7 May 2024, Tuesday

ഇത് ഇന്ത്യയാണ്

ചവറ കെ എസ് പിള്ള
September 19, 2021 5:09 am

മരണത്തിന്റെ മുല ചപ്പിക്കുടിക്കുന്ന
കുഞ്ഞു വാവകളുടെ
വിശപ്പിന്റെ കരച്ചിൽ
പഞ്ചവത്സരപക്ഷിപ്പാട്ടായി
ശംഖനാദം മുഴക്കുന്നു
ഇത് ഇൻഡ്യയാണ്.

ദാരിദ്ര്യത്തിന്റെ നുകംപേറി
ചക്രശ്വാസം വലിക്കുന്ന
ഇരുകാലിമാടുകളുടെ
ചിരകാലസ്വപ്നങ്ങൾ
പെരുച്ചാഴികൾ
കവർന്നുകൊണ്ടേയിരിക്കുന്നു
ഇത് ഇൻഡ്യയാണ്.

മതേതര മധുര ഭാഷണങ്ങൾ
അരങ്ങു തകർക്കുമ്പോൾ
സ്വകാര്യമതവിഷപ്പാമ്പുകൾ
മാളങ്ങൾ ഒരുക്കുന്നു
ഇത് ഇൻഡ്യയാണ്.

കുടിനീരു നുണയുന്ന കാക്കകളെ
കെണിവച്ചു വീഴ്ത്തുന്ന കൊക്കുകളുടെ
അധികാര ഡംഭുകൾ
കലിതുള്ളിയാർക്കുന്നു
ഇത് ഇൻഡ്യയാണ്.

കാമക്കഴുകരുടെ വെറിപൂണ്ട് ചുണ്ടുകളിൽ
പിടയുന്ന വെള്ളരി പ്രാക്കളുടെ
കൊഴിയുന്ന തൂവലുകളും
ചൊരിയുന്ന ചോരപ്പൂക്കളും
നാരീശ മംഗളപൂജ നടത്തിക്കൊണ്ടേയിരിക്കുന്നു
ഇത് ഇൻഡ്യയാണ്.

വിരിയുംമുമ്പേ കശക്കിപൊഴിക്കപ്പെടുന്ന
കുരുന്നു പൂക്കളുടെ ദീനരോദനം
രാമരാജ്യസങ്കീർത്തനമാകുന്നു
ഇത് ഇൻഡ്യയാണ്.

എതിർവാക്കരിയുന്ന
ജനകീയ വാൾത്തിളക്കത്തിൽ
വെളിപാടു തുള്ളുന്ന ചെങ്കോലുകൾ
പൂമുഖക്കസാലകളിൽ
ഞെളിഞ്ഞിരിക്കുന്നു
ഇത് ഇൻഡ്യയാണ്.

ഞാനില്ല
നീയില്ല
നമ്മളെന്ന ജ്ഞാനപ്പഴത്തിന്റെ
മധുരിമയിൽ
ഞാൻ എന്നഹംഭാവകാകോളമേറ്റും
ഞാഞ്ഞൂലുകൾ ഉയർത്തെഴുന്നേൽക്കുന്നു
ഇത് ഇൻഡ്യയാണ്.

വികസനവായ്ത്താരി
ജയഭേരി മുഴക്കുമ്പോൾ
കുഴികൾ വീണ്ടും
പടുകുഴികളാകുന്നു
കുന്നുകൾ മഹാഗിരിശൃംഗങ്ങളാകുന്നു
അപ്പൊഴും മുഴങ്ങുന്നു:
“ഒരേഒരിന്ത്യാ
ഒരൊറ്റ ജനത”
ഇപ്പോഴും ഇത് ഇൻഡ്യയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.