12 April 2024, Friday

നിത്യവും പ്രചോദിപ്പിക്കുന്ന മഹാനിദ്ര

ലെനിന്റെ നൂറാം ഓര്‍മ്മ ദിനം
‑അബ്ദുള്‍ ഗഫൂര്‍
January 21, 2024 3:30 am

ലെനിൻ മരിച്ച ദിവസം
അദ്ദേഹത്തിന്റെ ജഡത്തിനു
കാവൽ നിന്ന ഒരു പട്ടാളക്കാരൻ
കൂടെയുള്ള സഖാക്കളോടു പറഞ്ഞുവത്രെ:
എനിക്കതു വിശ്വസിക്കാൻ തോന്നിയില്ല,
ഞാൻ അകത്തു ചെന്ന് അദ്ദേഹത്തിന്റെ
കാതിൽ ഉറക്കെപ്പറഞ്ഞു:
ഇല്ലിച്ച്, ചൂഷകന്മാർ വന്നുകൊണ്ടിരിക്കുന്നു!
അദ്ദേഹം ഇളകിയില്ല.
അപ്പോൾ ഞാനുറപ്പാക്കി
അദ്ദേഹം ജീവൻ വെടിഞ്ഞുവെന്ന്
- ബ്രഹ്ത്

ലോകത്തിന്റെ സഞ്ചാരപഥത്തെ മാറ്റിയ മാർക്സിയന്‍ പ്രത്യയശാസ്ത്രത്തെ പ്രായോഗിക തലത്തിലെത്തിച്ച വ്ലാദിമിര്‍ ഇല്ലിച്ച് ലെനിന്‍ നിത്യനിദ്രയാരംഭിച്ചിട്ട് നൂറുവര്‍ഷമാകുന്നു. കാൾ മാർക്സിന്റെ തത്വശാസ്ത്രം ലോകമാകെയുള്ള ജനകോടികൾക്ക് പ്രതീക്ഷയുടെ വെള്ളിവെളിച്ചവും ആശ്വാസത്തിന്റെ സുഖാനുഭവവുമാണ് പ്രദാനം ചെയ്തതെങ്കില്‍ റഷ്യയിലെ പരുവപ്പെട്ടിട്ടില്ലാതിരുന്ന ഭൂപ്രദേശത്ത് അത് പ്രായോഗിക തലത്തിലെത്തിക്കുകയും സോഷ്യലിസ്റ്റ് ഭരണക്രമത്തിന്റെ ആദ്യമാതൃക സ്ഥാപിക്കുകയും ചെയ്തതില്‍ ലെനിന്റെ പങ്ക് കണക്കെടുക്കുമ്പോള്‍ തൂക്കത്തില്‍ കൂടുതലാണ്. മാര്‍ക്സ് വിഭാവനം ചെയ്ത സോഷ്യലിസ്റ്റ് വ്യവസ്ഥ യാഥാര്‍ത്ഥ്യത്തിലെത്തിക്കുന്നതിനുള്ള പരീക്ഷണശാലയായി റഷ്യക്ക് മാറാനായത് ലെനിന്‍ എന്ന പോരാളിയുടെയും അദ്ദേഹം അനുബന്ധമെഴുതിയ ആശയത്തിന്റെയും അടിത്തറയിലായിരുന്നു. അതുപക്ഷേ മാര്‍ക്സ് കണക്കുകൂട്ടിയ സാമൂഹ്യ പശ്ചാത്തലം രൂപപ്പെട്ട ഭൂമികയിലായിരുന്നില്ല. അതിനാലാണ് മാര്‍ക്സിന്റെ ആശയങ്ങള്‍ പ്രായോഗിക തലത്തിലെത്തുമ്പോള്‍ മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് പ്രത്യയശാസ്ത്രമെന്ന നിലയിലേക്ക് വികസിച്ചത്.
ആ പ്രത്യയശാസ്ത്രത്തിന്റെയും റഷ്യന്‍ മാതൃകയുടെയും അടിത്തറയിലാണ് ലോകത്തെ പല രാജ്യങ്ങളും സോഷ്യലിസത്തിന്റെ പാതയിലേക്ക് നടന്നുകയറിയത്. കോളനി രാജ്യങ്ങളില്‍ വിമോചനപോരാട്ടങ്ങള്‍ക്ക് കരുത്തേറിയതും പിന്നീട് സ്വാതന്ത്ര്യം ആര്‍ജിച്ചതും സോവിയറ്റ് സോഷ്യലിസത്തിന്റെ പിന്‍ബലത്തിലും അവര്‍ നല്‍കിയ പ്രചോദനത്തിലുമായിരുന്നു.

 

 

റഷ്യന്‍ സോഷ്യലിസവും അടിസ്ഥാന ജനകീയ പ്രശ്നങ്ങള്‍ പരിഹരിച്ചുള്ള ഭരണസംവിധാനവും വിസ്മൃതിയിലായിപ്പോയൊരു യാഥാര്‍ത്ഥ്യമാണിന്ന്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍ ലെനിന്‍ സ്ഥാപിച്ച സോവിയറ്റ് യൂണിയനിലെയും അതിന് പിന്നാലെ അണിനിരന്ന കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെയും സോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്ഥ പല കാരണങ്ങളാല്‍ തകര്‍ന്നുവെങ്കിലും ലെനിന്‍ റഷ്യയുടെ മാത്രമല്ല ലോകത്തിന്റെയാകെ തലമുറകളെ പ്രചോദിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യുന്ന പ്രതിഭാസം തന്നെയാണ് ഇപ്പോഴും.
അദ്ദേഹം ലോകത്തിന് മുന്നില്‍ അവതരിപ്പിച്ച പ്രത്യയശാസ്ത്രത്തിന്റെ സമകാലിക വായനയും സ്ഥാപിച്ചിരുന്ന സോവിയറ്റ് യൂണിയന്‍ എന്ന രാജ്യത്തിന്റെ ചരിത്ര പരിശോധനയും അദ്ദേഹത്തിന്റെ വ്യക്തിവൈശിഷ്ഠ്യവും പ്രസക്തിയും വെളിപ്പെടുത്തും.
ലോകത്ത് മുതലാളിത്തത്തിന്റെ ആക്രമണോത്സുകവും ചൂഷണാധിഷ്ഠിതവുമായ നടപടിക്രമങ്ങള്‍ക്ക് റഷ്യന്‍ സാഹചര്യത്തിലൂടെ ബദലെഴുതുകയായിരുന്നു ലെനിന്‍. അത് പിന്നീട് ലോകത്തെ പല രാജ്യങ്ങളും സ്വീകരിച്ചപ്പോഴാണ് മുതലാളിത്ത‑സാമ്രാജ്യത്ത വ്യവസ്ഥകള്‍ക്ക് ബദലായൊരു സാമൂഹ്യക്രമവും സോഷ്യലിസ്റ്റ് ചേരിയും ലോകത്ത് ആവിര്‍ഭവിച്ചത്. അവിടെ മാത്രം ഒതുങ്ങിയില്ല, ചേരികളില്‍ ഒന്നും ചേരാതെയും എന്നാല്‍ പല കാര്യങ്ങളിലും സോഷ്യലിസ്റ്റ് ചേരിയോട് ചേര്‍ന്നും നില്‍ക്കുന്ന മൂന്നാം ലോക രാജ്യക്കൂട്ടായ്മയും ലോകത്തുണ്ടായി.
ഇന്നിപ്പോള്‍ പലസ്തീനിലെ നിസഹായ മനുഷ്യര്‍ക്കുനേരെ ഇസ്രയേല്‍ ക്രൂരമായ ആക്രമണങ്ങള്‍ നടത്തുമ്പോള്‍ ചിലരെങ്കിലും നടത്തിയ പരാമര്‍ശത്തില്‍ എല്ലാം അടങ്ങിയിട്ടുണ്ട്. പണ്ടത്തെപ്പോലെ, അധിനിവേശഭ്രമവും യുദ്ധഭ്രാന്തുമായി ചില രാജ്യങ്ങള്‍ രംഗപ്രവേശം നടത്തുമ്പോള്‍ അരുതെന്ന് പറഞ്ഞ് തടയുവാനും നിസഹായരെ ചേര്‍ത്തുപിടിച്ച് നില്‍ക്കുവാനും നമുക്ക് റഷ്യയുടെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് ചേരി ഇല്ലല്ലോ എന്നായിരുന്നു ആ പരാമര്‍ശം. ലെനിന്‍ സ്ഥാപിച്ച സോഷ്യലിസ്റ്റ് രാഷ്ട്രത്തെയാണ് ഇവിടെ പരാമര്‍ശിക്കപ്പെടുന്നത്. നവചിന്തയുടെ ശക്തികള്‍ സോവിയറ്റ് റഷ്യയെയും പിന്നീട് കിഴക്കന്‍ യൂറോപ്പിലെ സോഷ്യലിസ്റ്റ് രാജ്യങ്ങളെയാകെയും തകര്‍ത്തെറിഞ്ഞതിന്റെ നഷ്ടബോധം ഈ ഘട്ടത്തിലെങ്കിലും നാം തിരിച്ചറിയുന്നുണ്ട്. അത് ലെനിന്റെ പ്രസക്തിയാണ് വര്‍ധിപ്പിക്കുന്നത്.
ലോകത്ത് ഏറ്റവും കൂടുതൽ ജനങ്ങൾ വായിച്ച പുസ്തകം കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ആണെങ്കില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഇപ്പോഴുമുച്ചരിക്കുന്നത് മാര്‍ക്സിനൊപ്പം ലെനിന്‍ എന്ന പേരുകൂടിയാണ്.

അതിനപ്പുറമൊന്നുണ്ട്, ചരിത്രത്തിലും ശാസ്‌ത്രത്തിലും വിസ്‌മയമായി മോസ്‌കോവിലെ റെഡ്‌സ്‌ക്വയറില്‍ സ്ഥാപിച്ച മുസോളിയത്തില്‍ എംബാം ചെയ്ത് ലെനിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരിക്കുന്നു എന്നത്. ലോകത്ത് ഏറ്റവുമധികം പേര്‍ കാണാനെത്തുന്ന ശവകുടീരമാണത്. പഴയ സോവിയറ്റ്‌ യൂണിയനിലും പിന്നീടത്തെ റഷ്യയിലും ലോകത്താകെയും ആ മഹാനോടുള്ള സ്നേഹവും അംഗീകാരവും എത്രയെന്നതിനുള്ള ഉദാഹരണം കൂടിയായാണ്‌ ക്രെംലിന്‍ കൊട്ടാരത്തിനു മുന്നില്‍ സ്ഥിതി ചെയ്യുന്ന മുസോളിയം‌.
1986 നവംബര്‍ രണ്ടിന്‌ മഞ്ഞുപുതഞ്ഞ ക്രെംലിനില്‍ ആയിരങ്ങള്‍ വരിയില്‍ നില്‍ക്കുമ്പോള്‍ അക്കൂട്ടത്തില്‍ നിന്ന്‌ ആദ്യമായി ആ നിത്യനിദ്ര ദര്‍ശിച്ചതിന്റെ ഓര്‍മ്മ ഈ കുറിപ്പ്‌ തയ്യാറാക്കുമ്പോള്‍ മനസിലെത്തുന്നുണ്ട്‌. അന്ന്‌ റഷ്യന്‍ സുഹൃത്ത്‌ ഷിര്‍ഗി ഷോളോഹോവുമൊത്ത്‌ നീണ്ട ആള്‍ക്കൂട്ടത്തിന്‌ പിറകില്‍ നില്‍ക്കുമ്പോള്‍ എത്ര മണിക്കൂറുകള്‍ ആ കൊടും തണുപ്പത്ത്‌ നില്‍ക്കേണ്ടി വരുമെന്ന ആധി മനസിലുണ്ടായിരുന്നില്ല. പല തവണ താന്‍ കണ്ടതാണെന്ന്‌ ഷിര്‍ഗി പറഞ്ഞതിനാല്‍ തനിച്ച് ക്യൂവില്‍ നിന്നുകൊള്ളാമെന്ന്‌ പറഞ്ഞുവെങ്കിലും ഒരിക്കല്‍ കൂടി കണ്ടാലും ഈ കാഴ്ച പുതുമയുള്ളതു തന്നെയാണ്‌ എന്നായിരുന്നു അവന്റെ പ്രതികരണം.

 

 

 

1921 ജനുവരി 21നാണ്‌ മോസ്‌കോയ്‌ക്കടുത്ത ഗോര്‍ക്കി ഹില്ലിലെ വസതിയില്‍ വ്ലാദിമിര്‍ ഇല്ലിച്ച്‌ ലെനിന്‍ എന്ന വി ഐ ലെനിന്റെ മരണം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്‌. തുടര്‍ന്ന്‌ മൃതദേഹം 23ന്‌ മോസ്‌കോയിലേയ്ക്ക് കൊണ്ടു വന്ന്‌ ഹൗസ്‌ ഓഫ്‌ ട്രേഡ്‌ യൂണിയന്റെ സെന്‍ട്രല്‍ ഹാളില്‍ പൊതുദര്‍ശനത്തിനുവച്ചു. നാലുദിവസത്തെ പൊതുദര്‍ശനത്തില്‍ ഒമ്പതു ലക്ഷത്തിലധികം പേര്‍ അന്ത്യോപചാരമര്‍പ്പിച്ചു. വരും തലമുറകള്‍ക്കും ദര്‍ശിക്കാനായി ലെനിന്റെ മൃതശരീരം സൂക്ഷിക്കണമെന്നാവശ്യപ്പെട്ടു പല ഭാഗത്ത് നിന്നുമായി പതിനായിരത്തിലധികം ടെലിഗ്രാമുകള്‍ സോവിയറ്റ്‌ ഭരണാധികാരികള്‍ക്കു ലഭിച്ചുവത്രേ. അതുകൊണ്ട് കൂടിയായിരുന്നു ദീര്‍ഘകാലത്തേക്ക്‌ മൃതദേഹം സൂക്ഷിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്‌. 26ന്‌ ആര്‍കിടെക്ട് അ‌ലക്‌സി ഷ്‌ചൂസേവിനെ ഇതിനായുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ചുമതലപ്പെടുത്തി. അതനുസരിച്ച്‌ മരംകൊണ്ട്‌ പണിത പ്രത്യേക മുസോളിയം ഒരു ദിവസംകൊണ്ടു നിര്‍മ്മിച്ചു. 27ന്‌ വൈകിട്ട് നാലുമണിയോടെ ലോക നേതാക്കളുടെയും മറ്റു പതിനായിരങ്ങളുടെയും സാന്നിധ്യത്തിലാണ്‌ റെഡ്‌ സ്‌ക്വയറില്‍ പ്രത്യേകം സജ്ജമാക്കിയ മുസോളിയത്തിലേക്ക്‌ മൃതദേഹം വഹിച്ചുള്ള പേടകം മാറ്റുന്നത്‌. ഒരു മാസത്തിനകം രണ്ടു ലക്ഷം പേര്‍ മുസോളിയം സന്ദര്‍ശിച്ചു. സന്ദര്‍ശകരുടെ പ്രവാഹം വര്‍ധിച്ചതിനാല്‍ ഓഗസ്റ്റ്‌ മാസത്തില്‍ മൃതദേഹം സൂക്ഷിച്ചിരുന്ന പേടകം വയ്ക്കുന്നതിന്‌ കൂടുതല്‍ വലിപ്പമേറിയതും കല്ലില്‍ നിര്‍മ്മിച്ചതുമായ പേടകവും സ്തൂപവും ഉണ്ടാക്കി. ഇതിന്റെ ചുമതലയും ഷ്‌ചൂസേവിനു തന്നെയായിരുന്നു. കല്ലില്‍ തീര്‍ത്ത പേടകം ഡിസൈന്‍ ചെയ്തത്‌ ആര്‍ക്കിടെക്ട് കോണ്‍സ്റ്റാന്റിന്‍ മെലിങ്കോവ്‌ ആയിരുന്നു. 1929ലാണ്‌ മൃതദേഹം ദീര്‍ഘകാലം നിലനിര്‍ത്താന്‍ വേണ്ട സജ്ജീകരണങ്ങള്‍ ചെയ്തതും ഇന്ന്‌ കാണുന്ന വിധത്തില്‍ ആകര്‍ഷകവും ആധുനിക രീതിയിലുള്ളതുമായ മുസോളിയത്തിന്റെ നിര്‍മ്മാണം ആരംഭിക്കുന്നതും. ഷ്‌ചൂസേവിന്റെ നേതൃത്വത്തില്‍ ഐ എ ഫ്രാന്റ്‌സൂസ്‌, ജി കെ യാകോള്‍വേവ്‌ എന്നിവരടങ്ങിയ സംഘം ഒരു വര്‍ഷം കൊണ്ട്‌ നിര്‍മ്മാണം പൂര്‍ത്തിയാക്കി 1930ല്‍ ഇത്‌ തുറന്നുകൊടുത്തു.

രണ്ടാം ലോക മഹായുദ്ധകാലത്ത്‌ പട്ടാളം ലെനിന്‍ഗ്രാഡ്‌ പിന്നിട്ട്‌ മോസ്‌കോവിനെ ലക്ഷ്യമാക്കി നീങ്ങിയപ്പോള്‍ 1941 ഒക്‌ടോബറില്‍ പേടകം സൈബീരിയന്‍ മേഖലയില്‍പെട്ട ട്യൂമെനിലേക്ക്‌ മാറ്റി. പിന്നീട്‌ 1945 മാര്‍ച്ചിലാണ്‌ വീണ്ടും മോസ്‌കോവിലെ മുസോളിയത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവന്നത്‌. അതിനു പിന്നീട്‌ ഇപ്പോഴും മോസ്‌കോയില്‍ ക്രെംലിന്‍ കൊട്ടാരത്തിനു മുന്നില്‍ മുസോളിയം സ്ഥിതി ചെയ്യുന്നു. തീര്‍ത്ഥഘട്ടത്തിലേക്കെന്നതുപോലെ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ആളുകള്‍ ഇവിടെയെത്തുന്നു. അവരുടെയൊന്നും മനസില്‍ അപ്പോള്‍ ആത്മീയ ചിന്തയായിരിക്കില്ല തുടികൊട്ടുന്നതെന്നുറപ്പ്‌. ശാസ്ത്രത്തേയും ചരിത്രത്തേയും അദ്‌ഭുതപ്പെടുത്തി ദശകങ്ങളായി ഒരു ഭൗതികദേഹം കേടുപറ്റാതെ സൂക്ഷിക്കുന്നതിന്റെ ആകാംക്ഷയായിരിക്കും.
വളരെയേറെ വെല്ലുവിളികളും പ്രയാസങ്ങളും നേരിടുന്ന ഒന്നാണ്‌ മൃതദേഹം കേടുപറ്റാതെ സൂക്ഷിക്കുക എന്നത്‌. 100 വര്‍ഷം മുമ്പുള്ള അതേ അവസ്ഥയില്‍ നിലനിര്‍ത്തുന്നതിന്‌ വളരെയധികം കരുതലുകളോടെയുള്ള പരിപാലനമാണ്‌ നടത്തുന്നത്‌. പ്രത്യേക രാസവസ്തുക്കള്‍ ഉപയോഗിച്ചും സുഗന്ധലേപനം ചെയ്തും വസ്‌ത്രങ്ങള്‍ മാറ്റിയുമൊക്കെയാണ്‌ കേടു വരാതെ നിലനിര്‍ത്തി പോരുന്നത്‌. ശരീരത്തില്‍ കറുത്ത പാടുകള്‍ വീഴുക, തൊലിയില്‍ ചുളിവുണ്ടാകുക, നിറം മാറ്റം സംഭവിക്കുക, നനവുണ്ടാകുക തുടങ്ങിയ പ്രശ്നങ്ങളെ രാസപദാര്‍ത്ഥങ്ങളും മറ്റ്‌ അണുനാശിനികളും സുഗന്ധദ്രവ്യങ്ങളും ഒക്കെ ഉപയോഗിച്ചാണ്‌ അതിജീവിക്കുന്നത്‌. അസറ്റിക്‌ ആസിഡും വോഡ്‌കയും ചേര്‍ത്ത ലായനി, ഹൈഡ്രജന്‍ പെറോക്‌സൈഡ്‌, ഫെനോയില്‍, ക്വയിനിന്‍ തുടങ്ങിയ രാസപദാര്‍ത്ഥങ്ങളും ലായനികളും ഇതിനായുപയോഗിക്കുന്നു. ആദ്യകാലത്ത്‌ എംബാമിങ്ങിനും പരിപാലനത്തിനുമായി പ്രത്യേക സംഘം തന്നെ പ്രവര്‍ത്തിച്ചിരുന്നു. ഇല്യ സ്‌ബാര്‍സ്‌കി, ബോറിസ്‌ സ്‌ബാര്‍സ്‌കി എന്നിവരായിരുന്നു ഈ ഉത്തരവാദിത്തം നിര്‍വഹിച്ചിരുന്നത്‌.
2011ല്‍ മുസോളിയത്തിന്റെ അടിത്തറയില്‍ ചിലമാറ്റങ്ങള്‍ സംഭവിക്കുന്നതായി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന്‌ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 2012ല്‍ മുസോളിയം അടച്ചു. അടിത്തറ ബലപ്പെടുത്തുകയും ആവശ്യമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തതിനെ തുടര്‍ന്ന്‌ 2013 ഏപ്രിലില്‍ ഇത്‌ വീണ്ടും തുറന്നു കൊടുത്തു.  ഒരിക്കലെങ്കിലും മുസോളിയം സന്ദര്‍ശിച്ച് സഖാവിനു അഞ്ജലി അര്‍പ്പിക്കാത്ത സോവിയറ്റ്‌ പൗരന്മാര്‍ ഉണ്ടായിരിക്കില്ലെന്നാണ്‌ പറയപ്പെടുന്നത്‌. ലോകത്തിന്റെ ഏതുകോണില്‍ നിന്ന്‌ ആര്‌ മോസ്‌കോവിലെത്തിയാലും അവര്‍ ആദ്യം കാണാനാഗ്രഹിക്കുന്നതും അവരോട്‌ ആദ്യം കാണമെന്ന്‌ നിര്‍ദേശിക്കുന്നതും ലെനിന്‍ മുസോളിയം തന്നെയാണ്‌. അതുകൊണ്ടാണല്ലോ 100 വര്‍ഷത്തിനിടയില്‍ ശതകോടികള്‍ മുസോളിയം സന്ദര്‍ശിക്കാന്‍ രാജ്യത്തിനകത്തും പുറത്തും നിന്നുമായെത്തിയത്‌.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.