27 April 2024, Saturday

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ വഴികള്‍

സി ആർ ജോസ്‌പ്രകാശ്
November 28, 2023 4:18 am

സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് ഒട്ടേറെ കാരണങ്ങളുണ്ട്. 2016ൽ കേന്ദ്രം നടപ്പിലാക്കിയ നോട്ടുനിരോധനം ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിച്ച സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. 2017ൽ കൊണ്ടുവന്ന ജിഎസ്‌ടി പരിഷ്കാരത്തിലൂടെ ഒരു വർഷം 17,000 മുതല്‍ 20,000 കോടി വരെ നഷ്ടമാണ് സംസ്ഥാനത്തിനുണ്ടായത്. 2018, 19 വര്‍ഷങ്ങളിലെ വെള്ളപ്പൊക്കവും തുടർന്നുവന്ന കോവിഡുമെല്ലാം സാമ്പത്തികമായി സംസ്ഥാനത്തെ വല്ലാതെ ദുർബലപ്പെടുത്തി. ചില പ്രത്യേക സാഹചര്യങ്ങളും സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാണ്. അതിൽ പ്രധാനം, രാജ്യത്തെതന്നെ ഏറ്റവും കുറഞ്ഞ പെൻഷൻ പ്രായവും (56 വയസ്) ഉയർന്ന ആയുർദൈർഘ്യവുമാണ്. സംസ്ഥാനത്ത് ശരാശരി ഒരു സർക്കാർ ജീവനക്കാരന്/ക്കാരിക്ക് കിട്ടുന്ന സർവീസ് ദൈർഘ്യം 26 വയസാണ്. അതേസമയം ശരാശരി 27വർഷമാണ് സർക്കാർ അവര്‍ക്ക് പെൻഷൻ കൊടുക്കേണ്ടിവരുന്നത്. ശേഷം കുടുംബ പെൻഷനും നൽകേണ്ടിവരുന്നു. ഇങ്ങനെ ഒരവസ്ഥ കേന്ദ്ര സർവീസിലോ ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാന സർവീസിലോ നിലവിലില്ല. തസ്തികകളുടെ പുനർവിന്യാസം ശാസ്ത്രീയമായും ഫലപ്രദമായും നടപ്പിലാക്കാൻ കഴിയാത്തതിന്റെ ഫലമായി ചില വകുപ്പുകളിൽ നൂറുകണക്കിന് ജീവനക്കാർ വേണ്ടത്ര ജോലിയില്ലാതെ കഴിയുമ്പോൾ, ചില വകുപ്പുകളിൽ ജോലിഭാരം കൊണ്ട് വീർപ്പുമുട്ടുന്ന സാഹചര്യം നിലനിൽക്കുന്നു. ഇതിന്റെ ഫലമായി ചില സന്ദർഭങ്ങളിലെങ്കിലും സർക്കാരിന് കൂടുതൽ തസ്തികകൾ സൃഷ്ടിക്കേണ്ടിയും വരുന്നു. സർക്കാർ വാഹനങ്ങളുടെ ദുരുപയോഗവും പാഴ്‌ചെലവുകളും ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു. ഇക്കാര്യത്തിൽ തദ്ദേശ‑സ്വയംഭരണ സ്ഥാപനങ്ങളിലെ ഒരു വിഭാഗം ജനപ്രതിനിധികളും ഉത്തരവാദികളാണ്. ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്നവിധം പ്രവർത്തിക്കുന്ന ഒരു ഭരണസംവിധാനം രാജ്യത്തുണ്ടായിരുന്നുവെങ്കിൽ ഇന്നത്തെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ കേരളം എത്തുമായിരുന്നില്ല.


ഇതുകൂടി വായിക്കു;തുറന്നുകാട്ടപ്പെടുന്ന ഇന്ത്യന്‍ സാമ്പത്തികാവസ്ഥ


 

കേന്ദ്ര നയം പ്രതികൂലമാകുന്നു
15-ാം ധനകാര്യ കമ്മിഷന്റെ കണക്കുപ്രകാരം രാജ്യത്തിന്റെ മൊത്തം ചെലവിന്റെ (ദേശീയ ചെലവ്) 62ശതമാനം വഹിക്കുന്നത് സംസ്ഥാന സർക്കാരുകളാണ്. എന്നാൽ മൊത്തം റവന്യു വരുമാനത്തിന്റെ 37ശതമാനം മാത്രമാണ് സംസ്ഥാനങ്ങൾക്ക് വിഹിതമായി കിട്ടുന്നത്. ബാക്കി 63ശതമാനവും എത്തുന്നത് കേന്ദ്ര ഖജനാവിലാണ്. യഥാർത്ഥത്തിൽ കേന്ദ്രത്തിനു കിട്ടുന്ന നികുതി വരുമാനത്തിന്റെ 50ശതമാനമെങ്കിലും സംസ്ഥാനങ്ങൾക്ക് കൈമാറേണ്ടതാണ്. എന്നാൽ അത് നൽകുന്നില്ലെന്നു മാത്രമല്ല, സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം പരമാവധി ഒഴിവാക്കാൻ കേന്ദ്ര സർക്കാർ തന്ത്രങ്ങളുണ്ടാക്കുകയും ചെയ്യുന്നു. പെട്രോളിയം ഉല്പന്നങ്ങൾക്കുൾപ്പെടെ പരമാവധി നികുതി ഒഴിവാക്കി, പകരം സംസ്ഥാനങ്ങൾക്ക് സെസുകളും സർചാർജുകളും ഏർപ്പെടുത്തുന്നു. കാരണം സെസിന്റെ വിഹിതം പങ്കുവയ്ക്കേണ്ടതില്ല. 2021–22ലെ പുതുക്കിയ കണക്കുപ്രകാരം കേന്ദ്രത്തിന്റെ മൊത്തം നികുതി വരുമാനത്തിൽ 22.14ശതമാനം സെസുകളിൽ നിന്നും സർചാർജിൽ നിന്നും ലഭിക്കുന്നതാണ്. ഇതിന്റെ വിഹിതം സംസ്ഥാനങ്ങൾക്ക് പങ്കുവച്ചിരുന്നുവെങ്കിൽ കേരളത്തിന് ഒരു വർഷം 10,500 കോടി രൂപ കിട്ടുമായിരുന്നു.
10-ാം ധനകാര്യ കമ്മിഷന്‍ കേരളത്തിന് അനുവദിച്ചിരുന്ന തുക 3.91 ശതമാനമായിരുന്നു. ഇപ്പോൾ 15-ാം ധനകാര്യ കമ്മിഷൻ അനുവദിച്ചിരിക്കുന്നത് 1.92 ശതമാനം മാത്രമാണ്. അതേസമയം യുപിക്ക് 18.18ശതമാനം തുക അനുവദിച്ചു എന്നുകൂടി കാണണം. ജനസംഖ്യാനുപാതികമായിരുന്നെങ്കിൽ പോലും കേരളത്തിന് 2.77ശതമാനം കിട്ടേണ്ടതായിരുന്നു. അതുപ്രകാരം തന്നെ 9,000 കോടി രൂപ കൂടുതൽ കിട്ടേണ്ടതായിരുന്നു. ഒരു സംസ്ഥാനത്തിനും ഇഷ്ടംപോലെ കടമെടുക്കാൻ കഴിയില്ല. ജിഡിപിയുടെ മൂന്ന് ശതമാനം തുക വായ്പയെടുക്കാൻ മാത്രമേ കേരളത്തിന് അനുവാദമുള്ളു. ഇത് അഞ്ച് ശതമാനം വരെ ആകുന്നതുകൊണ്ട് അപകടമില്ല എന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. കേരളം നാല് ശതമാനം വായ്പ അനുവദിക്കണമെന്ന് പല പ്രാവശ്യം ആവശ്യപ്പെട്ടു. ഇതനുവദിച്ചിരുന്നെങ്കിൽ 9,000 കോടി കൂടി കടമെടുക്കാമായിരുന്നു. അനുവദിച്ചില്ലെന്നുമാത്രമല്ല, കിഫ്ബി, പെൻഷൻ കമ്പനി ഇവയിലൂടെ എടുത്ത വായ്പകൂടി ഈ മൂന്ന് ശതമാനത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഫലത്തിൽ കേരളത്തിന് എടുക്കാൻ കഴിഞ്ഞ വായ്പ 2.57ശതമാനം മാത്രമായി കുറഞ്ഞു. അതേസമയം തന്നെ കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷം ജിഡിപിയുടെ 6.82ശതമാനം വായ്പയെടുക്കുകയും ചെയ്തു. നാഷണൽ ഹൈവേ അതോറിട്ടി ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ നേരിട്ടെടുത്ത വായ്പകൾ ഒന്നും ഈ 6.82ശതമാനം വായ്പയിൽ ഉൾപ്പെടുത്തിയതുമില്ല.


ഇതുകൂടി വായിക്കു;അസമത്വത്തിനും വിഭാഗീയതയ്ക്കുമെതിരെ ഒറ്റക്കെട്ടാവുക


ജിഎസ്‌ടി നടത്തിപ്പിൽ മാറ്റമൊന്നും വന്നിട്ടില്ലെങ്കിലും ഇക്കഴിഞ്ഞ ജൂലൈയിൽ ജിഎസ്‌ടി നഷ്ടപരിഹാരം കേന്ദ്രം നിർത്തലാക്കി. ഇതിലൂടെ 12,000 കോടിയുടെ നഷ്ടമാണ് കേരളത്തിനുണ്ടായത്. റവന്യൂക്കമ്മി നികത്താൻ നൽകിയിരുന്ന ഗ്രാന്റും ഈ വർഷം നിർത്തലാക്കി. അതിലൂടെയുള്ള നഷ്ടം 8,400 കോടിയാണ്. ദേശീയപാതയ്ക്ക് ഏറ്റെടുക്കുന്ന ഭൂമിയുടെ 25ശതമാനം വില കേരളം കെട്ടിവയ്ക്കണമെന്ന കേന്ദ്രസർക്കാരിന്റെ വാശിയിലൂടെ 5,580 കോടി ദേശീയപാത അതോറിട്ടിക്ക് നൽകി. കർഷകാനുകൂല്യങ്ങൾ, യുജിസി ഗ്രാന്റ്, ഭവനനിർമ്മാണം ഇവയ്ക്കെല്ലാം കേന്ദ്രം നൽകേണ്ട വിഹിതം യഥാസമയം നൽകുന്നില്ല എന്നതും വിനയായിരിക്കുന്നു. യഥാർത്ഥത്തിൽ സംസ്ഥാനത്തിന് അർഹതപ്പെട്ട തുക മാത്രം കേന്ദ്രസർക്കാർ നൽകിയിരുന്നുവെങ്കിൽപ്പോലും 52,000 കോടി രൂപയിലധികം കേരളത്തിന് കിട്ടുമായിരുന്നു. ഇപ്പോൾ നിലനിൽക്കുന്ന സാമ്പത്തിക ബാധ്യതകൾ തീർക്കാനും പ്രതിസന്ധി മറികടക്കാനും കഴിയുമായിരുന്നു. ബോധപൂർവം ബിജെപി സർക്കാർ സൃഷ്ടിക്കുന്ന പ്രതിസന്ധിയാണിത്. കാര്യങ്ങൾ കൃത്യമായി മനസിലാക്കിക്കൊണ്ടുതന്നെ കേരളത്തിലെ യുഡിഎഫ് നേതൃത്വം കേന്ദ്രത്തിന്റെ കാപട്യങ്ങൾക്ക് കുടപിടിക്കുകയും ചെയ്യുന്നു.
കേന്ദ്രത്തിന്റെ കടം
എല്ലാ സംസ്ഥാനങ്ങളുടെയും മൊത്തം പൊതുകടം 76.11 ലക്ഷം കോടി രൂപയാണ്. എന്നാൽ കേന്ദ്രത്തിന്റെ മാത്രം പൊതുകടം 155.62ലക്ഷം കോടിയാണ്. ഇത് ജിഡിപിയുടെ 58ശതമാനമാണ്. മൂന്നു ദശാബ്ദം മുമ്പുവരെ കേന്ദ്രത്തെക്കാൾ കൂടുതൽ കടം സംസ്ഥാനങ്ങൾക്കായിരുന്നു. കേന്ദ്രം ശരാശരി ഒരു മാസം 1.49 ലക്ഷം കോടിയാണ് കടമെടുക്കുന്നത്. കേരളത്തിന്റെ ഒരു വർഷത്തെ മൊത്തം ചെലവിനെക്കാൾ (2022–23ൽ 1.43ലക്ഷം കോടി രൂപ) കൂടുതലാണിത്. കേന്ദ്രം മൊത്തം ചെലവഴിക്കുന്ന തുകയുടെ 40ശതമാനം കടമാണ്. 2023–24ലെ കേന്ദ്ര ബജറ്റ് പ്രകാരം മൊത്തം ചെലവ് 45.27ലക്ഷം കോടിയാണ്. അതിൽ 17.91 ലക്ഷം കോടിയും കടമാണ്. ഒരു വർഷത്തെ മൊത്തം വരുമാനത്തിന്റെ 22ശതമാനം തുക ചെലവഴിക്കുന്നത് പലിശ നൽകാൻ മാത്രമാണ് എന്നതും കാണണം.
കേന്ദ്ര സർക്കാരിന് സാമ്പത്തിക നേട്ടമുണ്ടാകുന്ന നിരവധി വഴികളുണ്ട് എന്നതും വസ്തുതയാണ്. 10ലക്ഷത്തിലധികം സ്ഥിരം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതുമൂലം ശമ്പളം ചെലവിൽ വലിയ കുറവുണ്ടായി. പിഎഫ്ആർഡിഎ നടപ്പിലാക്കിയതിന്റെ ഫലമായി പെൻഷൻ ചെലവിൽ കുറവുണ്ടാകാൻ തുടങ്ങിയിരിക്കുന്നു. സെസ്, സർചാർജ് ഇവയുടെ വിഹിതം സംസ്ഥാനങ്ങൾക്ക് നൽകേണ്ടതില്ല. റിസർവ് ബാങ്കിന്റെ ലാഭവിഹിതം ഊറ്റിയെടുക്കുന്നു. ലാഭത്തിലുള്ളത് അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നതിലൂടെ ആയിരക്കണക്കിന് കോടി രൂപ ഖജനാവിൽ എത്തുന്നു. കൽക്കരിപ്പാടങ്ങൾ വിറ്റുകൊണ്ടിരിക്കുന്നു. സബ്സിഡികൾ വെട്ടിക്കുറച്ചുകൊണ്ടിരിക്കുന്നു. തൊഴിലുറപ്പ് ഉൾപ്പെടെയുള്ള പദ്ധതികളുടെ തുകയിൽ കുറവ് വരുത്തിയിരിക്കുന്നു. കേന്ദ്രാവിഷ്കൃത പദ്ധതികൾ വെട്ടിക്കുറയ്ക്കുന്നു.
ഈ സാഹചര്യങ്ങൾ എല്ലാം നിലനിൽക്കുമ്പോൾ തന്നെ കേന്ദ്രസർക്കാരിന്റെ കടം സർവകാല റെക്കോഡ് സ്ഥാപിച്ച് മുന്നേറിയത് കേരളം ചെയ്തതുപോലെ വായ്പ വാങ്ങി ജനജീവിതം മെച്ചപ്പെടുത്തുവാൻ ശ്രമിച്ചതുകൊണ്ടല്ല എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. മോഡി ഭരണത്തിൻകീഴിൽ പട്ടിണിക്കാരുടെ എണ്ണം വർധിക്കുകയായിരുന്നു. ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ പട്ടിണിക്കാരുള്ള രാജ്യം ഇന്ത്യയാണ്. ശിശുമരണ നിരക്ക്, നിരക്ഷരത, തൊഴിലില്ലായ്മ, വിലക്കയറ്റം, ചികിത്സകിട്ടാതെ മനുഷ്യർ കൂട്ടത്തോടെ മരിക്കുന്ന അവസ്ഥ തുടങ്ങി മിക്ക കാര്യങ്ങളിലും രാജ്യം ‘ഒന്നാമതാ‘യി തുടരുന്നു. കടത്തിന്റെ കാര്യത്തിലും രാജ്യം മുന്നോട്ടുപോകുകയാണ്. രാജ്യത്തെ സമ്പത്തിന്റെ ഭൂരിഭാഗവും ഒരു ശതമാനത്തിനു താഴെവരുന്ന കോർപറേറ്റുകളിൽ കേന്ദ്രീകരിക്കുന്നു. 30 ശതമാനമായിരുന്ന കോർപറേറ്റ് നികുതി 22ശതമാനമായി കുറച്ചു. ശരാശരി ഒരു വർഷം 2.24ലക്ഷം കോടി രൂപയാണ് ഖജനാവിന് ഇതിലൂടെ മാത്രം നഷ്ടമാകുന്നത്. കോർപറേറ്റുകളുടെ വായ്പ എഴുതിത്തള്ളിയതിലൂടെ ലക്ഷക്കണക്കിന് കോടി രൂപ നഷ്ടമായി. രാജ്യത്തെ ദയനീയമായ സ്ഥിതി നിലനിൽക്കുമ്പോൾ അതിനൊരു ബദൽ കേരളത്തിൽ വളർന്നുവരുന്നത് ബിജെപി സർക്കാരിന് സഹിക്കാനാകില്ല. കേരളത്തെ തകർക്കാനുള്ള നീക്കം ആലോചിച്ചുറപ്പിച്ചതുതന്നെയാണ്. കേന്ദ്രത്തിലെ ഭരണമാറ്റത്തിലൂടെയല്ലാതെ കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാകുമെന്ന് കരുതാനാകില്ല. ഈ സത്യം ജനങ്ങളിൽ എത്തുക എന്നതാണ് കാലഘട്ടത്തിന്റെ ആവശ്യം.
(അവസാനിച്ചു)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.