5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

November 1, 2024
October 30, 2024
October 29, 2024
October 28, 2024
October 27, 2024
October 23, 2024
October 21, 2024
October 19, 2024
October 18, 2024
October 14, 2024

ജനാധിപത്യത്തിന് മരണമണി

Janayugom Webdesk
December 15, 2023 5:00 am

2023ലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറും മറ്റ് തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരും (നിയമന വ്യവസ്ഥകളും സേവന കാലാവധിയും) ബില്‍ രാജ്യസഭയിലും പാസായതോടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ പൂര്‍ണമായും കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലെത്തിയിരിക്കുന്നു. മറ്റെല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയുമെന്നതുപോലെ, നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ബിജെപി സര്‍ക്കാര്‍ 2014ല്‍ അധികാരത്തിലെത്തിയതു മുതല്‍ തെരഞ്ഞെടുപ്പ് കമ്മിഷനും ആരോപണ വിധേയമായിരുന്നു. അതിന്റെ സ്വതന്ത്ര സ്വഭാവം നഷ്ടപ്പെട്ടുവെന്നതിന് നിരവധി ഉദാഹരണങ്ങളും കണ്ടിരുന്നതാണ്. 2019ലെ പൊതുതെരഞ്ഞെടുപ്പിലും കഴിഞ്ഞ മാസം നടന്ന അഞ്ച് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പോലും അതിനുള്ള നിരവധി തെളിവുകള്‍ എടുത്തുകാട്ടാനുണ്ട്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അന്ന് ബിജെപി നേതാവായിരുന്ന ഇപ്പോഴത്തെ ആഭ്യന്തര മന്ത്രി അമിത് ഷായും പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. പരാതി പരിഗണിച്ച അന്നത്തെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇരുവരെയും കുറ്റവിമുക്തരാക്കിയത് വിവാദമാകുകയും ചെയ്തു. പ്രസ്തുത നടപടി അന്ന് കമ്മിഷണറായിരുന്ന അശോക് ലവാസയുടെ എതിര്‍പ്പോടെയായിരുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അതിന്റെ പ്രതികാരമെന്ന നിലയില്‍ നരേന്ദ്ര മോഡിയും അമിത് ഷായുമടങ്ങുന്ന മന്ത്രിസഭ അധികാരമേറ്റതിനു പിന്നാലെ ലവാസയുടെ ബന്ധുക്കള്‍ക്കെതിരെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അന്വേഷണവും ചോദ്യം ചെയ്യലും അനന്തര നടപടികളും ആരംഭിച്ചു. ഈ വിധത്തില്‍ ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്താന്‍ ബിജെപി സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും അതിന് നില്‍ക്കാതെ ലവാസ സ്ഥാനമൊഴിഞ്ഞുപോയി. അതോടെ അന്വേഷണ ഏജന്‍സികളുടെ നടപടികള്‍ മന്ദഗതിയിലാവുകയും പിന്നീട് സ്വാഭാവികമെന്നോണം മരവിക്കുകയും ചെയ്തു. തങ്ങള്‍ക്കു വഴങ്ങാത്തവരെ ഭീതിയിലാക്കി കൂടെനിര്‍ത്താനുള്ള ശ്രമങ്ങള്‍ ഇതുപോലെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. വിവിധ തെരഞ്ഞെടുപ്പുകളില്‍ പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പതിനായിരക്കണക്കിന് പേരുകള്‍ വോട്ടര്‍പ്പട്ടികയില്‍ നിന്ന് തള്ളുന്നുവെന്ന പരാതികളും സമീപകാലത്ത് വ്യാപകമായിട്ടുണ്ട്.

 


ഇതുകൂടി വായിക്കൂ; പാര്‍ലമെന്റ് സുരക്ഷാവീഴ്ച സര്‍ക്കാര്‍ അനാസ്ഥ ; അഞ്ച് വര്‍ഷമായി സുരക്ഷാ സമിതിയില്ല


കഴിഞ്ഞമാസം നടന്ന തെരഞ്ഞെടുപ്പില്‍ പെരുമാറ്റച്ചട്ടം ലംഘിച്ചുള്ള വാഗ്ദാനങ്ങളും വിദ്വേഷ പ്രസംഗങ്ങളും സാമുദായിക പ്രീണന സമീപനങ്ങളും ബിജെപി നേതാക്കളില്‍ നിന്നുണ്ടായെങ്കിലും നോക്കുകുത്തിയായ കമ്മിഷനെയാണ് നാം കണ്ടത്. അതേസമയം പ്രതിപക്ഷ നേതാക്കളില്‍ പലര്‍ക്കെതിരെയും വിശദീകരണ നോട്ടീസ് നല്‍കുകയും നടപടിയിലേക്ക് നീങ്ങുകയും ചെയ്തതും നമ്മുടെ അനുഭവമാണ്. ഭീഷണികളിലൂടെയും പ്രലോഭനങ്ങളിലൂടെയും കമ്മിഷനെ വരുതിയിലാക്കുന്നതിന് പകരം നിയമന ഘട്ടത്തില്‍തന്നെ ഇഷ്ടക്കാരെ പ്രതിഷ്ഠിക്കുന്നതിനുള്ള നിയമനിര്‍മ്മാണത്തിനാണ് ബിജെപി സര്‍ക്കാര്‍ തയ്യാറായിരിക്കുന്നത്. പ്രധാനമന്ത്രി, ലോക്‌സഭാ പ്രതിപക്ഷ നേതാവ്, പ്രധാനമന്ത്രി നിശ്ചയിക്കുന്ന കേന്ദ്രമന്ത്രി എന്നിവര്‍ ചേര്‍ന്ന സമിതിയാകും പുതിയ ബില്‍ പ്രകാരം മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെയും മറ്റ് തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെയും നിയമിക്കുക. തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിയമനം നടത്തുന്നതിന് പ്രധാനമന്ത്രി, ലോക്‌സഭാ പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന ഉന്നതസമിതി വേണമെന്ന് കഴി‍ഞ്ഞ മാര്‍ച്ചില്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിനെ മറികടക്കാനും നിയമനം തങ്ങളുടെ പൂര്‍ണ നിയന്ത്രണത്തിലാക്കുന്നതിനുമാണ് ഇപ്പോഴത്തെ ഭേദഗതി നിയമം കൊണ്ടുവന്നിരിക്കുന്നത്.

 


ഇതുകൂടി വായിക്കൂ;  ഊതിക്കാച്ചിയ പൊന്നും ദേശീയദുരന്തവും


 

നിയമനത്തിന് പരിഗണിക്കേണ്ടവരുടെ പേരുകള്‍ കണ്ടെത്തുന്നതിനുള്ള സമിതിയും കേന്ദ്ര സര്‍ക്കാരിനോട് വിധേയത്വമുള്ള ഉദ്യോഗസ്ഥരെ ഉള്‍ക്കൊള്ളിക്കാവുന്ന വിധത്തിലാക്കി. തങ്ങളുടെ മുന്‍ഗാമികളെപ്പോലും മറന്നാണ് സ്വേച്ഛാധിപത്യ മനോഭാവം നെറുകയില്‍ കൊണ്ടുനടക്കുന്ന മോഡിയും അമിത് ഷായും ഈ വിധം നടപടികള്‍ കൈക്കൊള്ളുന്നത്. നേരത്തെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിയമനത്തിലെ സുതാര്യത സംബന്ധിച്ച ചര്‍ച്ച ഉയര്‍ന്ന വേളയില്‍, പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ്, നിയമമന്ത്രി, ഇരുസഭകളിലെയും പ്രതിപക്ഷ നേതാക്കൾ എന്നിവരടങ്ങുന്ന സമിതി വേണമെന്നാണ് 2012ൽ മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അഡ്വാനി നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ മൂന്നംഗസമിതി, അതില്‍ രണ്ടുപേര്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധികള്‍ എന്ന പുതിയ സ്ഥിതിയുണ്ടാകുമ്പോള്‍ അത് തീര്‍ത്തും പക്ഷപാതപരമാകുമെന്നതില്‍ സംശയമില്ല. നമ്മുടെ ജനാധിപത്യ പ്രക്രിയയുടെ പ്രത്യേകത നിഷ്പക്ഷവും സുതാര്യവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഭരണഘടനാപരമായി ഉറപ്പുവരുത്തിയിരിക്കുന്നു എന്നതാണ്. എക്സിക്യൂട്ടീവിന്റെ അധികാരപരിധിക്കുപുറത്ത് സ്വതന്ത്രമായ പ്രവര്‍ത്തന സംവിധാനം ഉറപ്പുവരുത്തുന്ന നിയമന രീതി തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളെ സുതാര്യമാക്കുന്നതിന് സഹായകമായിരുന്നു. ഇരുസഭകളിലും തങ്ങള്‍ക്ക് ഭൂരിപക്ഷമുണ്ട് എന്ന സാങ്കേതികത്വം ഉപയോഗിച്ച് അതിനെ അട്ടിമറിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. തങ്ങളുടെ വിധേയജീവിയായി തെരഞ്ഞെടുപ്പ് കമ്മിഷനെ മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ഭേദഗതി പാസാക്കിയെടുത്തിരിക്കുന്നത്. നാം കൊട്ടിഘോഷിക്കുന്ന ജനാധിപത്യത്തിന്റെ തന്നെ മരണമണിയാണ് ഇതിലൂടെ മുഴങ്ങുന്നത്.

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.