5 May 2024, Sunday

Related news

May 4, 2024
May 4, 2024
May 4, 2024
May 3, 2024
May 3, 2024
May 3, 2024
May 3, 2024
May 2, 2024
May 1, 2024
May 1, 2024

കേന്ദ്ര അവഗണനയ്ക്കെതിരെ ഡല്‍ഹിയില്‍ സമരവുമായി കര്‍ണാടക സര്‍ക്കാരും

Janayugom Webdesk
ന്യൂഡല്‍ഹി
February 3, 2024 12:11 pm

സാമ്പത്തിക ഉപരോധത്തിനും അവഗണനയ്ക്കുമെതിരെ കേരളത്തിന് പിന്നാലെ കൂടുതല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ പ്രക്ഷോഭത്തിന്.
കേരള സര്‍ക്കാര്‍ നടത്തുന്ന സമരത്തില്‍ നിന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷം വിട്ടുനില്‍ക്കുമ്പോള്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെതിരേ ഏഴിന് ഡല്‍ഹിയില്‍ സമരം പ്രഖ്യാപിച്ചു. എട്ടിന് തന്നെ പാര്‍ലമെന്റില്‍ എംപിമാരുടെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഡിഎംകെ അറിയിച്ചു. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ കൊല്‍ക്കത്തയില്‍ നടന്ന 48 മണിക്കൂര്‍ ധര്‍ണ ഇന്നലെ പൂര്‍ത്തിയായി. ബംഗാളും ഡല്‍ഹിയിലേക്ക് സമരം വ്യാപിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ കര്‍ണാടകയിലെ എല്ലാ ഭരണകക്ഷി എംഎല്‍എമാരും എംഎല്‍സിമാരും സമരത്തില്‍ അണിനിരക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ അറിയിച്ചു. മുതിര്‍ന്ന നേതാക്കളും സമരത്തിന്റെ ഭാഗമാകും. സംസ്ഥാനത്തെ 200ലധികം താലൂക്കുകള്‍ വരള്‍ച്ചാബാധിതമായി പ്രഖ്യാപിച്ചിട്ടും കേന്ദ്രം അനങ്ങിയിട്ടില്ലെന്ന് ശിവകുമാര്‍ പറഞ്ഞു. ബിജെപിഇതര സംസ്ഥാനങ്ങളെ കേന്ദ്രം പൂര്‍ണമായും തഴയുന്നുവെന്നും ശിവകുമാര്‍ വിമര്‍ശിച്ചു.
പുതിയ ബജറ്റ് മാത്രമല്ല, കഴിഞ്ഞ അഞ്ചുവർഷത്തേത് പരിശോധിച്ചാലും ന്യായമായ വിഹിതം സംസ്ഥാനത്തിന് ലഭിച്ചിട്ടില്ല. സംസ്ഥാനത്തെ 28ൽ 27 എംപിമാരും എൻഡിഎ സഖ്യത്തിൽ നിന്നാണ്. എന്നാൽ തങ്ങൾക്ക് ശരിയായ നീതി ലഭിക്കുന്നില്ലെന്ന് ശിവകുമാർ പറഞ്ഞു.

2018–19ൽ കേന്ദ്ര സർക്കാരിന്റെ ബജറ്റ് 24.5 ലക്ഷം കോടിയായിരുന്നു. സംസ്ഥാനത്തിന് 46,000 കോടി രൂപയാണ് ലഭിച്ചത്. 2023–24ൽ ബജറ്റ് 45 ലക്ഷം കോടിയായി. സംസ്ഥാനത്തിന് ലഭിച്ചത് കേവലം 50,000 കോടി മാത്രം. അപ്പർ ഭദ്ര ജലസേചന പദ്ധതിക്ക് 5,200 കോടി കേന്ദ്രം പ്രഖ്യാപിച്ചു. അത് നൽകിയില്ല. ബംഗളൂരുവിൽ മെട്രോ നവീകരണത്തിന് വിഹിതം നൽകുമെന്ന് പറഞ്ഞു. അതും ജലരേഖയായി. പ്രതിപക്ഷ പാർട്ടികളിലെ എംപിമാരും എംഎൽഎമാരും പങ്കെടുക്കണമെന്നും ഡി കെ ശിവകുമാർ അഭ്യർത്ഥിച്ചു.

ഇടക്കാല ബജറ്റ് പ്രഖ്യാപനത്തില്‍ തമിഴ്‌നാടിന് ആവശ്യമായ ഫണ്ട് അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഡിഎംകെ പാർലമെന്റ് സമുച്ചയത്തിലെ ഗാന്ധി പ്രതിമയ്ക്ക് സമീപം പ്രതിഷേധം നടത്തുക. അടുത്തിടെയുണ്ടായ ചുഴലിക്കാറ്റും മഴയും വെള്ളപ്പൊക്കവും മൂലമുണ്ടായ നാശനഷ്‌ടങ്ങൾ നേരിടാൻ സംസ്ഥാനത്തിന് ഉചിതമായ ധനസഹായം ബജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ല. കേരളത്തോടുള്ള ഐക്യദാര്‍ഢ്യവും കൂടിയാണ് പ്രതിഷേധമെന്നും ഡിഎംകെ പാർലമെന്ററി പാർട്ടി നേതാവ് ടി ആർ ബാലു പറഞ്ഞു. കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളോട് സമരത്തില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ സമരം എട്ടിന് ജന്തര്‍ മന്ദറില്‍

കേന്ദ്ര അവഗണനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭാ അംഗങ്ങളും എട്ടിന് ജന്തര്‍ മന്ദറിലാണ് സമരം നടത്തുക. ഈ സമരത്തിലേക്ക് ഇന്ത്യ മുന്നണിയിലെ മുഖ്യമന്ത്രിമാരെ എല്‍ഡിഎഫ് ക്ഷണിച്ചിരുന്നു. പഞ്ചാബ്, ഹരിയാന, ഡല്‍ഹി, തെലങ്കാന സംസ്ഥാനങ്ങളും കേന്ദ്രസര്‍ക്കാരിന്റെ പക്ഷപാതത്തിനെതിരെ രംഗത്തുണ്ട്.

Eng­lish Sum­ma­ry: Kar­nata­ka gov­ern­ment to protest in Del­hi against cen­tral neglect

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.