6 May 2024, Monday

ഒരു ദേശം എഴുതിയ കഥ

ഡോ. എ മുഹമ്മദ്കബീർ
December 12, 2021 2:30 am

രൂപഭാവങ്ങളുടെ പാരസ്പര്യത്താൽ മലയാളസാഹിത്യത്തെ സമ്പന്നമാക്കിയ എസ് കെ പൊറ്റെക്കാടിന്റെ ഒരു ദേശത്തിന്റെ കഥ പിറന്നിട്ട് അമ്പതാണ്ടാവുന്നു. ഇതിഹാസമാനങ്ങളുള്ള ഈ നോവൽകാവ്യം നാല്പത്തിഒന്നു പതിപ്പുകളുമായി വായനക്കാരന്റെ മനസ്സിൽ ഇപ്പോഴും ജ്വലിച്ചുനിൽക്കുകയാണ്. വായിച്ചുമതിവരാതെ മലയാളി വീണ്ടും വീണ്ടും ദേശത്തിന്റെ കഥയിൽ അലിഞ്ഞുചേരുന്നു. സമുദ്രമായി വളരാൻ വെമ്പുന്ന പുഴയായി ഒരു ദേശത്തിന്റെ സാംസ്കാരികഭൂപടത്തിലൂടെ ഈ നോവൽ ഒഴുകിനിറയുകയാണ്. വിശുദ്ധിയുടെ തീർഥാടനകാലത്തെ പുണർന്ന് നിത്യസഞ്ചാരിയുടെ വ്യഗ്രതയോടെ ഒരു ദേശത്തിന്റെ കഥ ത്രികാലങ്ങളുടെ സമൃദ്ധിയുമായി സദാ നമ്മെ പിന്തുടരുന്നു. കാലദേശങ്ങളുടെ അതിരടയാളം മായ്ച്ചുകൊണ്ട് ഗൃഹാതുരതയോടെ വായനക്കാരന്റെ മനസ്സിൽ ഈ നോവൽ ആഴത്തിൽ വേരുകളാഴ്ത്തി നിൽക്കുന്നു.

ഓരോ ദേശത്തിനും ഒരു കഥയുണ്ട്. ദേശത്തിൽ പിറവിയെടുക്കുന്ന ഓരോ മനുഷ്യനും സ്വന്തം ദേശത്തെ നിരന്തരം വായിച്ചുകൊണ്ടേയിരിക്കും. ദേശകഥകൾ പഴമയുടെ രുചിപ്പകർച്ചയാൽ നമ്മുടെ രസനയെ തരളിതമാക്കും. മഴപ്പാറ്റപോലെ ചിറകുവിരിച്ച്, മിഴിയിൽ കുളിരുനിറച്ച് നിനച്ചിരിക്കാതെ നമ്മുടെ സ്മരണയിലേക്ക് കഥകളായി ഇരമ്പിയെത്തും. അനുനിമിഷം രൂപംമാറി ഇന്നലെകളെ ഉള്ളിലൊളിപ്പിച്ച് പുതുമയുടെ പൂർണത തേടി ദേശം വഴിമാറി നടക്കുന്നത് നൊമ്പരത്തോടെ കണ്ടുനിൽക്കാനേ നമുക്കാകൂ. നിരയിട്ട ഒറ്റമുറിവീടുകളിൽ ആളനക്കത്തിന്റെ സമൃദ്ധിയിൽ സ്നേഹത്തിന്റെ പുഴജലസ്നാനത്താൽ തരളിതചിത്തരായി ജീവിതം നയിച്ച് നമുക്കുമുന്നേ കടന്നുപോയ എണ്ണമില്ലാത്ത മനുഷ്യർ. മഹിതകാലത്തിന്റെ ചെത്തവും ചൂരും ഉള്ളിലേറ്റിയ ചടുലവേഗസഞ്ചാരികൾ. അവരുടെ നനുത്ത സ്മൃതികളുടെ ഗന്ധവാഹിയായി ചെറുകാറ്റിപ്പോഴും നമ്മെത്തഴുകി മോഹിപ്പിച്ചുകൊണ്ടേയിരിക്കുന്നുണ്ട്. സംഗീതം പെയ്യുന്ന ആ ഓർമനാളുകൾക്ക് മുന്നിൽ കാലം നിരാലംബതയോടെ നനഞ്ഞു നിൽക്കും. പോയകാലത്തിന്റെ സുന്ദരനിമിഷങ്ങൾ ഇനിയൊരിക്കലും മടങ്ങിവരില്ലെന്നറിഞ്ഞാലും മനസ്സിന്റെ കോണിലെവിടെയോ പിടഞ്ഞുണരുന്ന നോവിന്റെ കനൽത്തെളിച്ചവുമായി കഴിയുന്ന എത്രയോ പേരുണ്ട്. ഉരുകിപ്പൊള്ളുന്ന ഓർമകളുടെ കനിവുവറ്റിയ കാലബോധത്തിൽ നിരാർദ്രതയോടെ നിൽക്കുന്നവർ. പ്രവാസജീവിതത്തിന്റെ മടുപ്പിക്കുന്ന ദിനങ്ങളിലും മടക്കിവിളിക്കുന്ന ദേശത്തിന്റെ പെരുമകളെ താലോലിച്ച് കാത്തിരിപ്പിന്റെ പനിക്കിടക്കയിൽ പൊള്ളിയലയുന്നവർ. ഉണർന്നിരിപ്പിൽ ഉന്മാദത്തിന്റെ ലഹരിനിറച്ച് വഴിക്കണ്ണുമായി കാത്തിരിക്കാനാരൊക്കെയോയുണ്ടെന്ന വ്യർഥബോധത്തിൽ കാലത്തെ തടവിലാക്കുന്നവർ. ദേശം വീണ്ടെടുക്കാനാകാത്ത ഒരു പൊരുളാണെന്ന ചിന്ത വിങ്ങലായി അനാദികാലത്തോളം നമ്മെ പിന്തുടരും. വാമൊഴിപ്പകർച്ചയുടെ നൈരന്തര്യം തീർത്ത് ദേശം നിരന്തരം കഥകളാൽ നവീകരിക്കപ്പെട്ടുകൊണ്ടേയിരിക്കും. അങ്ങനെ ഓരോ വായനയിലും പുതുക്കിയെഴുതുന്നൊരു നീണ്ട കഥയായി ഒരു ദേശത്തിന്റെ കഥ വായനക്കാരെ പ്രലോഭിപ്പിക്കുന്നു.

1969 ഒക്ടോബർ ഒന്നിനു തുടങ്ങി 1971 ജൂൺ ആറുവരെ കുങ്കുമം വാരികയിൽ വെളിപ്പെട്ട ഒരു ദേശത്തിന്റെ കഥയെ വായനക്കാർ നെഞ്ചോടു ചേർത്തു വച്ചു. ദേശത്തിന്റെ കഥാരചനയിൽ ആത്മകഥയുടെ ഓരം ചേർന്ന് നടന്ന എഴുത്തുകാരന്റെ രചനാകൗശലം നോവലിന്റെ ഘടനയോടും കൂറുപുലർത്തി. അങ്ങനെ പൂർണമായും ആത്മകഥാസ്പർശമുള്ള നോവലെന്ന ബഹുമതി ദേശത്തിന്റെ കഥയെ തേടിയെത്തി. എഴുത്തുകാരന്റെ ബാല്യകൗമാരകാലത്തിന് സാക്ഷിയായ കോഴിക്കോട് നഗരത്തിലെ തോട്ടൂളിപ്പാടം ഗ്രാമം നോവലിൽ അതിരാണിപ്പാടമായി പരിണമിക്കുന്നു. അതിരാണിപ്പാടത്തിന്റെ ദേശചരിത്രം അവിടെ ജീവിച്ചുമരിച്ച മനുഷ്യരുടെ ഹൃദയത്തുടിപ്പുകളിൽ നിറച്ചാണ് എസ് കെ ഈ നോവലിൽ ആവിഷ്ക്കരിച്ചിരിക്കുന്നത്. ചേനക്കോത്ത് കൃഷ്ണൻമാസ്റ്ററുടെ മകനായി ജനിച്ച ശ്രീധരനെ കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിച്ചുകൊണ്ടാണ് നോവലിസ്റ്റ് സ്വന്തം ജീവിതത്തിന്റെ പകർപ്പവകാശം നിർവഹിച്ചത്. പട്ടണത്തിലെ ഒരു യൂറോപ്യൻ സ്കൂളിലെ അധ്യാപകനായിരുന്നൂ കൃഷ്ണൻമാസ്റ്റർ. മലബാറിലെ മാപ്പിളലഹളയുടെ ഭാഗമായുണ്ടായ കെടുതികൾ നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നൂ ശ്രീധരൻ ബാല്യം പിന്നിട്ടത്. അഭയാർഥികൾ അനുഭവിച്ച ദുരന്തചിത്രങ്ങൾ അതിരാണിപ്പാടത്തിന്റെ ദേശചരിത്രത്തിലുണ്ട്. ഒരു വലിയ ചതുപ്പുനിലം കാലക്രമേണ തൂർന്നുണ്ടായ ഒരു കുടിപാർപ്പുകേന്ദ്രമാണ് അതിരാണിപ്പാടം. അതിരാണിപ്പാടത്തു കുടിയേറിപ്പാർത്തവർ ധനികരായിരുന്നില്ല. പരമദരിദ്രരുമല്ല. അവരിലധികമാളുകളും പുഴക്കരയിലെ തടിമരപ്പാണ്ടികശാലകളിൽ ഈർച്ചപ്പണിക്കാരായ തൊഴിലാളികളും അവരുടെ കുടുംബങ്ങളുമാണ്. അതിരാണിപ്പാടത്തെ എല്ലാ മനുഷ്യരും സാധാരണജീവിതം നയിച്ചവരാണ്. നാട്ടുമണത്തിന്റെ നിഷ്ക്കളങ്കഭാവങ്ങൾ അവരിലെപ്പോഴും തളിരിട്ടു നിന്നു.

അതിരാണിപ്പാടത്തിന്റെ സൂക്ഷ്മഭാവങ്ങളുടെ വിശുദ്ധചിത്രം വരച്ചിട്ടുകൊണ്ട് തുടങ്ങുന്ന നോവൽ ആകാശം അതിരിടുന്നൊരു ലോകത്തേയ്ക്ക് അതിവേഗം വളരുന്നുണ്ട്. ഉത്തരേന്ത്യയും യൂറോപ്പും ആഫ്രിക്കയുമെല്ലാം പശ്ചാത്തലമായി ഒരു ഭൂഖണ്ഡാന്തരവിതാനത്തിലേയ്ക്ക് നോവലിനെ മാറ്റുകയാണ് നോവലിസ്റ്റ്. സഞ്ചാരത്തിന്റെ പുണ്യവാതായനങ്ങൾ തുറന്നിട്ട് കാഴ്ചയുടെ ഗിരിശൃംഗങ്ങൾ തീർത്ത നോവലിസ്റ്റിന്റെ രചനയിൽ ലോകഭൂപടം പശ്ചാത്തലമാകുന്നതിൽ അതിശയമില്ല. കഥാനായകൻ ശ്രീധരന്റെ ജനനകഥയിലാരംഭിച്ച് അയാൾക്ക് ഇരുപതുവയസ്സാകുന്നതുവരെയുള്ള അതിരാണിപ്പാടത്തിന്റെ സംഭവബഹുലമായ നേർച്ചിത്രങ്ങളുടെ ആഖ്യാനം പുതിയൊരു ലോകത്തേയ്ക്കാണ് വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്നത്. ഓരോ സംഭവങ്ങൾക്കും സാക്ഷിയാകുന്ന നൂറുകണക്കിന് മനുഷ്യർ നോവലിലെ കഥാപാത്രങ്ങളാകുന്നു. വിശാലമായൊരു ക്യാൻവാസിൽ വരച്ച പൂർണതയുള്ള ഓരോരോ ചിത്രങ്ങളായി കഥാപാത്രങ്ങളെല്ലാം വായനക്കാരുടെ മനസ്സിൽ ചേർന്നുനിൽക്കും. ഒരു ദേശത്തിന്റെ കഥ നേടിയ പൊതുസ്വീകാര്യതയ്ക്കടിസ്ഥാനം ഒട്ടേറെ മിഴിവുറ്റ ചിത്രങ്ങൾ വായനക്കാരന് സമ്മാനിക്കാൻ നോവലിനു കഴിഞ്ഞുവെന്നതാണ്.

ചലച്ചിത്രഭാഷയിലെന്ന പോലെ ദൃശ്യബിംബങ്ങൾ മെടഞ്ഞുചേർത്ത അനുഭവങ്ങളുടെ ധാരാളിത്തം വിളമ്പുന്നൊരു നോവലാണിത്. പിതാവിന്റെ മരണശേഷം സ്വന്തം ഗ്രാമത്തിന്റെ സൗമ്യസാമീപ്യം വെടിഞ്ഞ് ശ്രീധരൻ യാത്രപോകുമ്പോൾ കൈയിൽ സൂക്ഷിച്ചത് ഒരു തുകൽസഞ്ചി മാത്രം. അതിൽ പക്ഷേ ശ്രീധരന്റെ ജീവിതത്തെ സ്വാധീനിച്ച അമൂല്യവസ്തുക്കളുടെ ശേഖരമുണ്ടായിരുന്നു. ഒരു കണ്ണട. സത്യത്തെയും നന്മയെയും മാത്രം ദർശിച്ച മിഴികൾക്കു സാക്ഷ്യം വഹിച്ച ചില്ലുകളുള്ള അച്ഛന്റെ പഴയ കണ്ണട. ഒരു തൂവൽ. തെരുവുമൂലയിലെ പെറ്റിഷൻ റൈറ്റർ ഹാഷിം മുൻഷി ശ്രീധരനു സമ്മാനിച്ച പക്ഷിത്തൂവൽ. ഒരു നോട്ടുബുക്ക്. ശ്രീധരനെ സ്നേഹിച്ച ഒരു പാവം പെൺകുട്ടിയുടെ — അമ്മുക്കുട്ടിയുടെ — പരിശുദ്ധ കരസ്പർശമേറ്റ കവിതാനോട്ടുബുക്ക്. ഒരു കെട്ട് കടലാസ്. ശ്രീധരന്റെ സ്വന്തം കവിതകളുടെ കൈയെഴുത്തുപ്രതികൾ. മുപ്പത്തിയഞ്ചു വർഷങ്ങൾക്കുശേഷം ശ്രീധരൻ അതിരാണിപ്പാടത്തു മടങ്ങിയെത്തുമ്പോൾ വിശാലമായ ലോകത്തിന്റെ അനുഭവച്ചന്തങ്ങൾ ഉള്ളിൽ നിറച്ചിരുന്നു. ഒപ്പം അതിരാണിപ്പാടത്തിന്റെ നഷ്ടവസന്തത്തിന്റെ നോവുപേറുന്നൊരോർമയും. മൂത്താശാരി വേലുമൂപ്പരുടെ കാലപ്പകർച്ചയിലൂടെയാണ് ഗ്രാമത്തിലെ പ്രിയപ്പെട്ടവരുടെ ജീവിതത്തിലുണ്ടായ പരിണാമത്തിന്റെ കഥ ശ്രീധരൻ അനുഭവിക്കുന്നത്. പ്രേമഭാജനമായിരുന്ന അമ്മുക്കുട്ടിയുടെ ഓലപ്പുര നിന്നിരുന്ന മൂലയിൽ വീർത്ത പള്ളയുമായി നിൽക്കുന്ന പെട്രോൾ ടാങ്ക് കണ്ടപ്പോൾ തന്നെ കാലത്തിന്റെ ഗതിവേഗം ശ്രീധരൻ വായിച്ചിരുന്നു. അതോടൊപ്പം മറ്റൊന്നുകൂടി ശ്രീധരന്റെ കാഴ്ചയിലുടക്കി. ധാന്യം പൊടിക്കുന്ന മില്ലുകളും,മോട്ടോർ വർക്കുഷോപ്പുകളും ശബ്ദിക്കുന്ന റോഡരികിൽ പുതിയൊരു റസ്റ്റോറന്റ് — ചുവന്ന കുപ്പിയുടെ കൂറ്റൻ ചിത്രത്തോടുകൂടിയ വലിയൊരു അലൂമിനിയം ബോർഡ് റസ്റ്റോറന്റിന്റെ വാതിൽക്കൽ കുത്തിനിർത്തിയിരിക്കുന്നു. കൊക്കോകോളോ പാനീയത്തിന്റെ പരസ്യം.

ശ്രീധരനോപ്പോലെ തന്നെ നോവലിൽ മിഴിവോടെ നിൽക്കുന്നൊരു കഥാപാത്രമാണ് കുഞ്ഞപ്പു. ദേശത്തിന്റെ കഥ യഥാർഥത്തിൽ കുഞ്ഞപ്പുവിന്റെ കഥ കൂടിയാണ്. ഒപ്പം അതിരാണിപ്പാടത്തു ജീവിക്കുന്ന ഓരോ മനുഷ്യരുടെയും കഥയും. ലോകത്തിന്റെ ഏതു കോണിലും ജീവിക്കുന്ന ദേശവാസികളിൽ നാം ഇവരെ കണ്ടുമുട്ടും. അപരിചിതത്വത്തിന്റെ ആവരണമില്ലാതെ നമുക്കവരോട് സംവദിക്കാനാകും. കാരണം അതിരാണിപ്പാടത്തെ മനുഷ്യരുടെ ജീവിതഭാഷയാണ് ലോകത്തെവിടെയുമുള്ള മനുഷ്യരുടെ ഭാഷ. അതിജീവനത്തിന്റെ ഭാഷകൂടിയാണത്. പട്ടാളക്കാരനായ കുഞ്ഞപ്പു പകരുന്ന വീരകഥകളിലൂടെ നോവലിന്റെ സ്ഥലരാശി വിസ്തൃതമാകുന്നു. ഒന്നാം ലോകമഹായുദ്ധത്തിലെ സംഭവപരമ്പരകൾ നോവലിൽ ഇടംപിടിക്കുന്നതും കുഞ്ഞപ്പുവിന്റെ വാക്കുകളിലൂടെയാണ്.
മൂന്നു ഭാഗങ്ങളായി പിരിയുന്ന ദേശത്തിന്റെ കഥയുടെ തുടക്കവും ഒടുക്കവും വർത്തമാനകാലത്തിന്റെ ദൃശ്യപരിസരത്താണ് നിലയുറപ്പിക്കുന്നത്. സംഭരണി, മർമരങ്ങൾ എന്നീ പേരുകളിലാണ് ഇവ അടയാളപ്പെടുന്നത്. ഇതിനു മധ്യേ സംഭവബഹുലമായൊരു കാലം പനിച്ചുകിടക്കുന്നത് നാം കാണുന്നു. അതിരാണിപ്പാടത്തെയും ഇലഞ്ഞിപ്പൊയിലിലെയും ഗ്രാമക്കാഴ്ചകൾ സൃഷ്ടിക്കുന്ന മോഹവലയത്തിനുള്ളിൽ ഓരോ വായനക്കാരനും മനസ്സുനിറഞ്ഞ് നിൽക്കും. അതിരാണിപ്പാടത്തു ജീവിക്കുന്ന ഓരോ മനുഷ്യരെയും ഏതാൾക്കൂട്ടത്തിനു മധ്യത്തിലും നാം തിരിച്ചറിയും. കുഞ്ഞിക്കേളുമേലാൻ, കോരൻ ബട്ളർ, കുളൂസ് പറങ്ങോടൻ, പെരിക്കാലൻ അയ്യപ്പൻ, ആധാരം ആണ്ടി, ശകുനിക്കമ്പൗണ്ടർ, മീശക്കണാരൻ, കൂനൻവേലു, ഞണ്ടുഗോവിന്ദൻ, തടിച്ചിക്കുങ്കിച്ചിയമ്മ, വെള്ളക്കൂറ കുഞ്ഞിരാമൻ, കുടക്കാൽ ബാലൻ എന്നിവരെല്ലാം അതിരാണിപ്പാടത്തിന്റെ ജൈവഘടകങ്ങളിൽ നിന്ന് ഊർജമുൾക്കൊണ്ടും ആ അന്തരീക്ഷത്തിന്റെ ഇരുട്ടും വെളിച്ചവുമേറ്റും വളർന്നവരും അത്രമേൽ നമുക്ക് പ്രിയപ്പെട്ടവരുമാണ്.

ലോകസഞ്ചാരസിദ്ധമായ ബഹുസ്വരചിന്തകളും രുചികളുമായി ഭൂതകാലത്തെ തിരിച്ചുപിടിക്കാനെത്തുന്ന ശ്രീധരന് അതിരാണിപ്പാടത്തിന്റെ മാറ്റത്തോട് പൊരുത്തപ്പെടാൻ കഴിയുന്നില്ല. ഓരോ മാറ്റവും ശ്രീധരന് കരൾപിളർക്കുന്ന അനുഭവമാകുന്നു. തലമുറമാറ്റത്തിന്റെ പുറംമോടികളോട് രാജിയാകാനാകാതെ അയാൾ വിഷമിക്കുന്നു. ഭൂതകാലത്തിന്റെ ആത്മരതിനിറച്ച ശ്രീധരന്റെ ചിന്തകളിലേയ്ക്ക് ടൈറ്റ്പാന്റ്സും ഇരുണ്ട എട്ടുകാലിച്ചിത്രങ്ങൾ നിറയെ അച്ചുകുത്തിയ ടെറിലിൻസ്ലാക്ക് ഷർട്ടും ധരിച്ച്, നെറ്റിക്കുമീതെ ചെറിയൊരു കൂരിയാറ്റക്കൂടുമായി ഒരു പയ്യൻ ഏതോ പുതിയ അമേരിക്കൻ റോക്ക് ആന്റ് റോൾ ട്യൂണിൽ ചൂളം വിളിച്ച് തലയാട്ടിക്കൊണ്ട് ഇറങ്ങി വന്നു(കൊക്കോക്കോള കുടിക്കാനിറങ്ങിയതായിരിക്കും). ശ്രീധരനെ കണ്ടപ്പോൾ പയ്യൻ അവിടെ തങ്ങി നിന്നു. ചൂളംവിളി നിർത്തി, പാന്റ്സിന്റെ പോക്കറ്റിൽ കൈതിരുകി തലചരിച്ച് ചുണ്ടുകൾ കോട്ടി ഒരു നോട്ടം — ഹൂ ഈസ് ദിസ് ഗൈ? ഇവനാരെടാ? ഈറാമ്പുലിക്കാരൻ പയ്യൻ ചോദിച്ചാൽ പറയേണ്ട ഉത്തരം ശ്രീധരൻ മനസ്സിൽ ഒരുക്കിവച്ചു. അതിരാണിപ്പാടത്തെ പുതിയ തലമുറയുടെ കാവൽക്കാരാ, അതിക്രമിച്ചു കടന്നതു പൊറുക്കൂ — പഴയ കൗതുകവസ്തുക്കൾ തേടിനടക്കുന്ന ഒരു പരദേശിയാണു ഞാൻ.

1973 ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡും 1980 ൽ ജ്ഞാനപീഠപുരസ്കാരവും ഒരു ദേശത്തിന്റെ കഥയെത്തേടിയെത്തി. പക്ഷേ അതിനുമുമ്പുതന്നെ ജനമനസ്സുകളുടെ അംഗീകാരം ദേശത്തിന്റെ കഥാകാരൻ നേടിക്കഴിഞ്ഞിരുന്നു. അതിരാണിപ്പാടത്തു ജീവിച്ചുമരിച്ച അനേകം മനുഷ്യരിലൂടെ സ്വന്തം ജീവിതകഥ പറഞ്ഞ എഴുത്തുകാരന് ഏതുസാഹിത്യരൂപവും വഴങ്ങുന്ന കാഴ്ച അമ്പരപ്പിക്കുന്നതാണ്. മലയാളത്തിലെ ജോൺഗന്തർ എന്നും സഞ്ചാരസാഹിത്യത്തിലെ
എമ്പയർ സ്റ്റേറ്റ് ബിൽഡിങ് എന്നുമൊക്കെയുള്ള വിശേഷണങ്ങൾക്കപ്പുറം പ്രതിഭാശാലിയായ എഴുത്തുകാരനായിരുന്നൂ എസ് കെ. സഞ്ചാരകൃതികൾ, നോവൽ, ചെറുകഥ, നാടകം, കവിതയെന്നിങ്ങനെ വ്യത്യസ്ത വ്യവഹാരങ്ങളിലൂടെ പ്രതിഭയുടെ സൂക്ഷ്മഭാവങ്ങളിലേയ്ക്ക് വളരുന്ന നോവലിസ്റ്റിന്റെ എല്ലാ രചനകളിലും ഓർമയുടെ സുഗന്ധം പൂത്തു നിൽക്കുന്നു. എല്ലാ ആത്മഭാവങ്ങളോടെയും ദേശം നമ്മെ തിരിച്ചുവിളിക്കുന്നതിന്റെ ആനന്ദം ദേശത്തിന്റെ കഥയിലൂടെ നമുക്ക് അനുഭവിക്കാനാകുന്നു.

അമ്പതുവർഷത്തെ കാലചരിത്രം 50 എന്ന അക്കരൂപത്തിലൊതുങ്ങിനിൽക്കാത്ത വിധം സ്ഥൂലമാണ്. സംഖ്യാബോധത്തിന്റെ മേനിപറച്ചിലുകളിൽ കുടുക്കിയിടാൻ കഴിയാത്തവിധത്തിലത് കെട്ടുപിണഞ്ഞുകിടക്കുന്നു. നേരായും കനവായും അനുഭൂതിയായും വിഷാദമായും ഉന്മാദമായും പ്രണയമായും ഓരോ ദേശചരിത്രവും വീണ്ടെടുപ്പിന്റെ കഥകളായി വന്നു നിറയുകയാണ്. വൃശ്ചികക്കുളിരിന്റെ മാധുര്യവുമായി ഓർമകളിൽ പൂത്തിരികത്തിച്ച് അരനൂറ്റാണ്ടിന്റെ സ്വർണത്തിളക്കത്തിൽ ഒരു ദേശത്തിന്റെ കഥ വീണ്ടും നമ്മെത്തേടിയെത്തുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.