7 May 2024, Tuesday

പൃഥായനം

ബിനു വിശ്വനാഥൻ
September 19, 2021 5:26 am

പ്രളയപ്രവാഹമായ് ആർത്തുലഞ്ഞ് വരുന്ന നദിയോട് ഉപമിക്കാം പൃഥയുടെ സഞ്ചാരത്തിനെ. നദിക്ക് സമാന്തരമായി നദിയോട് മത്സരിക്കും വിധം, ഏതോ വിഹ്വലതയുടെ മാസ്മരിക കാന്തികശക്തിയാൽ അവൾ യാത്ര തുടരുന്നു, ഏതോ ലക്ഷ്യവും തേടി.
ഒരിക്കൽ പോലും വിപരീത പ്രതിസന്ധിയിൽ തളരാത്ത, ആർക്കും വഴങ്ങാത്ത, ആരോടും വിധേയ യാകാത്ത, വനപൗരുഷം, രാജസഭാവത്തിന്റെ മൂർത്തീഗുണം അസ്വസ്ഥതയായ് ആരെയോ തേടി പോകുന്നു.
— വാർദ്ധക്യമെത്തിയെങ്കിലും ശരീരം കൊണ്ടും മനസ്സുകൊണ്ടും നിത്യയൗവ്വനത്തിൽ നിന്നും വഴുതി മാറാതെ നിൽക്കുന്ന ആർജ്ജവം, ആരാലും തളയ്ക്കാൻ കഴിയാത്ത ക്ഷാത്രസൗന്ദര്യം.
— ആരണ്യത്തിനുള്ളിലെ താൻ തേടി വന്ന മഹാപുരുഷന്റെ അരികിൽ നിന്നു പ്രഥ. കാലപുരുഷനെ നിരന്തരമായി കേൾക്കുന്ന സംവദിക്കുന്ന വാങ്മയ രൂപധാരി, പരാശരപ്രിയൻ, വ്യാസഭഗവാൻ തന്റെ ബ്രഹ്മ നാരായത്താൽ രചനയിലാണ്.
— ഇടവേള തേടി പഥ നിൽക്കുമ്പോഴും, ഇടവേളകളില്ലാത്ത പദലഹരിയാൽ പദപ്രവാഹത്താൽ പര മാനന്ദത്താൽ ഇഹവും, പരവും മറന്ന് വ്യാസഭഗവാൻ എഴുതിക്കൊണ്ടേയിരുന്നു. വിളംബകാലത്തിൽ തുട ങ്ങിയ രചനാ വൈഭവം ഭൂതവും അതിദ്രുതവും പിന്നിട്ട് അക്ഷരസമൃദ്ധിയാൽ താളിയോലകളിൽ നിറയു മ്പോൾ അക്ഷമയെങ്കിലും അർദ്ധവിരാമത്തിനായി കാത്തിരുന്നു. കുന്തി. അരുണൻ പൂർവ്വ ദിക്കിൽ നിന്നും മെല്ലെ മൂർദ്ധാവിലേക്ക് കുടിയേറുന്നു.
— പദങ്ങളെ പൂമ്പാറ്റകളെ പോലെ പറത്തി വിടുന്ന ആ ഗുരുസാഗരം, എപ്പഴോ ബ്രഹ്മനാരായത്തിന് അർദ്ധവിരാമം നൽകി മെല്ലെ നിവർന്നു അസ്ഥാനത്തെ അതിഥിയെക്കണ്ട് ആശ്ചര്യത്തോടെ നിന്നു.
അവൾ വന്ദിച്ചു
“പ്രണാമം മഹാഗുരോ”
ഭഗവാൻ പ്രതിവചിച്ചു “സൗഭാഗ്യവതീ ഭവഃ”
“പൃഥ, എന്തേ ഈ വഴി? നിന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നുവല്ലോ? മൊഴികളിൽ ഇടർച്ചയും മുഖമണ്ഡ ലത്തിൽ ആശങ്കയുമുണ്ടല്ലോ?
കേട്ടമാത്രയിൽ ഭോജസന്തതി പൊട്ടിക്കരഞ്ഞു. ഹസ്തിനപുരിയിലോ, ഇന്ദ്രപ്രസ്ഥത്തോ വനപർവ്വങ്ങ ളിലോ ഇതുവരെ ഇതുവരെ കാണാത്ത പ്രരോദനത്തിന് പരാശരപുത്രൻ സാക്ഷ്യം വഹിച്ചു.
വനസൗന്ദര്യത്തിന്റെ പര്യായങ്ങളിൽ നിന്നും ഇങ്ങനെയൊരു ഭാവമോ? “പറയൂ പുത്രി നിന്റെ വ്യഥ” ദൂരത്തേക്ക് നോക്കി അങ്ങ് ദൂരത്തേക്ക്. കുരുക്ഷേത്രത്തിന്റെ മാറിൽ ഉയരുന്ന പുകച്ചുരുളുകൾ, പശ്ചാത്തലത്തിലെ ദീനരോദനങ്ങൾ, പതിനെട്ടക്ഷൗണികൾ ഒടുങ്ങിയ ശേഷിപ്പുകൾ.
പഥ പറഞ്ഞു അങ്ങ് നോക്കൂ, എല്ലാം നശിച്ചിരിക്കുന്നു, എല്ലാം. വ്യാസഭഗവാൻ മിഴികളടച്ചു. കണ്ണുകൾ അടച്ചുകൊണ്ടുതന്നെ അദ്ദേഹം പറഞ്ഞു
*
അനാഥമായ കബന്ധങ്ങൾ, വേർപെട്ടവരെ തേടിയലയുന്ന ബന്ധുക്കൾ, കാന്താവിരഹസന്തപ്തകളായ കുലവധുക്കൾ, വിലാപങ്ങൾ… ഹാ… ആ സ്ഥിരപ്രജ്ഞൻ പോലും വേദന പൂണ്ടു. കണ്ണു തുറന്നു പറഞ്ഞു. “ആരൊക്കെയോ കാരണക്കാർ, അതിൽ നിനക്കുമുണ്ട് പങ്ക് പുത്രീ”.
അർദ്ധവിരാമത്തിന് ശേഷം അദ്ദേഹം തുടർന്നു.
“എല്ലാം നശിച്ചു എന്ന് നീ പറഞ്ഞതിൽ തെല്ലും ദുഃഖമില്ല നിനക്ക്. എന്നാൽ അവസാനം എല്ലാം എന്നു പറഞ്ഞതിൽ ഒരു സ്വാർത്ഥതയുടെ ലാഞ്ചനയുണ്ട്. നിനക്ക് വളരെ പ്രിയപ്പെട്ടവരാരോ നഷ്ടമായി രിക്കുന്നു. ”
ഉത്തരമൊന്നും പറയാതെ പഥ നിന്നു. അക്ഷരനാഥൻ തുടർന്നു.
“ആ തിരശീല മാറ്റൂ, ആ മറ നീക്കൂ, ആഗമനോദ്ദേശ്യം വ്യക്തമാക്കൂ” കുന്തി തെല്ല് മടിയോടുകൂടിയാണെങ്കിലും ക്ഷോഭത്തോടെ പറഞ്ഞു, “ഇന്നലെ രാത്രിയിൽ അരുംകൊല അരങ്ങേറിയിരിക്കുന്നു. രാത്രിയുടെ മറവിൽ ഉറങ്ങിക്കിടന്ന അഞ്ച് കുട്ടികളെ, എന്റെ പൗത്രരെ ആ അശ്വത്ഥാമാവും കൂട്ടരും വധിച്ചിരിക്കുന്നു. അധർമ്മം അരങ്ങേറിയിരി ക്കുന്നു. ”
വ്യാസഭഗവാൻ പുഞ്ചിരിച്ചു.
“കുന്തി, അരുംകൊലയും അധർമ്മവും ഇന്നലെ ഒരു രാത്രി കൊണ്ട് സംഭവിച്ചതല്ലല്ലോ? മനുഷ്യന്റെ അന്തഃരംഗം പ്രാകൃതമാണ്. ധർമ്മത്തിൽ തുടങ്ങിയ പലതും ധർമ്മത്തിൽ അവസാനിക്കാറില്ല. ”
വ്യാസഭഗവാൻ തുടർന്നു, “നിന്റെ അഞ്ചുമക്കളും സുരക്ഷിതരാണ്. എന്നാൽ സന്തതികൾ നൂറും നഷ്ടപ്പെട്ട് ഒരമ്മ അന്തഃപുരത്തിൽ ആരുമായും ദുഃഖം പങ്കിടാൻ കഴിയാതെ വിവശയായിരിക്കുന്നു. അവരെ നീ ഓർത്തോ. ഈ അധർമ്മത്തിൽ എത്രയോ വിലപ്പെട്ട ജീവനുകൾ നഷ്ടമായിരിക്കുന്നു. അത് നീ ഓർത്തോ. അതൊന്നും നീ ഓർക്കില്ല, ഒരു യുദ്ധവും ഒന്നു നേടിത്തരുന്നില്ല, നഷ്ടങ്ങളല്ലാതെ”. കുന്തി ഒന്നും പറഞ്ഞില്ല. മറുമൊഴി അവളിൽ നിന്നും അന്യമായിരുന്നു. അക്ഷരപുരുഷൻ തുടർന്നു. “നീ ഇന്ന് അനുഭവിക്കുന്ന പൗത്രവിരഹ ദുഃഖത്തിന് മതിയായ കാരണമുണ്ട്. ദേവീ, നീ പിന്നിലേക്ക് നോക്കൂ. ” “ഹസ്തിനപുരിയിലേക്കോ? ” “അല്ല” “ഇന്ദ്രപ്രസ്ഥത്തിലേക്കോ? ” “അതുമല്ല, വീണ്ടും പിന്നിലേക്ക്” “അരക്കില്ലത്തിലേക്കോ? ”
“അതേ, അതു തന്നെ. ഒരു നിഷാദസ്ത്രീയേയും അവളുടെ അഞ്ച് ആൺമക്കളേയും നീ കാണുന്നുണ്ടോ? വിശന്നു വലഞ്ഞുവന്ന അവരെ സൽക്കരിച്ചിരുത്തി ഭക്ഷണവും മദ്യവും നൽകിയത് കാണുന്നുണ്ടോ? അവരെ തന്ത്രപൂർവ്വം മയക്കികിടത്തി അരക്കില്ലം ബന്ധിച്ച് നീയും പുത്രരും ഗോപ്യവഴിയിലൂടെ പോയ തോർമ്മയുണ്ടോ? ആത്മവഞ്ചന ചെയ്തതോർമ്മയുണ്ടോ? നിഷ്ടൂരമായ അരുംകൊലയ്ക്ക് കാരണഭൂ തയായതോർമ്മയുണ്ടോ? ”
പൃഥ വിലപിച്ചു, വ്യർത്ഥവിലാപങ്ങൾ അന്തരീക്ഷത്തിൽ മുഴങ്ങി നിന്നു.
ഭഗവാൻ തുടർന്നു,
“പുത്രി, കാലപുരുഷന്റെ കൈകളിൽ നാൾവഴികളും, കണക്കുകളും എന്നും ഭദ്രം. നാം മറന്നാലും അവൻ മറക്കില്ല. കർത്താവ് തന്നെ എല്ലാം അനുഭവിക്കണം. കാലത്തിലൂടെയും കാലാന്തരത്തിലൂടെയും അന തര ജന്മങ്ങളിലൂടെയും അനുഭവിക്കണം. ”
കുന്തീ ഒന്നുമുരിയാടാതെ നിന്നു.
ഭഗവാൻ തുടർന്നു. “അഞ്ച് എന്ന സംഖ്യ അവിടെയും ഇവിടെയും കൃത്യമല്ലേ മകളെ? ” വ്യാസൻ കൂടുതൽ ചേർന്നു നിന്നു
“ഇന്നലത്തെ അരുംകൊല ആരുമറിയാതെ എന്നത് അവാസ്തവം. ഒരാൾക്ക് എല്ലാം അറിയാമായിരുന്നു. നിന്റെ പക്ഷത്ത് നിന്ന ഒരാൾക്ക്, നീ അറിയുന്ന ഒരാൾക്ക്. നീ ഹൃദയത്തോട് ചേർത്ത് നിർത്തിയ ഒരാൾക്ക്. ”
കുന്തി വീണ്ടും പൊട്ടിക്കരഞ്ഞു. “അന്ന് നീ ചെയ്ത വിശ്വാസവഞ്ചനയ്ക്ക് ഇന്ന് കിട്ടിയ ഗുണഫലം”
ഇതിഹാസകാരൻ തുടർന്നു.
“മരിച്ചവരെ ജീവിപ്പിക്കുവാൻ ഞാൻ അസുരഗുരുവല്ല. മൃതസഞ്ജീവനി ഞാൻ പരീക്ഷിക്കാറുമില്ല. കർമ്മ ഫലം അത് അനുഭവിച്ച് തന്നെ തീരണം. അതേറ്റുവാങ്ങാൻ മറ്റാരും വരിക കൂടിയില്ല. കൂടുതലൊന്നും എനിക്ക് പറയാനുമില്ല. ”
വ്യാസഭഗവാൻ തിരിഞ്ഞു നടന്നു.
കുന്തിയും യാത്ര തുടർന്നു. അനന്തവിഹായസ്സിലും സകലയിടങ്ങളിലും വ്യാപിക്കുന്ന കാലപുരുഷനോട് യോഗിവര്യൻ ചോദിച്ചു,
“ആ കണക്കുകൾ ഇപ്പോഴും പൂർണ്ണമല്ലല്ലോ പ്രിയാ? ആ നിഷാദസ്ത്രീയുടെ അരുംകൊലയുടെ കണ ക്കുകളിൽ ഇന്നും അവ്യക്തത! അന്തഃപുരത്തിലോ ആരണ്യഗർഭത്തിലോ അഗ്നി അതിന്റെ അതിഘോര മായ നാവുമേന്തി ഇവളെ പ്രതീക്ഷിച്ച് നിൽപ്പുണ്ടോ? ദാഹമടക്കാനല്ല, കണക്കുകൾ ചോദിക്കുവാൻ. ” കാലപുരുഷൻ എന്തോ മറുപടി ചൊല്ലി. വേദപുരുഷന് മാത്രം മനസ്സിലാകുന്ന ഭാഷയിൽ.
“സംഭവാമി യുഗേ യുഗേ. അദ്ദേഹം താളിയോലയും ബ്രഹ്മനാരായവും ലക്ഷ്യമാക്കി നടന്നു. കൈകളിലേന്തി രചന തുടർന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.