21 March 2025, Friday
KSFE Galaxy Chits Banner 2

ഇന്ത്യയെ നിലനിർത്തുന്നതിനുള്ള പോരാട്ടം

ഡി രാജ
March 20, 2025 4:20 am

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ ഇന്നൊരു വഴിത്തിരിവിലാണ്. നമ്മുടെ റിപ്പബ്ലിക്കിന്റെ അടിത്തറയുറപ്പിക്കുന്ന ആശയങ്ങളായ സോഷ്യലിസം, മതേതരത്വം, സാമൂഹ്യ നീതി, സമത്വം എന്നിവ അസാധാരണമായ വെല്ലുവിളികളെയാണ് നേരിടുന്നത്. ഭൂരിപക്ഷവാദം, അധികാര കേന്ദ്രീകരണം, ഫെഡറലിസത്തെ ദുർബലപ്പെടുത്തൽ, അസമത്വത്തിലെ വർധനവ്, അസഹിഷ്ണുത, അനീതി എന്നിവയെല്ലാം അടയാളപ്പെടുത്തിയ രാഷ്ട്രീയ, സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. തൊഴിലെടുക്കുന്നവരുടെ ജീവിതോപാധികൾ ഇല്ലാതാക്കുന്ന വിനാശകരമായ സാമ്പത്തിക നയങ്ങളാണ് മോഡി സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. കോർപറേറ്റുകളുടെ ലാഭം ഉയർന്നുകൊണ്ടിരിക്കുമ്പോൾ സാധാരണക്കാർ പണപ്പെരുപ്പം, തൊഴിൽ നഷ്ടം, ജീവിത നിലവാരത്തകർച്ച എന്നിവയോട് മല്ലിടുകയാണ്. ഒരുകാലത്ത് ഇന്ത്യയുടെ ശക്തിയായി കണക്കാക്കപ്പെട്ടിരുന്ന ജനസംഖ്യാപരമായ നേട്ടം, തൊഴിലില്ലായ്മ വർധിക്കുന്നതോടെ ഒരു ദുരന്തമായി മാറാനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. വൻകിട കോർപറേറ്റുകൾക്ക് അനുകൂലവും പൊതുമേഖലയെ തകർക്കുന്നതും തൊഴിലാളിവർഗത്തെയും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളെയും കൂടുതൽ പിന്നാക്കാവസ്ഥയിലേക്ക് തള്ളിവിടുന്നതുമായ നയങ്ങൾ ഈ സാമ്പത്തിക ദുരിതത്തിന് ആക്കം കൂട്ടുകയാണ് ചെയ്യുന്നത്. 

ഭരണഘടന വിഭാവനം ചെയ്തിരിക്കുന്ന ഫെഡറൽ തത്വങ്ങളുടെ പേരിൽ യൂണിയൻ സർക്കാർ അധികാര കേന്ദ്രീകരണത്തിനുള്ള ശ്രമം ശക്തമാക്കിയതാണ് ഇന്ത്യ ഇപ്പോൾ നേരിടുന്ന വലിയ വെല്ലുവിളികളിലൊന്ന്. ദേശീയ വിദ്യാഭ്യാസ നയം അടിച്ചേല്പിക്കൽ, ഭക്ഷണശീലത്തെ ഏകീകരിക്കാനുള്ള നീക്കം, വിദ്യാഭ്യാസം, ആരോഗ്യം, കൃഷി തുടങ്ങിയ നിർണായക മേഖലകളിൽ സംസ്ഥാന അധികാരങ്ങളെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങൾ എന്നിവ അതിന്റെ വ്യക്തമായ സൂചനകളാണ്. ഇന്ത്യയുടെ സമ്പന്നമായ വൈവിധ്യത്തെ അവഗണിച്ചുകൊണ്ട് ഒരു ഭാഷയെ ദേശീയ ഭാഷയായി അടിച്ചേല്പിക്കാനുള്ള നീക്കം ആർഎസ്എസ്-ബിജെപി കൂട്ടുകെട്ടിന്റെ ഭൂരിപക്ഷ അജണ്ടയുടെ അടിസ്ഥാനത്തിലുള്ള സാംസ്കാരിക മേധാവിത്വം സ്ഥാപിക്കാനുള്ള ശ്രമമാണ്.
ഫെഡറലിസത്തിന്റെ തകർച്ച ഒരു രാഷ്ട്രീയ ആശങ്ക മാത്രമല്ല, ഇന്ത്യയുടെ വൈവിധ്യത്തിലെ ഏകത്വത്തിന് നേരെയുള്ള നേരിട്ടുള്ള കടന്നാക്രമണവുമാണ്. സാമ്പത്തിക സ്രോതസുകളുടെ വിതരണം, അന്വേഷണ ഏജൻസികളുടെ ദുരുപയോഗം, പ്രകൃതി ദുരന്തങ്ങൾ കൈകാര്യം ചെയ്യൽ എന്നിവയിൽ പോലും പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് പലപ്പോഴും യൂണിയനുമായി തർക്കത്തിൽ ഏർപ്പെടേണ്ടിവരുന്ന സാഹചര്യമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരത്തെ ആവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്നതും, അതേസമയം കിട്ടുന്ന അവസരങ്ങളില്ലാം കടന്നാക്രമിക്കുന്നതുമായ, സഹകരണ ഫെഡറലിസത്തെ ഇത്തരം പ്രവണതകൾ ദുർബലപ്പെടുത്തുന്നു.
ആശങ്കാജനകമായ നിരക്കിലാണ് രാജ്യത്ത് സാമ്പത്തിക അസമത്വം വളർന്നുകൊണ്ടിരിക്കുന്നത്. ജനസംഖ്യയിലെ വലിയ വിഭാഗം ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുമ്പോൾ, ശതകോടീശ്വരന്മാരുടെ സമ്പത്ത് ക്രമാതീതമായി വർധിച്ചുകൊണ്ടിരിക്കുന്നു. സ്വകാര്യവൽക്കരണത്തിന് മുൻഗണന നൽകുന്ന മോഡി സർക്കാരിന്റെ സാമ്പത്തിക നയങ്ങൾ സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിടവ് വർധിപ്പിച്ചു. സ്ഥിരം തൊഴിലിന്റെയും പൊതുസേവനത്തിന്റെയും പ്രധാന സ്രോതസായ പൊതുമേഖലയെ ഇല്ലാതാക്കുന്നതിലൂടെ തൊഴിൽ നഷ്ടം മാത്രമല്ല ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാനസൗകര്യ വികസനം തുടങ്ങിയ അവശ്യ സേവനങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. സർക്കാരിന്റെ കോർപറേറ്റ് ആഭിമുഖ്യ നിലപാട് തൊഴിലവകാശങ്ങളെയും സാമൂഹ്യസുരക്ഷാ സംവിധാനങ്ങളെയും ഇല്ലാതാക്കുന്നതിലേക്കും നയിക്കുന്നു. തൊഴിൽ നിയമങ്ങൾ ദുർബലപ്പെടുത്തുകയും പൊതു ആസ്തികൾ സ്വകാര്യ കമ്പനികൾക്ക് തുച്ഛമായ വിലയ്ക്ക് വിൽക്കുകയും ചെയ്യുന്നു. ദശലക്ഷക്കണക്കിന് ആളുകളുടെ ഉപജീവനമാർഗത്തെ ഇത് അപകടത്തിലാക്കുന്നു. ഇത്തരം നയങ്ങളുടെ സാമൂഹ്യ, സാമ്പത്തിക പ്രത്യാഘാതങ്ങൾ വളരെ ഗുരുതരമാണ്. ദളിതർ, ആദിവാസികൾ, ന്യൂനപക്ഷങ്ങൾ എ­ന്നിവരുൾപ്പെടെ പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളാണ് ഈ സാമ്പത്തിക ബഹിഷ്കരണത്തിന്റെ പ്രാഥമിക ഇരകളായി മാറുന്നത്. 

ജാതി അടിസ്ഥാനത്തിലുള്ള വിവേചനത്തിന്റെയും അതിക്രമങ്ങളുടെയും അസ്വസ്ഥപ്പെടുത്തുന്ന ധ്രുവീകരണത്തിനും ഇന്ത്യ സാക്ഷ്യംവഹിക്കുന്നു. സവർണജാതി പ്രാമുഖ്യം ഉയർത്തിപ്പിടിക്കുന്ന മനുവാദി പ്രത്യയശാസ്ത്രത്തോടുള്ള ആർഎസ്എസ് ആഭിമുഖ്യം ഡോ. ഭീംറാവു അംബേദ്കറെ പോലുള്ള നേതാക്കളുടെ സമത്വപരവും ജാതിവിരുദ്ധവുമായ തത്വചിന്തയ്ക്കെതിരാണ്. ജാതി അടിസ്ഥാനമാക്കി വർധിച്ചുവരുന്ന അക്രമ സംഭവങ്ങൾ, ദളിതർക്കും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്കും ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കൽ, വിദ്യാഭ്യാസ, സാംസ്കാരിക സ്ഥാപനങ്ങളിലൂടെ വംശീയ ആഖ്യാനങ്ങൾ നിലനിർത്തൽ എന്നിവ അവരുടെ പിന്തിരിപ്പൻ പ്രവണതയുടെ തെളിവാണ്. ഈ സാഹചര്യത്തിൽ, ഡോ. അംബേദ്കറുടെ പൈതൃകവും അദ്ദേഹം സൂക്ഷ്മതയോടെ തയ്യാറാക്കിയ ഭരണഘടനയും കൂടുതൽ പ്രാധാന്യമർഹിക്കുന്നു. നീതിയും സമത്വവും നിറഞ്ഞ ഇന്ത്യയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ദർശനത്തെ ജന്മിത്ത, അടിച്ചമർത്തൽ സാമൂഹിക ക്രമങ്ങൾ പുനഃസ്ഥാപിക്കാൻ ആഗ്രഹിക്കുന്ന ശക്തികൾ ക്രമാനുഗതമായി അട്ടിമറിക്കുകയാണ്. അംബേദ്കറുടെ പൈതൃകവും ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്ന അവകാശങ്ങളും സംരക്ഷിക്കപ്പെടുകയും ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം സിപിഐ തിരിച്ചറിയുന്നു. 

യുഎസ് പ്രസിഡന്റായി ഡൊണാൾഡ് ട്രംപിന്റെ വിജയത്തിന് ശേഷം ആഗോളതലത്തിലും രാഷ്ട്രീയ വെല്ലുവിളികൾക്ക് മറ്റൊരു വിതാനം നൽകിയിട്ടുണ്ട്. മാറ്റിനിർത്തൽ, വിദേശ വിദ്വേഷം, സമ്പന്നർക്കനുകൂലമായ സാമ്പത്തിക നയങ്ങൾ എന്നിവ പ്രത്യേകതയായുള്ള ആഗോള വലതുപക്ഷത്തിന്റെ ആവിർഭാവം എല്ലാവരെയും ഉൾക്കൊള്ളുന്നതും ബഹുസ്വരതയുടേതുമായ മൂല്യങ്ങൾക്ക് വെല്ലുവിളിയാണ്. ട്രംപ് ഭരണകൂടത്തിന്റെയും ആർഎസ്എസ് — ബിജെപി കൂട്ടുകെട്ടിന്റെയും പ്രത്യയശാസ്ത്രപരമായ സമാനത ഇന്ത്യയിലെ പിന്തിരിപ്പൻ ശക്തികൾക്ക് കരുത്ത് പകരുകയും റിപ്പബ്ലിക്കിന്റെ ഭരണഘടനാ മൂല്യങ്ങളെ കൂടുതൽ സമ്മർദത്തിലാക്കുകയും ചെയ്തേക്കാം.
ആഗോളതലത്തിൽ വലതുപക്ഷത്തേക്കുള്ള വ്യതിയാനം, ഇന്ത്യയിൽ മാത്രമല്ല ലോകത്താകെ സമാധാനം, വികസനം, സുസ്ഥിരത തുടങ്ങിയവയെ അപകടത്തിലാക്കുന്ന സാമ്രാജ്യത്വ പ്രവണതകളെ ശക്തിപ്പെടുത്തുന്നതിന്റെ സൂചനയും ലഭിക്കുന്നു. പുരോഗമന പ്രസ്ഥാനങ്ങളോട് ആഗോള ഐക്യദാർഢ്യത്തിനും സമാധാനത്തിനും ചേരിചേരായ്മയിൽ അധിഷ്ഠിതമായ വിദേശനയത്തിനും സാമ്രാജ്യത്വത്തിനെതിരെയുള്ള പോരാട്ടത്തിനും മുന്നണിയിൽ നിൽക്കുന്ന പ്രസ്ഥാനമാണ് സിപിഐ. പതിന്മടങ്ങ് വർധിച്ചിരിക്കുന്ന ഈ വെല്ലുവിളികൾക്കെതിരെ ഭഗത് സിങ് രക്തസാക്ഷി ദിനമായ മാർച്ച് 23 മുതൽ ഡോ. ബി ആർ അംബേദ്കറുടെ ജന്മവാർഷിക ദിനമായ ഏപ്രിൽ 14 വരെ ശക്തമായ രാഷ്ട്രീയ കാമ്പയിൻ സംഘടിപ്പിക്കുന്നതിന് സിപിഐ തീരുമാനിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ മഹത്തായ സ്വാതന്ത്ര്യത്തിന്റെ ആശയങ്ങൾ ബഹുജനങ്ങളിലെത്തിക്കുകയും ആ പൈതൃകം തകർക്കാനുള്ള ആർഎസ്എസ് — ബിജെപി കൂട്ടുകെട്ടിന്റെ നയങ്ങളെ തുറന്നുകാട്ടുകയുമാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ജാഥകൾ, റാലികൾ, പൊതുയോഗങ്ങൾ, സെമിനാറുകൾ, സാംസ്കാരിക സമ്മേളനങ്ങള്‍ എന്നിങ്ങനെ വിവിധ പരിപാടികളോടെയാണ് കാമ്പയിൻ സംഘടിപ്പിക്കുക. 

ഈ കാമ്പയിൻ വെറുമൊരു രാഷ്ട്രീയ പ്രചരണമല്ല, മറിച്ച് സോഷ്യലിസം, മതേതരത്വം, സാമൂഹ്യനീതി, സമത്വം എന്നിങ്ങനെ റിപ്പബ്ലിക്കിന്റെ അടിസ്ഥാന തത്വങ്ങൾ പുനഃസ്ഥാപിക്കുന്നതിനുള്ള ഒരു മുന്നേറ്റമാണ്. രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ച ഭഗത് സിങ്ങിന്റെയും നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ വാഗ്ദാനം ചെയ്യുന്ന ഒരു ഭരണഘടന രാഷ്ട്രത്തിന് തയ്യാറാക്കി സമ്മാനിച്ച ഡോ. അംബേദ്കറുടെയും ജീവിതവും പ്രവർത്തനങ്ങളും നീതിയുക്തവും സമ്പന്നവുമായ ഒരു ഇന്ത്യക്കായുള്ള പോരാട്ടത്തിന് പ്രചോദനം നൽകുന്നു. ഈ നിർണായക ചരിത്രഘട്ടത്തിൽ ആർഎസ്എസ് അജണ്ടയെ ചെറുക്കേണ്ടത് അനിവാര്യകടമയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അങ്ങനെ ചെയ്യുന്നതിൽ പരാജയപ്പെടുന്നത് രാജ്യത്തിന്റെ ബഹുസ്വര ഘടനയ്ക്കും പൗരന്മാരുടെ ജനാധിപത്യ അവകാശങ്ങൾക്കും അപരിഹാര്യമായ നാശനഷ്ടങ്ങൾക്ക് കാരണമാകും. ഭൂരിപക്ഷവാദത്തിന്റെ അപകടങ്ങൾ, മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിന്റെ പ്രാധാന്യം, വിശേഷാധികാരമുള്ള ചെറുവിഭാഗത്തിന് മാത്രമല്ല, എല്ലാവർക്കും പ്രയോജനപ്പെടുന്ന ഒരു സമ്പദ്‌വ്യവസ്ഥയുടെ ആവശ്യകത എന്നിവ തുറന്നുകാട്ടുന്നതിലും ഈ കാമ്പയിൻ ശ്രദ്ധ കേന്ദ്രീകരിക്കും.
ഇന്ത്യയുടെ ഇന്നത്തെ പോരാട്ടം വെറുമൊരു രാഷ്ട്രീയ പോരാട്ടമല്ല, മറിച്ച് അ­തിന്റെ ആത്മാവ് നിലനിർത്തുന്നതിനുവേണ്ടിയുള്ള പോരാട്ടമാണ്. സോഷ്യലിസം, മതേതരത്വം, സാമൂഹ്യ നീതി, സമത്വം എന്നീ ആശയങ്ങൾ വെറും ഭരണഘടനാ തത്വങ്ങളല്ല, മറിച്ച് ഇന്ത്യയെ ഒരു റിപ്പബ്ലിക്കാക്കി മാറ്റുന്നതിന്റെ സത്തയാണ്. രക്തസാക്ഷി ഭഗത് സിങ്ങിന്റെയും ഡോ. അംബേദ്കറുടെയും പൈതൃകവുമായി ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി തെരുവിലിറങ്ങുമ്പോൾ, ഇന്ത്യയുടെ ബഹുസ്വരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ സ്വത്വം സംരക്ഷിക്കുന്നതിനുള്ള ഈ പോരാട്ടത്തിൽ കൈകോർക്കാൻ എല്ലാ ജനാധിപത്യ, പുരോഗമന ശക്തികളോടും ആഹ്വാനം ചെയ്യുന്നു. മുന്നോട്ടുള്ള പാത വെല്ലുവിളി നിറഞ്ഞതായിരിക്കാം, പക്ഷേ ജനങ്ങളുടെ ശക്തിക്ക് ഏറ്റവും കനത്ത വെല്ലുവിളികളെപ്പോലും മറികടക്കാൻ കഴിയുമെന്ന് ചരിത്രം തെളിയിച്ചിട്ടുണ്ട്. നീതിയുക്തവും എല്ലാവരെയും ഉൾക്കൊള്ളുന്നതും സമ്പന്നവുമായ ഒരു ഇന്ത്യ എന്ന കാഴ്ചപ്പാടിനുവേണ്ടി ഉയർത്തെഴുന്നേൽക്കാനും ചെറുക്കാനും വീണ്ടെടുക്കാനുമുള്ള സമയമാണിത്. 

TOP NEWS

March 21, 2025
March 21, 2025
March 21, 2025
March 21, 2025
March 20, 2025
March 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.