14 January 2025, Tuesday
KSFE Galaxy Chits Banner 2

കുടുംബ ബന്ധങ്ങളും സങ്കല്പങ്ങളും പരിഷ്കരിക്കണം

Janayugom Webdesk
April 12, 2022 5:00 am

വിഖ്യാതമായ കേരളമോഡലിന്റെ ശോഭകെടുത്തുന്നതും നാടിന്റെ എല്ലാ നന്മകളെയും തിരസ്കരിക്കുന്നതുമായ വാർത്തകളാണ് ഒരോദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കൊല്ലം ജില്ലയിലെ ചവറയിൽ വൃദ്ധമാതാവിനെ മകൻ മദ്യലഹരിയിൽ അതിക്രൂരമായി മർദ്ദിക്കുന്ന ഹൃദയഭേദകമായ ദൃശ്യം ഇന്നലെ കേരളം ഞെട്ടലോടെയാണ് കണ്ടത്. തൊട്ടുമുൻദിവസം, ഞായറാഴ്ചയാണ്, തൃശൂരിലെ പുതുക്കാട് മറ്റൊരു മകൻ അച്ഛനമ്മമാരെ വെട്ടിക്കൊലപ്പെടുത്തിയത്. അതിനും ഒരുദിവസം മുൻപാണ് കോഴിക്കോട് ജില്ലയിൽ ഒരു ഭർത്താവ് ഭാര്യയുടെ ചെവി കടിച്ചുപറിച്ചതും ഒൻപതുകാരി മകളുടെ മേൽ ചൂടുവെള്ളം കോരിയൊഴിച്ചു പൊള്ളിച്ചതും. ദിനംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുന്ന കുഞ്ഞുങ്ങൾക്കും ജീവിതപങ്കാളികൾക്കും വൃദ്ധരായ മാതാപിതാക്കൾക്കും എതിരായ ക്രൂരതയുടെയും കുറ്റകൃത്യങ്ങളുടെയും ഞെട്ടിപ്പിക്കുന്ന വാർത്തകൾ പ്രബുദ്ധകേരളത്തെ തലകുനിപ്പിക്കുക മാത്രമല്ല നമ്മുടെ സാമൂഹിക പുരോഗതിയെ പറ്റിയുള്ള സമസ്ത അവകാശവാദത്തെയും സ്വയം വിമർശനത്തിന്റെ മുൾമുനയിൽ നിർത്തുകയുമാണ്.


ഇതുകൂടി വായിക്കൂ: നീതിന്യായ വ്യവസ്ഥയെ തകര്‍ക്കുന്ന കോടതി ഉത്തരവുകള്‍


ഇവയൊന്നും കുടുംബത്തിന്റെ നാലതിരുകളിൽ ഒതുങ്ങി നിൽക്കുന്നവയാണെന്നു കരുതാനും ന്യായമില്ല. മാധ്യമങ്ങളിലൂടെ അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുന്ന വാർത്തകളും ദൃശ്യങ്ങളും വിശകലന വിധേയമാക്കിയാൽ രോഗാതുരമായ ഒരു സാമൂഹിക മനസിനെയാണ് അത് തുറന്നുകാണിക്കുന്നത്. നാടിന്റെ വികസനത്തെപ്പറ്റിയും സാമ്പത്തിക പുരോഗതിയെ പറ്റിയും കൂലങ്കഷവും നിരന്തരവുമായ ചര്‍ച്ചകളിൽ ഏർപ്പെട്ടിരിക്കുന്ന ഭരണകൂടവും സാമൂഹിക ചിന്തകരും മാധ്യമങ്ങളും മതസാമുദായിക സംഘടനകളുമടക്കം സമൂഹം ഒന്നാകെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ഒന്നായി ഈ സംഭവവികാസങ്ങൾ മാറിയിരിക്കുന്നു. അടിയന്തരപ്രാധാന്യത്തോടെ ഈ സാമൂഹിക പ്രതിഭാസത്തെ വിശകലനം ചെയ്യാനും വിലയിരുത്താനും വൈകുന്നത് കേരളം നാളിതുവരെ കൈവരിച്ചതെന്ന് അഭിമാനിക്കുന്ന എല്ലാ നേട്ടങ്ങളുടെയും അപമാനകരമായ തിരസ്കാരം ആയിരിക്കും.

കേരളത്തിന്റെ പൊതു സാമൂഹികപുരോഗതിക്കും സാമ്പത്തിക മാറ്റങ്ങൾക്കും അനുസൃതമായി നമ്മുടെ കുടുംബബന്ധങ്ങളെയും സങ്കല്പങ്ങളെയും പുനര്‍നിര്‍ണയിക്കാനും കാലോചിതമായി പരിഷ്കരിക്കാനും നമുക്ക് കഴിഞ്ഞിട്ടില്ല എന്ന് ഒറ്റനോട്ടത്തിൽ ആർക്കും ബോധ്യപ്പെടും. കുടുംബം ഏതു സമൂഹത്തിന്റെയും അടിസ്ഥാന ഘടകമായാണ് ഇപ്പോഴും വിലയിരുത്തപ്പെട്ടു പോരുന്നത്. സാമൂഹിക മാറ്റത്തിനു അനുസൃതമായി കുടുംബ സങ്കല്പങ്ങളിലും ഘടനയിലും മാറ്റം കൂടിയേതീരൂ. സാമൂഹിക നവോത്ഥാനത്തെപ്പറ്റിയുള്ള നമ്മുടെ മേനിപറച്ചിലുകൾക്കപ്പുറത്തേക്ക് കുടുംബസങ്കല്പങ്ങളിലും ഘടനയിലും മൗലികമായ മാറ്റം എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്ന ആത്മപരിശോധന ആവശ്യമായിരിക്കുന്നു. കൂട്ടുകുടുംബങ്ങൾ അണുകുടുംബങ്ങളായി മാറിയെങ്കിലും കൂട്ടുകുടുംബ മനോഭാവത്തിൽ തെല്ലും മാറ്റം ഉണ്ടായതായി കരുതാനാവില്ല. മേല്പറഞ്ഞ അനിഷ്ടസംഭവങ്ങൾ അല്ലെങ്കിൽ ദുരന്തങ്ങളിൽ ഓരോന്നിലും അതിന്റെ തെളിവുകൾ പ്രകടമാണ്. കൂട്ടുകുടുംബങ്ങൾ അപ്രത്യക്ഷ്യമാകുമ്പോൾ അണുകുടുംബങ്ങൾ സ്വാഭാവികമായും കൈവരിക്കേണ്ട സാമ്പത്തിക സുരക്ഷിതത്വവും സ്വാതന്ത്ര്യവും കൈവരിക്കാൻ ആവുംവിധം കേരളത്തിന്റെ സമ്പദ്ഘടനയും സാമൂഹിക അന്തരീക്ഷവും വികസിച്ചിട്ടില്ല എന്നതിന്റെ വ്യക്തമായ സൂചനയാണ് ദിനംപ്രതി എന്നോണം ആവർത്തിക്കുന്ന ദുരന്തങ്ങൾ വിളിച്ചുപറയുന്നത്.

 


ഇതുകൂടി വായിക്കൂ: മണിപ്പുരിലെ പെണ്‍കുട്ടിയും ഉക്രെയ്‌നിലെ കുട്ടികളും


 

അതിനു വിഘാതമാവുന്നതു ന്യായമായ വരുമാനത്തോടുകൂടിയ തൊഴിൽ സ്ത്രീപുരുഷഭേദമെന്യേ എല്ലാ പൗരന്മാർക്കും ഉറപ്പുനൽകാൻ സമൂഹത്തിനു കഴിയുന്നില്ല എന്നതാണ്. അത് ഉറപ്പു നല്കാനായാൽ വ്യക്തിസ്വാതന്ത്ര്യത്തിനും സ്വതന്ത്രമായ കുടുംബബന്ധങ്ങൾക്കും അനുയോജ്യമായ സാമൂഹിക അന്തരീക്ഷം ലഭ്യമാകും. അല്ലാത്തിടത്തോളം കുടുംബബന്ധങ്ങളിൽ അടിമത്ത മനോഭാവവും സ്വഭാവവും നിലനില്ക്കുകതന്നെ ചെയ്യും. അത് കുടുംബാംഗങ്ങളിൽ അടിമബോധം നിലനിർത്തുക മാത്രമല്ല കുടുംബങ്ങളെ മർദ്ദനത്തിന്റെയും പീഡനത്തിന്റെയും ഇടങ്ങളാക്കി നിലനിർത്തുകയും ചെയ്യും. കുടുംബങ്ങളിൽ സ്ത്രീകളും കുഞ്ഞുങ്ങളും വൃദ്ധമാതാപിതാക്കളും നിരന്തരം പീഡിപ്പിക്കപ്പെടുന്നത് തുടരുന്നിടത്തോളം കേരളമാതൃകയെപ്പറ്റിയുള്ള നമ്മുടെ അവകാശവാദങ്ങളും അഭിമാനബോധവും അസ്ഥാനത്തും അർത്ഥശൂന്യവും ആയിരിക്കും. ഇത്തരം അതിക്രമങ്ങളെ നേരിടാനുള്ള നിയമാധിഷ്ഠിത സംവിധാനങ്ങളും സാമൂഹിക കരുതൽ സംവിധാനങ്ങളും എത്രമാത്രം ദുർബലങ്ങളും കാര്യക്ഷമത കുറഞ്ഞവയെന്നും ദിനംപ്രതി പുറത്തുവരുന്ന സംഭവങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നു. സമൂഹത്തിൽ നിലനിന്നുപോരുന്ന കുടുബ സങ്കല്പങ്ങൾ ഉടച്ചുവാർക്കാതെയും സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാതെയും ഇത്തരം ദുരന്തങ്ങളിൽ നിന്നും കേരളസമൂഹത്തിനു മോചനമില്ല. ഇക്കാര്യങ്ങൾ വിശദമായി പരിശോധിക്കാനും അനുയോജ്യമായ നയപരിപാടികൾ ആവിഷ്കരിക്കാനും ദുരന്തങ്ങൾ തടയാനും സർക്കാരും അതിനു നേതൃത്വം നൽകുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയും മുന്നോട്ടുവരണം.

TOP NEWS

January 14, 2025
January 14, 2025
January 14, 2025
January 14, 2025
January 14, 2025
January 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.