5 May 2024, Sunday

ലെനിന്റെ വര്‍ധിക്കുന്ന പ്രസക്തി

Janayugom Webdesk
April 30, 2023 5:00 am

മഹാനായ ലെനിന്റെ ജന്മദിനം കടന്നുപോകുമ്പോള്‍ വര്‍ത്തമാന കാലഘട്ടത്തിലെ ധനമൂലധനത്തിന്റെ അധികാരത്തെക്കുറിച്ച് ചിന്തിക്കാതെ വയ്യ. ജനാധിപത്യ അവകാശങ്ങള്‍, ഭരണഘടന, ഭരണകൂടത്തെ തെരഞ്ഞെടുക്കാനുള്ള അവകാശം, വ്യത്യസ്ത ചിന്താസരണികളില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യം തുടങ്ങി മാനവ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതെല്ലാം ഇല്ലാതാക്കുന്ന മുതലാളിത്തത്തിന്റെ വന്യമായൊരു ഘട്ടമായാണ് ലെനിന്‍ അതിനെ നിര്‍വചിച്ചിരിക്കുന്നത്. ധനമൂലധന ഭരണം ഭക്ഷണവും അതിനുള്ള വഴികളും ഇല്ലാതാക്കുകയും പകരം ക്ഷാമകാലത്തിനായി പരിശ്രമിക്കുകയും ചെയ്യുന്നു. തൊഴില്‍ നിഷേധിക്കുന്നു. നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നില്ല. ആരോഗ്യവും വിദ്യാഭ്യാസവും ധനമൂലധന ഭരണസംവിധാനത്തിന്റെ മുന്‍ഗണനാ പട്ടികയില്‍ ഇല്ലേയില്ല. പക്ഷെ ഇക്കൂട്ടര്‍ ജനതയുടെ സംഘടിത ശക്തിയെ ഭയപ്പെടുന്നു. ഇത്തരം ഘട്ടത്തിലാണ് ബൂര്‍ഷ്വാസി ഉള്‍പ്പെടെ ജനാധിപത്യ വിശ്വാസികളുടെ സഖ്യം ലെനിന്‍ ചൂണ്ടിക്കാട്ടിയത്. ജനാധിപത്യ രാഷ്ട്രത്തിനായുള്ള പോരാട്ടത്തില്‍ ഒന്നിക്കേണ്ടതിന്റെ അനിവാര്യതയും ഊന്നിപ്പറയുന്നു.

 


ഇതുകൂടി വായിക്കു; ലെനിന്‍ മുസോളിയം


രാജ്യം കടന്നുപോകുന്നതും സമാനമായ സാഹചര്യത്തിലൂടെയാണ്. ‘പ്രക്ഷോഭം നടത്താനുള്ള സ്വാതന്ത്ര്യമില്ലാതെ, നിയന്ത്രിതമായ അവകാശങ്ങളുടെ അടിസ്ഥാനത്തില്‍’ നോക്കുകുത്തിയുടെ രൂപത്തില്‍ ജനാധിപത്യം നിലനില്‍ക്കണമെന്നാണ് രാജ്യഭരണകൂടത്തിന്റെ താല്പര്യം. തെരഞ്ഞെടുപ്പുകള്‍ നടക്കുന്നു; ജനാധിപത്യത്തിന്റെ ഇടപാട് ഇവിടെ അവസാനിക്കുന്നു. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ഫലപ്രദമായി ഇടപെടുകയും ചെയ്യേണ്ട പ്രതിപക്ഷത്തെ ജനാധിപത്യപരമായി ഇടപെടാന്‍ പോലും അനുവദിക്കുന്നില്ല. ധനമൂലധന ഭരണത്തെ നിര്‍വചിച്ചുകൊണ്ട് ലെനിന്‍ പറഞ്ഞത്, ധനമൂലധനം എവിടെ ഭരണം നടത്തുന്നുവോ അവിടങ്ങളില്‍ വിളങ്ങുക ദേശീയ വര്‍ഗീയതയാകും എന്നാണ്. രാജ്യത്തെ ഭരണകൂട ചെയ്തികള്‍ ആ മഹാന്റെ വാക്കുകളെ ഉച്ചെെസ്തരം വിളിച്ചു പറയുന്നു. അന്ധമായ ദേശീയതയുടെ വക്താവായ വി ഡി സവര്‍ക്കര്‍ 1923ല്‍ എഴുതി, ‘എല്ലാ ഹിന്ദുക്കളും വൈദിക പാരമ്പര്യത്തില്‍ ഉള്‍പ്പെട്ട സിന്ധുക്കളില്‍ നിന്ന് ഉത്ഭവിച്ച ശക്തമായ വംശത്തിന്റെ രക്തംപേറുന്നു. നാം ഹിന്ദുക്കള്‍ ഒന്നാണ്, കാരണം ഒരു രാഷ്ട്രവും ഒരു വംശവും ഒരു പൊതുസംസ്കൃതിയും പേറുന്നവര്‍. ദുരിതകാലത്തെ മറികടക്കാന്‍ ലഭ്യമായ എല്ലാ അവസരങ്ങളിലും യോജിച്ചുള്ള പോരാട്ടം ആരംഭിക്കേണ്ടതുണ്ട്’. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ എല്ലാ കമ്മ്യൂണിസ്റ്റുകാരും പങ്കെടുക്കണമെന്നും എല്ലാ ജനാധിപത്യ ശക്തികളെയും ഒന്നിച്ചുനിര്‍ത്തണമെന്നും ലെനിന്‍ ചൂണ്ടിക്കാട്ടി. ‘സ്ഥിരതയുള്ള ബഹുജന പ്രസ്ഥാനങ്ങള്‍ ഉണ്ടാകണം.

ലക്ഷ്യപ്രാപ്തിക്കായി ഐക്യമുന്നണി രൂപീകരിക്കേണ്ടതുണ്ട്. ഏതൊരു ദേശീയ മുന്നേറ്റവും ബൂര്‍ഷ്വാ ജനാധിപത്യ പ്രസ്ഥാനത്തിന്റെ രൂപത്തിലേക്ക് മാറും’ കാലത്തിന്റെ ആവശ്യമായ ഐക്യമുന്നണിയുടെ പ്രാധാന്യം വ്യക്തമാക്കി ലെനിന്‍ പറഞ്ഞതിങ്ങനെ. ലെനിനിസ്റ്റ് തീരുമാനത്തോട് ഐക്യപ്പെടുകയാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി(സിപിഐ). ബൂര്‍ഷ്വാസിക്കൊപ്പം ഐക്യമുന്നണി രൂപപ്പെടണമെന്ന നിലപാട് നിലവില്‍ പ്രസക്തവുമാണ്. സാമ്രാജ്യത്വം ഒരു നിര്‍ണായക ശക്തിയായി വിഹരിച്ചുകൊണ്ടിരുന്ന കാലത്ത് പുതിയ വഴിത്തിരിവിലേക്ക് ആശയപരമായ രൂപാന്തരീകരണം സാധ്യമാക്കിയത് ജോര്‍ജി ദിമിത്രോവാണ്. 1935 കാലത്ത് സാമ്രാജ്യത്വ വിരുദ്ധ മുന്നണിയുടെ ആവശ്യകത ഉയര്‍ന്ന് വന്നു. കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ ഏഴാമത് വേള്‍ഡ് കോണ്‍ഗ്രസില്‍ അദ്ദേഹം പറഞ്ഞു, ‘തങ്ങളുടെ രാഷ്ട്രീയവും സംഘടനാപരവുമായ സ്വാതന്ത്ര്യം നിലനിര്‍ത്തിക്കൊണ്ടുതന്നെ, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഭാഗമായ സംഘടനകള്‍ക്കുള്ളില്‍ സജീവമായ പ്രവര്‍ത്തനം തുടരണം. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായി മുഴുവന്‍ ജനങ്ങളുടെയും മുന്നേറ്റം ദേശീയ വിപ്ലവ പ്രസ്ഥാനത്തെ കൂടുതല്‍ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പൂര്‍ത്തീകരിക്കണം’. ദിമിത്രോവ് ഐക്യമുന്നണി എന്ന ആശയം രൂപപ്പെടുത്തുന്നതിന് ഏറെക്കാലം മുമ്പുതന്നെ, പ്രത്യേകിച്ച് സാമ്രാജ്യത്വ കാലഘട്ടത്തില്‍ ലെനിന്‍ അത് പ്രവചിച്ചിരുന്നു. സോഷ്യലിസത്തിലേക്കുള്ള പരിവര്‍ത്തന പ്രക്രിയയിലെ വിശാലമായ ഒരു ഘട്ടമായാണ് അദ്ദേഹം അതിനെ കണ്ടത്. തൊഴിലാളിവര്‍ഗം ആ പരിവര്‍ത്തനത്തില്‍ കൂടുതല്‍ താല്പര്യം കാണിക്കുന്നതായി പറയുകയും ചെയ്തു. ബൂര്‍ഷ്വാ ജനാധിപത്യത്തിന്റെ ഘട്ടത്തില്‍ ഉന്നയിക്കപ്പെടുന്ന സകല ആവശ്യങ്ങളും അവരുടെ ലക്ഷ്യത്തെ പിന്തുണയ്ക്കുക മാത്രമാണ്. കൂടുതല്‍ തൊഴിലവസരങ്ങള്‍ എന്ന മുദ്രാവാക്യം മുതലാളിത്തത്തിന്റെ പാകതയെ ബലപ്പെടുത്തുന്നു. കാര്‍ഷിക മേഖലയില്‍ താങ്ങുവില ആവശ്യപ്പെടുന്നത് അവരുടെ ലക്ഷ്യം മുന്നോട്ട് കൊണ്ടുപോകാനാണ്.

 


ഇതുകൂടി വായിക്കു; ചരിത്രത്തിലേക്ക് തലയുയര്‍ത്തി ലെനിന്‍ പ്രതിമ


 

ജനാധിപത്യവും പാര്‍ലമെന്ററി സ്ഥാപനങ്ങളും മുമ്പെങ്ങുമില്ലാത്തവിധം വികസിച്ചു. മുതലാളിത്തത്തെ സംബന്ധിച്ചിടത്തോളം ജനാധിപത്യം പാലിക്കുക നിലനില്പിന്റെ പ്രശ്‌നമാണ്. ഇത്തരം സാഹചര്യത്തില്‍ വിശാലമായ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ ആവശ്യം കൂടുതലാണ്. രാജ്യത്ത്, നാം ഉയര്‍ത്തുന്ന പോരാട്ടം ഭരണഘടനയെ സംരക്ഷിക്കുന്നതിനാണ്. ഏതൊരു ജനാധിപത്യ വിപ്ലവവും അതിന്റെ ഉള്ളടക്കത്തില്‍ ബൂര്‍ഷ്വാ ജനാധിപത്യ വിപ്ലവമാണ്. ജനാധിപത്യ വിപ്ലവത്തിലേക്ക് നീങ്ങുന്ന പ്രക്രിയയില്‍ ഇപ്പോള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ തന്നെ ബൂര്‍ഷ്വാ ജനാധിപത്യത്തിന്റെ തുടര്‍ച്ചയാണ്. കുത്തക മുതലാളിത്തം വികസിക്കുമ്പോള്‍ അത് മുതലാളിത്തത്തിലെ കുത്തകേതര വിഭാഗങ്ങളെ നശിപ്പിക്കുന്നു. ഇടത്തരം, ചെറുകിട വ്യവസായങ്ങളുടെ തകര്‍ച്ച ഇവിടെ പൂര്‍ണമാകുന്നു. മൂലധനത്തിന്റെ കുത്തകവല്‍ക്കരണത്തെ എതിര്‍ക്കേണ്ടത് കുത്തകേതര വിഭാഗങ്ങളുടെ വര്‍ഗപരമായ ആവശ്യമാണ്. അങ്ങനെ ജനാധിപത്യ വിപ്ലവത്തിന്റെ എല്ലാ ഉള്ളടക്കവും സാമ്രാജ്യത്വ വിരുദ്ധമാകും. തൊഴിലാളിവര്‍ഗത്തിന്റെ താല്പര്യം മുതലാളിത്ത വര്‍ഗത്തിന്റെ താല്പര്യവുമായി ഒത്തുപോകുമ്പോള്‍ വൈരുധ്യാത്മകത സംഭവിക്കുന്നു. തൊഴിലാളിവര്‍ഗം ജനാധിപത്യ അവകാശങ്ങളുടെ സംരക്ഷകരായി മാറിയപ്പോള്‍ ചരിത്രപരമായ വികസനം മറ്റൊരു വഴി സ്വീകരിച്ചു. കമ്മ്യൂണിസ്റ്റുകാര്‍ ലെനിന്‍ നിര്‍ദേശിച്ച പാതയില്‍ എല്ലാ സാമ്രാജ്യത്വ വിരുദ്ധ പ്രവര്‍ത്തനങ്ങളെയും പിന്തുണയ്ക്കുകയും വ്യാപിപ്പിക്കുകയും പങ്കാളിത്തം നല്കുകയും വേണം, രാഷ്ട്രീയവും സംഘടനാപരവുമായ സ്വാതന്ത്ര്യം നിലനിര്‍ത്തിക്കൊണ്ടുതന്നെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.