26 April 2024, Friday

ഭരണമികവില്‍ കേരളം ഒന്നാമത് ; കിഫ്ബിയിലൂടെ വികസന മുന്നേറ്റം

Janayugom Webdesk
തിരുവനന്തപുരം
November 12, 2021 11:52 am

ഭരണമികവിൽ കേരളം ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഒന്നാമതെത്തുന്നു. സമാനകളില്ലാത്ത വികസന മുന്നേറ്റമാണ് കാണുവാൻ കഴിയുന്നത്. മഹാമാരിയായ കോവിഡ് പ്രതിരോധ പ്രവർത്തനം ഉൾപ്പെടെ, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി, സർവശിക്ഷാ അഭിയാൻ, ദേശീയആരോഗ്യ ദൗത്യം എന്നിവയിലും കേരളം ഏറെ മുന്നേറ്റമാണ് കാഴ്ച വെച്ചത്. പബ്ലിക് അഫയേഴ്സ് സെന്റർ പ്രസിദ്ധീകരിച്ച പൊതുകാര്യ സൂചിക 2021ലാണ് (പബ്ലിക് അഫയേഴ്സ് ഇൻഡക്സ്– ‑പിഎഐ 2021) 18 വലിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഒന്നാമതെത്തിയത്. 1.618 ആണ് കേരളത്തിന്റെ പിഎഐ സ്കോർ. കൂടാതെ അടിസ്ഥാന വികനത്തിലും കേരളത്തെ കൈപിടിച്ചുയർത്താൻ എൽഡിഎഫ് സർക്കാർ നടത്തിയ ഇടപേടലുകളും ഏറെ പ്രശംസനീയമാണ്. സമത്വം, പുരോഗതി, സുസ്ഥിരത എന്നിങ്ങനെ മൂന്ന് മാനകങ്ങളെ അടിസ്ഥാനമാക്കിയാണ് സൂചിക തയ്യാറാക്കിയത്. മുൻവർഷവും കേരളമായിരുന്നു ഒന്നാമത്. വലിയ സംസ്ഥാനങ്ങളിൽ ഉത്തർപ്രദേശിനാണ് ഏറ്റവും താഴ്ന്ന റാങ്ക്. മൈനസ് 1.418 ആണ് യുപിയുടെ ഇൻഡക്സ് പോയിന്റ്. പതിനെട്ടാം സ്ഥാനം. രണ്ടാം സ്ഥാനത്തുള്ള തമിഴ്നാടിന് കേരളത്തിന്റെ പകുതി ഇൻഡക്സ് പോയിന്റു (0. 897) മാത്രമാണുള്ളത്. ‑11 ചെറുസംസ്ഥാനങ്ങളിൽ സിക്കിം (0. 907) ഒന്നാം സ്ഥാനത്തും മണിപ്പൂർ (–0. 783) അവസാന സ്ഥാനത്തുമാണ്.

 


ഇതുകൂടി വായിക്കാം;അടിസ്ഥാന വികസന പദ്ധതിക്ക് ആധാരമായി മാറിയ കിഫ്ബി പദ്ധതി


 

കേന്ദ്രഭരണപ്രദേശങ്ങളിൽ പുതുച്ചേരിയാണ് (1.345) ഭരണമികവിൽ ഒന്നാമത്. ആൻഡമാൻ നിക്കോബർ ദ്വീപ് (–0. 696) അവസാനം. സമത്വം, പുരോഗതി എന്നിവയിൽ രണ്ടാമതും സുസ്ഥിരതയിൽ ഒന്നാമതും എത്തിയാണ് കേരളം ഏറ്റവും മികച്ച ഭരണമികവുള്ള സംസ്ഥാനമായത്. അതുപോലെയാണ് സംസ്ഥാനത്തിൻറെ അടിസ്ഥാനസൗകര്യ വികസനത്തിൽ കേരളത്തെ കൈപിടിച്ചുയർത്താൻ എൽഡിഎഫ് സർക്കാർ അവതരിപ്പിച്ച കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി).കഴിഞ ദിവസമായിരുന്നു കിഫ് യുടെ സ്ഥാപക ദിനം. 1999 നവംബർ 11 നാണ് കിഫ്ബി രൂപീകൃതമായത്. 2016ലെ ഭേദഗതി നിയമത്തിലൂടെ സർക്കാർ ഇതിനെ ശാക്തീകരിച്ചു. 22 വർഷ ചരിത്രത്തിനിടയിൽ, കിഫ്ബിയുടെ സാധ്യതകളെല്ലാം പ്രയോജനപ്പെടുത്തിയാണ് എൽഡിഎഫ് സർക്കാർ മുന്നോട്ട് പോകുന്നത്. സംസ്ഥാനത്തിന് കിഫ്ബിയിലൂടെ സമാനതകളില്ലാത്ത വികസനമുന്നേറ്റത്തിനാണ് നേടാൻ കഴിഞ്ഞത്. 64,338 കോടി രൂപയുടെ 918 പദ്ധതിക്ക് ധനാനുമതിയായി. ദേശീയ പാതാ വികസനം, വ്യവസായ ഇടനാഴികൾ, വ്യവസായ പാർക്കുകൾ എന്നിവയ്ക്ക് സ്ഥലമേറ്റെടുക്കാൻ 20, 000 കോടി രൂപയുണ്ട്. 18,146 കോടി രൂപയുടെ 392 മരാമത്ത് പദ്ധതികളിൽ 211 റോഡുകൾ, 87 പാലങ്ങൾ, 20 മലയോര ഹൈവേ സ്ട്രെച്ചുകൾ, 53 റെയിൽവേ മേൽപ്പാലങ്ങൾ, ആറ് തീരദേശ ഹൈവേ സ്ട്രെച്ചുകൾ, ഒരു അടിപ്പാത, 14 ഫ്ലൈ ഓവറുകളും ഉൾപ്പെടുന്നു. പൊതുവിദ്യാഭ്യാസ രംഗത്ത് 2871 കോടിയാണ് നിക്ഷേപം. സർവകലാശാലകളിലും കോളേജുകളിലുമായി 1093 കോടിയുടെ നവീകരണ പദ്ധതികൾ നടപ്പാക്കുന്നു. ടൂറിസം മേഖലയ്ക്ക് 331.68 കോടിയുണ്ട്. 44 സ്റ്റേഡിയം ഉൾപ്പെടെ 773.01 കോടി കായിക മേഖലയ്ക്കാണ്. പൊതുജനാരോഗ്യത്തിന് 4,458.51 കോടി രൂപയുമുണ്ട്. 15000 കോടി രൂപയോളം ഇതുവരെ വിനിയോഗിച്ചു. എൽഡിഎഫ് സർക്കാർ ബദൽ നയങ്ങൾ പിന്തുടർന്ന് സാധാരണക്കാരുടെ ഹൃദയപക്ഷമാകുന്നത്. തൊഴിലുറപ്പുതൊഴിലാളി ക്ഷേമപദ്ധതി. സംസ്ഥാനം രാജ്യത്തിനുതന്നെ സവിശേഷ മാതൃകയായിരിക്കുന്നു. തൊഴിലുറപ്പുമേഖലയിൽ ഇത്തരം പദ്ധതി മറ്റൊരു സംസ്ഥാനത്തുമില്ല.

 


ഇതുകൂടി വായിക്കാം;ഗ്രീന്‍ പദ്ധതികള്‍ക്കായി കിഫ്ബി 1100 കോടി സമാഹരിക്കും


 

മഹാത്മാഗാന്ധി, അയ്യൻകാളി പദ്ധതികളിലെ 40 ലക്ഷം തൊഴിലാളികൾക്ക് പെൻഷൻ ഉൾപ്പെടെ ആനുകൂല്യങ്ങൾ ഉറപ്പാകും. ലോകത്തിനും ഇന്ത്യക്കും ഇതരസംസ്ഥാനങ്ങൾക്കും മാതൃകയാകുന്നതാണ് മറ്റൊരു പദ്ധതി. കോവിഡ് ജീവൻ അപഹരിച്ചവരുടെ ആശ്രിതർക്ക് മൂന്നു വർഷത്തേക്ക് മാസം 5000 രൂപ വീതം സംസ്ഥാന സർക്കാർ സഹായം പ്രഖ്യാപിച്ചത് കെടുതിയുടെ നാളിൽ കൈത്താങ്ങാണ്. കുടുംബത്തിലെ പ്രധാന വരുമാനക്കാരൻ / വരുമാനക്കാരിയെ ആശ്രയിച്ചുകഴിഞ്ഞിരുന്ന ബിപിഎൽ കുടുംബങ്ങൾക്കാണ് സഹായം. ആദ്യം സമാശ്വാസം ലഭിക്കുന്ന മാസംമുതൽ മൂന്നു വർഷത്തേക്ക് തുക ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫറായി എത്തും. മഹാമാരി ഉയർത്തുന്ന സാമ്പത്തിക വെല്ലുവിളികൾക്കിടയിലും ജനങ്ങളെ ചേർത്തുനിർത്തുകയാണ് എൽഡിഎഫ് സർക്കാർ. ലോകത്ത് ആദ്യമായിട്ടാകും ഒരു സർക്കാർ ഇത്തരം പാക്കേജ് പ്രഖ്യാപിക്കുന്നത്. കോവിഡ് ബാധിച്ച് മരിച്ച /മരിക്കുന്ന ആശ്രിത കുടുംബങ്ങൾക്ക് നിലവിലെ സഹായങ്ങൾക്കു പുറമേയാണ് പുതിയ പ്രഖ്യാപനം. സാമൂഹ്യക്ഷേമ, ക്ഷേമനിധി, മറ്റു പെൻഷനുകൾ ആശ്രിതർക്ക് ലഭ്യമാകുന്നത് ഇത് അയോഗ്യതയാകില്ല. എൽഡിഎഫ് സർക്കാർ കിഫ്ബിയെ ശാക്തീകരിക്കുമ്പോൾ മലർപ്പൊടിക്കാരന്റെ സ്വപ്നമെന്നാണ് രമേശ് ചെന്നിത്തല ആക്ഷേപിച്ചത്.
eng­lish summary;Kerala ranks first among Indi­an states in governance
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.