ഹിന്ദി രാഷ്ട്രഭാഷ എന്ന പദവിയില്‍ തുടരുന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ല. ഹിന്ദി ഭാഷയുടെ ആധിപത്യം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട്, കേരളം, ഗോവ, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ കൂടി നിര്‍ബന്ധമായും അംഗീകരിക്കണമെന്ന് വാദിക്കുമ്പോഴാണ് പ്രശ്നം വഷളാകുന്നത്. ഭാഷ ഉപകരണമാക്കി ആധിപത്യം സ്ഥാപിക്കാനുള്ള നീക്കം കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ തന്നെ പ്രഖ്യാപിക്കുമ്പോള്‍, പ്രശ്നം കൂടുതല്‍ വഷളായിരിക്കുകയാണെന്നതില്‍ അത്ഭുതപ്പെടാനില്ല. ഹിന്ദി ഭാഷയുടെ കാര്യത്തില്‍ 1960കളില്‍ സ്വീകരിക്കപ്പെട്ടൊരു നിലപാടില്‍ മാറ്റം വരുത്തേണ്ടതായ യാതൊരു സാഹചര്യവും പുതുതായി നിലവിലുണ്ടായിട്ടുമില്ല. 2014ല്‍ ബിജെപി സര്‍ക്കാര്‍ ആദ്യമായി അധികാരത്തില്‍ വരികയും 2019ല്‍ തുടര്‍ ഭരണത്തിലെത്തുകയും ചെയ്തിട്ടുണ്ടെന്നതു മാത്രമാണ് ദേശീയ രാഷ്ട്രീയത്തില്‍ സംഭവിച്ചിരിക്കുന്ന നിസാരമല്ലാത്തൊരു മാറ്റം. ഈ മാറ്റവും ഭാഷയും തമ്മില്‍ ബന്ധിപ്പിക്കേണ്ട കാര്യമൊന്നുമില്ലതാനും. ഭാഷാസംബന്ധമായി 1960കളില്‍ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ എത്തിച്ചേര്‍ന്ന അപക്വമായൊരു തീരുമാനമുണ്ടായിരുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ സ്വയം സന്നദ്ധമായി മുന്നോട്ടുവരുന്നതുവരെ ഇംഗ്ലീഷ് ഭാഷതന്നെയായിരിക്കണം കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും തമ്മില്‍ നടത്തുന്ന കത്തിടപാടുകളുടെയും ആശയവിനിമയത്തിന്റെയും മാധ്യമം എന്നതായിരുന്നു ഇത്. ഈ തീരുമാനത്തില്‍ മാറ്റം വരുത്തുന്നതിന്റെ ആവശ്യകതയൊന്നും ഇന്ന് നിലവില്‍ വന്നിട്ടുമില്ല.
ഇന്ത്യയില്‍ ആകെ ഉണ്ടായിരിക്കുന്നത് ദേശീയ രാഷ്ട്രീയത്തില്‍ ബിജെപി സംഘ്പരിവാര്‍ ശക്തികള്‍ രാഷ്ട്രീയാധികാരത്തിലെത്തി എന്നതുമാത്രമാണ്. 2014 മുതല്‍ തുടരുന്നൊരു സ്ഥിതിവിശേഷവുമാണിത്. ഇതിന്റെ ഭാഗമായിട്ടാണ് ഹിന്ദി ഇന്ത്യന്‍ സംസ്ഥാനങ്ങളിലാകെത്തന്നെ അടിച്ചേല്പിക്കാനുള്ള സംഘടിതമായ നീക്കം. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പൂര്‍ണമായ അംഗീകാരം ഇക്കാര്യത്തിലുണ്ടോ എന്നത് ഇനിയും വ്യക്തമാക്കേണ്ടതായിട്ടാണിരിക്കുന്നതെന്നു മാത്രം. നരേന്ദ്രമോഡിയുടെതായി ഇതുവരെ പുറത്തുവന്നിട്ടുള്ള അഭിപ്രായ പ്രകടനം, പൂര്‍ണമായി വിശ്വാസത്തിലെടുക്കാമെങ്കില്‍ അദ്ദേഹം എല്ലാ ഭാഷകള്‍ക്കും തുല്യപ്രാധാന്യമാണ് നല്കുന്നതെന്നുതന്നെയാണ് എന്നും കരുതേണ്ടിവരുന്നു. അപ്പോഴും അവശേഷിക്കുന്നൊരു പ്രശ്നം ഹിന്ദി ഭാഷയ്ക്ക് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രത്യേക പദവി നല്കേണ്ടതാണെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിലപാടില്‍ മാറ്റമില്ലാതെ തുടരുന്നു എന്നതാണ്. പ്രധാനമന്ത്രിയും തന്റെ വിശ്വസ്ത ലെഫ്റ്റനന്റായി തുടര്‍ന്നുവന്നിട്ടുള്ള ആഭ്യന്തര മന്ത്രി അമിത് ഷായും വ്യത്യസ്ത നിലപാടുകളാണെന്ന് അരിയാഹാരം കഴിക്കുന്ന നമുക്കൊന്നും വിശ്വസിക്കാന്‍ കഴിയുന്നില്ല. ഓരോ വര്‍ഷവും ഹിന്ദി ഭാഷാ പ്രചരണത്തിന്റെ പേരില്‍ കോടിക്കണക്കിന് പൊതുമുതലാണ് കേന്ദ്ര–സംസ്ഥാന ഉദ്യോഗസ്ഥതലങ്ങളില്‍ ചെലവിടുന്നത്. അതും ഇംഗ്ലീഷ് ഭാഷ നന്നായി ഇക്കൂട്ടരെല്ലാം കൈകാര്യം ചെയ്യുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം നിലവിലിരിക്കെ. അതേസമയം, ഉത്തരേന്ത്യന്‍ ലോബി പണ്ടും രാഷ്ട്രീയഭേദമില്ലാതെ ഭാഷയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയെ ഭിന്നിപ്പിലേക്ക് നയിക്കുന്നതില്‍ പ്രത്യേക ശ്രദ്ധ ചെലുത്തിവരികയാണെന്ന് നമുക്കറിയാവുന്നതാണ്.
ഭാഷയെ ആയുധമാക്കി ഇന്ത്യാ രാജ്യത്ത് വെട്ടിമുറിക്കുന്നതിന് യുപി മുഖ്യമന്ത്രിയും സോഷ്യലിസ്റ്റ് പാരമ്പര്യം അവകാശപ്പെടുകയും ചെയ്യുന്ന മുലായം സിങ് യാദവ് മുതല്‍ നിതീഷ് കുമാര്‍ വരെ ഇക്കാര്യത്തില്‍ മുന്നണിയില്‍ നിലകൊള്ളുകയുമായിരുന്നു. 1990കളിലാണെന്നു തോന്നുന്നു, അതാണ് മുലയാം സിങ് യാദവ് കേരള മുഖ്യമന്ത്രിക്ക് ഹിന്ദിയില്‍ ഒരു ഔദ്യോഗിക സന്ദേശം അയച്ചതും അനാവശ്യമായൊരു ഭാഷാ വിവാദത്തിന് തിരികൊളുത്തിയതും. സമീപകാലത്ത് ഏതാനും ബോളിവുഡ് നടന്മാരുടെ അഭിപ്രായത്തില്‍ ഹിന്ദി ഭാഷ രാജ്യത്തൊട്ടാകെ വ്യാപിപ്പിക്കണമെന്നാണ്. ഭാഷയുടെ പേരിലും സ്വാതന്ത്ര്യത്തിന്റെ ഈ പ്ലാറ്റിനം ജൂബിലി ആഘോഷ വര്‍ഷത്തില്‍ ഒരിക്കല്‍ക്കൂടി വിഭജനത്തിലേക്കും അനൈക്യത്തിലേക്കും നയിക്കുമോ എന്നതാണ് ബഹുഭൂരിഭാഗം ഇന്ത്യന്‍ ജനതയേയും ആശങ്കയിലാക്കുന്നത്. നിലവിലുള്ള സഹകരണത്തിന്റെയും സമാധാനത്തിന്റെയും അന്തരീക്ഷം തുടര്‍ന്നും നിലനിര്‍ത്തേണ്ടത് ഉത്തരേന്ത്യന്‍ ജനതയുടെ താല്പര്യസംരക്ഷണത്തിനും അനിവാര്യമാണെന്ന് ഓര്‍ക്കണം. കാരണം, ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളാണ് പശ്ചിമ ബംഗാള്‍, ബിഹാര്‍, യു പി, മധ്യപ്രദേശ്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പണിയും ജീവിതമാര്‍ഗവും ഓടി എത്തുന്നത്. മാത്രമല്ല, ഇത്തരം തൊഴിലാളികളില്‍ ഒരു വിഭാഗമെങ്കിലും അവര്‍ക്ക് അഭയം നല്കുന്ന ഇടങ്ങളില്‍ അക്രമങ്ങള്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗിക അതിക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും പ്രതിക്കൂട്ടിലാക്കപ്പെടുന്നുണ്ട്. ഭാഷയുടെ ആധിപത്യം കൂടിയാകുമ്പോള്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുന്നു എങ്കില്‍ എന്തിനത്ഭുതപ്പെടണം. ഇതിനെല്ലാം പുറമെയാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുസ്‌ലിം, ക്രിസ്ത്യന്‍ മതവിശ്വാസികള്‍ അടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അതിക്രമങ്ങള്‍.
സ്വാഭാവികമായും ദേശീയ ഐക്യത്തിലും സമഭാവനയിലും മതനിരപേക്ഷതയിലും വിശ്വാസമര്‍പ്പിക്കുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒരു നിര്‍ണായക വിഭാഗത്തിന്റെ മനസില്‍ ഒരു ഉത്തരേന്ത്യന്‍ ഭാഷയെന്ന നിലയില്‍ ഇന്നും ഒരു പരിധിവരെ തുടരുന്ന ഹിന്ദി, തങ്ങളുടെ മേല്‍ അടിച്ചേല്പിക്കുന്നതിനെതിരെ എങ്ങനെ നിഷ്ക്രിയരായിരിക്കാന്‍ കഴിയും? ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം ഹിന്ദി ഭാഷ ‘മെജോറിറ്റേറിയന്‍’ സ്വഭാവമുള്ളൊരു ഭാഷതന്നെയാണ്. ഇത്തരമൊരു മാനദണ്ഡം അടിസ്ഥാനമാക്കി ഹിന്ദിയെ ദേശീയ ഭാഷയാക്കി അടിച്ചേല്പിക്കുന്നതിനെ ദക്ഷിണേന്ത്യന്‍ ജനത എതിര്‍പ്പ് പ്രകടമാക്കുന്നതിനെ തെറ്റുപറയാനാകില്ല. ഇനി ഇന്ത്യന്‍ ഭരണഘടനയുടെ പൊതുസ്വഭാവം തന്നെ പരിഗണിക്കുക. ഭരണഘടനാപരമായി നോക്കിയാല്‍ ഇന്ത്യ സംസ്ഥാനങ്ങളുടേതായൊരു യൂണിയനാണ്. അങ്ങേയറ്റം നിഷേധരൂപത്തിലുള്ള നിരവധി സ്വഭാവ സവിശേഷതകളുള്ളൊരു നവ സ്വതന്ത്രരാജ്യത്തിന്റെ ഭരണഘടനയ്ക്കാണ് അതിന് രൂപകല്പന ചെയ്തവര്‍ക്ക് തയാറാക്കാനുണ്ടായിരുന്നത്. ചരിത്രപരമായും സാംസ്കാരികമായും വൈവിധ്യങ്ങളുടേതായൊരു ഭൂപ്രദേശമായിരുന്നു സ്വതന്ത്ര ഇന്ത്യ.
ഈവിധ സവിശേഷതകളുള്ള ഒരു രാജ്യത്തേയും അവിടത്തെ ജനതയേയും ഒരുമിച്ചുനിര്‍ത്തി, ജനാധിപത്യ മാര്‍ഗത്തിലൂടെ സാമ്പത്തിക പുരോഗതിയിലേക്ക് നയിക്കുന്നതിന് സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു, സര്‍ദാര്‍ പട്ടേല്‍, മൗലാനാ അബ്ദുള്‍ കലാം ആസാദ് തുടങ്ങിയവരടങ്ങുന്നൊരു നേതൃത്വനിര നമുക്കുണ്ടായിരുന്നു. എന്നാല്‍, കാലക്രമേണ ഇതില്‍ മാറ്റമുണ്ടായി.
ഏറ്റവുമൊടുവില്‍ നമുക്കിപ്പോള്‍ അധികാരത്തിന്റെ ചുക്കാന്‍ പിടിക്കുന്നവരായി കാണാന്‍ കഴിയുക, കാലഹരണപ്പെട്ടതും ഇന്ത്യയുടെ വൈവിധ്യത്തിന് ഒട്ടും തന്നെ അനുയോജ്യമല്ലാത്തതുമായൊരു പ്രത്യയശാസ്ത്രം മുറുകെപ്പിടിക്കുന്നൊരു കൂട്ടം ഭരണാധികാരികളെയും അവര്‍ക്ക് നേതൃത്വം നല്കുന്ന ബിജെപി നേതാവ് നരേന്ദ്രമോഡി എന്ന പ്രധാനമന്ത്രിയെയുമാണ് മൊത്തം ജനങ്ങളുടെയും യഥാര്‍ത്ഥ ഹൃദയവികാരം കണക്കിലെടുക്കാതെ തീവ്ര ഹിന്ദുത്വവികാരം ഉയര്‍ത്തി ഭരണാധികാരത്തില്‍ തുടരാനുള്ള തത്രപ്പാടിലാണ് ആര്‍എസ്എസ് — സംഘ്പരിവാര്‍ ശക്തികളുമുള്ളത്. മറ്റൊരുവിധത്തില്‍ ഇന്ത്യയുടെ ഐക്യമല്ല, മോഡി ഭരണത്തിന്റെ ലക്ഷ്യം. രാജ്യത്തിന്റെ ബാള്‍ക്കനൈസേഷന്‍ ആണ്. ഭിന്നിപ്പിക്കുക, ഭരിക്കുക എന്ന സാമ്രാജ്യത്വ തന്ത്രം തന്നെ. ഈ ലക്ഷ്യം ചെറുത്തു തോല്പിക്കാന്‍ രാജ്യത്തെ ഇടതു — ജനാധിപത്യ കക്ഷികളുടെ ഒരു ഐക്യനിരക്ക് മാത്രമേ കഴിയൂ.
(അവസാനിച്ചു)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.