26 April 2024, Friday

Related news

April 25, 2024
January 29, 2024
December 19, 2023
December 18, 2023
December 14, 2023
December 13, 2023
November 30, 2023
October 28, 2023
September 21, 2023
September 1, 2023

വീണ്ടും സംഘ്പരിവാർ പ്രസ്താവനയുമായി ജെഎൻയു വിസി

Janayugom Webdesk
ന്യൂഡൽഹി
May 20, 2022 7:57 pm

ബിജെപിയും സംഘ്പരിവാറും നടത്തുന്ന മതരാഷ്ട്ര പ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച് ജെഎൻയു വൈസ് ചാൻസിലർ ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ്. ഇന്ത്യയെ ഭരണഘടനയാൽ ബന്ധിതമായ രാഷ്ട്രമായി ചുരുക്കുന്നത് അതിന്റെ ചരിത്രത്തെയും പൗരാണിക പൈതൃകത്തെയും സംസ്കാരത്തെയും അവഗണിക്കലാണ്. മതത്തിനപ്പുറം സാംസ്കാരിക ചരിത്രത്തെ ആഘോഷിക്കേണ്ടത് വളരെ പ്രധാനമാണെന്നും അവര്‍ പറഞ്ഞു.

ഡൽഹി സർവകലാശാലയിൽ നടന്ന ഒരു അന്താരാഷ്ട്ര സെമിനാറിൽ സംസാരിക്കവെയാണ് ഭരണഘടനയ്ക്കപ്പുറം മതസംസ്കാരത്തെ സ്ഥാപിക്കണമെന്ന പ്രസ്താവന ജെഎന്‍യു വിസി നടത്തിയത്. ആധുനികതയും പാരമ്പര്യവുമുള്ള രണ്ട് സാംസ്കാരിക രാഷ്ട്രങ്ങളാണ് ഇന്ത്യയും ചൈനയും. ചൈന സാംസ്കാരിക ദേശീയതയെക്കുറിച്ച് സംസാരിക്കുമ്പോൾ അത് മതേതരമാണ്.

എന്നാൽ ഇന്ത്യ പറയുമ്പോൾ അത് വർഗീയമാകുന്നു. ‘സ്വരാജ് മുതൽ ന്യൂ ഇന്ത്യ വരെയുള്ള ഇന്ത്യന്‍ ആശയങ്ങളുടെ പുനഃപരിശോധന എന്ന വിഷയത്തിലുള്ള ത്രിദിന സെമിനാറിന്റെ പ്ലീനറി സെഷനിൽ അവർ പറഞ്ഞു.

ഫെബ്രുവരിയില്‍ വെെസ് ചാന്‍സിലറായി നിയമിക്കപ്പെടും മുമ്പും ചുമതലയേറ്റശേഷവും സംഘ്പരിവാര്‍ അനുകൂല പ്രസ്താവനകളിലൂടെ വിമര്‍ശനം നേരിടുന്ന വ്യക്തിയാണ് ശാന്തിശ്രീ. ‘മഹാത്മാഗാന്ധിയും നാഥുറാം ഗോഡ്സെയും ഗീതയിൽ നിന്ന് വിപരീത പാഠങ്ങൾ പഠിച്ചു‘വെന്നായിരുന്നു അവരുടെ ഒരു ട്വീറ്റ്. ‘ഗോഡ്സെ ചിന്തിച്ചത്, പറയുന്നതിനേക്കാൾ നല്ലത് പ്രവർത്തനമാണെന്നാണ്. മഹാത്മാഗാന്ധിയുടെ കൊലപാതകത്തിലൂടെ ഏകീകൃത ഇന്ത്യക്ക് പരിഹാരം കണ്ടെത്തി‘യെന്നും ട്വീറ്റിൽ പറഞ്ഞിരുന്നു.

വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തിയ സമരത്തെയും ശാന്തിശ്രീ വിമർശിച്ചിരുന്നു. അവരെ ‘യോ യാ’ നയിക്കുന്ന ഇത്തിൾക്കണ്ണികളുടെ കൂട്ടം എന്നാണ് വിശേഷിപ്പിച്ചത്. നടന്‍ കമൽ ഹാസന്‍ ഹിന്ദുക്കളെ ഉപദ്രവിക്കുന്നവനാണെന്നും ആളുകളെ ക്രിസ്തു മതത്തിലേക്ക് മാറ്റുകയാണെന്നുമുള്ള ട്വീറ്റും വിവാദമായിരുന്നു.

വെെസ്ചാന്‍സിലറായ ശേഷം അവരിറക്കിയ വാര്‍ത്താക്കുറിപ്പിലെ വ്യാകരണ പിശകുകൾ ചൂണ്ടിക്കാട്ടി ബിജെപി എംപി വരുൺ ഗാന്ധി തന്നെ ശാന്തിശ്രീയെ വിമര്‍ശിച്ചിരുന്നു. ‘പുതിയ വിസിയുടെ പത്രക്കുറിപ്പ് നിരക്ഷരതയുടെ ഒരു പ്രദർശനമാണ്. ഇത്തരത്തിലുള്ളവരുടെ നിയമനങ്ങൾ മാനുഷിക മൂല്യത്തെയും യുവാക്കളുടെ ഭാവിയെയും തകർക്കു‘മെന്ന് വരുൺ ഗാന്ധി ട്വീറ്റ് ചെയ്തു.

Eng­lish summary;JNU VC again with Sangh Pari­var statement

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.