12 April 2024, Friday

മയ്യഴിപ്പുഴയിലെ തുമ്പികള്‍

ഡോ. എ മുഹമ്മദ്കബീർ
February 18, 2024 3:04 am

പണ്ട്, അതായത് ദാസന്റെ പിറവിക്കു മുമ്പ്:
കാലസൂചനയിൽ കഥ പറച്ചിലിന്റെ പാരമ്പര്യവഴക്കം നിലനിർത്തി മലയാളസാഹിത്യത്തിൽ നവീനമായൊരു ഭാവുകത്വനിർമിതിക്ക് തുടക്കമിട്ട ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ എന്ന നോവലിന്റെ ആരംഭവാക്യമാണിത്. ക്ഷണമാത്രയിൽ കാലദേശങ്ങളെ അപ്രസക്തമാക്കി ആഖ്യാനത്തിന് പുതുമയാർന്നൊരു ഗതിമാറ്റം സൃഷ്ടിച്ച് വായനക്കാരെ അമ്പരപ്പിച്ച ഈ നോവൽ സ്ഥലരാശിയുടെ ധ്യാനനിർമിതിയാണ്. സ്വത്വബോധം നഷ്ടപ്പെട്ട് അലയുന്ന ഏകാകിയുടെ സ്വരം പോലെ ഒരു ദേശം അതിന്റെ കണ്ണീർക്കഥ പറയുന്നു. വ്യത്യസ്തമായ സാംസ്കാരികപരിസരത്തെ ഉള്ളേറ്റുന്ന രണ്ടുപ്രദേശങ്ങൾക്കിടയിൽ വീർപ്പുമുട്ടുന്ന മയ്യഴി. നിസ്സഹായതയുടെ കണ്ണീർമഴയിൽ നനഞ്ഞ് പുതിയൊരു കാലത്തിന്റെ ചുവടനക്കത്തിന് കാതോർക്കുന്നു. ജന്മംകൊണ്ട നാടിന്റെ ഭൂതകാലനിനവുകളിൽ സ്വാതന്ത്യ്രത്തിന്റെ പ്രാണവായു നിറച്ച് പോരാട്ടത്തിന്റെ സമരഗീതം രചിക്കുകയായിരുന്നൂ ഈ നോവലിലൂടെ എം മുകുന്ദൻ.
മയ്യഴിപ്പുഴ ഒരു പ്രതീകമാണ്. ജീവിതംപോലെ ഇരുകരകളും നിറഞ്ഞ് ഒഴുകിക്കൊണ്ടിരിക്കെ ഗ്രീഷ്മപ്പെരുംവെയിലിൽ മുങ്ങി ശോഷിച്ചൊതുങ്ങിയാലും വർഷകാലപ്പെരുംപെയ്ത്തിൽ കലങ്ങിമറിഞ്ഞ് വർധിതവീര്യത്തോടെ വീണ്ടുമൊഴുകി നദീതടഭൂമിയാകെ സമ്പന്നമാക്കുന്ന പുഴ. സംസ്കാരത്തിന്റെയും അനുഭവങ്ങളുടെയും അഭിലാഷങ്ങളുടെയും ആത്മനൊമ്പരത്തിന്റെയും അലകളുയർത്തി തെളിഞ്ഞും മെലിഞ്ഞും മയ്യഴിപ്പുഴ ഒഴുകിക്കൊണ്ടേയിരിക്കുന്നു. വായനാസമൂഹം ഏറ്റെടുത്ത മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന നോവലിന് അമ്പതു വയസ് തികയുകയാണ്. നവതാരുണ്യത്തിന്റെ വീണക്കമ്പികൾ മുറുക്കി നിത്യഹരിതസംഗീതം പൊഴിച്ച് അലസഗമനയായി ഇപ്പോഴും മയ്യഴിപ്പുഴയൊഴുകുന്നു.

 

വേറിട്ട വിഷയങ്ങളും ത്രസിപ്പിക്കുന്ന ആഖ്യാനരൂപങ്ങളും വിനിമയപ്പുതുക്കമാർന്ന ഭാഷാശൈലിയും അസ്തിത്വവ്യഥയുടെ അഴിയാക്കുരുക്കുകളും ചേർന്ന വിചിത്രമായ കഥാപരിസരമാണ് എം മുകുന്ദന്റേത്. നിയന്ത്രണമില്ലാത്ത സ്വാതന്ത്യ്രവും ആഗ്രഹപൂർത്തിയ്ക്കായുള്ള അന്വേഷണവുംവഴി മനുഷ്യജീവിതം കൂടുതൽ സർഗാത്മകമാക്കാമെന്ന ചിന്തയാണ് മുകുന്ദനെ നയിച്ചത്. ലഹരിയുടെ ഉന്മാദരാവുകളിൽ വിടർന്നുവിലസിയ കൗമാരലോകത്തിന്റെ പ്രതിഫലനമായി ഒരു കാലത്ത് മുകുന്ദന്റെ രചനകൾ മാറിപ്പോയിരുന്നു. ലോകസാഹിത്യത്തെ ഗവേഷണവിരുതോടെ സമീപിച്ച മുകുന്ദൻ സംവാദാത്മകമായൊരു നോവൽപരിസരം സൃഷ്ടിക്കുന്നതിൽ വിജയിച്ചു.

മലയാളസാഹിത്യത്തിന് അന്നോളം പരിചിതമല്ലാത്ത ഭ്രമാത്മകതയുടെ വ്യാമോഹരാത്രികളെ അവതരിപ്പിക്കുകയായിരുന്നൂ മുകുന്ദൻ. ഡെൻമാർക്കിലെ സോറൻ കീർക്കെഗാർഡിന്റെയും ഫ്രാൻസിലെ ഴാങ്പോൾ സാർത്രിന്റെയും അൽബേർ കമ്യുവിന്റെയും ജർമനിയിലെ ഫ്രെഡറിക് നീത്ഷേയുടെയും കാഫ്ക്കയുടെയും അസ്തിത്വവാദവും അസംബന്ധ തത്വശാസ്ത്രവും മുകുന്ദന്റെ സിരകളിൽ അനുഭൂതിയുടെ ഉപ്പുകടൽ തീർത്തു. വ്യക്തിയുടെ രൂപപരിണാമവും വ്യക്തിസത്തയുടെ നിരാകരണവും ചേർന്ന ശൂന്യതയുടെ പ്രതീകനിർമ്മിതിയായി മുകുന്ദന്റെ രചനകൾ മാറി. മുകുന്ദനുപയോഗിച്ച വാക്കുകളും വാക്യങ്ങളും ഗ്രാഫുകളായി മാറി ഇടർച്ചയില്ലാത്ത സൂചനാബിംബങ്ങളായി പരിണമിക്കുകയും വായനയ്ക്ക് പുതിയൊരു ജൈവപരിസരമൊരുക്കുകയും ചെയ്തു. പരസ്പരപ്പൊരുത്തമാർന്ന ചിത്രരൂപവും സംഗീതത്തിന്റെ മുറുക്കമാർന്ന താളലയവും ഒരുമിച്ച അനുഭവലോകമാണ് മുകുന്ദൻ തീർത്തത്. രൂപരഹിതമായും മൂർത്തഭാവമായും നിരന്തരം വേഷം മാറുന്ന ചിത്രീകരണകൗശലത്തിനുടമയാണീ നോവലിസ്റ്റ്. പ്രതീകവായനയുടെ ഉപലബ്ധികളില്ലാതെ വായിച്ചെടുക്കാൻ കഴിയും വിധം സരളഭാവം പുലർത്തുന്ന ഭാഷാഘടനയും ഈ നോവലിസ്റ്റിന് സ്വന്തമാണ്. ഫാന്റസിയും മാജിക്കൽ റിയലിസവും ശൂന്യതാബോധവും വ്രണിതചിന്തകളും ചേർന്ന് മുകുന്ദന്റെ രചനകൾ വായനക്കാരെ നിരന്തരം അസ്വസ്ഥപ്പെടുത്തുന്നു. അനുഭവാധിഷ്ഠിതമായ ആത്മബലമുൾക്കൊണ്ട് ആഴമാർന്ന ആശയപ്രതിഫലനം സാധ്യമാക്കാൻ കഴിഞ്ഞുവെന്നതാണ് മുകുന്ദനെന്ന കഥാകാരന്റെ വിജയത്തിനടിസ്ഥാനം.

അക്ഷരത്തട്ടിനു മേൽ നൃത്തമാടുന്ന വാക്കുകൾ. ചിന്തകളുടെ വേലിയേറ്റത്തിൽ കപ്പൽച്ചേതം വന്ന മനസ്സുകൾ. പ്രണയത്തിന്റെ പൂമ്പാറ്റക്കൂട്ടം ഇളകിയാർക്കുന്ന രാവുകൾ. കാല്പനികത കലാപം തീർക്കുന്ന തെരുവുകൾ. വൈവിധ്യത്തിന്റെ പുറംകടൽ കാഴ്ചകളൊരുക്കുന്ന മയ്യഴിപ്പുഴയുടെ തീരങ്ങളിലൂടെ സിദ്ധാന്തങ്ങളുടെ ഭാരമില്ലാതലയുന്ന വായനക്കാർ. ഗൃഹാതുരതയുടെ നോവുപാട്ടായി മാറിയ ഈ നോവൽ പിറന്നത് 1974 ലാണ്. ഫ്രഞ്ച് അധീനപ്രദേശമായിരുന്ന മയ്യഴി സ്വതന്തന്ത്രയായിട്ട് അന്നേക്ക് രണ്ട് പതിറ്റാണ്ടായിരുന്നു. സ്വാതന്ത്യ്രദാഹികളായ മയ്യഴിയുടെ മക്കളുടെ സമരവീര്യത്തിന്റെ കഥയാണിത്. എഴുത്തുകാരനും ദേശത്തിന്റെ പ്രതിനിധിയാണ്. ദേശത്തിന്റെ ചരിത്രഗാഥയിൽ എഴുത്തുകാരന്റെ ആത്മഹർഷത്തിന്റെ അവലംബസൂചനകൾ നിറഞ്ഞിരിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.

സർപ്പദംശനത്തിൽ ജീവൻ പൊലിഞ്ഞ കേളുവച്ഛന്റെയും കഥകളുടെ കിനാവള്ളിയിൽ ജീവിതത്തെ അലങ്കരിക്കുന്ന കുറമ്പിയമ്മയുടേയും മകനായിരുന്ന ദാമുറൈട്ടറുടെ മകൻ ദാസനിലൂടെ വികസിക്കുന്ന കഥാപ്രപഞ്ചമാണ് നോവലിലേത്. കുറമ്പിയമ്മയുടെ കഥനമൊഴികളിൽ പ്രകാശിക്കുന്ന ഫ്രഞ്ച് നായിക ഴാന്ന്ദാർക്കിന്റെയും, ജന്മതാളങ്ങളുടെ രഹസ്യം പേറുന്ന വെള്ളിയാങ്കല്ലിന്റെയും ലാവണ്യമൂറുന്ന കഥകൾ കേട്ടാണ് ദാസൻ വളർന്നത്. ഴാന്ന്ദാർക്കിന്റെ കഥയവസാനിക്കുമ്പോൾ ദാസന്റെയും കുറമ്പിയമ്മയുടെയും കണ്ണുകളിൽ നിന്ന് കണ്ണീർവർഷമുണ്ടാകും. മയ്യഴിയിലെ മുത്തശ്ശിമാർ തലമുറകളായി ഈ കഥ കൈമാറിക്കൊണ്ടേയിരുന്നു. ജീവനോടെ ദഹിപ്പിക്കപ്പെട്ട ഇടയപ്പെൺകുട്ടിയുടെ കഥ കേൾക്കാത്ത ഒരു കുട്ടിയും മയ്യഴിയിലുണ്ടായിരുന്നില്ല. കുറമ്പിയമ്മയുടെ കഥകൾക്ക് ജീവവായുവിന്റെ ഗന്ധമുണ്ടായിരുന്നു. ദാസന്റെ നിശ്വാസങ്ങളിൽ ഈ കഥകളുടെ ചൂട് നിറഞ്ഞുനിന്നു.
പഠിക്കാൻ മിടുക്കനായിരുന്നൂ ദാസൻ. പഠിച്ച് മിടുക്കനായി ജോലിസമ്പാദിച്ച് കുടുംബഭാരം ചുമലിലേറ്റി രക്ഷിതാക്കൾക്ക് വിശ്രാന്തി നൽകുന്ന നായകനെന്ന പാരമ്പര്യസ്വപ്നങ്ങളെ ദാസൻ പുറന്തള്ളുന്നു. പോണ്ടിച്ചേരിയിൽ വെള്ളക്കാരുടെ കോളജിൽ പഠിച്ച ദാസൻ ഉപരിപഠനത്തിന് ഫ്രാൻസിലേക്ക് പോകുന്നത് ദാമുറൈട്ടരും കുടുംബവും സ്വപ്നം കണ്ടിരുന്നു. എന്നാൽ അത്തരം സങ്കല്പങ്ങളെ അയാൾ കടപുഴക്കുന്നു. മയ്യഴിയിൽ സർക്കാർ ജോലിയോ ഫ്രാൻസിൽ സർക്കാർ ചെലവിൽ ഉപരിപഠനമോ തിരഞ്ഞെടുക്കാനുള്ള അവസരം ഉണ്ടായെങ്കിലും ദാസന്റെ മനസ്സിൽ പിറന്ന നാടിന്റെ മോചനസ്വപ്നം മാത്രം നിറഞ്ഞുനിന്നു. കമ്മ്യൂണിസ്റ്റും ദേശീയവാദിയുമായിരുന്ന അധ്യാപകൻ കുഞ്ഞനന്തൻമാസ്റ്ററുടെ വാക്കുകളുടെ പൊരുളിലാണ് ദാസൻ വിശ്വാസമർപ്പിച്ചത്. താനെടുത്ത തീരുമാനം കുടുംബത്തിൽ സൃഷ്ടിക്കാനിടയുള്ള ആഘാതത്തെക്കുറിച്ച് ദാസനറിയാമായിരുന്നു. സംഘർഷഭരിതമായ ആ സന്ദർഭത്തെ അചഞ്ചലമായി നേരിടാനുള്ള കരുത്ത് അപ്പോഴേയ്ക്കും ദാസൻ നേടിക്കഴിഞ്ഞു.
”ഞാൻ ഫ്രാൻസിൽ പോകുന്നില്ല അച്ഛാ…”
റൈട്ടർ പകച്ചുനിന്നു.
“സെക്രത്താരിയിലെ ഉദ്യോഗവും വേണ്ടെന്നുവച്ചു”
“ശാന്തത കൈവെടിയാതെ തന്നെ സംസാരിച്ചു. അച്ഛൻ ഒരു പ്രതിമ പോലെ ഇരുന്ന് എല്ലാം കേട്ടു. വല്ലാത്തൊരു നിശബ്ദത അവിടെ കനത്തു വന്നു. അല്പം കഴിഞ്ഞപ്പോൾ അകത്തു നിന്ന് അമ്മയുടെ തേങ്ങിക്കരച്ചിൽ കേട്ടു. ”
“കണ്ണീരിന്റെ അവസാനിക്കാത്ത പ്രവാഹം തുടങ്ങുകയായി. എനിക്കു ശക്തി നൽകുക. ”
ദർശനങ്ങളുടെ വഴിമുടക്കമില്ലാതെ കഥാപാത്രങ്ങളുടെ മാനസികവ്യാപാരങ്ങൾക്കിണങ്ങുന്ന മട്ടിലുള്ള ഭാഷയാണ് മുകുന്ദൻ ഈ നോവലിൽ ഉപയോഗിച്ചിരിക്കുന്നത്. ആധുനികതയുടെ അടയാള സൂചനകൾ നിറഞ്ഞ നോവലുകൾ വായനയുടെ വരണ്ട കാലത്തെ ഓർമിപ്പിക്കുമ്പോൾ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന നോവൽ കൂടണയാൻ വെമ്പുന്നൊരു പക്ഷിയുടെ നനുത്ത ചിറകടിയൊച്ചയെ ഓർമിപ്പിക്കുന്നു. വേദനയുടെയും ഉപേക്ഷിക്കലിന്റെയും സ്വപ്നത്തകർച്ചയുടെയും പൊള്ളലുകൾക്കു മേൽ കാവ്യാത്മകമായ ഭാഷയുടെ ജീവലേപം പുരണ്ട വാക്കുകൾ കൊണ്ട് വിശ്രാന്തി തീർക്കാൻ നോവലിസ്റ്റിന് കഴിയുന്നുണ്ട്. സ്വകാര്യസ്വപ്നങ്ങളുടെ പൂർത്തീകരണത്തിലല്ല സമൂഹസ്വപ്നനിർമിതിയിലാണ് ദാസൻ അഭയം കണ്ടെത്തുന്നത്. നാടിന്റെ വിമോചനസ്വപ്നങ്ങൾക്ക് നിറമേകാൻ കഴിഞ്ഞെങ്കിലും സ്വകാര്യനഷ്ടങ്ങളുടെ മരുഭൂമിയിലലയാനായിരുന്നു ദാസന്റെ വിധി. ജീവിതാഘാതങ്ങളുടെ പെരുമ്പറയൊച്ചകളിലെങ്ങോ പ്രണയിനിയായ ചന്ദ്രികയുടെ ഗന്ധം ഘനീഭവിച്ചുകിടന്നു. ചന്ദ്രികയെന്ന വെള്ളിയാങ്കല്ലിനു മേലെ സ്വപ്നങ്ങളുടെ അഭയകൂടാരമൊരുക്കാൻ ദാസന്റെ ഹൃദയം വെമ്പി. പക്ഷേ, അയാൾക്കതിനു കഴിഞ്ഞില്ല. കടപ്പുറത്തിരുന്ന് നഷ്ടങ്ങളുടെ വിഹ്വലയാമങ്ങളെണ്ണിത്തീർക്കുമ്പോൾ വെള്ളിയാങ്കല്ല് തന്നെ വിളിക്കുന്നതായി ദാസന് തോന്നി. സുഹൃത്തായ വാസൂട്ടി ഒപ്പം കൂടാൻ ക്ഷണിക്കുമ്പോഴും ദാസന്റെ ഹൃദയം വെള്ളിയാങ്കല്ലിനു മേൽ പതിഞ്ഞുകിടന്നു.
“വാസൂട്ടീ, നീ വെള്ളിയാങ്കല്ലിനെക്കുറിച്ചു കേട്ടിട്ടില്ലേ? ജനിക്കുന്നതിനു മുമ്പ് നമ്മുടെ ആത്മാവുകൾ അവിടെയായിരുന്നു. വെള്ളിയിൽ തീർത്ത ആ പാറ ജനിമൃതികൾക്കിടയിലെ വിശ്രമസ്ഥലമാണ്. അവിടെ ആത്മാവുകൾക്ക് ഭാരമില്ല. തുമ്പിയെപ്പോലെ നമുക്കവിടെ പാറിനടക്കാം. വാസൂട്ടീ, വെള്ളിയാങ്കല്ല് എന്നെ വിളിക്കുന്നു.”
“ദാസാ…”
“ജീവിച്ചു ഞാൻ തളർന്നിരിക്കുന്നു. വെള്ളിയാങ്കല്ലിൻമേൽ ജീവിതത്തിന്റെ ഭാരമില്ലാതെ ഞാനൊന്നു വിശ്രമിക്കട്ടെ…”
തന്റെ മരണമെത്തുന്ന നേരത്തെങ്കിലും ദാസൻ വരുമെന്ന് ദാമുറൈട്ടർ കരുതി. “ദാസനെ വിളിക്കൂ. ഞാൻ തോറ്റെന്നു പറയൂ…” എന്ന റൈട്ടറുടെ അതീവ ദുർബലമായ പിൻവിളിയൊച്ചയിൽ അച്ചു ദാസനെത്തേടി നടന്നു. അച്ചുവിനറിയാം ദാസനെവിടെയുണ്ടാകുമെന്ന്. അയാൾ കടൽക്കരയിലെത്തി. ദാസൻ എന്നും ഇരിക്കാറുള്ള സ്ഥലം ശൂന്യം.
“അനാദിയായി പരന്നുകിടക്കുന്ന സമുദ്രത്തിൽ അങ്ങകലെ ഒരു വലിയ കണ്ണുനീർത്തുള്ളി പോലെ വെള്ളിയാങ്കല്ലു കാണാമായിരുന്നു. അവിടെ അപ്പോഴും ആത്മാവുകൾ തുമ്പികളായി പാറിനടക്കുന്നുണ്ടായിരുന്നു. ആ തുമ്പികളിൽ ഒന്ന് ദാസനായിരുന്നു.”
അസ്തിത്വവ്യഥയുടെ കരിമ്പടപ്പൊത്തിൽ ശിരസുടക്കിയ ആധുനിക യുവതയുടെ പ്രതീകമായിരുന്നൂ ദാസൻ.

ദേശത്തിന്റെ ഹൃദയഭൂമിയിൽ നിന്നുയരുന്ന പ്രാർഥനാനിർഭരമായ രാഗധ്വനിയാണ് മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന നോവലിൽ നിന്ന് ഉയർന്നുകേൾക്കുന്നത്. മയ്യഴിയുടെ ദേശപ്പെരുമയിൽ തന്റെ സ്വത്വത്തെ വിന്യസിച്ചുകൊണ്ടാണ് മുകുന്ദൻ നോവൽ രചന പൂർത്തിയാക്കിയിരിക്കുന്നത്. സാഹിത്യത്തിൽ ദേശസൂചനകൾ ഉൾച്ചേർന്നുകിടക്കാറുണ്ട്. ദേശകാലങ്ങൾക്ക് മുദ്രിതമാകാനുതകുന്ന ഘടനയാണ് നോവലിന്റേത്. മയ്യഴിയുടെ സവിശേഷ രാഷ്ട്രീയഘടന നോവൽരചനയുടെ ഉപാധിയാക്കുന്നതിൽ മുകുന്ദൻ അതീവ ശ്രദ്ധപുലർത്തി. സ്വാതന്ത്യ്രപൂർവകാലത്തെയും സ്വാതന്ത്യ്രാനന്തരകാലത്തെയും മയ്യഴിയുടെ സർഗാത്മക സൂക്ഷ്മരാഷ്ട്രീയ വായനയാണ് മയ്യഴിപ്പുഴയുടെ തീരങ്ങളിൽ, ദൈവത്തിന്റെ വികൃതികൾ, കുടനന്നാക്കുന്ന ചോയി എന്നീ നോവലുകളിലൂടെ മുകുന്ദൻ നടത്തുന്നത്. മയ്യഴിയിലെ മണ്ണും അവിടത്തെ മനുഷ്യരും സജീവമുദ്രിതക്കാഴ്ചകളായി എന്നും മുകുന്ദനിൽ നിറഞ്ഞുനിന്നു. പ്രവാസജീവിതത്തിന്റെ കടുംകാഞ്ഞിരച്ചവർപ്പിനെ ഗൃഹാതുരതസ്മരണയുടെ മധുരനീരിൽ മുക്കി നിർവീര്യമാക്കുന്ന ദൗത്യമാണ് മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന നോവൽരചനയിലൂടെ മുകുന്ദൻ നിർവഹിച്ചത. വെള്ളിയാങ്കല്ലിനു മുകളിൽ പറന്നുനടക്കുന്ന ദാസനെന്ന തുമ്പി കാലമെത്ര കഴിഞ്ഞാലും വായനക്കാരുടെ മനസ്സിൽ ഒരു കണ്ണുനീർത്തുള്ളിയായി ഘനീഭവിച്ചുകിടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.