23 December 2024, Monday
KSFE Galaxy Chits Banner 2

തീവണ്ടിയിലെ തീവ്രവാദി പരിശോധന

കെ എ ബീന
കണ്ണാടി
August 7, 2023 4:44 am

ഇരുപത് വര്‍ഷം മുമ്പുള്ള സംഭവമാണ്. ഗുവാഹട്ടി ജീവിതകാലത്ത് സ്ഥിരമായിരുന്ന തീവണ്ടിയാത്രകൾ അപൂർവമായ അനുഭവങ്ങൾ നിറഞ്ഞതായിരുന്നു. വടക്കുകിഴക്കൻ മേഖല എനിക്ക് ഗൃഹാതുരത്വത്തിന്റെ ആനന്ദവും നോവും നൽകി എന്നും കൂടെയുണ്ട്. അതിലൊരോർമ്മയാണ്. ഗുവാഹട്ടിയിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള കാമരൂപ് എക്സ്പ്രസിൽ രാവും പകലും ചന്ത പോലെയാണ്. യാത്രക്കാരുടെ തിരക്ക് പറയേണ്ട, ഒപ്പം കച്ചവടക്കാരുടെയും. ലോകത്തിനു കീഴെയുള്ളതെന്തും ഇവിടെ കച്ചവടത്തിനുണ്ട്. കമ്പ്യൂട്ടറുകൾ, കാമറകൾ, വിസിഡി പ്ലേയറുകൾ തുടങ്ങി ചീപ്പും പിന്നും സ്ലൈഡും വരെ-ചൈനീസ് നിർമ്മിത വസ്തുക്കളുടെ ഒരു വൻ വിപണനകേന്ദ്രം. ഈ ബഹളങ്ങൾക്കിടയിൽ ബർത്ത് കണ്ടുപിടിച്ച് ബാഗുകൾ ഒതുക്കിവയ്ക്കുകയെന്നത് അത്ര എളുപ്പമായിരുന്നില്ല. ഒടുവിൽ സ്വസ്ഥമായി ഒന്നിരുന്നുകഴിഞ്ഞപ്പോൾ സഹയാത്രക്കാരെത്തി. ചപ്പിയ മൂക്കും പതിഞ്ഞ നിറവും മഞ്ഞച്ച തൊലിയുമുള്ള അച്ഛൻ, അമ്മ, മകൻ എന്നിവരുൾപ്പെട്ട ഒരു കുടുംബം. അമ്മയുടെ വേഷം കണ്ടാലറിയാം മണിപ്പൂരികളാണെന്ന്. കുറുകെ വരകളുള്ള ലുങ്കി പോലെയുള്ള ഒരു തുണി മാറത്ത് കെട്ടിയിട്ടുണ്ട് (നമ്മുടെ നാട്ടിലെ സ്ത്രീകൾ പണ്ട് നേര്യതുടുക്കുംപോലെ). മറ്റൊരെണ്ണം തോളിൽക്കെട്ടി കുറുകെ ഉടുത്തിരിക്കുന്നു. പേടിച്ച് രണ്ട് കാലുകൾ സീറ്റിൽ കയറ്റി കുത്തിയിരിക്കുകയാണവർ. ഇടയ്ക്കിടെ ജനലിനടുത്തേക്ക് ഒതുങ്ങിക്കൂടുന്നുണ്ട്. ആദ്യത്തെ തീവണ്ടിയാത്രയുടെ പരിഭ്രമങ്ങളെല്ലാമുള്ള ഒരു ഗ്രാമീണസ്ത്രീ. അരിച്ചാക്കുകളും ബാഗുകളുമൊക്കെയായി കുന്നോളം ലഗേജുകളുണ്ടവർക്ക്. അച്ഛനും മകനും കൂടി മുകളിലെ ബർത്തിലും സീറ്റിനടിയിലുമൊക്കെയായി ലഗേജുകൾ അടുക്കിവച്ച് ചങ്ങലയിട്ടു പൂട്ടി വണ്ടി പുറപ്പെടാൻ കാത്ത് സീറ്റിലിരുന്നു.

 


ഇതുകൂടി വായിക്കു; ബാങ്ക് സ്വകാര്യവല്ക്കരണ നീക്കം ഉപേക്ഷിക്കണം


വണ്ടി പുറപ്പെട്ടു. കച്ചവടക്കാരുടെ തിരക്കും ബഹളവും കൊണ്ട് ഭ്രാന്തുപിടിക്കുമെന്നായി. അപ്പോൾ അതാ വരുന്നു പൊലീസ് സംഘം. മണിപ്പൂരി കുടുംബത്തോട് അവർ എന്തോ ആവശ്യപ്പെട്ടു. അച്ഛനും മകനും കൂടി താക്കോലുകളെടുത്ത് ഓരോ പൂട്ടും തുറന്ന് ചങ്ങലയഴിച്ച് ലഗേജുകൾ പൊലീസുകാരെ ഏല്പിച്ചു. അവര്‍ സൂക്ഷ്മതയോടെ ഓരോന്നും പരിശോധിച്ചു. ഞങ്ങളും പെട്ടികളൊക്കെ തുറന്നുകാട്ടേണ്ടിവരുമല്ലോ എന്ന വേവലാതിയിൽ താക്കോലുകളെടുത്ത് തയ്യാറായിരുന്നു. ആ കുടുംബത്തിന്റെ ലഗേജ് പരിശോധിച്ചുകഴിഞ്ഞ പൊലീസ് ഞങ്ങളെ തിരിഞ്ഞുപോലും നോക്കാതെ മടങ്ങിപ്പോയി. അച്ഛനും മകനും കൂടി ക്ഷമയോടെ വീണ്ടും ലഗേജുകൾ അടുക്കിവച്ച് ചങ്ങലയിട്ടുപൂട്ടി. സ്വസ്ഥമായിരുന്ന് ചായ കുടിക്കാൻ തുടങ്ങുമ്പോൾ അതാ വരുന്നു ഒരു പട്ടാളസംഘം. മണിപ്പൂരി അച്ഛനും മകനും വീണ്ടും പൂട്ടുകൾ തുറന്ന് ലഗേജുകൾ പരിശോധിക്കാൻ കൊടുത്തു. പട്ടാളം കൂലങ്കഷമായി പരിശോധന നടത്തി. അരിച്ചാക്കുകൾ തുറന്ന് തോക്കിട്ട് കുത്തിനോക്കി.
‘അമ്മേ, ട്രെയിനിൽ ബോംബുവച്ചിട്ടുണ്ടെന്ന് വിവരം കിട്ടിക്കാണും. അതാണിത്ര പരിശോധന. ടൈംബോംബായിരിക്കുമോ അതോ റിമോട്ടുവച്ച് പൊട്ടിക്കുന്നതായിരിക്കുമോ? എന്തായാലും ബോംബുണ്ട്’. പതിമൂന്നു വയസുകാരൻ അപ്പു(മകൻ)വിലുണർന്ന ഷെർലക്ക് ഹോംസിന് നുള്ളുകൊടുത്ത് അടക്കി. ശ്വാസംപിടിച്ചിരുന്ന് പട്ടാളക്കാർ ഞങ്ങളുടെ പെട്ടികൾ പരിശോധിക്കാൻ തുടങ്ങുന്നതും പ്രതീക്ഷിച്ച് താക്കോലുകളെടുത്തുവച്ചു. പക്ഷേ, അവരും ഞങ്ങളെ ഗൗനിച്ചില്ല.
അച്ഛനും മകനും വീണ്ടും ലഗേജുകളടുക്കിവച്ച് ചങ്ങലകളിട്ടു പൂട്ടി യഥാസ്ഥാനത്തിരുന്ന് മുട്ടവില്പനക്കാരനെ വിളിച്ചു. ഒരുകൂടപുഴുങ്ങിയ മുട്ടകൾ വാങ്ങി രണ്ടുപേരും തിന്നാൻ തുടങ്ങി. ഒന്ന്, രണ്ട്, മൂന്ന്… ദൈവമേ പത്തെണ്ണത്തിലേറെ ചെറുക്കൻ ഒറ്റയടിക്ക് അകത്താക്കി. അച്ഛനും മോശമല്ല. അപ്പു വാപൊളിച്ചിരുന്ന് മുട്ടതീറ്റി കാണുകയാണ്! അധികം വൈകിയില്ല ലഗേജ് പരിശോധനയ്ക്ക് അടുത്ത സംഘമെത്തി. ഇത്തവണ പ്രത്യേക സ്ക്വാഡാണ് വന്നിരിക്കുന്നത്. പരിപാടിയുടെ തനിയാവർത്തനം. പരിശോധന കഴിഞ്ഞ് സംതൃപ്തരായി ആ സംഘവും മടങ്ങി. അച്ഛനും മകനും വീണ്ടും അടുക്കിവയ്ക്കൽ ചടങ്ങ് ക്ഷമയോടെ തുടർന്നു.
എനിക്ക് അത്ഭുതം അടക്കാനായില്ല. ‘എന്താണിത്? എന്തിനാണിത്ര പരിശോധന’? ‘ഞങ്ങൾ മണിപ്പൂരിൽ നിന്നായതുകൊണ്ട് പേടിച്ചിട്ടാവും’. ഒരു സാധാരണ കാര്യം പറയുന്നതു പോലെയായിരുന്നു ആ അച്ഛൻ പറഞ്ഞത്. ഇംഫാൽ ആകാശവാണിയിൽ ഉദ്യോഗസ്ഥനാണ് അയാള്‍. പ്ലസ്‌ടു കഴിഞ്ഞ മകന് ഹൈദരാബാദിൽ എൻജിനീയറിങ്ങിന് അഡ്മിഷൻ കിട്ടിയിട്ടുണ്ട്. അവനെ ചേർക്കാൻ പോകുന്നതാണ്.


ഇതുകൂടി വായിക്കു; കേന്ദ്രത്തിന്റെ ധൃതരാഷ്ട്രാലിംഗനം


 

‘ഈ ചാക്കുകളിൽ’? അപ്പുവിന് സംശയങ്ങൾ അടക്കിവയ്ക്കുന്ന പതിവ് പണ്ടേയില്ല. ‘അരിയാണ്. ഞങ്ങളുടെ നാട്ടിലെ അരിയില്ലാതെ മോന് ഭക്ഷണം കഴിക്കാനാവില്ല. അവന് കുറെനാൾ കഴിക്കാനുള്ള അരിയെടുത്തിട്ടുണ്ട്’. അരിയുടെ നാടായ ആന്ധ്രയിലേക്ക് മണിപ്പൂരിൽ നിന്ന് അരിയുംകൊണ്ടു പഠിക്കാൻ പോകുന്ന പയ്യൻ!. സഹതാപമോ ചിരിയോ ഒക്കെ തൊണ്ടയിലുടക്കി നിന്നു. ‘നിങ്ങൾ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനല്ലേ. എന്നിട്ടെന്താണ് ഇത്ര പരിശോധന? ഐഡന്റിറ്റി കാർഡ് കാണിക്കാമായിരുന്നില്ലേ?’. ‘എന്തു കാണിച്ചിട്ടും കാര്യമില്ല. ഞങ്ങളൊക്കെ തീവ്രവാദികളാണെന്നാണ് പട്ടാളവും പൊലീസും കരുതുന്നത്. ഞങ്ങളെ ആർക്കും വിശ്വാസമില്ല. പറഞ്ഞിട്ടും കാര്യമില്ല. അത്രയ്ക്ക് അക്രമങ്ങളാണ് മണിപ്പൂരിൽ തീവ്രവാദികൾ നടത്തുന്നത്’. മുട്ടപൊളിച്ചുകൊണ്ട് അയാള്‍ തുടർന്നു.‘നാട്ടിനു പുറത്ത് ഇതാണ് സ്ഥിതി! നാട്ടില്‍ ഇതിനെക്കാൾ പ്രയാസമാണ് കാര്യങ്ങൾ. അച്ഛൻ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനായതിനാൽ തീവ്രവാദികളുടെ നോട്ടപ്പുള്ളികളാണ് ഞങ്ങൾ. അവർ ചോദിക്കുമ്പോഴൊക്കെ കാശു കൊടുക്കണം.’ മകൻ പരാതിപ്പെട്ടു. ‘കഴിഞ്ഞയാഴ്ച മാർക്കറ്റിൽ പച്ചക്കറി വാങ്ങാൻ പോയപ്പോൾ തീവ്രവാദികൾ എന്റെ സ്കൂട്ടർ പിടിച്ചുവാങ്ങി കൊണ്ടുപോയി. സര്‍ക്കാര്‍ ശമ്പളം വാങ്ങുന്നവരൊക്കെ സര്‍ക്കാരാണെന്നാണ് തീവ്രവാദികളുടെ മട്ട്. ഞങ്ങളുടെ മുതലൊക്കെ പൊതുമുതൽ! അതിനൊരു സംരക്ഷണവുമില്ല. നാട്ടിൽ നിന്ന് പുറത്തുപോകുമ്പോൾ ദാ കണ്ടില്ലേ. പരിശോധനയോടു പരിശോധന. ജനിച്ചുപോയില്ലേ. ജീവിച്ചല്ലേ പറ്റൂ’- ആ അച്ഛന്റെ സ്വരത്തിൽ ദേഷ്യം തീരെയില്ലായിരുന്നു. അയാളുടെ നിസംഗത എനിക്ക് ഉൾക്കൊള്ളാവുന്നതിലുമേറെയായിരുന്നു. ഇങ്ങനെയും കുറെ ജീവിതങ്ങൾ!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.