ലോകരാജ്യങ്ങളെയാകെ മുൾമുനയിൽ നിർത്തിയ പകരച്ചുങ്ക തീരുമാനം 90 ദിവസത്തേക്ക് നിർത്തിവയ്ക്കുന്നതിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിര്‍ബന്ധിതനായിരിക്കുന്നു. കുറേയേറെ രാജ്യങ്ങൾ തീരുവ സംബന്ധിച്ച് സമവായം വേണമെന്നും ചർച്ചകൾക്ക് തയ്യാറാണെന്നും സമ്മതിച്ചതിനാലാണ് താൽക്കാലികമായി നിർത്തുന്നതെന്നാണ് ട്രംപിന്റെ വിശദീകരണം. ആഗോളതലത്തിൽ മാന്ദ്യത്തിന്റെയും വ്യാപാര യുദ്ധത്തിന്റെയും നിഴൽ സൃഷ്ടിച്ച ട്രംപിന്റെ നിലപാടിനെതിരെ വ്യാപക പ്രതിഷേധവും പകരം നടപടികളും വിവിധ രാജ്യങ്ങളിൽ നിന്നുണ്ടായി. യൂറോപ്യൻ യൂണിയനും യുണൈറ്റഡ് കിങ്ഡവും ചൈനയുമുൾപ്പെടെ രാജ്യങ്ങളും സഖ്യങ്ങളുമെല്ലാം ട്രംപിന്റെ നിലപാട് ചോദ്യം ചെയ്ത് രംഗത്തുവന്നു. യുഎസിനെ വെല്ലുവിളിച്ച് ഇറക്കുമതി തീരുവകളിൽ വർധന വരുത്തിയും ശക്തമായ നിലപാടെടുത്തും ചൈന ഉൾപ്പെടെ രാജ്യങ്ങൾ ചെറുത്തുനിൽക്കുകയും ചെയ്തു. യഥാർത്ഥത്തിൽ മാന്ദ്യസാധ്യതയും വ്യാപാര യുദ്ധസാഹചര്യങ്ങളും തീർത്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് പ്രഖ്യാപനം ലോക രാഷ്ട്രങ്ങളിലെ പരമ്പരാഗത സഖ്യങ്ങളിൽ ചേരിതിരിവുണ്ടാക്കിയെന്നത് വസ്തുതയാണ്. യുഎസിനോട് ആഭിമുഖ്യം പുലർത്തിയിരുന്ന, സാമ്രാജ്യത്വ കോർപറേറ്റ് നയങ്ങൾ പിന്തുടരുന്ന രാജ്യങ്ങളും സഖ്യങ്ങളും അവരോട് മുഖം തിരിഞ്ഞുനിൽക്കുകയും പരസ്പരാശ്രിതത്വത്തിന്റെ ചട്ടക്കൂട് വിട്ട് പുറത്തുവരാൻ തയ്യാറാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
തങ്ങളുടെ വ്യവസായങ്ങള്‍ക്ക് യുകെ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ സർക്കാർ സംരക്ഷണം വാഗ്ദാനം ചെയ്തു. ആഭ്യന്തര മത്സരശേഷി മെച്ചപ്പെടുത്തി ആഗോള ആഘാതത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസിലേക്കുള്ള കാറുകളുടെ കയറ്റുമതി നിർത്തിവയ്ക്കാൻ ബ്രിട്ടീഷ് കാർ നിർമ്മാതാക്കളായ ജാഗ്വാർ ലാൻഡ് റോവർ തീരുമാനിച്ചു. യുഎസിന്റെ താരിഫ് യുദ്ധത്തോടെ ആഗോളവൽക്കരണം തന്നെ അവസാനിച്ചുവെന്ന നിലപാട് പരസ്യമായി പറയുന്നതിന് യുകെ ട്രഷറി ചീഫ് സെക്രട്ടറി ഡാറൻ ജോൺസ് ധൈര്യം കാട്ടി. സമാനമായി യുഎസിന്റെ സഖ്യശക്തികളെന്നറിയപ്പെട്ടിരുന്നതും അല്ലാത്തതുമായ രാജ്യങ്ങൾ നിലപാടെടുത്തു. ചിലർ ചർച്ചയിലൂടെ പരിഹരിക്കണമെന്ന അഭിപ്രായക്കാരായിരുന്നുവെങ്കിൽ കീഴടങ്ങേണ്ടതില്ലെന്ന നിലപാടെടുത്തവരായിരുന്നു കൂടുതൽ. ചൈന ആദ്യം 34, പിന്നീട് 50 വീതം 84 ശതമാനം തീരുവ യുഎസ് ഉല്പന്നങ്ങൾക്ക് പ്രഖ്യാപിച്ചു. യൂറോപ്യൻ യൂണിയനും ജപ്പാനും സമാന പ്രതികരണം നടത്തി. ചർച്ചയിൽ സമവായമുണ്ടായില്ലെങ്കിൽ പ്രതിരോധ നടപടികൾ സ്വീകരിക്കുമെന്ന് യൂറോപ്യൻ യൂണിയൻ മേധാവി ഉറുസുല വോൻ ഡെറും യു എസ് ഓൺലൈൻ സർവീസുകൾക്ക് നികുതി ചുമത്തുമെന്ന് ഫ്രാൻസും പ്രഖ്യാപിച്ചു. തീരുമാനത്തിനെതിരെ ശക്തമായി പൊരുതുമെന്നായിരുന്നു കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണേ അഭിപ്രായപ്പെട്ടത്. ഓസ്ട്രേലിയ, ബ്രസീൽ ഉൾപ്പെടെ നിരവധി രാജ്യങ്ങളും യുഎസിനെതിരെ നിലപാടെടുത്തു. ഈ സാഹചര്യത്തിലാണ് ട്രംപിന് തന്റെ നികുതി യുദ്ധം താൽക്കാലികമായി നിർത്തലാക്കേണ്ടിവന്നിരിക്കുന്നത്.
ഇതിനിടയില്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം ഇന്ത്യയുടെ പ്രധാനമന്ത്രി ഒരു വാക്കുപോലും സംസാരിച്ചില്ല എന്നതാണ്. ഒട്ടുമിക്ക രാജ്യങ്ങളും ട്രംപിനും പകരച്ചുങ്കത്തിനുമെതിരെയും എന്തെങ്കിലും പറഞ്ഞപ്പോൾ മോഡി ഒരു പ്രതികരണവും നടത്തിയില്ല. വൻ സാമ്പത്തിക ശക്തിയായി മാറുന്നുവെന്ന് മേനി നടിക്കുന്ന ഇന്ത്യയുടെ പ്രധാനമന്ത്രി മാത്രമാണ് എന്തെങ്കിലും പറയാൻ തുനിയാതിരുന്ന ഏകഭരണാധികാരി. പ്രത്യാഘാതം വിലയിരുത്തുമെന്ന വളരെ മയപ്പെട്ട പ്രസ്താവനയാണ് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയിൽ നിന്നുണ്ടായത്. കൂടാതെ യുഎസിൽ നിന്നുള്ള ചില ഉല്പന്നങ്ങളുടെ തീരുവ കുറച്ചുകൊണ്ട് വിധേയത്വം കാട്ടുന്നതിനും ബിജെപി സർക്കാർ തയ്യാറായി. തങ്ങളുടെ സമ്മർദത്തിന് വഴങ്ങിയാണ് ഈ നടപടിയുണ്ടായത് എന്ന് ട്രംപിന്റെ പ്രസ്താവനയുണ്ടായിട്ടും പ്രതികരണമുണ്ടായില്ല. രാജ്യത്തിന്റെ സമ്പദ്ഘടനയെ ഗുരുതരമായി ബാധിക്കുമെന്നതിന്റെ സൂചനകളുമായി ഓഹരിവിപണികളിൽ വൻ ഇടിവുണ്ടായി 14 ലക്ഷത്തിലധികം കോടി രൂപയുടെ നഷ്ടം സംഭവിച്ചപ്പോഴും മോഡിയും കേന്ദ്ര സർക്കാരും എന്തെങ്കിലും പറഞ്ഞില്ല. നേരത്തെ ട്രംപ് അധികാരമേറ്റയുടൻ അനധികൃതമായി യുഎസിൽ താമസിക്കുന്ന ഇന്ത്യക്കാരെ മനുഷ്യത്വരഹിതമായി കാൽച്ചങ്ങലയും കയ്യാമവും വച്ച് തിരിച്ചയപ്പോഴും മോഡി മഹാമൗനത്തിലായിരുന്നു. അത് അവിടത്തെ പതിവാണെന്നായിരുന്നു കേന്ദ്രത്തിന്റെ പ്രതികരണം. യുഎസിനോടും പ്രത്യേകിച്ച് ഡൊണാൾഡ് ട്രംപിനോടുമുള്ള വിനീത വിധേയത്വമാണ് ഇതിലൂടെ പ്രകടമാകുന്നത്. നാലുവർഷം മുമ്പ് പ്രസിഡന്റ് പദത്തിലിരിക്കെ ട്രംപിനോട് മോഡി കാട്ടിയ അമിത വിധേയത്വത്തിന്റെ ഓർമ്മകൾ ഇപ്പോഴും മാഞ്ഞുപോയിട്ടില്ല. സ്വന്തം രാജ്യത്തിന്റെ സാമ്പത്തിക താല്പര്യങ്ങളും വ്യാപാര നേട്ടങ്ങളും ഇറക്കുമതി വർധനയുമെല്ലാം തകിടം മറിക്കുന്ന നയം യുഎസ് സ്വീകരിച്ചപ്പോൾ ഇത്തരമൊരു നിലപാട് കൈക്കൊണ്ട മോഡിയും കേന്ദ്ര ഭരണാധികാരികളും തങ്ങളുടെ കടുത്ത യുഎസ് — ട്രംപ് ദാസ്യമനോഭാവമാണ് പ്രകടിപ്പിച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.