19 December 2024, Thursday
KSFE Galaxy Chits Banner 2

ബാങ്കുകള്‍ തകര്‍ന്നടിയുമ്പോള്‍

Janayugom Webdesk
March 19, 2023 5:00 am

സിലിക്കൺ വാലി ബാങ്ക് പിന്നെ സിഗ്നേച്ചർ ബാങ്ക്… തകര്‍ച്ചയുടെ തുടര്‍ച്ച ലോകത്തെ ഞെട്ടിച്ചിരിക്കുന്നു. എന്നാല്‍ പരമ്പരാഗത ബാങ്ക് തകര്‍ച്ചകളുടെ ഭാഗം എന്ന നിലയിലായിരുന്നു വിശദീകരണങ്ങള്‍. നിക്ഷേപകർ അപ്രതീക്ഷിതമായി, ഒറ്റയടിക്ക്, ഒരേസമയം നിക്ഷേപം പിൻവലിക്കാൻ തുടങ്ങിയതിന്റെ പ്രതിഫലനം… ഇങ്ങനെയും വിശദീകരണമുണ്ട്. 2008ലെ വലിയ തകർച്ചയ്ക്ക് ശേഷം യുഎസ് ബാങ്കിങ് ചരിത്രത്തിലെ ഇരുണ്ട സംഭവങ്ങളില്‍ മുഖ്യമാണ് എസ്‍വിബിയുടെയും സിഗ്നേച്ചർ ബാങ്കിന്റെയും തകർച്ച. പൂജ്യത്തിനടുത്തുള്ള പലിശ നിരക്കിന്റെ ഘട്ടത്തിൽ, എസ്‍വിബി, യുഎസ് സര്‍ക്കാര്‍ ബോണ്ടുകളിൽ ദശലക്ഷക്കണക്കിന് ഡോളർ നിക്ഷേപിച്ചു. സര്‍ക്കാര്‍ ബോണ്ടുകള്‍ സുരക്ഷിതമായ നിക്ഷേപമായാണ് പരിഗണിക്കുന്നത്. പക്ഷേ, പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന് ഫെഡറൽ റിസർവ് പലിശനിരക്ക് ഉയര്‍ത്തി. പലിശ വര്‍ധിക്കുന്നതിനൊപ്പം എസ്‍വിബിയുടെ കൈവശമുള്ള ബോണ്ടുകളുടെ നിരക്കുകള്‍ ഇടിഞ്ഞു. ഫെഡറൽ റിസർവിന്റെ നിരക്ക് വർധനയുടെ ഫലമായി സാങ്കേതികതയില്‍ ഊന്നിയുള്ള ഇടപാടുകള്‍ക്ക് കടം വാങ്ങുന്നതിനുള്ള ചെലവ് വർധിച്ചു. കടം തിരിച്ചടയ്ക്കുന്നതിന് കൂടുതൽ ഫണ്ട് ചെലവഴിക്കേണ്ടിയും വന്നു. കാര്യങ്ങള്‍ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചു.

 


ഇതുകൂടി വായിക്കു; സിലിക്കൻ വാലി ബാങ്കിൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് 8200 കോടി നിക്ഷേപം: കേന്ദ്ര മന്ത്രി 


 

പുതിയ ഉദ്യമങ്ങള്‍ക്കായി പണം സ്വരൂപിക്കുന്നതും കഠിനമായി. പ്രവർത്തനങ്ങൾക്കും വളർച്ചയ്ക്കും വേണ്ടി എസ്‍വിബി നിക്ഷേപം ഉപയോഗിക്കാൻ കമ്പനികൾ നിർബന്ധിതരായി. നിക്ഷേപകര്‍ക്ക് പണം ഉറപ്പാക്കുന്നതിന് കൈവശമുള്ള ബോണ്ടുകള്‍ നഷ്ടത്തിൽ വിറ്റഴിച്ചെന്നും ഇതുമൂലമുള്ള പ്രതിസന്ധി മറികടക്കുന്നതിന് 2.25 ലക്ഷം കോടി ഡോളർ ഓഹരി വിപണിയില്‍ നിന്ന് കണ്ടെത്തുമെന്നും ബാങ്ക് അറിയിച്ചു. പരിഭ്രാന്തരായ നിക്ഷേപകർ വൻ തുകകള്‍ കൂട്ടമായി പിൻവലിക്കാൻ തുടങ്ങി. ബാങ്കിന്റെ ഓഹരി 60 ശതമാനം ഇടിഞ്ഞു. ഒന്നര പതിറ്റാണ്ട് മുമ്പ് നടന്ന ആഗോള സാമ്പത്തിക ദുരന്തത്തിന്റെ ആവർത്തനമായി നിക്ഷേപകര്‍ ഓഹരി വിലയിടിവിനെ കരുതി. എസ്‍വിബി ഓഹരികളുടെ വ്യാപാരം അവസാനിക്കും മുമ്പ് പണം സ്വരൂപിക്കാനോ നിക്ഷേപകരെ കണ്ടെത്താനോ ബാങ്കിനായില്ല. തുടര്‍ന്ന് ബാങ്ക് അടച്ച്, ഫെഡറൽ ഡെപ്പോസിറ്റ് ഇൻഷുറൻസ് കോർപറേഷന്റെ കീഴിൽ റിസീവർ ഭരണത്തിലാക്കി. നിക്ഷേപകർക്ക് ഉള്‍പ്പെടെ പണലഭ്യതയ്ക്കായി ബാങ്കിന്റെ ആസ്തികൾ വിറ്റഴിക്കേണ്ടതുണ്ട്.


ഇതുകൂടി വായിക്കു; സിലിക്കൺ വാലി ബാങ്ക് ഒരു മുന്നറിയിപ്പാണ്


 

നഷ്ടം സഹിക്കാതെ ബാധ്യതകൾ നിറവേറ്റാനുള്ള ശ്രമത്തില്‍ പണലഭ്യത ഇല്ലാതാകുകയായിരുന്നു. കൈവശമുള്ള ശേഖരം ഉപയോഗിച്ച് നല്‍കാന്‍ കഴിയുന്നതിലും അപ്പുറം നിക്ഷേപങ്ങൾ പിൻവലിച്ചപ്പോള്‍ ബാങ്ക് കൂടുതല്‍ നിസഹായമായി. തുടര്‍ന്നാണ് കൈവശമുണ്ടായിരുന്ന ബോണ്ടുകള്‍ വിറ്റഴിച്ചത്. 2100 കോടി ഡോളർ മൂല്യമുള്ള ബോണ്ടുകള്‍ 180 കോടി ഡോളർ നഷ്ടത്തിൽ വിറ്റഴിച്ചു. മൂലധനത്തിലുണ്ടായ ഇടിവ് പരിഹരിക്കുന്നതിനായിരുന്നു 200 കോടി ഡോളറിലധികം സമാഹരിക്കാന്‍ തീരുമാനിച്ചത്. ഓഹരി ഉയർത്താനുള്ള ആഹ്വാനം നിക്ഷേപകര്‍ക്ക് ബാങ്കിലുള്ള വിശ്വാസം ഇല്ലാതാക്കി. അവർ പണം പിൻവലിക്കാൻ തുടങ്ങി. എസ്‍വിബിയുടെ പല ഇടപാടുകാരും കനത്ത നിക്ഷേപം ഉള്ളവരായിരുന്നു. ഫെഡറൽ ഡെപ്പോസിറ്റ് ഇൻഷുറൻസ് കോർപറേഷന്റെ പരിരക്ഷ 2,50,000 ഡോളർ മാത്രമാണ്. എസ്‍വിബിയുടെ ഏകദേശം 88 ശതമാനം ഉപഭോക്താക്കളും ഇൻഷുറൻസ് ഇല്ലാത്തവരാണെന്ന് ഇപ്പോള്‍ കണക്കുകള്‍ വ്യക്തമാക്കുന്നുമുണ്ട്. സിഗ്നേച്ചർ ബാങ്കും സമാനമായ പ്രതിസന്ധിയില്‍ തകരുകയായിരുന്നു. ഇടപാടുകാരിൽ ഏറെയും പണലഭ്യതയെക്കുറിച്ചുള്ള ആശങ്കയില്‍ നിക്ഷേപം പിൻവലിച്ചു. ഇവിടെ നിക്ഷേപങ്ങളിൽ 90 ശതമാനവും ഇൻഷുറൻസ് ഇല്ലാത്തതായിരുന്നു.

 


ഇതുകൂടി വായിക്കു;  എസ്‌വിബി തകർച്ച: ഗുരുതര സാമ്പത്തിക പ്രതിസന്ധിയുടെ പ്രതിഫലനം


പലിശനിരക്ക് വർധനവ് ബാങ്കുകളുടെ കൈവശ ഓഹരികളുടെ മൂല്യത്തില്‍ ഇടിവു വരുത്തുന്നു. ബാങ്ക് ബാലൻസ് ഷീറ്റുകളിൽ 62,000 കോടി ഡോളറിന്റെ നഷ്ടമാണ് വ്യക്തമാക്കുന്നത്. എസ്‍വിബിയും സിഗ്നേച്ചറും അനിവാര്യമായ വ്യവസ്ഥകള്‍ പാലിച്ചിരുന്നു. എന്നാല്‍ അവരുടെ ആസ്തികളുടെ ഘടന ബാങ്കിങ് വ്യവസായ ശരാശരിക്ക് യോജിച്ചതായിരുന്നില്ല. വ്യവസായ ശരാശരിയായ 13 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ സിഗ്നേച്ചറിനുള്ള പണ ലഭ്യത ആസ്തിയുടെ അഞ്ച് ശതമാനം മാത്രമായിരുന്നു. എസ്‍വിബിയുടെ ഏഴ് ശതമാനവും. കൂടാതെ, സ്ഥിരവരുമാന ഓഹരികളായി എസ്‍വിബി 55 ശതമാനം ആസ്തി സമാഹരിച്ചു. ബാങ്കിങ് മേഖലയിലെ ശരാശരി ഇക്കാര്യത്തില്‍ 24 ശതമാനമാണ്. ഒരു ലക്ഷം കോടി ഡോളറിലധികം ബാങ്ക് നിക്ഷേപങ്ങൾക്ക് നിലവിൽ ഇൻഷുറൻസ് ഇല്ല. പ്രതിസന്ധി സമീപഭാവിയില്‍ പരിഹരിക്കാനാകില്ലെന്ന് അധികാരികള്‍ തന്നെ വ്യക്തമാക്കുന്നു. യുഎസിലെ രണ്ട് സ്വകാര്യ ബാങ്കുകളുടെ തകർച്ച, നിക്ഷേപകർക്ക് പാഠമായാല്‍ ആഗോളതലത്തില്‍ പണലഭ്യത കുറയാന്‍ ഇടയാക്കിയേക്കുമെന്ന് മൂഡീസ് റിപ്പോർട്ട് പറയുന്നു. അതേസമയം, തകര്‍ച്ച രണ്ടു ബാങ്കുകളില്‍ അവസാനിക്കുമെന്നും ഉറപ്പില്ല. തകര്‍ച്ചയുടെ ഓളങ്ങള്‍ ലോകമെങ്ങും അലയടിക്കാം, ജാഗ്രത പാലിക്കേണ്ട കാലമാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.