
ഗാർഹിക പാചക വാതക വില വീണ്ടും കഴിഞ്ഞ ദിവസം 50 രൂപ സിലിണ്ടർ ഒന്നിന് കൂട്ടിയിരിക്കുന്നു. പാവപ്പെട്ടവർക്കായി നടപ്പിലാക്കിയ ഉജ്വല പദ്ധതി ഗുണഭോക്താക്കളെയും ഇത്തവണ വിലക്കയറ്റത്തിൽ നിന്ന് ഒഴിവാക്കിയില്ല. സാധാരണ ഉപഭോക്താക്കൾക്ക് സിലിണ്ടർ ഒന്നിന് വില 803ൽ നിന്ന് 853, ഉജ്വല ഉപയോക്താക്കൾക്ക് 500ൽ നിന്ന് 550 രൂപ എന്നിങ്ങനെയാണ് വില ഉയർന്നിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിലാണ് അവസാനമായി ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വില കൂട്ടിയിരുന്നത്. 2024 മാർച്ച് എട്ടിന് ഗാർഹിക പാചകവാതകത്തിന് 100 രൂപ വില കുറച്ചകാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ച പ്രധാനമന്ത്രി വനിതാദിനത്തിൽ രാജ്യത്തെ സ്ത്രീകൾക്കുള്ള സമ്മാനമാണെന്നായിരുന്നു കുറിച്ചിരുന്നത്. യഥാർത്ഥത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ കണ്ണിൽപ്പൊടിയിടുന്നതിനുള്ള നടപടിയായിരുന്നു അത്. പിന്നീട് ആഗോള തലത്തിൽ അസംസ്കൃത ഇന്ധന വില ഗണ്യമായി കുറഞ്ഞപ്പോൾ അതിനനുസൃതമായി വില കുറയ്ക്കുന്നതിന് മോഡി സർക്കാർ സന്നദ്ധമായില്ല. മാത്രമല്ല, രൂക്ഷമായ വിലക്കയറ്റവും പണപ്പെരുപ്പവും അഭിമുഖീകരിക്കുന്ന രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടർ വില ഇടയ്ക്കിടെ കൂട്ടിക്കൊണ്ടിരിക്കുകയും ചെയ്തു. സാധാരണക്കാരെ ഇത് ബാധിക്കില്ലെന്ന ന്യായമായിരുന്നു സർക്കാർ നിരത്തിയിരുന്നത്. അത് പക്ഷേ വാസ്തവവിരുദ്ധമാണ്. കാരണം ഭക്ഷ്യവസ്തുക്കളുടെ വില വർധനയ്ക്കൊപ്പം സിലിണ്ടർ വില കൂടി വർധിക്കുമ്പോൾ ഹോട്ടലുകളിലും മറ്റും വില ഉയരുന്നത് സ്വാഭാവികമാണ്.
ആഗോള വിപണിയിൽ അസംസ്കൃത എണ്ണ വില മാറിമറിയുന്ന സാഹചര്യത്തിലാണ് രാജ്യത്ത് മാസാമാസങ്ങളിൽ ഇന്ധനവില പുതുക്കുന്നതിന് എണ്ണക്കമ്പനികൾക്കും വിതരണക്കാർക്കും അനുവാദം നൽകിയത്. അതനുസരിച്ച് അസംസ്കൃത ഇന്ധനവില കുറയുമ്പോൾ പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ വില കുറയുകയും കൂടുമ്പോൾ വർധിക്കുകയുമാണ് ചെയ്യേണ്ടത്. പക്ഷേ വില കുറയുന്നതിന്റെ ആനുകൂല്യം ഒരിക്കലും ലഭിക്കാറില്ല. ഇതിന് കേന്ദ്ര സർക്കാർ കണ്ടെത്തിയിരിക്കുന്ന മാർഗം പെട്രോളിനും ഡീസലിനും എക്സൈസ് തീരുവ ഉയർത്തുക എന്നതാണ്. അസംസ്കൃത എണ്ണ വില ബാരലിന് നൂറ് ഡോളറിനടുത്ത് നിൽക്കുമ്പോൾ നിശ്ചയിച്ച അതേ വില തന്നെയാണ് കമ്പനികൾ ഈടാക്കിക്കൊണ്ടിരിക്കുന്നത്. 2022 ഫെബ്രുവരിയിൽ ബാരലിന് 107 ഡോളർ വരെ ഉയർന്ന നിലയുണ്ടായിരുന്നു. നിലവിൽ നാലുവർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് വിലയെന്നാണ് ആഗോള മാധ്യമങ്ങൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതനുസരിച്ചാണെങ്കിൽ ഇന്ധന വില പകുതിയോളം കുറയേണ്ടതുമാണ്. എന്നാൽ അതിന്റെ ആനുകൂല്യം പൗരന്മാർക്ക് നൽകാതെ സർക്കാരും കമ്പനികളും കയ്യിട്ടുവാരുകയാണ്. വിലക്കുറവുണ്ടായപ്പോൾ രണ്ടു രൂപ വീതം പെട്രോളിനും ഡീസലിനും എക്സൈസ് തീരുവ വർധിപ്പിച്ച് സർക്കാരിന് മുതൽക്കൂട്ടാനാണ് കേന്ദ്രം തീരുമാനിച്ചത്. രണ്ടിനത്തിനുമായി യഥാക്രമം 13, 10 രൂപ വീതമായി തീരുവ ഉയർത്തി. സാധാരണക്കാർക്ക് ഇതിന്റെ ആഘാതം ഉണ്ടാകില്ലെന്നാണ് സർക്കാർ വാദമെങ്കിലും തങ്ങളുടെ ലാഭത്തിലുണ്ടാകുന്ന കുറവ് നികത്തുന്നതിന് അടുത്ത മാസം കമ്പനികൾ വില കൂട്ടില്ലെന്ന് ഉറപ്പ് നൽകുവാൻ സർക്കാരിനായിട്ടില്ല. ഇതിലൂടെ സർക്കാർ വരുമാനത്തിൽ 40,000 കോടി രൂപയുടെയെങ്കിലും വർധനയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. രാജ്യത്തെ പാവപ്പെട്ടവർക്കും സാധാരണക്കാർക്കും നൽകേണ്ട ആനുകൂല്യമാണ് ബിജെപി ഭരണകൂടം ഈ വിധം തട്ടിയെടുക്കുന്നത്. സബ്സിഡിയിനത്തിൽ കമ്പനികൾക്കുള്ള നഷ്ടം നികത്താനാണ് തുക വിനിയോഗിക്കുന്നത് എന്നാണ് സർക്കാരിന്റെ ന്യായീകരണം. അവിടെയും രാജ്യത്തെ പൗരന്മാരല്ല, എണ്ണക്കമ്പനികളാണ് പരിഗണിക്കപ്പെടുന്നത് എന്നർത്ഥം.
ട്രംപിന്റെ താരിഫ് യുദ്ധം സൃഷ്ടിച്ചിരിക്കുന്ന വ്യാപാരയുദ്ധ സാഹചര്യത്തിൽ ലോകം മാന്ദ്യത്തിലേക്ക് അടുത്തിരിക്കുകയാണെന്ന വിലയിരുത്തൽ ശക്തമായ ഘട്ടത്തിലാണ് ഈ നടപടി ഉണ്ടായിരിക്കുന്നത്. 2008ലാണ് സമീപകാലത്ത് ആഗോളമാന്ദ്യത്തിന് നാം സാക്ഷികളായത്. ലോകത്തെ വൻ ശക്തികളെല്ലാം ആടിയുലഞ്ഞപ്പോൾ വലിയ പോറലുകൾ ഏൽക്കാതെ പിടിച്ചുനിൽക്കുവാൻ സാധിച്ച അപൂർവം രാജ്യങ്ങളിൽ ഒന്നായിരുന്നു നമ്മുടേത്. പൊതുമേഖലാ സ്ഥാപനങ്ങളും പൊതുമേഖലാ ബാങ്കുകളും തീരെ ദുർബലമാകാതിരുന്നതിനാലാണ് അത് സാധ്യമായത്. എന്നാൽ ഇന്ന് സ്ഥിതി വ്യത്യസ്തമാണ്. പൊതുമേഖലയുടെ വില്പന യുപിഎ സർക്കാരിന്റെ കാലത്തെ തോല്പിക്കുന്ന വിധമാണ് ബിജെപി സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. കോർപറേറ്റ് ആഭിമുഖ്യ നയങ്ങളിൽ പൂർണമായും സാധാരണ പൗരന്മാർ പാർശ്വവൽക്കരിക്കപ്പെടുകയും വികല സാമ്പത്തിക നയങ്ങളുടെ സൃഷ്ടിയായി പണപ്പെരുപ്പവും വിലക്കയറ്റവും വേതനം കുറയ്ക്കലും തൊഴിൽ സുരക്ഷിതത്വമില്ലായ്മയും വ്യാപകമാവുകയും ചെയ്തു. ഈവിധം നടുവൊടിഞ്ഞുകിടക്കുന്ന ജനത്തിനുമീതെയാണ് പാചകവാതക വില വർധനയുടെ ഭാരം കൂടി അടിച്ചേല്പിച്ചിരിക്കുന്നത്. പെട്രോൾ, ഡീസൽ വില വർധന ഡെമോക്ലസിന്റെ വാൾ പോലെ തലയ്ക്കുമീതെ തൂക്കിവയ്ക്കുകയും ചെയ്തിരിക്കുന്നു. ജനങ്ങളെ പൂർണമായും അവഗണിക്കുന്നതാണ് തങ്ങളുടെ നയമെന്ന് വീണ്ടും തെളിയിക്കുകയാണ് ഈ ക്രൂരകൃത്യത്തിലൂടെ ബിജെപി സർക്കാർ ചെയ്തിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.