28 April 2024, Sunday

Related news

December 23, 2023
December 6, 2023
November 30, 2023
November 22, 2023
September 28, 2023
September 26, 2023
September 24, 2023
September 22, 2023
September 21, 2023
September 21, 2023

കാനഡയില്‍ വീണ്ടും ഖലിസ്ഥാന്‍ നേതാവ് കൊല്ലപ്പെട്ടു

Janayugom Webdesk
ഒട്ടാവ
September 21, 2023 9:47 pm

കാനഡയില്‍ വീണ്ടും ഖലിസ്ഥാന്‍ നേതാവ് കൊല്ലപ്പെട്ടു. മോഗ ജില്ലയിൽ നിന്നുള്ള ദേവീന്ദർ ബാംബിഹ സംഘത്തിലെ സുഖ്ദൂല്‍ സിങ് എന്ന സുഖ ദുനെകയാണ് ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടത്. ദുനെകയെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്ണോയ് സംഘം ഏറ്റെടുത്തു.
ഗുർലാൽ ബ്രാർ, വിക്കി മിദ്ദുഖേര എന്നിവരുടെ കൊലപാതകങ്ങളിൽ ദുനെകെയ്ക്ക് പ്രധാന പങ്കുള്ളതായും ബിഷ്ണോയി സംഘം ഫേസ്‌ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. സുഖ ദുനെകയെ മയക്കുമരുന്നിന്റെ അടിമ എന്ന് വിശേഷിപ്പിച്ച ബിഷ്ണോയ് സംഘം അയാൾ ചെയ്ത പാപങ്ങൾക്കുള്ള ശിക്ഷ ലഭിച്ചതായും പറഞ്ഞു. ഇന്ത്യ എന്നല്ല ലോകത്തെ ഏത് രാജ്യത്ത് പോയി ഒളിച്ചാലും തങ്ങളുടെ സംഘത്തിന്റെ കണ്ണിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കില്ലെന്നും സംഘം മുന്നറിയിപ്പ് നല്‍കുന്നു.

2017ൽ വ്യാജ രേഖകള്‍ ഉപയോഗിച്ച് ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് കടന്ന സുഖ്ദൂല്‍ സിങ്, എൻഐഎയുടെ തീവ്രവാദി പട്ടികയിലെ പിടികിട്ടാപ്പുള്ളിയാണ്. പഞ്ചാബ്, ഹരിയാന, ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ദേവീന്ദർ ബാംബിഹ സംഘത്തിന് സഹായങ്ങൾ നൽകിയിരുന്നതും സുഖ്ദൂല്‍ സിങ് ആണെന്ന് പൊലീസ് പറയുന്നു. ഖലിസ്ഥാൻ സംഘടനകളോട് ചായ‍്‍വുണ്ടായിരുന്ന ഇയാൾ, പിടിച്ചുപറി, മോഷണം, കൊലപാതകം എന്നിവയ്ക്ക് നേതൃത്വം നൽകിയിരുന്നു.
കഴിഞ്ഞ വർഷം മാർച്ച് 14ന് ജലന്ധറിലെ മല്ലിയന്‍ ഗ്രാമത്തില്‍ നടന്ന മത്സരത്തിനിടെ കബഡി താരം സന്ദീപ് സിങ് നങ്കലിനെ കൊലപ്പെടുത്താനും ഇയാള്‍ ഗൂഢാലോചന നടത്തിയിരുന്നു. പഞ്ചാബിലും സമീപ സംസ്ഥാനങ്ങളിലുമായി കൊലപാതകം ഉള്‍പ്പെടെ 20ലധികം ക്രിമിനല്‍ കേസുകള്‍ ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പഞ്ചാബി ഗായകൻ സിദ്ദു മൂസെവാലയെ വധിച്ച കേസിലുള്‍പ്പെടെ പ്രതിയായ ലോറന്‍സ് ബിഷ്ണോയി തിഹാർ ജയിലിൽ കഴിയുകയാണ്.

Eng­lish Sum­ma­ry: Khal­is­tan leader killed again in Canada

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.