19 May 2024, Sunday

ചിരിയുടെ ആത്മബലി

ബക്കര്‍ അബ്ദുള്ള
April 27, 2023 4:22 am

കോഴിക്കോട് നഗരത്തിന്റെ നന്മ മനുഷ്യാകാരം പൂണ്ടാൽ അത് കെ പി ഉമ്മറാകും എന്ന് ഒരിക്കൽ ടി എ റസാഖ് പറഞ്ഞു. കല്യാണ വീടുകളിൽ ചെന്ന് പാട്ടു പാടുകയും ഉത്സപ്പറമ്പുകളിൽ സ്ക്രിപ്റ്റില്ലാതെ ചെന്ന് തെരുവുനാടകം അവതരിപ്പിക്കുകയും ചെയ്ത ഭൂതകാലത്തിൽ നിന്ന് ചില കലാകാരൻമാരെ റസാഖ്, ഗുരുവായൂരിലെ ഒരു ലോഡ്ജിലിരുന്ന് കുടഞ്ഞിടുകയായിരുന്നു. കുഞ്ഞാണ്ടിയും കുതിരവട്ടം പപ്പുവും കെ ടി സി അബ്ദുക്കയും മാമുക്കോയയുമെല്ലാം ആ ഭൂതകാലത്തിൽ നിന്ന് ഇറങ്ങി വന്ന് അണിനിരന്നു. കോഴിക്കോട്ടേക്കുള്ള ഒരു നാട്ടുപാതയാണ് മാമുക്കോയ എന്ന് പറഞ്ഞതും റസാഖാണ്.
പാട്ടുമാളികയിൽ നിന്ന് നാടകത്തിന്റെ അരങ്ങിലേക്കും അവിടെ നിന്ന് സിനിമയിലേക്കും അലഞ്ഞെത്തിയ കലാകാരൻമാരിലൊരാളായിരുന്നു മാമുക്കോയ. കുതിച്ചെത്തിയവരുടെ തിരക്കോ ആർത്തിയോ ഇല്ലാതെ കലയുടെ ഓരത്ത് ആടയാഭരണങ്ങളില്ലാതെ ഒതുങ്ങി കാത്തുനിന്നു. സിംഹാസനങ്ങൾ മോഹിപ്പിക്കാത്ത അനായാസതയിലാണ് മാമുക്കോയയും തന്നിലെ സാധാരണക്കാരനെ തിളക്കിയെടുത്തത്. യഥാര്‍ത്ഥത്തില്‍ ഹാസ്യനടനായി നമുക്കു മുന്നിൽ അഭിനയിക്കുകയായിരുന്നു അദ്ദേഹം. ഒരിക്കൽ ഒരു മാധ്യമസുഹൃത്ത് പറഞ്ഞ കഥയാണ്: അരക്കിണറിലെ പഴയ വീട്ടിലിരുന്ന് സംസാരിക്കുന്നതിനിടയിൽ ഒരുപറ്റം ആടുകൾ മുൻവാതിലിലൂടെ കയറി വന്നു. അവയെ ഓടിക്കാനോങ്ങിയപ്പോൾ അദ്ദേഹമെന്നെ വിലക്കി. ‘അവര് അകത്തൂടെപ്പോയി അടുക്കള വാതിൽ വഴി ഇറങ്ങി അവരുടെ വീട്ടിൽ പൊയ്ക്കോളും. അതാണവരുടെ പതിവെ‘ന്ന് വളരെ ഗൗരവത്തിൽ വിശദീകരിച്ചു. ഇതൊരു സിനിമയിലെ രംഗമായിരുന്നേൽ പ്രേക്ഷകർ ചിരിച്ചേനെ.

 


ഇതുകൂടി വായിക്കു; മാമുക്കോയയുടെ സംസ്‌കാരം നാളെ


തിരിഞ്ഞു നോക്കുമ്പോൾ നമ്മൾ ചിരിച്ച രംഗങ്ങളിൽ ഏതിലാണ് മാമുക്കോയ ഹാസ്യം കൊണ്ടുവന്നത് എന്ന് കണ്ടെത്തുക പ്രയാസമായിരിക്കും. ഗൾഫിൽ നിന്ന് വരുന്ന കൂട്ടുകാരനെക്കൂട്ടാൻ ടാക്സി പിടിച്ച് വിമാനത്താവളത്തിൽ പോകുകയും ടാക്സിക്കൂലി കൊടുക്കാനില്ലാതെ പാതിരയ്ക്ക് മതിലുചാടി ഓടുകയും ചെയ്യുന്ന വരവേല്പിലെ കഥാപാത്രം ചിരിപ്പിക്കുമ്പോഴും ആ കഥാപാത്രമനുഭവിക്കുന്ന മാനസിക സംഘർഷം അഭിനയിച്ചു കൊണ്ടായിരിക്കില്ല, അനുഭവിച്ച് കൊണ്ടായിരിക്കും അദ്ദേഹം മതിൽ ചാടിക്കടന്നതെന്ന് നമുക്കു തോന്നും. അത്രയേറെ പ്രതിസന്ധികളെ ചാടിക്കടന്നാണ് മാമുക്കോയ എന്ന നടൻ ഓരോ സിനിമാ ലൊക്കേഷനിലും ഹാജരായത്. ‘എനിക്കു തന്നെ എന്നെ ഏറെനേരം നോക്കി നിൽക്കാനാവില്ലെന്നും എന്റെ ഭാഷയാണ്/ ശൈലിയാണ് ഞാനെന്നും അദ്ദേഹം പറയുന്നത് സിനിമാ നടനെ സംബന്ധിക്കുന്ന പൊതുബോധത്തിന്റെ ധാരണയെക്കുറിച്ച് വ്യക്തമായി തിരിച്ചറിഞ്ഞുകൊണ്ട് തന്നെയാണ്. പെങ്ങളെ കെട്ടിച്ചയയ്ക്കുക എന്ന വലിയ ഭാരം നെഞ്ചിലേറ്റിയാണ് അയാൾ ‘ബാലഷ്ണാ’ എന്ന് കരച്ചിലിന്റെ ഒച്ചയിൽ വിളിക്കുന്നത്. ഒരു തരി പോലും ഫലിതരസം പുരളാത്ത ആന്തലോടെയുള്ള ആ വിളി ഇന്നും പ്രേക്ഷകനെ ചിരിപ്പിക്കുന്നതിനു പിന്നിൽ കോഴിക്കോടൻ മുസ്ലിം സ്ലാങ്ങും അദ്ദേഹത്തിലെ നടനും തമ്മിലുള്ള രസതന്ത്രമാണ്. അതുകൊണ്ടാണ് ഞാനല്ല എന്റെ ഭാഷയാണ് ഞാനെന്ന് ആത്മവിശ്വാസത്തോടെ അദ്ദേഹത്തിന് പറയാനാവുന്നത്.
മാറ്റത്തിന്റെ മലവെള്ളപ്പാച്ചിലിനിടയിലും മാമുക്കോയ എന്ന നടന്റെ കാലിനടിയിലെ മണ്ണ് ഒഴുകിപ്പോകാത്തതും മറ്റാർക്കും പകരം കയറിനിൽക്കാനാകാത്ത ഒരിടം സംഭാഷണശൈലികൊണ്ട് അദ്ദേഹം മുദ്രപ്പെടുത്തി വച്ചതുകൊണ്ട് തന്നെയായിരുന്നു. അവിടെ കാമറയുള്ളത് കൊണ്ട് മാത്രമാണ് അത് അഭിനയമാകുന്നത് എന്നായിരുന്നു ഒരിക്കലദ്ദേഹം അഭിനയത്തെക്കുറിച്ച് പറഞ്ഞത്. ഒരിക്കലും അഭിനയിക്കേണ്ടി വന്നിട്ടില്ലാത്ത ഒരാൾക്ക് മാത്രം പറയാനാവുന്ന ഒന്ന്.
ഒരു സാധാരണ കല്ലായിക്കാരന്‍ മരപ്പണിക്കാരൻ എന്നാണ് പലരും മാമുക്കോയയുടെ ജീവിതത്തെ പറഞ്ഞു തുടങ്ങുക. പക്ഷേ, ഒരസാധാരണ ജീവിതത്തിന്റെ ചേരുവകള്‍ സമാസമം ചേർത്ത് പാകപ്പെട്ടതായിരുന്നു ആ ജീവിതം. അലങ്കാരങ്ങൾ അനുവദിക്കപ്പെടാത്ത മനുഷ്യന്റെ വേവലാതിക്കിടയിലും ബഷീറിലേക്കും ജോൺ എബ്രഹാമിലേക്കും കെ ടി മുഹമ്മദിലേക്കുമെല്ലാം അദ്ദേഹം പടരുന്നത് യാദൃച്ഛികമായിട്ടല്ല. ബാബുരാജിന്റെ പാട്ടു മാളികയും സുൽത്താന്റെ സൂഫി ചിന്തയും പി എം താജിന്റെ തലമുറയിലെ തിരുത്തിഎഴുത്തിന്റെ അരങ്ങുമെല്ലാം മാമുക്കോയയ്ക്ക് പ്രാപ്യമാകുന്നതും ആ ഇടങ്ങളിലൊക്കെയും സ്വീകാര്യനാവുന്നതും സർഗപരമായൊരു അപരജീവിതത്തിന്റെ പാളി അദ്ദേഹത്തിൽ ഉൾച്ചേർന്നതു കൊണ്ടാണ്.
മറ്റൊരാൾക്ക് ഉപമകൊണ്ട് വിനിമയം ചെയ്യാൻ കഴിയാത്തത്ര ഉൾപ്പിരിവുള്ളൊരു ഉപമയിൽ മാമുക്കോയ ഒരിക്കൽ തന്നെത്തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ചില വേഷങ്ങൾ തനിക്കെന്തു കൊണ്ട് ചേരില്ല എന്നതിന് സ്വയം കണ്ടെത്തിയ നേര് പോലെയാണ് അദ്ദേഹമത് പറയുന്നത്. ‘ചില ജാതി മരങ്ങളുണ്ട്. വലിയ ഉരുപ്പടികളോ കൊത്തുപണികളോ തീര്‍ക്കാന്‍ കഴിയാത്തത്. അതുപോലൊരു ജാതി മരമാണ് ഞാന്‍. കല്ലായിയിലെ ഒരു ആള്‍മരം’.
നാലു പതിറ്റാണ്ടിലേറെ നീണ്ട ആ സിനിമാ ജീവിതത്തെ ‘ബാലഷ്ണാ’ എന്ന ഒറ്റ വിളിയിൽ ചുരുക്കി എഴുതാനായിരിക്കും ഇക്കിളിക്കപ്പുറം ബോധമുണരാത്ത ശരാശരി മലയാളിയുടെ ശാഠ്യം. നിങ്ങൾക്കു വേണ്ടതും നിങ്ങൾ ആവശ്യപ്പെട്ടതും ഞാൻ തരാം എന്ന് മാത്രം പറഞ്ഞ് ഒരോരത്തൂടെ ഒതുങ്ങിക്കടന്നുപോയ ആ വലിയ നടനിൽ നിന്ന് അനർഘ മുഹൂർത്തങ്ങൾ കുഴിച്ചെടുക്കുന്നതിൽ നമുക്കുണ്ടായ പരിമിതി കൂടിയാണത്. രണ്ടു പതിറ്റാണ്ടു മുമ്പ് പെരുമഴ ഉള്ളിലടക്കിപ്പിടിച്ച് പ്രേക്ഷകനെ വീർപ്പുമുട്ടിച്ച ഒരു അബ്ദുവിനെ അനശ്വരമാക്കിയിട്ടുണ്ട്, മാമുക്കോയ. എന്നിട്ടും, ജീവിതത്തിന്റെയും നാടകത്തിന്റെയും അരങ്ങിൽ വെന്ത് പാകപ്പെട്ട ആ പ്രതിഭയുടെ കയ്യിൽ കരുത്തുറ്റ കഥാപാത്രങ്ങളെ ഏല്പിക്കാൻ മലയാള സിനിമാ ലോകത്തെ തമ്പുരാക്കൾക്ക് തോന്നിയില്ല.
പക്ഷേ, ഇതുംകൂടിയാണ് താൻ എന്ന് അസാമാന്യമായ അഭിനയ സിദ്ധി കൊണ്ട് പ്രഖ്യാപിക്കാൻ കാലം ഒരു കഥാപാത്രത്തെ കരുതി വച്ചിരുന്നു, കുരുതിയിലെ മൂസ ഖാദര്‍. ഇന്നോളം നമ്മളെച്ചിരിപ്പിച്ച ഹാസ്യ കഥാപാത്രങ്ങളിലൂടെയല്ല, മൂസ ഖാദറിന്റെ തലയെടുപ്പിലൂടെയാണ് മാമുക്കോയയുടെ ഓർമ്മ കാലത്തെ അതിജീവിക്കാൻ പോകുന്നത്. അതൊരു കലാകാരന്റെ മരണാനന്തര പ്രതികാരം കൂടിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.