7 January 2026, Wednesday

വഖഫ് ബിൽ: ഫാസിസത്തിന്റെ ‘നിയമ’ വഴി

അഡ്വ. കെ കെ സമദ്
April 4, 2025 4:15 am

ഈ കുറിപ്പ് പ്രസിദ്ധീകരിക്കുമ്പോഴേക്കും കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ വഖഫ് നിയമം രാജ്യസഭയും കടന്നിട്ടുണ്ടാകും. ‘വഖഫ്’ എന്ന അറബി പദത്തിന്റെ അർത്ഥം സ്ഥായിയായി സ്ഥിരപ്പെടുത്തുക/നിർത്തിവയ്ക്കുക എന്നതാണ്. ‘മരണാനന്തര ജീവിതത്തിൽ പ്രതിഫലം ലഭിക്കണമെന്ന ഉദ്ദേശ്യത്തോടെ ഒരാൾ തന്റെ സ്വത്ത് സർവകാലത്തേക്കുമായി, മതപരമായതോ ജീവകാരുണ്യപരമായതോ ആയ, പ്രവർത്തനങ്ങൾക്കുവേണ്ടി ദൈവത്തിന്റെ പേരിൽ സമർപ്പിക്കുന്ന’ നടപടിയെയാണ് ചുരുക്കത്തിൽ ഇസ്ലാമിക വിശ്വാസ പ്രകാരം വഖഫ് ചെയ്യുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പും, ശേഷം നാളിതുവരെയും യാതൊരു അസ്വസ്ഥതകളുമില്ലാതെ രാജ്യത്ത് നിലനിന്ന ഒരു സംവിധാനമാണ് വഖഫും അതിന്റെ കൈകാര്യരീതികളും ബന്ധപ്പെട്ട നിയമങ്ങളും. എന്നാൽ നിയമത്തിന്റെ പേര് തൊട്ട് അടിസ്ഥാന തത്വങ്ങളിൽ വരെ മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച പുതിയ വഖഫ് നിയമം ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തിന്റെ മാത്രമല്ല സമാധാനവും മതേതരത്വവും ആഗ്രഹിക്കുന്ന സർവമനുഷ്യരുടെയും സ്വസ്ഥത കെടുത്തുന്ന ഒന്നാണ്.
1913 മാര്‍ച്ച് ഏഴിന് നിലവിൽ വന്ന മുസ്ലിം വഖഫ് വാലിഡേറ്റിങ് ആക്ട് ആണ് വഖഫുമായി ബന്ധപ്പെട്ട രാജ്യത്തെ ഏറ്റവും ആദ്യത്തെ നിയമം. പിന്നീട് 1930ൽ കൊണ്ടുവന്ന വഖഫ് വാലിഡേറ്റിങ് നിയമ പ്രകാരം 1913ലെ നിയമത്തിന് മുമ്പുള്ള വഖഫ് സ്വത്തുക്കൾക്കും നിയമപരിരക്ഷ നൽകുകയുണ്ടായി. പിന്നീട് 1954, 59, 64, 84, 95 വർഷങ്ങളിലെല്ലാം വഖഫ് നിയമത്തിൽ കാലാനുസൃതവും ഗുണപ്രദവുമായ മാറ്റങ്ങൾ കൊണ്ടുവന്നു. 2013ലും വഖഫ് നിയമത്തിൽ ചില മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ കൊണ്ടുവന്ന പുതിയ നിയമം വഖഫ് സ്വത്തുക്കളുടെ സംരക്ഷണത്തിനോ അനുഗുണമായ പ്രക്രിയകൾക്കോ അല്ല എന്ന് വ്യക്തമാണ്. പുതിയ നിയമത്തിന്റെ പേര് തന്നെ അത് നമ്മെ ഓർമ്മപ്പെടുത്തുന്നുണ്ട്. വഖഫ് ആക്ട് എന്നത് മാറ്റി. ‘യൂണിഫെെഡ് വഖഫ് മാനേജ്മെന്റ്, എംപവര്‍മെന്റ് ആന്റ് ഡെവലപ്മെന്റ് ആക്ട് 2025’ എന്നാണ് പുതിയ നിയമത്തിന്റെ പേര്. എന്നാൽ പേരുപോലെ മനോഹരമല്ല അതിന്റെ ഉള്ളടക്കം എന്നത് അല്പം നിയമ പരിജ്ഞാനമുള്ള ആർക്കും മനസിലാകും. വലിയ തർക്കങ്ങൾക്കും വ്യവഹാരങ്ങൾക്കും വർഗീയ ചേരിതിരിവിനും ഉതകും വിധത്തിലുള്ള നിരവധി വകുപ്പുകളാണ് പുതിയ നിയമത്തിലൂടെ കേന്ദ്ര സർക്കാർ ഒളിച്ചുകടത്തുന്നത്. 

നിലവിലുള്ള നിയമത്തിലെ വ്യവസ്ഥ പ്രകാരം വാക്കാൽ വഖഫ് ചെയ്യപ്പെട്ടതോ കാലങ്ങളായി ജീവകാരുണ്യ/മതപരമായ കാര്യങ്ങൾക്ക് ഉപയോഗിച്ച് വരുന്നതോ ആയ സ്വത്തുക്കൾ വഖഫ് ബൈ യൂസർ എന്ന നിലയ്ക്ക് വഖഫായാണ് പരിഗണിക്കുന്നത്. ഇപ്രകാരം വഖഫായി പരിഗണിക്കപ്പെടുന്ന നിരവധി സ്വത്തുക്കൾ രാജ്യത്തുണ്ട്. ആദ്യം കൊണ്ടുവന്ന ബില്ലിൽ ഈ കല്പിത വഖഫ് സ്വത്ത് എന്നത് പൂർണമായി എടുത്തുകളഞ്ഞിരുന്നു. വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ പുതിയ നിയമത്തിലെ 3 (ആര്‍) ൽ മാറ്റം വരുത്തി, ഇതുവരെയുള്ള തർക്കത്തിൽ പെടാത്തതും സർക്കാരിന്റേതല്ലാത്തതുമായ അത്തരം വസ്തുക്കൾ വഖഫായി നിലനിൽക്കുമെന്നും പുതിയ നിയമം പ്രാബല്യത്തിൽ വന്ന ശേഷം പുതിയ വഖഫ് ബൈ യൂസർ എന്ന നിലയ്ക്കുള്ള സ്വത്തുക്കൾ വഖഫായി കണക്കാക്കില്ലെന്നുമാക്കി. എന്നാൽ വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ കൊണ്ടുവന്ന വഖഫ് പോർട്ടലും അതിനുവച്ച കാലപരിധിയും ഈ വകുപ്പിനോടൊപ്പം ചേർത്ത് വായിച്ചാൽ വഖഫ് ബൈ യൂസർ എന്ന നിലയ്ക്ക് നൂറ്റാണ്ടുകളായി നിലനിൽക്കുന്ന നിരവധി വഖഫ് സ്വത്തുക്കളെ (രജിസ്റ്റർ ചെയ്യാത്ത) ഇത് ദോഷകരമായി ബാധിക്കും എന്ന് വ്യക്തമാണ്. മാത്രമല്ല ഇത് വലിയ തർക്കങ്ങൾക്കും വ്യവഹാരങ്ങൾക്കും കാരണമാവുകയും ചെയ്യും. കേരളത്തിൽ തന്നെ 400ഉം 500ഉം വര്‍ഷം പഴക്കമുള്ള നിരവധി ഖബർ സ്ഥാനങ്ങളും ആരാധനാലയങ്ങളും സ്ഥാപനങ്ങളും ഇത്തരം വഖഫ് ബൈ യൂസർ എന്ന നിലയ്ക്ക് നിലനിന്നുവരുന്നുണ്ട് എന്നത് ഇതിന്റെ ഗൗരവം വർധിപ്പിക്കുന്നു. നിലവിൽ വഖഫ് സ്വത്തുക്കളുടെ വീണ്ടെടുപ്പിനോ അതുമായി ബന്ധപ്പെട്ട കൈവശാവകാശ വിഷയങ്ങളിലോ 1963ലെ കാലഹരണ നിയമം ബാധകമല്ല. അഥവാ അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കൾ ഉൾപ്പെടെ വീണ്ടെടുക്കുന്നതിന് കാലപരിധിയില്ലാതെ നടപടി സ്വീകരിക്കാൻ കോടതികൾക്ക് ആകുമായിരുന്നു. ഇക്കാര്യം നിലവിലെ നിയമത്തിലെ 107-ാം വകുപ്പ് വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. എന്നാൽ പുതിയ നിയമത്തിൽ 40എ എന്ന പുതിയ വകുപ്പ് കൂട്ടിച്ചേർത്ത് ഈ സംരക്ഷണം എടുത്തുകളഞ്ഞു. ഇതുവഴി പുതിയ നിയമം പ്രാബല്യത്തിൽ വരുന്ന അന്നുമുതൽ കാലഹരണ നിയമം വഖഫ് സ്വത്തുക്കൾക്ക് ബാധകമാകും. 

വഖഫ് ചെയ്യുന്ന ആളുടെ കുടുംബത്തിന്റെയും പിന്തുടർച്ചക്കാരുടെയും പൊതുവായ ഉന്നമനത്തെ ലക്ഷ്യംവച്ചു കൊണ്ട് ഒരാൾ സ്വത്തുക്കൾ വഖഫ് ചെയ്യുന്നതിനെയാണ് ചുരുക്കത്തിൽ വഖഫുൽ ഔലാദ് / സ്വകാര്യ വഖഫ് എന്ന നിലയ്ക്ക് കണക്കാക്കി നിയമ പ്രാബല്യം നൽകിയിരുന്നത്. എന്നാൽ പുതിയ നിയമത്തിൽ അത്തരം വഖഫുകളും ഇല്ലാതാവുകയാണ്. വഖഫ് ചെയ്യപ്പെടുന്ന ആളുടെ അവകാശികൾ തമ്മിൽ വലിയ തർക്കങ്ങൾക്കിടവരുത്തുന്ന തരത്തിലാണ് 3എ എന്ന പുതിയ വകുപ്പ് വഖഫുൽ ഔലാദിനെ നിയന്ത്രിച്ചുകൊണ്ട് പുതിയ നിയമത്തിൽ കൊണ്ടുവന്നിട്ടുള്ളത്. നമ്മുടെ രാജ്യത്ത് ഒരു മത വിഭാഗത്തിൽപ്പെട്ടവർ മറ്റൊരു മതവിഭാഗത്തിന്റെ ആരാധനാലയങ്ങൾക്കും സ്ഥാപനങ്ങൾക്കും വസ്തുക്കൾ നൽകുന്ന രീതിയും ആചാരങ്ങളുമുണ്ട്. ഇങ്ങനെ കൈമാറിയ സ്വത്തുക്കളും രാജ്യത്തെമ്പാടുമുണ്ട്. നിലവിലുള്ള വഖഫ് നിയമ പ്രകാരം ഏതൊരു വ്യക്തിക്കും അയാൾ ഏത് മതവിശ്വാസിയാണെങ്കിലും വസ്തുക്കൾ വഖഫ് ചെയ്യാനുള്ള അവകാശം ഉണ്ടായിരുന്നു. പുതിയ നിയമ പ്രകാരം ഇതര മതസ്ഥർക്ക് വഖഫ് ചെയ്യാനുള്ള അവകാശം എടുത്തുകളഞ്ഞു. എന്നു മാത്രമല്ല വഖഫ് ചെയ്യുന്നയാൾ മുസ്ലിം മത വിശ്വാസി ആയാൽ മാത്രം പോര അയാൾ അഞ്ച് വർഷക്കാലം മുസ്ലിം മത വിശ്വാസിയായാണ് ജീവിച്ചത് എന്ന് തെളിയിക്കുകയും വേണം. ഇതെല്ലാം വഖഫ് സ്വത്തുക്കളുടെ സമാധാനപരമായ സമർപ്പണത്തിനും ഉപയോഗത്തിനും കൈകാര്യത്തിനും തടസങ്ങൾ ഉണ്ടാക്കുന്നതും വ്യവഹാരങ്ങൾക്ക് കാരണമാകുന്നതുമാണ്.
ഇന്ത്യയിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ജീവകാരുണ്യ സ്ഥാപനങ്ങളും വഖഫിന് തുല്യമായ ലക്ഷ്യത്തോടെ സ്ഥാപിക്കപ്പെട്ടിട്ടുള്ള ട്രസ്റ്റുകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങൾക്ക് വഖഫിന്റെ പൊതുവായ സംരക്ഷണവും ലഭിച്ചിരുന്നു. പുതിയ നിയമത്തിൽ കൊണ്ടു വന്ന 2എ വകുപ്പ് അത്തരത്തിലുള്ള ട്രസ്റ്റുകൾക്കും ധർമ്മ സ്ഥാപനങ്ങൾക്കും വഖഫ് നിയമം ബാധകമാകുന്നില്ല എന്ന് വ്യക്തമാക്കുന്നു. വഖഫിന്റെ അടിസ്ഥാന സ്വഭാവം തന്നെ സ്വത്ത് എന്തുദ്ദേശത്തിന് എങ്ങനെ കൈമാറി എന്നതിനെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. ഈ അടിസ്ഥാന തത്വത്തിനാണ് ഇത്തരം വകുപ്പുകളിലൂടെ കേന്ദ്ര സര്‍ക്കാര്‍ കത്തിവയ്ക്കുന്നത്. 

നിലവിലെ നിയമപ്രകാരം ഒരു വസ്തു വഖഫാണോ അല്ലയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അന്തിമ അധികാരം ജുഡീഷ്യറിയുടെ ഭാഗമായ വഖഫ് ട്രിബ്യൂണലിനാണ്. എന്നാൽ പുതിയ നിയമത്തിനകത്ത് വസ്തു വഖഫ് സ്വത്താണോ സര്‍ക്കാര്‍ വസ്തുവാണോ എന്ന് തീരുമാനിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാര്‍ നിയോഗിക്കുന്ന കളക്ടറുടെ റാങ്കിൽ വരുന്ന ഉദ്യോഗസ്ഥനാണ്. ഇന്ത്യയിൽ വർധിച്ചുവരുന്ന ആരാധനാലയ തർക്കങ്ങളും മറ്റും ഈ വകുപ്പിന്റെ പശ്ചാത്തലത്തിൽ വായിക്കുമ്പോൾ ഉദ്ദേശശുദ്ധി ആർക്കും ബോധ്യപ്പെടും. സര്‍ക്കാരും വഖഫും തമ്മിലുള്ള തർക്കം തീരുമാനിക്കാനുള്ള അധികാരം സര്‍ക്കാരിനുതന്നെ ലഭിക്കുന്ന അത്യപൂർവമായ സാഹചര്യമാണ് ഇവിടെ സംജാതമാകുന്നത്. മുകളിൽപ്പറഞ്ഞത് മാത്രമല്ല വഖഫ് കൗൺസിലുകളിലും സംസ്ഥാന വഖഫ് ബോർഡുകളിലും ഇതര മതസ്ഥർക്ക് പ്രാതിനിധ്യം നൽകുന്നതും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുടെ നിയമന രീതിയും വഖഫ് ബോർഡുകളുടെയും വഖഫ് ട്രിബ്യൂണലുകളുടെയും അധികാരങ്ങൾ വെട്ടിക്കുറച്ചതും സുന്നി, ഷിയ എന്നിങ്ങനെ വഖഫ് സ്വത്തുക്കളെ വിഭജിക്കുന്നതും, ഇങ്ങനെ രണ്ടുതരം വഖഫ് ബോർഡുകൾ സ്ഥാപിക്കുന്നതും ഉൾപ്പെടെ വിവാദപരവും അപകടപരവുമായ നിരവധി വകുപ്പുകളാണ് പുതിയ നിയമത്തിൽ കൊണ്ടുവന്നിട്ടുള്ളത്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് പോലും വിരുദ്ധമാണ് പുതിയ നിയമം. 

പൗരന്റെ സ്വത്തവകാശത്തിന്മേലും വിശ്വാസ അവകാശത്തിന്മേലുമുള്ള കടന്നുകയറ്റമാണ് യഥാർത്ഥത്തിൽ പുതിയ വഖഫ് നിയമം. ഇന്ത്യയിലെ ഭരണകൂട ഫാസിസം നിയമവഴിയിലൂടെ അതിന്റെ ഏകാധിപത്യം അരക്കിട്ടുറപ്പിക്കുന്നതിന്റെ തുടർച്ചയാണിത്. താജ് മഹൽ, ഹുമയൂൺ ശവകുടീരം, ഡൽഹി ജുമാ മസ്ജിദ്, കുത്തബ് മിനാർ തുടങ്ങി ഇന്ത്യയിലെ ലോക പ്രസിദ്ധമായ സ്ഥാപനങ്ങളെയും ചരിത്ര നിർമ്മിതികളെയും സംബന്ധിച്ച് നടന്നുവരുന്ന തർക്കങ്ങളും (ആർക്കിയോളജിക്കൽ സർവേ വകുപ്പും വഖഫ് ബോർഡുകളും തമ്മിലുള്ള തർക്കങ്ങൾ) വിവാദങ്ങളും പുതിയ നിയമത്തിന്റെ പശ്ചാത്തലത്തിൽ പരിശോധിക്കുമ്പോൾ വകുപ്പുകൾക്കുള്ളിൽ ഒളിപ്പിച്ചുവച്ച ഫാസിസത്തിന്റെ ദ്രംഷ്ടകളെ എളുപ്പത്തിൽ കാണാനാകും. പാർലമെന്റിലെ നിലവിലെ കക്ഷിനില അനുസരിച്ച് പുതിയ വഖഫ് നിയമം പ്രാബല്യത്തിൽ വരിക തന്നെ ചെയ്യും. ഇനി പ്രതീക്ഷ ഇതിന്റെ ഭരണഘടനാ സാധുത സുപ്രീം കോടതി മുമ്പാകെ ചോദ്യം ചെയ്യപ്പെടുക എന്നത് മാത്രമാണ്. എന്നാൽ പുതിയ കാലത്ത് അതിലുള്ള പ്രതീക്ഷയും അത്ര ശുഭകരമല്ല. ഭരണഘടനയുടെ അടിസ്ഥാന തത്വത്തിനെതിരായി നിർമ്മിക്കപ്പെട്ട ഒരു നിയമത്തിന് അംഗീകാരം ലഭിക്കുകയും അത് ശരിയാണെന്ന പൊതുബോധം സൃഷ്ടിക്കുകയും ചെയ്താൽ അത് ഒരു മതവിഭാഗത്തെ മാത്രം ബാധിക്കുന്നതായി കാണാനാവില്ല. വിദൂരമല്ലാത്ത ഭാവിയിൽ സംഘ്പരിവാറിന്റെ പ്രഖ്യാപിത നിലപാടുകൾക്കനുസരിച്ച് എതിർക്കപ്പെടേണ്ട എല്ലാ ആഭ്യന്തര ശത്രുക്കൾക്കെതിരെയും ഈ അപകടം തിരിയുമെന്ന് തിരിച്ചറിയേണ്ടതാണ്. സിഎഎയെയും, മുത്തലാഖ് നിയമവും, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ പാസാക്കുന്ന ഏക സിവിൽ കോഡുകളും ഉൾപ്പെടെ ഫാസിസം അതിന്റെ വഴി തേടിക്കൊണ്ടേയിരിക്കുകയാണ്. പുതിയ വഖഫ് നിയമം ഫാസിസത്തിന്റെ നിയമവഴിയിലെ ഒരു തുടർച്ച മാത്രമാണ്. 

Kerala State - Students Savings Scheme

TOP NEWS

January 7, 2026
January 7, 2026
January 7, 2026
January 7, 2026
January 7, 2026
January 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.