February 4, 2023 Saturday

സോഷ്യലിസ്റ്റ് ആശയങ്ങളുടെ പ്രസക്തിയേറുന്നു

കെ പ്രകാശ്ബാബു
ജാലകം
April 26, 2020 5:30 am

കോവിഡ് 19 എന്ന മഹാമാരി ലോകരാഷ്ട്രങ്ങളുടെ മേൽ നടത്തിക്കൊണ്ടിരിക്കുന്ന സംഹാരതാണ്ഡവം ഇനിയും അവസാനിച്ചിട്ടില്ല. അന്തർദ്ദേശീയ ബന്ധങ്ങളിൽ കൂടി രാഷ്ട്രങ്ങൾ കെട്ടിപ്പൊക്കിയ നിരവധി വാണിജ്യ‑വ്യാപാര കോട്ടകൾ താൽക്കാലികമായിട്ടാണെങ്കിലും സാവധാനം തകരുന്നു. രണ്ടു പ്രശ്നങ്ങളിൽ കൃത്യമായ ഉത്തരം നൽകാൻ ഇന്ന് ആർക്കും കഴിയുന്നില്ല. ഒന്ന്, ലോകം ഈ സൂക്ഷ്മജീവികളിൽ നിന്നും എന്നു മോചനം നേടും? രണ്ട്, ഇതിനെ നേരിടാനുള്ള മരുന്ന് ശാസ്ത്രലോകം എന്ന് കണ്ടുപിടിക്കും? രണ്ടിനും മുൻകൂട്ടി ഉത്തരം പറയാൻ ആർക്കും കഴിയില്ല. അടഞ്ഞുകിടക്കുന്ന ആരാധനാലയങ്ങളിലോ ആളൊഴിഞ്ഞു കിടക്കുന്ന ആൾദൈവങ്ങളുടെ പർണ്ണകുടീരങ്ങളിലോ അഭയം തേടാൻ കഴിയാത്തതുകൊണ്ട് വിശ്വാസം രക്ഷിക്കട്ടെ എന്ന് ആത്മഗതം ചെയ്യാൻ മാത്രമേ ഇന്ന് പലർക്കും കഴിയുന്നുള്ളു. നൂറ്റാണ്ടിലൊരിക്കലെങ്ങാനും വരുന്ന പ്രളയമോ പല നൂറ്റാണ്ടുകളിലൊരിക്കലുണ്ടാകുന്ന സുനാമിയോ, പ്ലേഗോ, സാർസ് വൈറസോ പോലെയുള്ള മഹാമാരികളോ ഇനിയും മനുഷ്യരുടെ കണ്ണു തുറപ്പിച്ചില്ലെങ്കിൽ പിന്നെ എപ്പോഴാണ് അതിനു കഴിയുക. മുതലാളിത്ത വികസന മാതൃക കെട്ടിപ്പൊക്കിയ സമ്പദ്‌വ്യവസ്ഥിതി ഊതിക്കാച്ചിയ പൊന്നല്ല, വെറും ഊതിവീർപ്പിച്ച ബലൂൺ മാത്രമാണെന്ന് ലോകം തിരിച്ചറിഞ്ഞു.

എല്ലാ മനുഷ്യർക്കും സാമ്പത്തിക — ആരോഗ്യ സുരക്ഷയും, സാമൂഹ്യക്ഷേമവും ഉറപ്പാക്കാത്ത ഒരു വ്യവസ്ഥിതിയും ലോകജനതയ്ക്ക് ആവശ്യമില്ലായെന്ന് കൊറോണ കാലഘട്ടം നമ്മെ ഓർമ്മിപ്പിക്കുന്നു. ലോക പൊലീസ് ചമഞ്ഞുകൊണ്ട് വികസ്വര രാഷ്ട്രങ്ങളുടെയും മൂന്നാംലോക രാജ്യങ്ങളുടെയും മേൽ ഉപരോധം ഏർപ്പെടുത്തുകയും അവരെ സ്വന്തം വരുതിയിൽ നിർത്താൻ നിരന്തരം പരിശ്രമിക്കുകയും ചെയ്യുന്ന രാജ്യമാണ് ആഗോളമൂലധനശക്തികളുടെ നായക പദവി വഹിക്കുന്ന അമേരിക്ക. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ അമേരിക്കൻ ഭരണകൂടം സ്വന്തം നാട്ടിലെ ജനങ്ങൾ കോവിഡ് 19 എന്ന സൂക്ഷ്മാണു ജീവിയാൽ മരിച്ചുവീഴുമ്പോൾ രോഗികളായവർക്ക് നൽകുന്നതിനുള്ള മരുന്നിന് വേണ്ടി വികസ്വര രാജ്യമായ ഇന്ത്യയുടെ മുമ്പിൽ കൈനീട്ടി നിൽക്കുന്ന ചിത്രം നമ്മൾ കണ്ടു. ഇന്നലെ വരെ അമേരിക്കയിൽ കോവിഡ് 19 ബാധിച്ച് മരിച്ചവർ 52,000ലധികം പേരും രോഗബാധയുള്ളവർ 9,00, 000ലധികവും ആണ്. ഇപ്പോഴും കോവിഡ് 19നുള്ള ശരിയായ മരുന്ന് കണ്ടുപിടിക്കാൻ അമേരിക്കൻ ശാസ്ത്രജ്ഞർക്ക് കഴിഞ്ഞിട്ടുമില്ല. യൂറോപ്യൻ രാജ്യമായ ഇറ്റലിയിൽ ഇന്നലെ വരെ ഈ മഹാമാരി കൊണ്ടുപോയത് 25,000ലധികം പേരുടെ ജീവനാണ്.

ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് അനുസരിച്ച് ലോകത്ത് ഏറ്റവും മികച്ച ആരോഗ്യ‑ചികിത്സാ സംവിധാനങ്ങൾ നിലനിൽക്കുന്ന ഹെൽത്തിയസ്റ്റ് രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം റാങ്കിൽ നിൽക്കുന്ന സ്പെയിനിൽ മരണസംഖ്യ 22,000 വും അസുഖബാധിതർ 2,25,000വും ആണ്. ഫ്രാൻസിൽ മരണമടഞ്ഞവർ 22,245 ആണെങ്കിൽ ഇംഗ്ലണ്ടിൽ 19,500ലധികവും ജർമ്മനിയിൽ 5,344 ഉം ചൈനയിൽ 4,632 ഉം ആണ്. അമേരിക്ക കഴിഞ്ഞാൽ സമ്പദ്ഘടനയുടെ വലിപ്പത്തിൽ രണ്ടാമത് നിൽക്കുന്ന രാജ്യമാണ് ചൈന. ചൈനയിലെ ഹൂബെ പ്രവിശ്യയുടെ തലസ്ഥാനായ വുഹാനാണ് ഭൂഗോളത്തിലെ ഇരുന്നൂറോളം രാജ്യങ്ങളെ ബാധിച്ച വൈറസിന്റെ പ്രഭവസ്ഥാനം. ചൈനയും അത് നിഷേധിക്കുന്നില്ല. വുഹാനിലെ ലാബ് ചൈനീസ് പ്രസിഡന്റ് ഷിജിൻ പിംങ്ങ് സന്ദർശിച്ച ചിത്രം വുഹാന്റെ അതിജീവനത്തിന്റെയും വീണ്ടെടുപ്പിന്റെയും ഭാഗമായി പുറത്തുവിട്ടതും നാം കണ്ടു. ലോകം മുഴുവൻ ബാധിച്ച ഈ മഹാമാരിയുടെ ഉറവിടം ചൈനയിലായതുകൊണ്ട് തന്നെ ലോകജനതയോട് ഇതിനെക്കുറിച്ച് വിശദീകരിക്കാനുള്ള ബാധ്യത ചൈനയ്ക്കുണ്ട്.

മാനവരാശി ശാസ്ത്രത്തിന്റെ പിൻബലത്തിൽ ഈ മഹാമാരിയെയും അത് അടിച്ചേൽപ്പിച്ച എല്ലാ പ്രതിസന്ധികളെയും മറികടക്കുമെന്ന കാര്യത്തിൽ സംശയമില്ല എന്ന ആത്മവിശ്വാസം നമുക്ക് പങ്കുവയ്ക്കുകയും പകർന്നുനൽകുകയും ചെയ്യാം. പക്ഷെ അനുഭവങ്ങളിൽ നിന്ന് മനുഷ്യർ കുറച്ച് പാഠങ്ങൾ മനസിലാക്കേണ്ടതായിട്ടുണ്ട്. അതിൽ ഒന്ന് പ്രകൃതിയെ മറന്നുകൊണ്ടുള്ളതും അനിയന്ത്രിതമായ ചൂഷണത്തിനു വിധേയമായിക്കൊണ്ടുള്ളതുമായ ഒരു സാമ്പത്തിക വികസനവും നിലനിൽക്കുകയില്ലെന്നതാണ്. അവ കേവലം ക്ഷണികങ്ങളാണ്. പത്തൊമ്പതും ഇരുപതും ഇരുപത്തൊന്നും നൂറ്റാണ്ടുകൾ കണ്ട ലോകത്തിലെ ഏറ്റവും വലിയ തത്വചിന്തകനും സാമൂഹ്യസാമ്പത്തിക ശാസ്ത്രജ്ഞനുമായ കാറൽ മാർക്സിന്റെ വാക്കുകൾ ഏറെ പ്രസക്തമാവുന്നത് ഇത്തരം സന്ദർഭങ്ങളിലാണ്. മാർക്സ് പറഞ്ഞു. “ഒരു കുടുംബകാരണവർ (ഹെഡ് ഓഫ് ദി ഫാമിലി) തന്റെ വസ്തുക്കൾ അനന്തരവകാശികളായ കുടുംബാംഗങ്ങൾക്ക് ഒസ്യത്ത് നൽകുന്നതുപോലെ, ഇന്നത്തെ മനുഷ്യൻ ഈ പ്രകൃതിയെ കൂടുതൽ മെച്ചപ്പെട്ട അവസ്ഥയിൽ വരുംതലമുറയ്ക്ക് കൈമാറേണ്ടതാണ്.” കുടുംബസ്വത്തുക്കൾ സൂക്ഷിച്ച് കൂടുതൽ സമ്പുഷ്ടമാക്കി വരുംതലമുറയ്ക്ക് കൈമാറിക്കൊടുക്കുന്ന കാരണവരോടാണ് മാർക്സ് പ്രകൃതിയെ സംരക്ഷിക്കുന്നതിനു വേണ്ടി മനുഷ്യനെ ഉപമിച്ചത്.

ഏംഗൽസും ഇതുതന്നെ മറ്റൊരു രൂപത്തിൽ പറഞ്ഞു. “ഒരു യോദ്ധാവ് ശത്രുരാജ്യങ്ങളോട് യുദ്ധം ചെയ്യുന്നതുപോലെയാകരുത് പ്രകൃതിയോടുള്ള നമ്മുടെ സമീപനം. ഈ പ്രപഞ്ചത്തിൽ മനുഷ്യർക്ക് എത്രത്തോളം അവകാശമുണ്ടോ അത്രയും അവകാശം ഇവിടുത്തെ പക്ഷിമൃഗാദികൾക്കും ഉണ്ട്.” അവർ മാത്രമല്ല നിരവധി ഭൗമശാസ്ത്ര നിരീക്ഷകരും ശാസ്ത്രജ്ഞൻമാരും പ്രകൃതിശാസ്ത്ര വിദഗ്ധരും നമുക്ക് താക്കീത് നൽകിയിട്ടും നാം അതു ചെവിക്കൊണ്ടില്ല. ഭൗമാന്തരീക്ഷത്തെ മലീമസമാക്കി ഓസോൺപാളികളിൽ പോലും വിള്ളലുകൾ വീഴ്ത്തി കാലാവസ്ഥ വ്യതിയാനത്തിനാക്കം കൂട്ടി മുന്നോട്ട് പോകുന്ന ഇന്നത്തെ സമീപനം ഇനിയെങ്കിലും നാം ഉപേക്ഷിച്ചേ മതിയാകൂ. അനിയന്ത്രിതമായ പ്രകൃതി ചൂഷണത്തിന്റെയും ദുരുപയോഗത്തിന്റെയും ശാസ്ത്രീയവും അശാസ്ത്രീയവുമായ പരീക്ഷണ‑നിരീക്ഷണങ്ങളുടെയും ഫലമായി പുറന്തള്ളപ്പെടുന്ന പലവിധ മാലിന്യങ്ങളാലും മറ്റു വർജ്ജിത സാധനസാമഗ്രികളാലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മനുഷ്യർ പാർശ്വവൽക്കരിക്കപ്പെടുകയും രോഗികളും പട്ടിണിക്കാരുമായി മാറ്റപ്പെടുകയും ചെയ്യുന്നു. രണ്ടാമതായി ലോകത്ത് വളരുന്ന സാമ്പത്തിക അസമത്വം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. ലോകത്തെ അതിസമ്പന്നരായ ഒരു ശതമാനത്തിന്റെ കൈവശം ലോകത്തെ 6.9 ബില്യൺ ജനങ്ങളുടെ കൈവശമുള്ള സമ്പത്തിന്റെ ഇരട്ടിയിലധികം ഉണ്ടെന്ന് 2018–19 ലെ ഓക്സ്ഫാം റിപ്പോർട്ട് പറയുന്നു. ലോകത്തിലെ 2,153 ശതകോടീശ്വരൻമാരുടെ കൈവശം 460 കോടി ജനങ്ങളുടേയും (ലോകജനസംഖ്യയുടെ 60 ശതമാനം) കൈവശമുള്ളതിനേക്കാൾ സമ്പത്ത് ഉണ്ടെന്നാണ് റിപ്പോർട്ട് പറയുന്നത്. അതേ സമയം ലോകജനസംഖ്യയുടെ പകുതിയും പ്രതിദിനം 5.50 യു. എസ്. ഡോളറിന്റെയോ അതിൽ താഴെയോ മാത്രം വരുമാനമുള്ളവരാണ്. ഭൗമഗ്രഹജനസംഖ്യയിൽ 73.50 കോടി ജനങ്ങൾ കൊടിയ ദാരിദ്യ്രത്തിൽ കഴിയുന്നു.

ഓരോ വർഷവും കുറഞ്ഞത് 100 ദശലക്ഷം മനുഷ്യരെങ്കിലും രോഗംവന്ന് ചികിത്സാച്ചെലവ് താങ്ങാൻ കഴിയാതെ പട്ടിണിയിലേക്ക് തള്ളപ്പെടുന്നുണ്ട്. പ്രതിദിനം 10,000 ജനങ്ങൾ മതിയായ ചികിത്സ കിട്ടാതെ മരിക്കുന്നുണ്ടെന്നും കോവിഡ് 19 ന് മുമ്പുള്ള ഈ റിപ്പോർട്ടിൽ പറയുന്നു. സമ്പന്നരുടെ നികുതിയടയ്ക്കൽ ബാദ്ധ്യതയുടെ 30 ശതമാനം പോലും അവരിൽ നിന്നും ഈടാക്കാൻ ഭരണകൂടങ്ങൾക്ക് കഴിയുന്നില്ലെന്നും ആരോഗ്യവിദ്യാഭ്യാസ മേഖലയ്ക്ക് മതിയായ ഫണ്ട് നൽകുന്നതിന് പല രാജ്യങ്ങളും തയ്യാറാകുന്നില്ലായെന്നും ഓക്സ്ഫാം റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. (ഇന്ത്യയുൾപ്പെടെ ഓരോ രാജ്യങ്ങളെക്കുറിച്ചും വിശദമായി പഠിച്ച ഓക്സ്ഫാം ക്രെഡിറ്റ് സ്വീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡേറ്റാകൾ കൂടി ഉപയോഗപ്പെടുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്.) സമ്പത്തിന്റെ തുല്യമായ അവകാശം ലഭിക്കേണ്ടുന്ന എല്ലാ വിഭാഗങ്ങൾക്കും അത് ലഭിക്കുന്നില്ലായെന്നു മാത്രമല്ല അമിതമായ ചൂഷണത്തിൽ കൂടി അത് ഏതാനും ചിലരുടെ കൈകളിൽ മാത്രമായിച്ചുരുങ്ങുന്നു. ആ മൂലധനശക്തികൾ സമ്പത്ത് വാരിക്കൂട്ടുന്നതിനു വേണ്ടി വികസനത്തിന്റെ പേരിൽ നടത്തുന്ന അനിയന്ത്രിതമായ പ്രകൃതി-മനുഷ്യസമ്പത്തിന്റെ ചൂഷണം വർധിക്കുകയും അവരുടെ ധനാർത്തിയിൽ ഒരു തരത്തിലും പങ്കാളികൾ പോലുമല്ലാത്ത ജനകോടികൾ കൊടിയദാരിദ്യ്രത്തിലേയ്ക്കു തള്ളപ്പെടുകയും മാരകരോഗങ്ങൾക്ക് ഇരയാകുകയും ചെയ്തുകൊണ്ടിരിക്കുന്നു.

സമ്പന്നരാജ്യങ്ങളുടെയും മൂലധനശക്തികളുടെയും പാപത്തിന്റെ ഫലം ഇന്ന് ലോകം മുഴുവൻ അനുഭവിക്കുന്നു. മൂന്നാമതായി സമൂഹത്തിലെ എല്ലാ തട്ടിലുമുള്ള ജനങ്ങൾക്ക് വികസനത്തിന്റെ ഫലം ഉറപ്പാക്കാൻ കഴിയുന്ന സുസ്ഥിരവികസന പദ്ധതികളിലേക്ക് ലോകരാഷ്ട്രങ്ങൾക്ക് മാറാൻ കഴിയണം. സമ്പത്തിന്റെ കേന്ദ്രീകരണമല്ല, ജനങ്ങളുടെ ക്ഷേമമാണ് വികസനത്തിന്റെ മുഖ്യലക്ഷ്യങ്ങളിലൊന്ന് എന്ന് ഭരണകൂടങ്ങൾ തിരിച്ചറിയുകയും രാഷ്ട്രസമ്പത്തിന്റെ വിതരണത്തിലെ അസമത്വം ഇല്ലാതാക്കുകയും ചെയ്യണം. രാജ്യത്തെ ജനങ്ങൾക്ക് പോഷകമൂല്യമുള്ള ഭക്ഷണം, മെച്ചപ്പെട്ട ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിട സൗകര്യം ഇവ ഉറപ്പാക്കാൻ കഴിഞ്ഞില്ലെങ്കിൽ ജിഡിപി വളർച്ച കണക്കുകൂട്ടിവയ്ക്കുന്നതിൽ അർത്ഥമില്ല. ജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിതസൗകര്യങ്ങൾ പ്രദാനം ചെയ്യാൻ കഴിയത്ത ഭരണകൂടങ്ങൾക്ക് പ്രകൃതി ദുരന്തങ്ങളിൽ നിന്നും മഹാമാരികളിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ കഴിയില്ല. മുതലാളിത്ത സാമ്പത്തിക ക്രമത്തിൽ ഇത് സാദ്ധ്യമല്ലായെന്ന് അനുഭവം നമ്മെ പഠിപ്പിക്കുന്നു. ലോകത്ത് ഭൗതികോല്പാദനം വർധിക്കുന്നത് സാമൂഹികാവശ്യം കൂടി പരിഗണിച്ചായിരിക്കണം. ധനമൂലധനശക്തികൾ ലാഭത്തെക്കുറിച്ച് മാത്രമേ ചിന്തിക്കുകയുള്ളു. സമൂഹത്തിന്റെ ഒരറ്റത്ത് ഭീമമായ തോതിൽ സമ്പത്ത് കേന്ദ്രീകരിക്കപ്പെടുമ്പോൾ മറുഭാഗത്ത് ബൗദ്ധിക കായികാദ്ധ്വാനത്തിൽ വൻതോതിലുള്ള ചൂഷണം വർധിക്കുന്നു.

മുതലാളിത്ത വ്യവസ്ഥിതിയിൽ ഇത് ഒരു നിരന്തര പ്രക്രിയയാണ്. അതുകൊണ്ടുതന്നെ സാമ്പത്തിക അസമത്വത്തിന്റെ വിടവ് വർധിച്ചുകൊണ്ടേയിരിക്കും. ആധുനിക ഇൻഫർമേഷൻ ടെക്നോളജി രംഗത്ത് ഇത് കൂടുതൽ പ്രകടമാണ്. ആമസോൺ ഉടമ ജെഫ് ബസോസും ബിൽഗേറ്റ്സും വാറൻ ബഫെയും, മാർക്ക് സക്കർബർക്കും മുകേഷ് അംബാനിയുമെല്ലാം സമ്പത്ത് വാരിക്കൂട്ടുന്നത് ആധുനിക രീതിയുള്ള ചൂഷണങ്ങളിൽ കൂടിയാണ്. ഉല്പാദനോപാധികളിൽ പ്രധാനപ്പെട്ട അധ്വാനശക്തിയെ (തൊഴിലാളികളായ ടെക്കികളെ) മാത്രമല്ല ഉപഭോക്താക്കളെയും വൻതോതിൽ ഇവർ ചൂഷണത്തിന് വിധേയരാക്കുന്നു. സ്വന്തം കീശ ചോരുന്നത് ഉപഭോക്താക്കൾ പോലും അറിയുന്നില്ല. രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ നൽകാൻ കഴിയുന്ന സാമ്പത്തിക‑സാമൂഹ്യ വ്യവസ്ഥിതിയാണ് ഇന്ന് നമുക്കാവശ്യം. കായികാദ്ധ്വാനത്തിൽ കൂടിയും മസ്തിഷ്കാദ്ധ്വനത്തിൽ കൂടിയും കൈവരിയ്ക്കുന്ന സമ്പത്ത് സാമൂഹികാവശ്യങ്ങളും സാമൂഹിക വളർച്ചയും അടിസ്ഥാനമാക്കി വിനിയോഗിക്കണം. അതിനു കഴിയണമെങ്കിൽ സമ്പത്തിന്റെ വിനിയോഗം പൂർണ്ണമായും സ്റ്റേറ്റുടമസ്ഥതയിലാകണം. സമ്പത്തിന്റെ തുല്യവിതരണം ഉറപ്പാക്കാൻ ഒരു സോഷ്യലിസ്റ്റ് സാമൂഹ്യവ്യവസ്ഥിതിയ്ക്ക് മാത്രമേ കഴിയുകയുള്ളു. ഉന്നതമായ രാഷ്ട്രീയ‑സാംസ്കാരിക അവബോധത്തിലും സാമൂഹിക ഉത്തരവാദിത്തത്തിലുമാണ് സോഷ്യലിസത്തിന്റെ കാതൽ കൂടികൊള്ളുന്നത്. അതുകൊണ്ടുതന്നെ മനുഷ്യ സമൂഹത്തിന്റെ മൊത്തത്തിലുള്ള വികാസവും ക്ഷേമവും അവിടെ ഉറപ്പാക്കപ്പെടും. ഭാവിലോകത്തിന്റെ നിലനിൽപ് സോഷ്യലിസ്റ്റ് വ്യവസ്ഥിതിയെ ആശ്രയിച്ചു മാത്രമേ സാധ്യമാകു എന്ന് കോവിഡ് 19 മഹാമാരി ലോകജനതയെ ഓർമ്മപ്പെടുത്തുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.