19 January 2026, Monday

വെടിനിർത്തൽ എന്ന ‘ന്യൂ നോർമൽ’

എം ജയചന്ദ്രൻ
May 17, 2025 4:15 am

ന്ത്യക്കും പാകിസ്ഥാനുമിടയിലെ വെടിനിർത്തൽ, ഇരുരാജ്യങ്ങൾക്കുമിടയിൽ രൂപപ്പെട്ട സവിശേഷമായ ഒരു മാറ്റത്തെയാണോ അടയാളപ്പെടുത്തുന്നത്. ജാഗ്രതയോടെയുള്ള ശുഭാപ്തിവിശ്വാസം, തന്ത്രപരമായ പുനഃക്രമീകരണം, നിലവിലുള്ള പിരിമുറുക്കങ്ങൾ എന്നിവയിലൂടെ ഉരുത്തിരിഞ്ഞ ഒരു “ന്യൂ നോർമൽ” ഘട്ടത്തിലേക്ക് ഇതിപ്പോൾ എത്തുന്നുണ്ടോ? 2025 മേയ് ഏഴ് മുതല്‍ നാല് ദിവസങ്ങളിൽ അതിർത്തികടന്നുള്ള തീവ്രമായ ആക്രമണങ്ങള്‍ക്ക് ശേഷം, ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തലിന് സമ്മതിച്ചു. ഇത് യുഎസ് മധ്യസ്ഥതയാലാണ് സാധ്യമായതെന്നാണ് പ്രസിഡന്റ് ട്രംപിന്റെ അവകാശവാദം.
വെടിനിർത്തൽ അന്താരാഷ്ട്രതലത്തിൽ സ്വാഗതം ചെയ്യപ്പെട്ടു. യുഎസ്, ചൈന, യൂറോപ്യൻ യൂണിയൻ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നുള്ള നേതാക്കൾ ഇന്ത്യയോടും പാകിസ്ഥാനോടും കരാര്‍ പാലിക്കാനും, ദീർഘകാല തർക്കങ്ങൾക്ക് നയതന്ത്ര പരിഹാരങ്ങൾ പിന്തുടരാനും ആവശ്യപ്പെട്ടു. അതിർത്തി പ്രദേശങ്ങളിൽ സാധാരണനില ഏതാണ്ട് കൈവന്നു. കുട്ടികൾ സ്കൂളുകളിലേക്ക് മടങ്ങി, വിമാനത്താവളങ്ങൾ വീണ്ടും തുറന്നു. സമീപകാല ഏറ്റുമുട്ടലുകളുടെ നീണ്ടുനിൽക്കുന്ന ആഘാതത്തിനിടയിൽ നിന്നുകൊണ്ടുതന്നെ സാധാരണക്കാർ ജീവിതം പുനർനിർമ്മിക്കാൻ തുടങ്ങി. ഭാവിയിൽ ഇന്ത്യൻ മണ്ണിലുണ്ടാകുന്ന ഏതൊരു ഭീകരാക്രമണവും നിർണായക സൈനിക പ്രതികരണങ്ങൾക്ക് കാരണമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രസ്താവിച്ചു, പാകിസ്ഥാന്റെ “ആണവാക്രമണ ഭീഷണിയെ” അദ്ദേഹം തള്ളിക്കളഞ്ഞു. സൈനിക / നയതന്ത്ര നിലപാടുകളിൽ ശ്രദ്ധേയമായ മാറ്റങ്ങൾക്കും വെടിനിർത്തൽ കാരണമായി. പക്ഷേ പരസ്പര അവിശ്വാസവും അതിർത്തിരേഖാലംഘന ആരോപണങ്ങളും കാരണം രണ്ട് രാജ്യങ്ങളിലും ഇപ്പോഴും നിരന്തരമായ അനിശ്ചിതത്വം നിലനിൽക്കുന്നു. വെടിനിർത്തലിൽ നിന്നുള്ള വ്യതിചലനത്തെ സൂചിപ്പിക്കുന്ന ഏതൊരു ഭീഷണിയോടും, സൈനികമായി പ്രതികരിക്കുമെന്ന നിലപാട് ഇക്കാര്യത്തിൽ ഇന്ത്യയുടെ തുടർനയം അടിവരയിടുന്നുണ്ട്. നയതന്ത്ര ഇടപെടലുകളും ഔപചാരിക ചർച്ചകളും പരിമിതമാണെങ്കിലും, കർട്ടന് പിന്നിലെ ആശയവിനിമയങ്ങളും അന്താരാഷ്ട്ര നയതന്ത്ര സമ്മർദങ്ങളും ഉഭയകക്ഷി ബന്ധങ്ങളെ സ്വാധീനിക്കുന്നുണ്ട്. 

പരസ്യമായ സൈനിക ഏറ്റുമുട്ടലുകൾ, വെടിനിർത്തലിനെത്തുടർന്ന് ഒഴിവാക്കാൻ കഴിഞ്ഞിട്ടുണ്ട്. അതേസമയം, അടിസ്ഥാനപരമായ പ്രശ്നങ്ങൾ നിലനിൽക്കുന്നു. പ്രതിരോധം, നയതന്ത്രം, ആഭ്യന്തര പരിഗണനകൾ എന്നിവയുടെ സങ്കീർണമായ ഒരു ഭൂമികയിലൂടെയാണ് ഇരു രാജ്യങ്ങളും കടന്നു പോകുന്നത്. താൽക്കാലിക സ്ഥിരതയുള്ളതും എന്നാൽ ആന്തരികമായി ഒട്ടൊക്കെ അസ്ഥിരവുമായ ഒരു “ന്യൂ നോർമൽ” ഇങ്ങനെയൊക്കെയാകുമോ രൂപം പ്രാപിക്കുക? ഓപ്പറേഷൻ സിന്ദൂർ നിശ്ചയമായും ഭരണപരമായും രാഷ്ട്രീയമായും വിജയം തന്നെയാണ്. അതേസമയം ഒരു സൈനിക നീക്കം എന്ന നിലയിൽ വിലയിരുത്തുമ്പോൾ, ഓപ്പറേഷൻ സിന്ദൂറിനെപ്പറ്റിയുള്ള വാഴ്ത്തുപാട്ടുകൾ അത്രകണ്ട് ഒത്തുപോകുന്നില്ല. കാരണം, പാകിസ്ഥാനിലെപ്പോലെ തന്നെ ഇന്ത്യയിലെയും ആഭ്യന്തര രാഷ്ട്രീയ താല്പര്യങ്ങൾ എപ്പോഴും ദേശീയ സുരക്ഷാ താല്പര്യങ്ങൾക്ക് മുകളിലാണ് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത് എന്നതുതന്നെ. ആർഎസ്എസ് / ബിജെപി നേതാക്കളുടെയും പ്രവർത്തകരുടെയും പ്രൊഫൈലുകളും സമൂഹമാധ്യമ ഹാൻഡിലുകളും നമ്മളെ പരിചയപ്പെടുത്തുക, പരാക്രമിയായ ഒരു നരേന്ദ്ര മോഡിയെയാണ്. ‘മുമ്പിതുവരെ ഒരിന്ത്യൻ ഭരണാധികാരിയും ധൈര്യപ്പെടാത്തവിധമാണ് മോഡി, പാകിസ്ഥാനെതിരായ സൈനിക നീക്കത്തിന് അനുമതി നൽകിയത്. മോഡിയുടെ ഈ പരാക്രമശാലിത്വം ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യക്ക് വലിയ സൽപ്പേര് കിട്ടുന്നതിന് ഇടയാക്കിയിട്ടുണ്ട്.’ ഇതാണ് പാണൻമാർ പാടിത്തകർക്കുന്നത്. എന്നാൽ യാഥാർത്ഥ്യം തികച്ചും വ്യത്യസ്തവും മറ്റൊരു വിധവുമാണ്. സ്വാതന്ത്ര്യാനന്തരം ഇന്ത്യയും പാകിസ്ഥാനും നാല് തവണ മുഖാമുഖം യുദ്ധം ചെയ്തിട്ടുണ്ട്. നാല് പ്രാവശ്യവും ജയിച്ചത് ഇന്ത്യയാണ്. മൂന്ന് തവണ കശ്മീരിന് വേണ്ടിയും ഒരു തവണ ബംഗ്ലാദേശ് വിമോചനത്തിന് വേണ്ടിയുമായിരുന്നു ഇന്ത്യാ-പാക് യുദ്ധങ്ങൾ. 1947 ഒക്ടോബർ മുതൽ 1949 ജനുവരി വരെയായിരുന്നു ഒന്നാം ഇന്ത്യാ-പാക് യുദ്ധം. കശ്മീർ രാജാവ് ഹരിസിങ് അന്ന് ഇന്ത്യൻ യൂണിയനിൽ കശ്മീരിനെ ലയിപ്പിച്ചത് പാകിസ്ഥാൻ അംഗീകരിച്ചില്ല. അതിനെതിരെ പാക് പിന്തുണയോടെ ഗോത്രവര്‍ഗ — സൈനിക സഖ്യം കശ്മീർ ആക്രമിച്ചു. യുദ്ധത്തിനൊടുവിൽ പാകിസ്ഥാൻ തോറ്റു. കശ്മീരിലെ ജമ്മു, കശ്മീർ, ലഡാക്ക് പ്രദേശങ്ങൾ ഇന്ത്യ നിലനിർത്തി. പ്രസ്തുത യുദ്ധത്തിലാണ് പാക് അധീന കശ്മീർ പാകിസ്ഥാൻ സ്വന്തമാക്കിയത്. 

രണ്ടാം യുദ്ധം 1965 ഓഗസ്റ്റ് – സെപ്റ്റംബർ മാസങ്ങളിൽ നടന്നു. കശ്മീർ കൈവശപ്പെടുത്താനായി “ഓപ്പറേഷൻ ജിബ്രാൾട്ടർ” എന്ന് പേരിട്ട് പാകിസ്ഥാൻ സൈന്യം ഇന്ത്യയെ ആക്രമിച്ചു. യുഎൻ ഇടപെട്ടതിനെത്തുടർന്ന് താഷ്കന്റ് കരാർ ഒപ്പുവച്ചു. 1971ലെ ഇന്ത്യ‑പാക് യുദ്ധം ബംഗ്ലാദേശിന്റെ വിമോചന സമരമെന്നും അറിയപ്പെടുന്നു. ഡിസംബർ മൂന്ന് മുതൽ 16 വരെയാണ് ഈ യുദ്ധം നടന്നത്. ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരത്തെ പാകിസ്ഥാൻ വലിയ തോതിൽ അടിച്ചമർത്താൻ തുടങ്ങിയതോടെ ഇന്ത്യയിലേക്ക് ബംഗ്ലാദേശ് അഭയാർത്ഥികളുടെ നിയന്ത്രണാതീതമായ തള്ളിക്കയറ്റമുണ്ടായി. ഇതേത്തുടർന്ന് ഇന്ത്യ ഇടപെട്ടു എന്നാരോപിച്ച് പാക് സൈന്യം ഇന്ത്യയെ ആക്രമിക്കുകയായിരുന്നു. യുദ്ധത്തിൽ പാകിസ്ഥാൻ തോറ്റു, ബംഗ്ലാദേശ് എന്ന പുതിയ രാഷ്ട്രം പിറവിയെടുത്തു. 93,000 പാകിസ്ഥാൻ സൈനികരെ ഇന്ത്യ അന്ന് യുദ്ധത്തടവുകാരായി പിടിച്ചെങ്കിലും പിന്നീട് വിട്ടയച്ചു. നാലാമത്തെ യുദ്ധം 1999 മേയ് – ജൂലൈ മാസങ്ങളിൽ കാർഗിൽ സെക്ടറിലായിരുന്നു. പാക് സൈന്യവും അവരുടെ പിന്തുണയോടെ തീവ്രവാദികളും ഇന്ത്യയുടെ കാർഗിൽ മേഖലയിൽ അതിക്രമിച്ചു കയറി അവിടം പിടിച്ചെടുത്തു. അതിശക്തിയായി തിരിച്ചടിച്ച ഇന്ത്യൻ സൈന്യം കാർഗിൽ മേഖല പൂർണമായി തിരിച്ചുപിടിച്ചു. ആദ്യ യുദ്ധത്തിൽ ജവഹർലാൽ നെഹ്രുവും, രണ്ടാമത് ലാൽ ബഹാദൂർ ശാസ്ത്രിയും, മൂന്നാമത് ഇന്ദിരാഗാന്ധിയും, നാലാം യുദ്ധത്തിൽ അടൽ ബിഹാരി വാജ്പേയിയും ആയിരുന്നു പ്രധാനമന്ത്രിമാർ. യുദ്ധമല്ലാതെ ചില സൈനിക ഏറ്റുമുട്ടലുകളും ഇന്ത്യക്കും പാകിസ്ഥാനുമിടയിൽ പലപ്പോഴും നടക്കാറുണ്ട്. സിയാച്ചിൻ മേഖലയിൽ 1984 മുതൽ തുടരുന്ന സംഘർഷങ്ങൾ, ഉറി, പുൽവാമ തുടങ്ങിയ പ്രദേശങ്ങളിലെ ഭീകരാക്രമണങ്ങളും സർജിക്കൽ, എയർ സ്ട്രൈക്ക് (2016, 19) തുടങ്ങിയവയും യുദ്ധങ്ങളല്ല മറിച്ച് സൈനിക നടപടികളാണ്. ഇതേ രൂപത്തിലുള്ള ഒരു സൈനിക നടപടി മാത്രമാണ് ഇപ്പോഴും നടന്നത്. 

ഇന്ത്യയില്‍ ശാന്തത പുനഃസ്ഥാപിക്കപ്പെടുന്നതുവരെ സൈനിക നടപടി നീട്ടിവച്ചിരുന്നെങ്കിൽ, തീവ്രവാദികളുടെ മരണസംഖ്യ ഗണ്യമായി വർധിച്ചേനെ. ഇപ്പോള്‍ നൂറോളം ഭീകരവാദികളാണ് കൊല്ലപ്പെട്ടത്. പരമാവധി സൈനിക ലക്ഷ്യങ്ങൾ നേടുക എന്നതിനല്ല മറിച്ച്, രാഷ്ട്രീയ നേട്ടം എന്ന ചിന്തയോടെയാണ് ഓപ്പറേഷൻ സിന്ദൂർ വേഗത്തിൽ മുന്നോട്ട് കൊണ്ടുപോയത്. ബൈസരൻ കൂട്ടക്കൊല പോലെയുള്ള ഭീകരപ്രവർത്തനങ്ങൾക്ക് പ്രതികാരം ചെയ്യുമെന്ന് പാകിസ്ഥാന് സന്ദേശം നൽകുക എന്നതായിരുന്ന ഇന്ത്യയുടെ ലക്ഷ്യം. കൂടാതെ 2016ലെ സർജിക്കൽ സ്ട്രെെക്കുകൾ, 2019 ലെ ബാലാകോട്ട് ബോംബാക്രമണങ്ങൾ തുടങ്ങിയവയൊന്നും നമ്മൾ മറന്നിട്ടില്ലെന്നും. ഇക്കാര്യത്തിലും, ഓപ്പറേഷൻ സിന്ദൂർ വിജയിച്ചു. തന്ത്രപരമായ നിർണായക തലത്തിലാണ് ഓപ്പറേഷൻ സിന്ദൂർ പരാജയപ്പെടുന്നത്, തീർച്ചയായും, അതിന്റെ രൂപകല്പന തന്നെയാണ് അതിൽ പ്രധാനം. ‘ഏതൊരു ഭീകര ആക്രമണത്തെയും ഇനി യുദ്ധമായി കാണും’ എന്നാണ് നരേന്ദ്ര മോഡി പ്രഖ്യാപിച്ചിട്ടുള്ളത്. ഇനിയൊരു ഭീകരാക്രമണം ഉണ്ടായാൽ ഇന്ത്യയിലെ 142 കോടി ജനങ്ങളെ യുദ്ധത്തിന്റെ വക്കിലേക്ക് തള്ളിവിടാം എന്നൊരു ഗെയിം പ്ലാനാണോ നരേന്ദ്ര മോഡിക്കും കേന്ദ്ര സർക്കാരിനുമുള്ളത്. അത്തരം പോരാട്ടങ്ങളോട് ലോകം ഒട്ടും സഹിഷ്ണുത കാണിക്കില്ല. രാജ്യത്തിന്റെ അന്താരാഷ്ട്രനില, സമ്പദ്‌വ്യവസ്ഥ, നിക്ഷേപം, വളർച്ച, വികസനം എന്നിവയിലെ അനിവാര്യമായ ചെലവുകൾ പോലും തടസപ്പെടും എന്നതും ഉറപ്പാണ്.
നിരന്തരമായ സൈനിക ഏറ്റുമുട്ടലുകളും യുദ്ധക്കൊതിയും ‘കശ്മീർ പ്രശ്നം’ കൂടുതൽക്കൂടുതൽ അന്താരാഷ്ട്ര അജണ്ടയിലേക്ക് കൊണ്ടുവരും. പാകിസ്ഥാൻ വളരെക്കാലമായി ആഗ്രഹിക്കുന്ന, അവരുടെ ഒരു പ്രധാന ലക്ഷ്യമാണത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ‘സീറോ ടെററിസം’ പ്രഖ്യാപിക്കുമെന്ന് വീമ്പിളക്കുന്നതുപോലെ, മോഡിയുടെ ഈ പ്രഖ്യാപനവും കേന്ദ്ര സർക്കാരിന് ബാധ്യതയാകാനാണ് സാധ്യത. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.