8 December 2024, Sunday
KSFE Galaxy Chits Banner 2

പ്രതീക്ഷയുടെ കരുത്താണ് കണ്‍മണി…

ശ്യാമ രാജീവ്
March 8, 2023 10:21 am

സ്വപ്നം കണ്ട ലോകം “കാല്‍ക്കുമ്പിളില്‍ ” നേടിയെടുത്ത അത്ഭുതപെണ്‍കുട്ടി… ഇച്ഛാശക്തി ഉണ്ടെങ്കില്‍ എന്തും സാധ്യമാണെന്ന് തെളിയിച്ച മിടുക്കി… ഇത് കണ്‍മണി, ജന്മനാ ഇരുകൈകളുമില്ലാത്ത അവള്‍ തന്റെ പരിമിതികളെക്കുറിച്ചോര്‍ത്ത് വ്യാകുലപ്പെടാറില്ല. ആഗ്രഹിച്ചതെല്ലാം നേടിയെടുക്കണമെന്ന ഉറച്ച തീരുമാനത്തില്‍ നിന്ന് പരിമിതികളെ അതിജീവിച്ച് ഈ ഇരുപത്തിരണ്ടുകാരി എത്തിയത് ആരും കൊതിക്കുന്ന നേട്ടങ്ങളുടെ കൊടുമുടിയിലേക്ക്. സംഗീതം, ചിത്രരചന, ക്രാഫ്റ്റ്, റാങ്ക് നേട്ടം, അങ്ങനെ ആരേയും അത്ഭുതപ്പെടുത്തുന്ന കഴിവുകള്‍. സാധാരണക്കാര്‍ ചെയ്യുന്ന കാര്യങ്ങള്‍ തനിക്കും ചെയ്യണമെന്ന വാശിക്കൊപ്പം മകള്‍ സ്വന്തം കാലില്‍ നില്‍ക്കണമെന്ന രക്ഷിതാക്കളുടെ ആഗ്രഹവും പ്രോത്സാഹനവുമാണ് കണ്‍മണി എന്ന അസാധാരണക്കാരിയുടെ വിജയവഴിക്കു പിന്നിലെ രഹസ്യം. അവസരങ്ങള്‍ക്കു വേണ്ടി കാത്തിരിക്കരുതെന്ന തീരുമാനം മുറുകെപിടിച്ച് കരളുറപ്പോടെ അവള്‍ പോരാടി. ആ പോരാട്ടങ്ങള്‍ നിരവധിപേര്‍ക്ക് ആശ്വാസവും കരുത്തുമായി. കണ്‍മണിയെപ്പോലെ സമൂഹത്തില്‍ ഒറ്റപ്പെട്ടുപോയവര്‍ക്കു മാത്രമല്ല, മറ്റനേകം പേര്‍ക്കും അവള്‍ ഒരു മാതൃക കൂടിയാണ്… 

ആലപ്പുഴ മാവേലിക്കര അറുന്നൂറ്റിമംഗലം സ്വദേശിയാണ് എസ് കണ്‍മണി. ജന്മനാ കൈകള്‍ ഇല്ലാത്തതിനാല്‍ ഒരു സ്കൂളിലും പ്രവേശനം ലഭിച്ചിരുന്നില്ല. ഇതോടെ വീടിനടുത്ത് ലോലമ്മ എന്ന ടീച്ചര്‍ നടത്തുന്ന സമാന്തര സ്ഥാപനത്തില്‍ അമ്മയും അച്ഛനും ചേര്‍ത്തു. ഇവിടെ നിന്നാണ് കണ്‍മണിയുടെ ജീവിതം മാറിമറിയുന്നത്. മറ്റു കുട്ടികള്‍ കൈകള്‍ കൊണ്ട് അക്ഷരങ്ങള്‍ എഴുതിയപ്പോള്‍ കണ്‍മണി എങ്ങനെ പഠിക്കുമെന്ന് ടീച്ചര്‍ക്ക് ഒരു സംശയവും ഉണ്ടായിരുന്നില്ല. കാല് കൊണ്ട് അക്ഷരം എഴുതാന്‍ പഠിപ്പിക്കാന്‍ കണ്‍മണിയെ പ്രാപ്തയാക്കി. ഇന്ന് താന്‍ അനുഭവിക്കുന്ന ഓരോ സന്തോഷത്തിനു പിന്നിലും ലോലമ്മ ടീച്ചറാണെന്ന് അഭിമാനത്തോടെ കണ്‍മണി പറയും. 

അനായാസമായി കാലുകള്‍ കൊണ്ട് അക്ഷരങ്ങള്‍ എഴുതിയിരുന്ന കണ്‍മണിക്ക് ചിത്രം വരക്കാനും കഴിവുണ്ടെന്ന് തിരിച്ചറിഞ്ഞതും ലോലമ്മ ടീച്ചറാണ്. അങ്ങനെ നാലാം വയസില്‍ ചിത്രകലാ പഠനവും തുടങ്ങി. പിന്നീട് പ്രൊഫ. മാവേലിക്കര ഉണ്ണികൃഷ്ണന്‍, ജോര്‍ജ് ഫെര്‍ണാണ്ടസ് എന്നിവരുടെ കീഴില്‍ അഭ്യസിച്ചു.
നാലാം വയസില്‍ അമ്മയാണ് സംഗീത പഠനത്തിനായി ചേര്‍ക്കുന്നത്. പ്രിയംവദ എന്ന അധ്യാപികക്കു കീഴിലാണ് ആദ്യം സംഗീതം അഭ്യസിച്ചത്. പിന്നീട് വര്‍ക്കല സിഎസ് ജയറാമിന്റെ ശിക്ഷണത്തിലായി പഠനം. ഇപ്പോള്‍ കുന്നം വീണാ ചന്ദ്രനും ഡോ. ശ്രീദേവ് രാജ്‌ഗോപാലിനും കീഴിലാണ് സംഗീത പഠനം. സ്വാതി തിരുനാള്‍ സംഗീത കോളജില്‍ എംഎ മ്യൂസിക് ചെയ്യുന്ന കണ്‍മണി കഴിഞ്ഞ വര്‍ഷം ബാച്ചിലര്‍ ഇന്‍ പെര്‍ഫോമിങ് ആര്‍ട്‌സില്‍ (വോക്കല്‍) ഒന്നാം റാങ്ക് കരസ്ഥമാക്കി.

അഞ്ചാം ക്ലാസ് മുതല്‍ പ്ലസ്ടു വരെ താമരക്കുളം വിവിഎച്ച്എസ്എസിലായിരുന്നു പഠനം. പിന്നീടങ്ങോട്ട് കലോത്സവങ്ങളിലെ സ്ഥിരം സാന്നിധ്യമായി. ജില്ലാ-സംസ്ഥാന തല മത്സരങ്ങള്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടി. ബിഎ മ്യൂസിക്കില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി.ഇന്നു കാണുന്ന നിലയിലേക്കുള്ള തന്റെ യാത്ര അത്ര എളുപ്പമായിരുന്നില്ലെന്ന് കണ്‍മണി പറഞ്ഞുവയ്ക്കുന്നു. അച്ഛനും അമ്മയും പിന്തുണയുമായി കൂടെ നിന്നപ്പോള്‍ എല്ലാം നിഷ്പ്രയാസമായി സാധിച്ചു.
കോവിഡ് ആണ് കണ്‍മണിയുടെ ജീവിതത്തെ കൂടുതല്‍ കളറാക്കിയത്. കാല് കൊണ്ടു ചിത്രം വരക്കുന്നതും നെറ്റിപ്പട്ടം നിര്‍മ്മിക്കുന്നതും കണ്ണെഴുതുന്നതും ഭക്ഷണം പാകം ചെയ്യുന്നതുമൊക്കെ സ്വന്തം യൂട്യൂബ് ചാനലില്‍ ഇട്ടതിനു പിന്നാലെ കണ്‍മണി വൈറലായി. രാജ്യത്തിനകത്തും പുറത്തുമായി 500ലേറെ വേദികളിൽ സംഗീതക്കച്ചേരി അവതരിപ്പിച്ചു. താൻ വരച്ച 250ലേറെ ചിത്രങ്ങളുമായി പ്രദര്‍ശനം നടത്തിയിട്ടുണ്ട്. കാലു കൊണ്ട് വരച്ച ചിത്രങ്ങള്‍ക്ക് നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്. ഇപ്പോഴും സംഗീത കച്ചേരി അവതരിപ്പിക്കുന്നുണ്ട്. കൈകളില്ലെങ്കിലും പരിമിതിയുള്ള കാലുകളാണെങ്കിലും തന്റെ ജീവിതം മറ്റുള്ളവര്‍ക്ക് പ്രകാശം പരത്തുന്നതായി തീരണമെന്ന നിര്‍ബന്ധം കണ്‍മണിക്കുണ്ട്. പലര്‍ക്കും അത്ഭുതമായിരുന്നു, എങ്ങനെ ഇതൊക്കെ സാധിക്കുന്നുവെന്ന്. പക്ഷെ സാധിക്കാത്തതായി ഒന്നുമില്ലെന്ന് കണ്‍മണി തെളിയിച്ചുകൊണ്ടേയിരിക്കുന്നു. 

Eng­lish Summary;Kanmani is the pow­er of hope…

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.