17 June 2024, Monday

Related news

June 14, 2024
June 11, 2024
May 19, 2024
May 2, 2024
April 3, 2024
March 26, 2024
March 17, 2024
March 2, 2024
February 13, 2024
January 29, 2024

പ്രവാസികളെ ചേർത്തു പിടിച്ച കേരള ബജറ്റ്: നവയുഗം

Janayugom Webdesk
ദമ്മാം
February 3, 2023 7:10 pm

പ്രവാസി വിഷയങ്ങൾക്ക് മുൻഗണന നൽകി ഒരു ബജറ്റ് അവതരിപ്പിച്ചതിൽ കേരള സർക്കാരിനെ അഭിനന്ദിയ്ക്കുന്നതായി നവയുഗം സാംസ്കാരിക വേദി കേന്ദ്രകമ്മിറ്റി അറിയിച്ചു. ഒരു രൂപയുടെ സഹായം പോലും പ്രവാസികൾക്ക് അനുവദിക്കാത്ത അവഗണനയുടെ ഒരു ബഡ്ജറ്റായിരുന്നു കേന്ദ്രസർക്കാർ രണ്ടു ദിവസം മുൻപ് അവതരിപ്പിച്ചത്. എന്നാൽ കേരള സർക്കാറിന്റെ ബഡ്ജറ്റ് എന്തുകൊണ്ടും പ്രവാസികളെ ചേർത്ത് പിടിക്കുന്നതാണ്. പ്രവാസികള്‍ക്കായി വന്‍പദ്ധതികളാണ് കെ.എന്‍.ബാലഗോപാല്‍ ഇന്ന് കേരള നിയമസഭയിൽ അവതരിപ്പിച്ച ബഡ്ജറ്റിൽ പ്രഖ്യാപിച്ചത്.

വിദേശത്തുനിന്ന് മടങ്ങിയെത്തുന്ന തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന നോര്‍ക്ക അസിസ്റ്റന്റ് ആന്‍ഡ് മൊബിലൈസ് എംപ്ലോയ്‌മെന്റ് എന്ന പദ്ധതി മുഖേന, ഓരോ പ്രവാസി തൊഴിലാളിക്കും പരമാവധി 100 തൊഴില്‍ ദിനങ്ങള്‍ എന്ന നിരക്കില്‍ ഒരു വര്‍ഷം ഒരു ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനായി അഞ്ചു കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

മടങ്ങിയെത്തിയ പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിനും അവര്‍ക്ക നിലനില്‍പിന് ആവശ്യമായ പുതിയ നൈപുണ്യവികസന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിനും വിവിധ പദ്ധതികളിലായി 84.60 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. മടങ്ങിയെത്തിയ പ്രവാസികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രത്യേക പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 25 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

മടങ്ങിവരുന്ന പ്രവാസികളുടെ ക്ഷേമത്തിനായി ആകെ 50 കോടി രൂപ വകയിരുത്തിയതായും ബജറ്റിൽ പറഞ്ഞിട്ടുണ്ട്. കുറഞ്ഞ വരുമാനമുള്ള പ്രവാസികള്‍ക്ക് രണ്ടു ലക്ഷം രൂപ വരെയുള്ള പലിശരഹിത വായ്പ കുടുംബശ്രീ വഴി നല്‍കുമെന്നും, മടങ്ങി വന്ന പ്രവാസികള്‍ക്കും മരിച്ച പ്രവാസികളുടെ ആശ്രിതര്‍ക്കും സമയബന്ധിതമായി ധനസഹായം നല്‍കുന്ന സാന്ത്വന പദ്ധതിക്ക് 33 കോടി രൂപ മാറ്റിവച്ചതായും, പ്രവാസി ക്ഷേമനിധി ബോര്‍ഡ് മുഖേനയുള്ള ക്ഷേമപദ്ധതികള്‍ക്കായി 15 കോടി രൂപ വകയിരുത്തിയതായും, പ്രവാസി ഡിവിഡൻ ഫണ്ട് പ്രവർത്തനങ്ങൾക്ക് 5 കോടി അനുവദിച്ചതായും, ക്ഷേമനിധി ബോഡിന്റെ ഹൗസിങ്ങ് പദ്ധതിക്ക് ഒരു കോടിയും അനുവദിച്ചതായും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.

എയര്‍പോര്‍ട്ടുകളില്‍ നോര്‍ക്ക എമര്‍ജന്‍സി ആംബുലന്‍സുകള്‍ക്ക് 60 ലക്ഷം രൂപ വകയിരുത്തി. രണ്ടാമത്തെയും, മൂന്നാമത്തെയും ലോകകേരള സഭയുടെ പ്രായോഗികമായ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനും, ലോകകേരളസഭയില്‍ പ്രവര്‍ത്തനങ്ങള്‍ക്കായും 2.5 കോടി രൂപയും വകയിരുത്തി. നോര്‍ക്ക വകുപ്പിന്റെ മാവേലിക്കരയിലുള്ള അഞ്ചേക്കര്‍ ഭൂമിയില്‍ ലോകകേരള കേന്ദ്രം സ്ഥാപിക്കുന്നതിന് ഒരു കോടി രൂപ നീക്കി വച്ചിട്ടുണ്ട്.

ഐഇഎല്‍ടിഎസ്, ഒഇടി പരീക്ഷകളുടെ പരിശീലനത്തിനുള്ള സാമ്പത്തിക സഹായം എന്ന നിലയില്‍ കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കുന്ന നോര്‍ക്ക പദ്ധതിക്ക് രണ്ട് കോടി രൂപ വകയിരുത്തി. പ്രവാസികൾ നൽകേണ്ടി വരുന്ന ഉയർന്ന വിമാന നിരക്ക് നിയന്ത്രിക്കുന്നതിനായി 15 കോടി കോർപസ് ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ പ്രവാസി അസോസിയേഷൻ, ആഭ്യന്തര വിദേശ എയർലൈൻ ഓപറേറ്റർമാർ, ട്രാവൽ ഏജൻസീസ് എന്നിവരുമായി ചർച്ച നടത്തിയെന്നും ധനമന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞത് ആശവഹമാണ്.

ആ സംവിധാനം നിലവിൽ വരുന്നതോടെ പ്രവാസികൾ നേരിടുന്ന ഉയർന്ന വിമാനക്കൂലി എന്ന ചൂഷണം ഒരു പരിധി വരെ നിയന്ത്രിക്കാൻ കഴിയും. എല്ലാ അർത്ഥത്തിലും പ്രവാസിക്ഷേമം മുൻനിർത്തിയ ഇത്തരം ഒരു ബജറ്റ് അവതരിപ്പിച്ച ഇടതുപക്ഷ സർക്കാരിനോട് നന്ദി പറയുന്നതായി നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ്‌ ജമാൽ വില്യപ്പള്ളിയും, ജനറൽ സെക്രട്ടറി എം എ വാഹിദ് കാര്യറയും പ്രസ്താവനയിൽ പറഞ്ഞു. 

Eng­lish Sum­ma­ry: Ker­ala bud­get that includ­ed non-res­i­dents: Navayugom

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.