഭാഗം അനധികൃതമായി നിർമ്മിച്ചതാണെന്നാരോപിച്ച് മുംബൈ കോർപറേഷൻ മുൻകൂർ അറിയിപ്പില്ലാതെ പൊളിച്ചുമാറ്റി. ബിഎൻഎസിന്റെ സെക്ഷൻ 353(1)(ബി), 353(2) [പൊതു ദുഷ്‌പ്രവൃത്തി], 356(2) [അപകീർത്തിപ്പെടുത്തൽ] എന്നീ വകുപ്പുകൾ പ്രകാരം കുനാലിനെതിരെ എഫ്ഐആർ ഫയൽ ചെയ്തു. തന്റെ പരാമർശം കൃത്യമായി ഒന്നാം ഉപമുഖ്യമന്ത്രി (അജിത് പവാർ) രണ്ടാം ഉപമുഖ്യമന്ത്രിയെ (ഏക്‌നാഥ് ഷിൻഡേ) കുറിച്ച് പറഞ്ഞതാണ് എന്നായിരുന്നു കുനാലിന്റെ പോസ്റ്റ്. നടത്തിയ പരാമർശങ്ങളിൽ കുറ്റബോധമില്ലെന്നും കോടതി നിർദേശിച്ചാൽ മാത്രം മാപ്പു പറയുമെന്നും കുനാൽ പറഞ്ഞു. ഷിൻഡേയെ ലക്ഷ്യമിടാൻ പ്രതിപക്ഷ പാർട്ടികൾ പണം നൽകിയെന്ന ആരോപണത്തിന് തന്റെ അക്കൗണ്ട് പരിശോധിക്കാമെന്നും കുനാൽ പറഞ്ഞു. കുനാലിന് എവിടെനിന്നെങ്കിലും പണം ലഭിച്ചിട്ടുണ്ടോ എന്നു തേടുകയാണ് പൊലീസ്.
സ്റ്റാന്റപ്പ് കോമഡിയുമായി 2013ലാണ് കുനാൽ ശ്രദ്ധേയനായത്. 2017‑ൽ നോട്ട് നിരോധിച്ചപ്പോൾ ‘സർക്കാറും ദേശഭക്തിയും’ എന്ന സ്റ്റാന്റപ്പ് കോമഡിയുടെ പേരിൽ അദ്ദേഹത്തിനെതിരെ വധഭീഷണിയുണ്ടായി. അദ്ദേഹത്തെ വാടകവീട്ടിൽനിന്ന് ഇറക്കിവിടുകയും ചെയ്തു. 2020 ജനുവരി 28ന് റിപ്പബ്ലിക് ടി വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയോടൊപ്പം ഇൻഡിഗോ വിമാനത്തിൽ ബോബെയിൽനിന്ന് ലഖ്നൗവിലേക്ക് യാത്ര ചെയ്യവേ നടത്തിയ സംവാദം വൻ വിവാദമായി. രോഹിത് വെമുലയുടെ ആത്മഹത്യ അടക്കമുള്ള വിഷയങ്ങളിൽ അർണബ് സ്വീകരിച്ച സമീപനത്തെ കുനാൽ വിമർശിച്ചു. ‘നിങ്ങൾ മാധ്യമപ്രവർത്തകനാണോ അതോ ഭീരുവാണോ? അല്ലെങ്കിൽ ഒരു ദേശീയവാദിയാണോ?, പ്രേക്ഷകർക്ക് അറിയാൻ താല്പര്യമുണ്ട്’ അർണബ് മറുപടി പറഞ്ഞില്ല. ഇതിന്റെ വീഡിയോ കുനാൽ ട്വീറ്റ് ചെയ്തു. ഇതേതുടർന്ന് കുനാലിന് ഇൻഡിഗോ അടക്കമുള്ള വിമാനക്കമ്പനികൾ യാത്രാവിലക്കേർപ്പെടുത്തി.
2018‑ൽ ഒരു ആത്മഹത്യ പ്രേരണക്കേസിൽ അർണബ് ഗോസ്വാമിയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീംകോടതി നടപടിയെ വിമർശിച്ച് കുനാൽ ട്വീറ്റ് ചെയ്തതും വിവാദമായിരുന്നു. ചീഫ് ജസ്റ്റിസായിരുന്ന എസ് എ ബോബ്ഡെയ്ക്കെതിരെ, രണ്ടു വിരലുകളുടെ ഫോട്ടോ പോസ്റ്റ് ചെയ്താണ് ചീഫ് ജസ്റ്റിസിനെതിരായ പരാമർശം. സംഭവത്തിൽ അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ കമ്രയ്ക്കെതിരെ കോടതിയലക്ഷ്യ നടപടികൾ ആരംഭിച്ചിരുന്നു. ‘സുപ്രീം കോടതി ഒരു ബ്രാഹ്മണ-ബനിയ വിഷയമാണെന്ന്’ ബീ ലൈക്ക് എന്ന പ്രോഗ്രാമിൽ പറഞ്ഞതും കോടതിയലക്ഷ്യ നടപടിക്ക് കാരണമായി. അന്നും ക്ഷമ ചോദിക്കാൻ കുനാൽ തയാറായില്ല.
2023‑ൽ, ഓൺലൈൻ ഉള്ളടക്കങ്ങളിലെ വസ്തുതകൾ പരിശോധിക്കാൻ കേന്ദ്രസർക്കാർ അവതരിപ്പിച്ച ഫാക്ട് ചെക്കിങ് യൂണിറ്റ് അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്ന് കുനാൽ വിമർശിച്ചു. ഇതുമായി ബന്ധപ്പെട്ട കേസിൽ ബോംബെ ഹൈക്കോടതി അദ്ദേഹത്തിന് അനുകൂലമായി വിധിച്ചു. ഇപ്പോൾ മദ്രാസ് ഹൈക്കോടതിയും ഇടക്കാല ജാമ്യം അനുവദിച്ചു. മദ്രാസ് ഹൈക്കോടതിയുടെ അധികാര പരിധിയിൽ ഉൾപ്പെടുന്ന തമിഴ്‌നാട്ടിലെ വില്ലുപുരം പട്ടണത്തിലെ സ്ഥിര താമസക്കാരനായതിനാലാണ് കുനാൽ ജാമ്യത്തിനായി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.
2022‑ൽ ഹരിയാനയിൽ കുനാലിന്റെ പരിപാടിക്കെതിരെ വിഎച്ച്പി എത്തി. കുനാൽ ഹിന്ദു ദൈവങ്ങളെ പരിഹസിക്കുന്നു. പരിപാടി നടന്നാൽ മതവികാരം വ്രണപ്പെടും, കാണിച്ച് വിഎച്ച്പി ഹോട്ടലുടമയെ സമീപിച്ചു. ഇതേതുടർന്ന് ഹോട്ടൽ പരിപാടി റദ്ദാക്കി. ‘മഹാത്മാഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്സെയെ തള്ളിപ്പറയാൻ വിഎച്ച്പിക്കാകുമോ’ ഇവിടെ കുനാലിന്റെചോദ്യം ഇതായിരുന്നു. ‘‘നിങ്ങൾ ഇന്ത്യയുടെ മക്കളാണെങ്കിൽ ഗാന്ധിയെ കൊന്ന ഗോഡ്സേ മൂർദ്ദാബാദ് എന്ന് പ്രഖ്യാപിക്കണം. അല്ലെങ്കിൽ നിങ്ങൾ ഹിന്ദുക്കൾക്ക് എതിരാണെന്നും ഭീകരതയുടെ വക്താക്കളെന്നും കരുതണം’’, വിഎച്ച്പിയ്ക്ക് അയച്ച കത്തിൽ കുനാൽ വിശദീകരിച്ചു.
നാലുകോടിക്ക് കുനാൽ കമ്ര രാജ്യത്തെ ഒറ്റിയെന്നാണ് സേനയുടെ ആക്ഷേപം. കമ്രയുടെ ആക്ഷേപഹാസ്യ ഗാനങ്ങൾ ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള “അന്താരാഷ്ട്ര ഗൂഢാലോചനയുടെ” ഭാഗമാണെന്ന് ശിവസേന വക്താവ് സഞ്ജയ് നിരുപം ആരോപിച്ചു. മുംബൈയിൽ നടന്ന കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ സംസാരിക്കവെ, കാനഡ, ഓസ്ട്രേലിയ, അമേരിക്ക, സൗദി അറേബ്യ, ഖത്തർ എന്നിവിടങ്ങളിൽ നിന്ന് കമ്രയ്ക്ക് നാല് കോടി വിദേശ ഫണ്ട് നിയമവിരുദ്ധമായി ലഭിച്ചതായി ആരോപിച്ചു. യുഎസ് ആസ്ഥാനമായുള്ള സംഘടനയായ ഫോർഡ് ഫൗണ്ടേഷനാണ് അദ്ദേഹത്തിന്റെ ദാതാക്കളിൽ ഒരാൾ, ശിവസേന നേതൃത്വം കുറ്റപ്പെടുത്തി. “ഫോർഡ് ഫൗണ്ടേഷന് ജോർജ്ജ് സോറോസുമായി ബന്ധമുണ്ട്, ലോകമെമ്പാടുമുള്ള സർക്കാരുകളെ അസ്ഥിരപ്പെടുത്തുന്നതിൽ ഇവർ പങ്കാളിയാണ്.
“കമ്രയുടെ യൂട്യൂബ് ഷോകൾ ഇന്ത്യയെയും സുപ്രീം കോടതിയെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും ആഭ്യന്തരമന്ത്രി അമിത് ഷായെയും അപകീർത്തിപ്പെടുത്താൻ ഉപയോഗിച്ചുവെന്ന് നിരുപം ആരോപിച്ചു. “കമ്രയുടെ ‘ഹം ഹോങ്കേ കങ്കൾ’ എന്ന പാരഡി ഗാനം ഇന്ത്യയുടെ ആഗോള പ്രശസ്തിക്ക് കളങ്കം വരുത്തി. കാനഡ ആസ്ഥാനമായുള്ള ഇന്ത്യാ വിരുദ്ധ സംഘടനകൾക്ക് അദ്ദേഹത്തിന്റെ ഫണ്ടിങ്ങിൽ പങ്കുണ്ടെന്ന് സംശയിക്കുന്നു, ഞങ്ങൾ അന്വേഷണം ആവശ്യപ്പെടുന്നു, ” നിരുപം പറഞ്ഞു. “ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ടിന്റെ (ഫെമ) സെക്ഷൻ 3 പ്രകാരം, തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥികൾ, പത്രപ്രവർത്തകർ, കോളമിസ്റ്റുകൾ, കാർട്ടൂണിസ്റ്റുകൾ, എഡിറ്റർമാർ, മീഡിയ ബ്രോഡ്കാസ്റ്റിങ് കമ്പനികൾ, യൂട്യൂബർമാർ എന്നിവർ വിദേശ ഫണ്ട് സ്വീകരിക്കുന്നതിന് വിലക്കുണ്ട്. കമ്ര വിദേശ ഫണ്ട് സ്വീകരിക്കുന്നത് ഫെമയുടെ ലംഘനമാണ്, അദ്ദേഹത്തിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസ് ഫയൽ ചെയ്യണം, ” ഭയം കാരണം കമ്ര തമിഴ്‌നാട്ടിൽ ഒളിച്ചിരിക്കുകയാണെന്നും ശിവസേനാ നേതൃത്വം ആക്ഷേപിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.