കുട്ടികളെക്കുറിച്ചുതന്നെ വീണ്ടും വീണ്ടും എഴുതേണ്ടിവരുന്നത് ദുഃഖകരമാണ്. രണ്ടാഴ്ച മുമ്പ് കോട്ടയത്തെ നഴ്സിങ് കോളജിൽ നടന്ന റാഗിങ്ങുമായി ബന്ധപ്പെട്ട് എഴുതേണ്ടിവന്നിരുന്നു. അതുപോലൊരു ക്രൂരകൃത്യം ഇനിയുണ്ടാകില്ലെന്ന പ്രതീക്ഷ നിൽക്കുമ്പോഴാണ് വീണ്ടും കോഴിക്കോട് താമരശേരിയിൽ അതിനെക്കാൾ നിഷ്ഠുരമായ സംഭവമുണ്ടായിരിക്കുന്നത്. അധ്യയനവർഷാവസാനത്തിലെ യാത്രപറയൽ ചടങ്ങ് സംഘർഷത്തിലെത്തുകയും കൂട്ടത്തല്ലിൽ ഗുരുതര പരിക്കേറ്റ് 15കാരനായ വിദ്യാർത്ഥി മരിക്കുകയുമായിരുന്നു. താമരശേരി ചുങ്കം പാലോറക്കുന്നിലെ മുഹമ്മദ് ഷഹബാസാണ് മരിച്ചിരിക്കുന്നത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഈ സംഭവത്തിന് പിന്നാലെ പുറത്തുവന്നിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ പരസ്പരം അറിയിച്ചും പ്രഖ്യാപിച്ചുമാണ് കൊലയിലേയ്ക്ക് നയിച്ച സംഭവങ്ങളുണ്ടായതെന്നാണ് വെളിപ്പെടുത്തൽ. വിദ്യാർത്ഥികൾ വാട്ട്സ്ആപ്പിലും ഇൻസ്റ്റഗ്രാമിലും ഗ്രൂപ്പുകളിൽ പരസ്പരം സംവദിക്കുന്നതിന്റെയും സംഘർഷം ആസൂത്രണം ചെയ്യുന്നതിന്റെയും വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കൊടും കുറ്റവാസനയുള്ളവരിൽ നിന്നുപോലും പ്രതീക്ഷിക്കാത്ത ആസൂത്രണ സ്വഭാവമുള്ളതാണ് സംഘർഷത്തിന് മുന്നോടിയായി നടന്ന ഈ സമൂഹമാധ്യമ സന്ദേശങ്ങൾ. ഷഹബാസിന്റെ മരണം സ്ഥിരീകരിച്ച ദിവസം തന്നെയാണ് പാലക്കാട് ഒറ്റപ്പാലത്ത് നിന്ന് സഹപാഠിയുടെ മർദനത്തെ തുടർന്ന് ഐടിഐ വിദ്യാർത്ഥി സാജന് സാരമായ പരിക്കേറ്റ വാർത്തയും പുറത്തുവന്നത്. ഇതിന് പിന്നാലെ പാലക്കാട് പറളിയിലെ എയ്ഡഡ് വിദ്യാലയത്തിൽ സമാന സംഭവത്തിൽ വിദ്യാർത്ഥിയുടെ കാഴ്ച നഷ്ടമായ വിവരവും പുറത്തുവന്നിരിക്കുന്നു. നമ്മുടെ കുട്ടികൾക്ക് എന്ത് സംഭവിക്കുന്നുവെന്ന് ഭയപ്പാടോടെ ചോദിക്കേണ്ടി വരുന്ന സംഭവങ്ങളാണ് ഇവയെല്ലാം. ഓരോ സംഭവങ്ങൾ ഉണ്ടാകുമ്പോഴും മാധ്യമങ്ങളുടെ കൊട്ടിഘോഷങ്ങൾക്കൊപ്പം സമൂഹമാകെ ഈ ചോദ്യം ഉന്നയിക്കുകയും ശേഷം മറക്കുകയും ചെയ്യുന്നു. പിന്നീട് അത് ഇരയുടെയും കുറ്റാരോപിതരുടെയും മാത്രം വിഷയമായി മാറുന്നു.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേൾക്കുക മാത്രം ചെയ്തിരുന്ന ഇത്തരം ക്രൂരതകൾ നമുക്കിടയിലും വേരാഴ്ത്തുന്നുണ്ടെങ്കിൽ കേരളത്തിന്റെ സാമൂഹ്യ, രാഷ്ട്രീയ ബോധ്യത്തിന് എന്തോ പോരായ്മ സംഭവിച്ചിട്ടുണ്ട് എന്നുതന്നെയാണ് അതിനർത്ഥം. ഇപ്പോൾ നാമതിന് മൊബൈൽ ഫോണുകളെയും സമൂഹമാധ്യമങ്ങളെയും ചലച്ചിത്രത്തിലെ പ്രമേയങ്ങളെയും കുറ്റക്കാരായി കണ്ടെത്തുകയും ചെയ്യുന്നു. വിനിമയത്തിനും വിവര സമാഹരണത്തിനുമുള്ള ഉപാധിയെന്ന നിലയിൽ നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യവും അനിവാര്യവുമായ ഘടകമാണ് മൊബൈൽ ഫോണുകൾ. അവ വിനോദോപാധി കൂടിയായി പരിണമിച്ചപ്പോൾ സംഭവിച്ച വഴിവ്യതിയാനമാണ് അതിനെ വില്ലനാക്കുന്നത്. മൊബൈൽ ഫോണുകളിലൂടെ വിരൽത്തുമ്പിലെത്തിയ സമൂഹമാധ്യമ ഇടങ്ങൾ വിദ്യാർത്ഥികൾക്ക് മാത്രമല്ല, മുതിർന്നവർക്കുപോലും ആസ്വദിക്കാവുന്ന ഉള്ളടക്കങ്ങളല്ല നൽകുന്നത്. റീലുകളെന്നും മറ്റുമുള്ള പേരിൽ പടച്ചുവിടുന്ന സൃഷ്ടികൾ മഹാഭൂരിപക്ഷവും മനസിനെ ഇക്കിളിപ്പെടുത്തുകയും അഹംബോധം വളർത്തുകയും അസഹിഷ്ണുത പടർത്തുകയും ചെയ്യുന്നവയാണ്. കമന്റുകളെന്ന പേരിലുള്ള അഭിപ്രായപ്രകടനങ്ങളും യാഥാർത്ഥ്യബോധമോ വസ്തുനിഷ്ഠതയോ ആവശ്യമില്ലാത്തവയുമാണ്. ഈ ഇടത്തിൽ നിന്നാണ് പുതിയ തലമുറ, സമൂഹത്തെ പാഠപുസ്തകത്തിന് പുറത്തുനിന്ന് നോക്കിക്കാണുന്നത്. അവിടെയാണെങ്കിൽ അവർക്ക് ചുറ്റും ലഹരിയുടെ മായാവലയവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അബോധ മനസിലേയ്ക്ക് വീഴുന്ന ഒരു തലമുറ രൂപപ്പെടുന്നു. അതോടൊപ്പം തന്നെ നമ്മുടെ കുടുംബ ബന്ധങ്ങളിലുണ്ടായ മാറ്റങ്ങളും കുട്ടികളുടെ മാനസികാരോഗ്യത്തെയാണ് ബാധിക്കുന്നത്. ഇതെല്ലാംകൊണ്ട് അധ്യാപകർ പഠിപ്പിക്കുന്നത് പരീക്ഷ പാസാകുന്നതിനുള്ള ഉപാധികളും അല്ലാത്തവ ജീവിതത്തിൽ പകർത്താനുള്ളതുമെന്ന നിരർത്ഥകബോധ്യത്തിലേയ്ക്ക് പല കുട്ടികളും നിപതിക്കുന്നു. സെൻസർഷിപ്പ് ബാധകമായ സിനിമകളിൽ പോലും ക്രൂരതകൾ നിറഞ്ഞ രംഗങ്ങൾ വെട്ടിമാറ്റപ്പെടാതിരിക്കുമ്പോൾ അത്തരം നിരീക്ഷണ, നിയന്ത്രണ സംവിധാനങ്ങളിലാത്ത സമൂഹമാധ്യമങ്ങളിൽ അവ നിറഞ്ഞാടുന്നതിന് ആരെയാണ് നാം കുറ്റപ്പെടുത്തുക.
വൈകൃതങ്ങളെ വിമർശിക്കുന്നതുപോലും പ്രത്യേക പേരുകളിൽ പരിഹസിക്കപ്പെടുന്ന കെട്ടകാലത്ത് വിദ്യാലയങ്ങളെയും കലാലയങ്ങളെയും സാംസ്കാരിക ഇടങ്ങളും കൂട്ടായ്മയുടെ വേദികളുമായി തിരിച്ചുപിടിക്കുക എന്നത് അനിവാര്യമായിരിക്കുന്നു. അരാഷ്ട്രീയ കാമ്പസുകൾക്കുവേണ്ടി വാദിക്കുകയും നിയമനിർമ്മാണത്തിന് ശ്രമിക്കുകയും ചെയ്തവർ ഈ അപകടത്തിൽ അറിഞ്ഞോ അറിയാതെയോ കാരണക്കാരായിട്ടുണ്ടെന്നത് അംഗീകരിച്ചേതീരൂ. സർഗാത്മകതയും സംഘബോധവും സഹജീവിസ്നേഹവും വളർത്തുന്ന പാഠപുസ്തകങ്ങൾക്കൊപ്പം അതിനനുസൃതമായ സാമൂഹ്യാന്തരീക്ഷവും കുടുംബ പശ്ചാത്തലവും സൃഷ്ടിക്കപ്പെടുക തന്നെ വേണം. അതിനുവേണ്ടിയുള്ള കൂട്ടായ ചിന്തകളും നടപടികളുമാണ് നമുക്ക് ആവശ്യമായിട്ടുള്ളത്. അതുകൊണ്ട് കുട്ടികളെ കരുതിയിരിക്കുക എന്നല്ല നമ്മുടെ കുട്ടികളെ കരുതുക എന്നതാണ് ഓരോ വ്യക്തിയും കുടുംബവും സമൂഹവും കടമയായി ഏറ്റെടുക്കേണ്ടത്. അവര്‍ക്ക് നല്ല വിദ്യാഭ്യാസവും ഭക്ഷണവും മാത്രമല്ല മാനസികാരോഗ്യം നല്‍കുന്നതിനുള്ള പദ്ധതികളുമുണ്ടാകണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.