1 March 2024, Friday

ഹരിദ്വാറിലെ മണിമുഴക്കങ്ങൾ

സന്തോഷ് ആറ്റിങ്ങൽ
January 28, 2024 3:45 am

മൂന്നുദിവസത്തെ നീണ്ട ട്രയിൻ യാത്രക്കൊടുവിലാണ് നവംബറിലെ ശരൽക്കാലാരംഭത്തിൽ ഹരിദ്വാർ റയിൽവേ സ്റ്റേഷനിൽ ചെന്നിറങ്ങിയത്. സീസൺ അവസാനിക്കാറായതിനാലാകണം സ്റ്റേഷനിൽ തിരക്കധികമില്ലായിരുന്നു. നാലു ചുറ്റും മലകൾ തീർത്ത വേലിക്കെട്ടിനുള്ളിൽ, തിളങ്ങുന്ന ചൊരിമണൽ നിറഞ്ഞ ഗംഗയുടെ തട പ്രദേശം. ഹരിയും, ഹരനും (വിഷ്ണുവും, ശിവനും) അധിവസിക്കുന്ന പുണ്യഭൂമിയാണ് ഹരിദ്വാർ. റയിൽവേ ഗേറ്റ് കടന്ന് പൊടിയുതിർക്കുന്ന റോഡിലൂടെ മുന്നോട്ട് നടക്കുമ്പോൾ സൈക്കിൾറിക്ഷാ വാലകൾ വന്നു പൊതിഞ്ഞു. റൂമെടുക്കാനുദ്ദേശിച്ചിരുന്ന നദിക്കരയിലെ ഹർ കി പോരിയിലേക്ക് നടക്കാനുള്ള ദൂരമേ ഉണ്ടായിരുന്നുള്ളുവെങ്കിലും റിക്ഷാ വാലകളുടെ നിരന്തരമായ അഭ്യർത്ഥന മാനിച്ച് ഒരു റിക്ഷയിലേക്ക് കടന്നിരുന്നു. എഴുപതു വയസോളം പ്രായം തോന്നിക്കുന്ന മെല്ലിച്ചൊരു മനുഷ്യനായിരുന്നു റിക്ഷാക്കാരൻ. പേര് ബൻവാരിലാൽ. ഉച്ചത്തിൽ ഹോൺ മുഴക്കിക്കൊണ്ട് തന്റെ അസ്ഥിസമാനമായ ശരീരത്തെ ഒതുക്കിപ്പിടിച്ച് ഒരു സർക്കസ് അഭ്യാസിയെപ്പോലെ റിക്ഷയിലേക്ക് ചാടിക്കയറി, അയാൾ തിരക്കിലൂടെ റിക്ഷ ചവിട്ടിത്തുടങ്ങി. വഴി നീളെ കാഷായ വേഷമണിഞ്ഞ സന്യാസിമാരെയും തീർത്ഥാടകരെയുമാണധികവും കണ്ടത്. ഒച്ചിഴയുന്ന വേഗതയിൽ അര കിലോമീറ്റർ പോയപ്പോഴേക്കും മുന്നോട്ടുള്ള മാർഗം തടസ്സപ്പെട്ടു. ‘ഇനി നടക്കാവുന്ന ദൂരമേയുള്ളൂ‘വെന്ന് പറഞ്ഞു കൊണ്ട് ബൻവാരിലാൽ റിക്ഷ സൈഡൊതുക്കി.

 

 

ഹർ കി പോരിക്കടുത്ത് അനേകം ധർമ്മശാലകളുണ്ടായിരുന്നെങ്കിലും ഏകാന്തപഥികർക്ക് അവരാരും റൂം അനുവദിക്കില്ലത്രെ. കുടുംബവുമായി വരുന്ന യാത്രികർക്കു മുന്നിൽ മാത്രം വാതിലുകൾ തുറക്കപ്പെടുന്നു. ഏറെ അലഞ്ഞ ശേഷമാണ് അറുനൂറു രൂപ പ്രതിദിനവാടകയ്ക്ക് ഒരു റൂം തരപ്പെട്ടത്. ഗംഗയുടെ ഓരം ചേർന്നായിരുന്നു ‘കൃഷ്ണാലോഡ്ജിങ്’ എന്നു പേരുള്ള ആ വാസസ്ഥലം. റൂമിൽ നിന്നു തന്നെ ഗംഗയിലെ ഘാട്ടുകൾ ദർശിക്കാമായിരുന്നു. ഹിമാലയ സാനുക്കളിലെ ഗംഗോത്രിയിൽ നിന്നുൽഭവിക്കുന്ന ഗംഗ മലമടക്കുകളിലൂടെ സംഹാരരൂപിണിയായൊഴുകി ഹരിദ്വാരിലെത്തുമ്പോൾ ശാന്ത സ്വരൂപിണിയാവുന്നു, ഏഴു കൈവഴികളിലായി പരന്നൊഴുകുന്നു ഗംഗ ഇവിടെ.

ഗംഗാ ആരതി

അല്പനേരം റൂമിൽ വിശ്രമിച്ചതിനു ശേഷം തണുത്ത ജലത്തിലൊരു കുളിയും കഴിച്ച് ആറുമണിയോടെ ഹർ കി പോരിയിലെ പ്രശസ്തമായ ഗംഗാ ആരതി കാണാനിറങ്ങി. ഗംഗാ തീരത്തെ പ്രധാന ഘാട്ടുകളിലൊന്നായ ബ്രഹ്മകുണ്ഡിലാണ് ഗംഗാ ആരതി നടക്കുന്നത്. ത്രിസന്ധ്യയിൽ അവിടെ നടക്കുന്ന ആരതി പൂജ വളരെ വിശേഷപ്പെട്ടതാണ്. നടന്ന് അവിടെയെത്തുമ്പോൾ പരിസരമാകെ തീർത്ഥാടകരെക്കൊണ്ട് നിറഞ്ഞു കവിഞ്ഞിരുന്നു. ഗംഗാ ദ്വാരക്ഷേത്രത്തിൽ ആദ്യ ദീപം തെളിഞ്ഞു. അതിൽ നിന്നു കൊളുത്തിയ ദീപശിഖയിൽ നിന്നും കർപ്പൂരവും പൂവും നിറച്ച ഇലക്കുമ്പിളുകളിലേക്ക് പകർന്ന അഗ്നി കൊണ്ട് ആരതിയുഴിഞ്ഞ് ആയിരങ്ങൾ ഗംഗയെ മനസിലാവാഹിച്ച് ഒഴുക്കിവിടുന്നു. നൂറുക്കണക്കിന് നിറദീപങ്ങൾ മാറിൽ വഹിച്ചുകൊണ്ട് ദീപ്തയായൊഴുകുന്ന ഗംഗ നയന മനോഹരമായൊരു കാഴ്ചയായിരുന്നു.

മൻസാദേവി ക്ഷേത്രം

നീണ്ട യാത്രയുടെ ക്ഷീണം ഹരിദ്വാറിന്റെ കുളിരിൽ ഒരു രാത്രി ഉറങ്ങിത്തീർത്ത ശേഷമാണ് പിറ്റേന്ന് രാവിലെ ഒമ്പതു മണിയോടു കൂടി മൻസാദേവി ക്ഷേത്ര ദർശനത്തിനിറങ്ങിയത്. ക്ഷേത്രത്തിലേക്ക് പ്രധാന പാതയിൽ നിന്നു രണ്ടു കിലോമീറ്ററേ ദൂരമുള്ളുവെങ്കിലും കുത്തനെയുള്ള കയറ്റമാണ്. റോപ് വേയുടെ സൗകര്യമുണ്ടായിരുന്നെങ്കിലും നടന്നു പോകാനാണ് തീരുമാനിച്ചത്. ഹരിദ്വാറിലെ ഉയർന്ന പർവതമായ ശിവാലിക്കുന്നിനു മുകളിലാണ് പ്രസിദ്ധമായ മൻസാ ദേവി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ദുർഗയും ശിവനുമാണ് പ്രതിഷ്ഠ. ശിവന്രെ പ്രിയപ്പെട്ട നാഗങ്ങളിൽ പ്രമുഖനായ വാസുകിയുടെ സഹോദരിയായാണ് മൻസാദേവി അറിയപ്പെടുന്നത്. മൻസാ എന്നാൽ മനസിന്റെ ആഗ്രഹം എന്നാണർത്ഥം. അഭീഷ്ടങ്ങൾ സാധിച്ചു തരുന്ന ദേവിയത്രെ മൻസാ ദേവി. ക്ഷേത്ര കവാടത്തിനടുത്തുള്ള വടവൃക്ഷത്തിൽ ആഗ്രഹങ്ങൾ മനസിലോർത്ത് ഭക്തർ നൂല് കെട്ടിവച്ച് പ്രാർത്ഥിക്കുന്നു. ആഗ്രഹം സാധിച്ചതിനു ശേഷം വീണ്ടും ക്ഷേത്ര ദർശനം നടത്തി കെട്ടിയ നൂൽ അഴിച്ചെടുക്കണമെന്നാണ് വിശ്വാസം. ഒരു മണിക്കൂറോളം സമയമെടുത്തു മുകളിലെത്താൻ. എന്നും രാവിലെ അഞ്ചു മണിക്കു തുറക്കുന്ന ക്ഷേത്രം രാത്രി ഒമ്പതു മണിക്ക് അത്താഴപൂജയ്ക്കു ശേഷം അടക്കുന്നു. ഉച്ചയ്ക്ക് 12മുതൽ രണ്ട് വരെയും ക്ഷേത്രം അടഞ്ഞു കിടക്കും. മൻസാ ദേവി ക്ഷേത്രത്തിൽ നിന്നു നോക്കിയാൽ ഹരിദ്വാറിന്റെയും ഗംഗയിലെ വിവിധ ഘാട്ടുകളുടെയും പനോരമിക് ദൃശ്യം ആസ്വദിക്കാം.

ചണ്ഡികാദേവിക്ഷേത്രം

മൻസാദേവി ക്ഷേത്രത്തിന് അഭിമുഖമായി നിൽക്കുന്ന നീല പർവതത്തിലാണ് ചണ്ഡികാദേവി ക്ഷേത്രം. ഹരിദ്വാർ നഗരമധ്യത്തു നിന്നും സുമാർ ആറു കിലോമീറ്റർ. ഉച്ചഭക്ഷണത്തിനുശേഷമാണ് ലൈൻ ബസിൽ ദർശനത്തിനു പുറപ്പെട്ടത്. ബസ് സ്റ്റോപ്പിൽ നിന്നും മൂന്നു കിലോമീറ്ററോളം മല കയറ്റമുണ്ട് ക്ഷേത്രത്തിലേക്ക്. ഇവിടെയും റോപ് വേ കേബിൾ കാർ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, മൂന്നു കിലോമീറ്ററും നടന്നു കയറിയാണ് ക്ഷേത്രത്തിലെത്തിയത്. എട്ടാം നൂറ്റാണ്ടിൽ ആദിശങ്കരനാണത്രെ ഇവിടെ ദുർഗാദേവിയുടെ പ്രതിഷ്ഠ നടത്തിയത്. ശങ്കരാചാര്യരുടെ 53 ശക്തി പീഢങ്ങളിൽ ഇതും പെടുന്നുണ്ട്. 1929ൽ കശ്മീർ രാജാവായ സുച്ചത് സിങ്ങാണ് ഇന്നു കാണുന്ന രീതിയിൽ വിശാലമായ ക്ഷേത്രം നിർമ്മിച്ചു നൽകിയത്. ദേവലോകം കീഴ്പ്പെടുത്താൻ തുനിഞ്ഞ ശുംഭനെന്നും നിശുംഭനെന്നും പേരുള്ള രാക്ഷസൻമാരെയും അവരുടെ കിങ്കരൻമാരായ ചണ്ഡ‑മുണ്ഡൻമാരെയും വധിച്ച ശേഷം മാതാ ദുർഗ വിശ്രമിച്ച സ്ഥലമാണിതെന്നാണ് ഐതിഹ്യം. അഞ്ജനാ ദേവി ഹനുമാന് ജന്മം നൽകിയ സ്ഥലമായും ഇവിടം കീർത്തിപ്പെട്ടിരിക്കുന്നു. കുരങ്ങൻമാർക്കുള്ള അന്നമൂട്ടൽ ഇവിടത്തെ പ്രധാന വഴിപാടാണ്. അതുകൊണ്ടാകണം കുരങ്ങൻമാരുടെ വലിയൊരു പട തന്നെ ക്ഷേത്ര പരിസരത്ത് തമ്പടിച്ചിരുന്നു.

 

 

ഗംഗാതീരത്തെ ഘാട്ടുകൾ

വൈകുന്നേരം ഹരിദ്വാറിലെ ഇടുങ്ങിയ ഗലികളിലൂടെ ഒരോട്ടപ്രദക്ഷിണം നടത്തിയതിനു ശേഷം ഗംഗാതീരത്തെ ഘാട്ടുകളിക്കൂടി കുറേ ദൂരം ലക്ഷ്യമില്ലാതെ അലഞ്ഞുനടന്നു. ഘാട്ടുകൾ എന്നാൽ കുളിക്കടവ് എന്നാണർത്ഥം. ഗംഗയിലെ ഘാട്ടുകളിൽ മുങ്ങിക്കുളിച്ചാൽ മോക്ഷപ്രാപ്തിയുണ്ടാവുമെന്നാണ് വിശ്വാസം. എങ്ങും കാഷായ വേഷം ധരിച്ച് ജഡ കെട്ടിയ മുടി പിന്നിലേക്കിട്ട് നടന്നു നീങ്ങുന്ന സന്യാസിമാർ. അവർക്കിടയിൽ നിന്നും പെട്ടെന്ന് വെളിപ്പെടാൻ സാധ്യതയുള്ള ഒരു അഘോരി സന്യാസിയെ തിരയുകയായിരുന്നു എന്റെ കണ്ണുകൾ. വാരണാസിയിലും ഹരിദ്വാറിലും ഹിമാലയത്തിലെ ഈ നിഗൂഢ സന്യാസിമാരുടെ സാന്നിധ്യത്തെപ്പറ്റി ധാരാളം കേട്ടിട്ടുണ്ട്. വളരെ വിരളമായി മാത്രം പ്രത്യക്ഷപ്പെടാറുള്ള ഇവർ കലിയുഗത്തിലെ ശിവഭഗവാന്റെ അംശാവതാരങ്ങളത്രെ. ശിവനും കാളിയും തമ്മിലുള്ള സമരസപ്പെടലാണ് ഓരോ അഘോരിയുടേയും ജീവിതം. അഥർവേദത്തിലെ നിഗൂഢ മന്ത്രങ്ങൾഹൃദിസ്ഥമാക്കി അമാനുഷിക സിദ്ധികൾ കൈവരിച്ചവർ. സുഖം, ദുഃഖം, വിദ്വേഷം എന്നിവകളിൽ നിന്ന് മോചനം നേടിയ സന്യാസി വർഗം! ഏറെ നേരം പരതിയിട്ടും പക്ഷേ ഒരാളെപ്പോലും കാണാനായില്ല. ചിതകളെരിയുന്ന ചമക്കാദട് ഘാട്ട് വരെയുള്ള ദീർഘ നടത്തക്കു ശേഷം തിരികെപ്പോന്നു. ഇതിനിടെ പ്രധാന ഘാട്ടുകളായ ഗൗഘാട്ട്, ചിതാഭസ്മ മൊഴുക്കുന്ന അഷ്ടിപർവത ഘാട്ട്, സുഭാഷ് ഘാട്ട് എന്നിവ കാണാനായി. ചെറുതും വലുതുമായി ഒട്ടനവധി ഘാട്ടുകൾവേറെയുമുണ്ട് ഹരിദ്വാറിലെ ഗംഗാ തീരത്ത്. മൂന്നു ദിവസത്തോളം നീണ്ട പ്രയാണത്തിനു ശേഷം ആത്മീയതയും ലൗകീകതയും ഒരുമിച്ചു ചേർക്കപ്പെട്ട മോക്ഷനഗരത്തിൽ നിന്നും തിരികെ നാട്ടിലേക്കു മടങ്ങുമ്പോൾ മനസ് ഒരു ദർപ്പണമെന്നപോലെ നിർമ്മലമാക്കപ്പെട്ടിരുന്നു.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.