17 April 2024, Wednesday

ഹൃദയം തൊടുന്ന അഭിമുഖങ്ങൾ

രാമകൃഷ്ണൻ കണ്ണോം
വായന
September 11, 2022 4:30 am

സാഹിത്യത്തിലും സിനിമയിലും സംഗീതത്തിലും എന്നുവേണ്ട സമസ്ത കലകളിലും പ്രകാശം പൊഴിച്ചിരുന്ന ഒരു സുവർണകാലമുണ്ടായിരുന്നു മലയാള ഭാഷയ്ക്ക്. ആ കാലഘട്ടത്തിലെ ചില വർണാഭമായ അനുഭവങ്ങളുടെയും അഭിമുഖങ്ങളുടെയും സർഗാത്മ സങ്കലനമാണ് രഘുവരൻ പയ്യന്നൂരിന്റെ പ്രഥമ കൃതിയായ ‘അനുഭവങ്ങൾ അഭിമുഖങ്ങൾ.’ ആദ്യ അധ്യായം ഗാനഗന്ധർവനായ യേശുദാസിനെക്കുറിച്ചാണ്. മലയാളത്തിലൂടെ ഇന്ത്യൻ സംഗീതലോകത്ത് പടർന്നു പന്തലിച്ച ആ നാദവിസ്മയത്തിന്റെ ചെറുരേഖാ ചിത്രം ഇവിടെ അനാവരണം ചെയ്യുന്നു. ഗുരുവായൂർ മേല്പത്തൂർ ഓഡിറ്റോറിയത്തിൽ യേശുദാസ് അന്ന് നടത്തിയ സംഗീതക്കച്ചേരിയിൽ മോഹനിദ്രയിലേക്കാഴ്ന്ന് ആനന്ദ ബാഷ്പം പൊഴിച്ച മഹാസദസിന്റെ ദൃശ്യവിവരണം ഇന്നെന്നപോലെ അനുവാചകന് അനുഭവ വേദ്യമാകുന്നത് രചനാവൈഭവത്തിന് ഉദാഹരണമാണ്.

‘കൈതപ്രം ഗാനഗംഗാപ്രവാഹം’ എന്നാണ് രണ്ടാമധ്യായമായ കൈതപ്രം ദാമേദരന്‍ നമ്പൂതിരിയെപ്പറ്റിയുള്ള ശീർഷകം. ചെമ്പൈ ശിഷ്യനായ പിതാവിന്റെ മകനായി പിറന്നു. ദാരിദ്ര്യവും സങ്കടവും ഇഴചേർന്ന ദുരിത ബാല്യകൗമാരങ്ങളിലൂടെ നടന്ന് തന്റെ പട്ടിണി അർധപട്ടിണിയായി കുറയ്ക്കുവാൻ ശാന്തിക്കാരനായും മറ്റും പ്രവൃത്തിയെടുത്ത നാളുകൾ അപ്പോഴും കൂടെ കൊണ്ടുനടന്ന സംഗീതാഭിനിവേശം ലക്ഷ്യപ്രാപ്തി കൈവരിക്കുന്നതും പിന്നീട് മലയാള ചലച്ചിത്രഗാന ശാഖയുടെ അമരക്കാരനായി മാറുന്നതും ഏറെ ഹൃദ്യമായി പ്രതിപാദിച്ചിട്ടുണ്ട്. ‘കഥയുടെ അക്ഷയ ഖനിയുമായി ലോഹിതദാസ്’ എന്ന മൂന്നാമധ്യായത്തിൽ ലോഹിതദാസെന്ന മഹാപ്രതിഭയെ ഏറെ അടുത്തെന്നപോലെ അനുഭവപ്പെടുത്തുന്നു. എംടി കഴിഞ്ഞാൽ മലയാള സിനിമയിൽ തിരക്കഥാരംഗത്ത് ലോഹിതദാസിനെപ്പോലെ ശോഭിച്ച മറ്റൊരാളില്ല. രഘുവരൻ ലോഹിതദാസുമായി നടത്തിയ അഭിമുഖത്തിൽ മലയാള സിനിമയുടെ സുവർണകാലത്ത് പ്രേക്ഷകരെ ഹഠാദാകർഷിച്ച അദ്ദേഹത്തിന്റെ ഏറെ പ്രസിദ്ധമായ മൂന്ന് തിരക്കഥകൾ- തനിയാവർത്തനം, കിരീടം, ഭരതം എന്നിവയുടെ സൃഷ്ടിയിലേക്ക് നയിച്ച പശ്ചാത്തല സംഭവങ്ങൾ ഏറെ ചാരുതയോടെ വിവരിക്കുന്നുണ്ട്.

കുറച്ചുകാലം കൂടി ജീവിച്ചിരുന്നെങ്കിൽ ഒരുപക്ഷേ മലയാളികൾക്ക് മറക്കാനാകാത്ത ഒട്ടേറെ ചലച്ചിത്ര കാവ്യങ്ങൾ കാമ്പുള്ള കഥകൾ, ആ അക്ഷയ ഖനിയിൽ നിന്നും പുറത്തുവന്നേനെ എന്ന നഷ്ടബോധത്തിൽ ആ മഹാപ്രതിഭയുടെ ദീപ്തമായ സ്മരണകൾക്ക് മുന്നിൽ പ്രണാമം ‍അർപ്പിച്ചുകൊണ്ടാണ് ആ അധ്യായത്തിന് വിരാമമിടുന്നത്. “കല്പാന്തകാലത്തോളം കാതരെനീയെൻ മുന്നിൽ…” മലയാള ചലച്ചിത്ര ഗാനശാഖയ്ക്ക് നാട്ടുനന്മയുടെ നവ്യാനുഭൂതി പ്രദാനം ചെയ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററുടെ ബാല്യകാലസ്മരണകളാണ് ‘കല്പാന്തകാലത്തോളം’ എന്ന അധ്യായത്തിൽ പരാമർശിക്കുന്നത്. സംഗീതാഭിനിവേശത്തിൽ വളരെ ചെറുപ്പത്തിൽ തന്നെ നാടുവിട്ടുപോയതും മദ്രാസിലെത്തി തന്റെ മാനസഗുരുവായ ദേവരാജൻ മാസ്റ്ററെ കണ്ടുമുട്ടുന്നതും തുടർന്ന് ഓടയിൽ നിന്ന് എന്ന പ്രശസ്ത സിനിമയിൽ മെഹബൂബിന്റെ പാട്ടിന് കോറസ് പാടുന്നതുമൊക്കെ ലളിതമായ ശൈലിയിൽ ഹൃദ്യമായി പ്രതിപാദിച്ചിരിക്കുന്നു.

‘എം ഗോവിന്ദനും ഗുരുവായൂരും ഒരാത്മബന്ധത്തിന്റെ ഓർമ്മകൾ’ എന്ന അധ്യായം ഈ ഗ്രന്ഥത്തിന്റെ താളുകളെ ധന്യപൂർണമാക്കിയിരിക്കുന്നു. മലയാള സാഹിത്യത്തിൽ ആധുനികതയുടെ ആരംഭംകുറിച്ച സ്വതന്ത്ര ചിന്തയുടെ പ്രസക്തിയും പ്രാധാന്യവും മലയാളികളെ ബോധ്യപ്പെടുത്തിയ ധിക്കാരിയായ ചിന്തകൻ എം ഗോവിന്ദന്റെ അധികമാരുമറിയാത്ത അവസാന നാളുകളെക്കുറിച്ചുള്ള വിവരണം വായനക്കാർക്ക് പുതിയൊരു അറിവും അനുഭവവുമായിരിക്കും.
കവി, കഥാകൃത്ത്, നാടകകൃത്ത്, പ്രസാധകൻ, പത്രാധിപർ എന്നിങ്ങനെ ബഹുമുഖ പ്രതിഭയായിരുന്ന അദ്ദേഹവുമായുള്ള രഘുവരന്റെ അടുത്ത വ്യക്തിബന്ധം വ്യക്തമാക്കുന്നു ഈ നാളുകൾ. മകന്റെ വിവാഹ ഒരുക്കങ്ങൾക്കായെത്തി മംഗളകർമ്മത്തിന് തൊട്ടുമുമ്പ് അവിചാരിതമായി ഗോവിന്ദന് മരണത്തിന് കീഴടങ്ങേണ്ടി വന്നപ്പോൾ അദ്ദേഹത്തിന്റെ അവസാനത്തെ ആഗ്രഹം നിറവേറ്റുവാൻ സുഹൃത്തുക്കൾ ശ്രമിക്കുന്നതും നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ മകന്റെ വിവാഹം നടക്കുന്നതും അന്നേ ദിവസം അതിഥികൾക്കായി നടത്താനിരുന്ന ഗുരുവായൂർ സത്രം ഹാളിലെ സാംസ്കാരിക സമ്മേളനം അനുശോചന യോഗമായി പരിണമിക്കുന്നതുമായ വിധിവൈപരീത്യം ഒരുപക്ഷെ മറ്റെങ്ങും വായിക്കാൻ കഴിഞ്ഞെന്നു വരില്ല. ഇതിനെല്ലാം സാക്ഷ്യം വഹിച്ച ഗ്രന്ഥകാരനും എം ഗോവിന്ദനും തമ്മിലുള്ള വ്യക്തിബന്ധത്തിന്റെ നിത്യമുദ്രകളായി സൂക്ഷിക്കുന്ന കത്തുകളുടെ നേർചിത്രം കൂടി ഈ അധ്യായത്തിൽ അനുബന്ധമായി ചേർന്നിട്ടുണ്ട്.
കലാസാഹിത്യ നഭോമണ്ഡലത്തിലെ നക്ഷത്രങ്ങൾക്കിടയിൽ ഒരു നവോത്ഥാന നായകനെ തന്റെ പരിചിതപാതയിൽ നിന്നും കണ്ടെത്തി ചേർത്തുനിർത്തുമ്പോൾ ‘അനുഭവങ്ങൾ അഭിമുഖങ്ങൾ’ കൂടുതൽ ഗൗരവപൂർണമാകുകയാണ്.

അന്ധവിശ്വാസങ്ങൾ ആഴത്തിൽ വേരോടിയ ഒരു സാമൂഹ്യ ജീവിതക്രമത്തിനിടയിൽ ഇരുട്ടകറ്റി പ്രകാശം പരത്തുന്ന ചില നക്ഷത്രജന്മങ്ങൾ വന്നുഭവിക്കുന്നത് അത്യപൂർവമാണ്. അത്തരമൊരു പുണ്യജന്മമായിരുന്നു സ്വാമി ഭൂമാനന്ദതീർത്ഥർ. അങ്കമാലി-എളവൂർ തൂക്കക്കാര്യമായാലും ഗുരുവായൂർ ക്ഷേത്രകലകളിലെ വിവേചനമായാലും കൊടുങ്ങല്ലൂർ ഭരണിയിലെ തെറിപ്പാട്ടു നിരോധനത്തിലായാലും സാമൂഹ്യ ജീർണതകൾക്കെതിരെ ആത്മീയ ചൈതന്യം ദീപശിഖയായുയർത്തിയ കാലഘട്ടത്തിന്റെ ചരിത്രം ഈ അധ്യായത്തിൽ അനാവരണം ചെയ്യപ്പെടുന്നു. സാഹിത്യം മാത്രമല്ല, സിനിമയും രാഷ്ട്രീയവുമൊക്കെ മികച്ച വായനാനുഭവമാക്കി മാറ്റാമെന്ന് വിജയകരമായി തെളിയിച്ച പ്രസാധക പ്രതിഭ കൃഷ്ണസ്വാമി റെഡ്യാരെപ്പറ്റിയാണ് മറ്റൊരധ്യായം. കേരളത്തിലെ ആദ്യത്തെ സ്വതന്ത്ര രാഷ്ട്രീയ വാരികയായ ‘കേരളശബ്ദവും’ സാഹിത്യ രംഗത്ത് മുൻനിരയിലുണ്ടായിരുന്ന ‘കുങ്കുമ’വും ഒന്നാംനിര സിനിമാ വാരിക ‘നാന’യുമടക്കം വിവിധ വിഷയങ്ങളുമായി ഒരേ സമയം പത്തോളം പ്രസിദ്ധീകരണങ്ങളുടെ മാനേജിങ് എഡിറ്ററായിരുന്ന അദ്ദേഹം കേരളീയ സംസ്കൃതിക്ക് നല്കിയ സംഭാവനകളുടെ ലഘുചിത്രം ഇവിടെ വ്യക്തമാക്കപ്പെടുന്നു.

ഒടുവിലത്തെ അധ്യായത്തിൽ പ്രമുഖ സംവിധായകനും ചിത്രകാനുമായ അരവിന്ദനെ സ്പർശിച്ചുകൊണ്ട് നെടുമുടി വേണുവിന്റെയും കൈതപ്രത്തിന്റെയും ജീവിതത്തിലെ രസകരമായ ഒരേട് അവതരിപ്പിക്കുകയാണ്. രഘുവരൻ പയ്യന്നൂരിന്റെ അനുഭവ ദീപ്തമായ ഓർമ്മക്കാലത്തിലൂടെ നമ്മുടെ മുന്നിൽ തെളിയുന്നത് പ്രതിഭയാൽ പ്രഭാവലയം തീർത്ത ചില ഉത്തമവ്യക്തിത്വങ്ങളാണ്. അതിൽ മൺമറഞ്ഞവരുണ്ട്, ഇന്നും നമ്മുടെ ജീവിതത്തെ പ്രകാശപൂരിതമാക്കുന്നവരുണ്ട്. ആ വിളക്കുമാടങ്ങളുടെ സവിധത്തിൽ ചേർന്നുനിന്ന് ഗ്രന്ഥകർത്താവ് കോറിയിടുന്ന അതീവചാരുതയാർന്ന വാങ്മയ ചിത്രങ്ങളിൽ ചൈതന്യ ഭാസുരമായ ഒരുകാലമാണ് പുനർജ്ജനിക്കുന്നത്, രമണീയവും സ്മരണീയവുമായ ഒരു കാലം.

അനുഭവങ്ങൾ അഭിമുഖങ്ങൾ
(അഭിമുഖം)
രഘുവരന്‍ പയ്യന്നൂര്‍
ഉണ്മ പബ്ലിക്കേഷന്‍സ്
വില: 130 രൂപ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.