1 March 2024, Friday

Related news

December 26, 2023
December 25, 2023
December 24, 2023
December 24, 2023
December 20, 2023
December 19, 2023
December 19, 2023
December 19, 2023
December 19, 2023
December 18, 2023

കാനത്തിന്റെ വേര്‍പാട് അപരിഹാര്യമായ നഷ്ടം

Janayugom Webdesk
December 9, 2023 5:00 am

മ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്രസെക്രട്ടറിമാരില്‍ ഒരാളും കേരള സംസ്ഥാന സെക്രട്ടറിയും ജനയുഗം ദിനപത്രത്തിന്റെ മുഖ്യപത്രാധിപരുമായ കാനം രാജേന്ദ്രൻ ആയിരക്കണക്കിന് പാർട്ടിപ്രവർത്തകരെയും പാർട്ടിയെ സ്നേഹിക്കുന്നവരെയും സംസ്ഥാനത്തെ തൊഴിലാളിവർഗത്തെയും താൻ വ്യാപരിച്ച പൊതുരംഗത്തെ മുഴുവൻപേരെയും ദുഃഖത്തിലാഴ്ത്തിക്കൊണ്ടാണ് വിട്ടുപിരിയുന്നത്. 2015ൽ കോട്ടയത്തുനടന്ന പാർട്ടിയുടെ സംസ്ഥാനസമ്മേളനം സെക്രട്ടറിയായി തെരഞ്ഞെടുത്തതുമുതൽ ഇന്നലെ എറണാകുളത്തെ സ്വകാര്യആശുപത്രിയിലെ അന്ത്യനിമിഷംവരെ കമ്മ്യൂണിസ്റ്റ്പാർട്ടിയും ബഹുജനപ്രസ്ഥാനങ്ങളും കെട്ടിപ്പടുക്കുന്നതിലും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അടിത്തറ വിപുലമാക്കുന്നതിലും ബദ്ധശ്രദ്ധമായ നേതൃത്വമാണ് അദ്ദേഹം നിർവഹിച്ചുപോന്നത്. നന്നേ ചെറുപ്പത്തിൽത്തന്നെ അഖിലേന്ത്യാ വിദ്യാർത്ഥി ഫെഡറേഷനിലൂടെ രാഷ്ട്രീയ പ്രവർത്തനത്തിൽ വ്യാപൃതനായ അദ്ദേഹം വിദ്യാർത്ഥി യുവജന രംഗങ്ങളിലെ പ്രവർത്തനത്തിലൂടെ കേരളത്തിലെ രാഷ്ട്രീയജീവിതത്തിൽ ചിരപ്രതിഷ്ഠനേടി. തന്റെ യൗവനകാലത്തുതന്നെ, ഇരുപത്തിയഞ്ചാമത്തെ വയസിൽ, എൻ ഇ ബാലറാം പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ആയിരിക്കെ, അദ്ദേഹം സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. യുവജന ഫെഡറേഷൻ ഭാരവാഹിത്വം ഒഴിഞ്ഞതുമുതൽ കാനം ട്രേഡ്‌യൂണിയൻ രംഗത്ത് എഐടിയുസി സംസ്ഥാന സെക്രട്ടറി എന്ന നിലയിലും 2006 മുതൽ 2014 വരെ എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറിയായും തുടർന്ന് 2018 വരെ സംഘടനയുടെ പ്രസിഡന്റായും ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ചു. ഇക്കാലയളവിൽ എഐടിയുസിയുടെ ദേശീയ ഭാരവാഹിയായും അദ്ദേഹം പ്രവർത്തിക്കുകയുണ്ടായി. ട്രേഡ്‌യൂണിയൻ രംഗത്ത് പുത്തൻതലമുറ ബാങ്ക് ജീവനക്കാരേയും ഐടി, ചലച്ചിത്ര മേഖലകളിലെ തൊഴിലാളികളെയും സംഘടിപ്പിക്കുന്നതിനും ദൂരക്കാഴ്ചയോടെ അദ്ദേഹം പ്രവർത്തിച്ചു. കോട്ടയം ജില്ലയിലെ വാഴൂരിൽനിന്നും രണ്ടുതവണ സാമാജികനായി തെരഞ്ഞെടുക്കപ്പെട്ട കാനം നിയമനിർമ്മാണ പ്രവർത്തനങ്ങളിലെ പ്രാഗത്ഭ്യംകൊണ്ടും മിതവും, നിരീക്ഷണപാടവംകൊണ്ട് സമ്പുഷ്ടവുമായ ഇടപെടലുകളിലൂടെയും സഭയുടെയും പൊതുസമൂഹത്തിന്റെയും ശ്രദ്ധ ആകർഷിച്ചു.


ഇതുകൂടി വായിക്കൂ: വാക്കുകള്‍ക്കതീതമീ വേദന: ആലപ്പുഴക്കാരുടെ ഓര്‍മ്മയില്‍ കാനം


ആഗോളതലത്തിലും രാജ്യത്തുതന്നെയും കമ്മ്യൂണിസ്റ്റുപ്രസ്ഥാനം കനത്തവെല്ലുവിളികളെ നേരിടുന്ന കാലഘട്ടത്തിലാണ് കാനം രാജേന്ദ്രൻ കേരളത്തിലെ കമ്മ്യൂണിസ്റ്റ്പാർട്ടിയെ നയിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തം നിർവഹിക്കാൻ നിയുക്തനായത്. പാർട്ടിയെ നാളിതുവരെ നയിച്ച പ്രഗത്ഭമതികളായ നേതാക്കളുടെ വലിയൊരുനിരതന്നെ കാലയവനികയ്ക്കുള്ളിൽ മറഞ്ഞ ഒരു സന്ദിഗ്ധഘട്ടത്തിൽ നേതൃത്വത്തിന്റേതായ വെല്ലുവിളികൾ ഏറ്റെടുക്കാനും അസാധാരണമായ മെയ്‌വഴക്കത്തോടെയും തികഞ്ഞ ഉൾക്കാഴ്ചയോടെയും തന്നിൽ അർപ്പിതമായ ഉത്തരവാദിത്തം അഭിനന്ദനാർഹമായി നിർവഹിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. പാർട്ടി ബ്രാഞ്ചുകൾ മുതൽ മുകളിലോട്ടുള്ള എല്ലാ ഘടകങ്ങളെയും പ്രവർത്തനക്ഷമമാക്കാനും ജനകീയപ്രശ്നങ്ങൾ ഏറ്റെടുത്ത് അവരെ സമരമുഖത്തേക്ക് നയിക്കാനും സെക്രട്ടറി എന്നനിലയിൽ കാനം നേതൃത്വം നൽകി. തന്റെ വഷളായിക്കൊണ്ടിരുന്ന ആരോഗ്യം വകവയ്ക്കാതെ അദ്ദേഹം കേരളത്തിലുടനീളം നിരന്തരം യാത്രചെയ്യുകയും സഖാക്കൾക്ക് ആവേശംപകർന്ന് അവരെ പ്രവർത്തനരംഗത്ത് ഊർജസ്വലമായി നിലകൊള്ളാൻ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. ഏറ്റവും സാധാരണക്കാരായ പാർട്ടിപ്രവർത്തകരെപ്പോലും പേരെടുത്തുവിളിക്കാനും അവരുമായി ഊഷ്മളബന്ധം നിലനിർത്താനുംകഴിഞ്ഞ നേതാവായിരുന്നു അദ്ദേഹം. നിലവിലുള്ള പ്രത്യേക രാഷ്ട്രീയസാഹചര്യത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പുറത്തുനിന്നുള്ള ആക്രമണങ്ങളിൽനിന്നും സംരക്ഷിച്ച് നിലനിർത്തേണ്ടത് കമ്മ്യൂണിസ്റ്റ്പാർട്ടിയുടെ വിട്ടുവീഴ്ചയില്ലാത്ത ഉത്തരവാദിത്തമാണെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. അത് പാർട്ടിയുടെ ദൗർബല്യമാണെന്ന് വ്യാഖ്യാനിക്കാൻ ശ്രമിച്ച മാധ്യമങ്ങൾ ഉൾപ്പെടെയുള്ള വിമർശകരോട് ഒരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയ്യാറായില്ല. മുന്നണിയുടെ പ്രവർത്തനത്തിലും നിലപാടുകളിലുമുള്ള വിമർശനം മുന്നണി വേദികളിൽത്തന്നെ ഉന്നയിച്ച് പരിഹാരം കാണുകയാണ് ഇന്നത്തെ സവിശേഷ രാഷ്ട്രീയസാഹചര്യത്തിൽ ഉചിതമെന്ന ഉറച്ചനിലപാടാണ് അദ്ദേഹം അവലംബിച്ചത്. ഇടതുപക്ഷ ഐക്യത്തിന് കോട്ടംതട്ടുന്ന യാതൊന്നിനെയും പ്രോത്സാഹിപ്പിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല.


ഇതുകൂടി വായിക്കൂ: ഞങ്ങളുടെ മുഖ്യപത്രാധിപര്‍


ആധുനികകാലത്തെ രാഷ്ട്രീയപ്രവർത്തനം ഭാരിച്ച സാമ്പത്തികച്ചെലവുകൾ കൂടാതെ നിർവഹിക്കാനാവില്ല. സന്നദ്ധപ്രവർത്തകരുടെ പാർട്ടി എന്നനിലയിൽ പാർട്ടിപ്രവർത്തനത്തിന് ആവശ്യമായ വിഭവസമാഹരണത്തിന്റെ പ്രാഥമിക സ്രോതസ് പാർട്ടിഅംഗങ്ങൾ തന്നെയാണെന്ന് അദ്ദേഹം ബോധ്യപ്പെടുത്തി. ചുരുങ്ങിയ കാലയളവിനുള്ളിൽ, അന്തരിച്ച പാർട്ടി സെക്രട്ടറി സി കെ ചന്ദ്രപ്പന്റെ നാമധേയത്തിൽ കൊട്ടാരക്കരയിൽ പാർട്ടി വിദ്യാഭ്യാസത്തിനും പരിശീലനത്തിനും ഉതകുന്ന സമുച്ചയം നിർമ്മിക്കുന്നതിനും തിരുവനന്തപുരത്തെ പാർട്ടി സംസ്ഥാനകൗൺസിൽ ഓഫിസായ എം എൻ സ്മാരക നവീകരണത്തിനും ആവശ്യമായ വിഭവസമാഹരണം പ്രധാനമായും പ്രഥമമായും പാർട്ടിപ്രവർത്തകരിൽനിന്നും നിശ്ചിത സമയപരിധിക്കുള്ളിൽ നിർവഹിച്ച് അവരിൽ ആത്മവിശ്വാസവും പ്രതിബദ്ധതയും വളർത്താൻ കാനത്തിന്റെ നേതൃത്വത്തിന് കഴിഞ്ഞു. ഇപ്പോൾ താൽക്കാലികമായി പാർട്ടി ആസ്ഥാനം പ്രവർത്തിക്കുന്ന എഐടിയുസി സംസ്ഥാന കൗൺസിൽ ഓഫിസായ പി എസ് സ്മാരകത്തിന്റെ നിർമ്മാണത്തിനും കാനം രാജേന്ദ്രൻ നൽകിയ നേതൃത്വം ശ്രദ്ധേയമായിരുന്നു. അച്ചടിമാധ്യമങ്ങൾ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി പാർട്ടിയുടെ മുഖപത്രമായ ജനയുഗവും അഭിമുഖീകരിക്കുന്നുണ്ട്. അത്തരം പ്രതിസന്ധിഘട്ടങ്ങളെ നേരിടാൻ ജനയുഗത്തെ പ്രാപ്തമാക്കുന്നതിൽ മുഖ്യപത്രാധിപരായ കാനത്തിന്റെ പിന്തുണയും പത്രത്തിന്റെ നടത്തിപ്പിൽ അദ്ദേഹം നൽകിപ്പോന്ന മാർഗദർശനവും ജനയുഗം പ്രവർത്തകർ ദുഃഖാർത്തമായ ഈ വേളയിൽ നന്ദിപൂർവം അനുസ്മരിക്കുന്നു. സഖാവിന്റെ വേര്‍പാട് കേരളത്തിലേയും ഇന്ത്യയിലേയും കമ്മ്യൂണിസ്റ്റ് പാര്‍‍ട്ടിക്കും ഇടതുപക്ഷ പ്രസ്ഥാനത്തിനും അപരിഹാര്യമായ നഷ്ടമാണ് സൃഷ്ടിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ ഉജ്വല സ്മരണയ്ക്കു മുന്നില്‍ ജനയുഗം പ്രവര്‍ത്തകരുടെ ആദരാജ്ഞലി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.