28 April 2024, Sunday

Related news

April 27, 2024
April 21, 2024
April 21, 2024
April 20, 2024
April 19, 2024
April 15, 2024
April 15, 2024
April 7, 2024
April 6, 2024
April 3, 2024

ഖലിസ്ഥാന്‍ നേതാവിന്റെ കൊലപാതകം: തെളിവുണ്ടെന്ന് കാനഡ

ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കെന്ന് ഫൈവ് ഐസ് 
ആഗോളതലത്തില്‍ ഇന്ത്യന്‍ പ്രതിച്ഛായ മോശമാകുന്നു
Janayugom Webdesk
ഒട്ടാവ/ന്യൂഡല്‍ഹി
September 22, 2023 10:56 pm

ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജര്‍ വധത്തില്‍ ഇന്ത്യന്‍ പങ്കിന് തെളിവുണ്ടെന്ന് കാനഡ. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ പ്രത്യക്ഷമായും പരോക്ഷമായും പങ്കുവഹിച്ചതായി കാനഡ ആവര്‍ത്തിച്ചു. ഇതോടെ ആഗോളതലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായക്ക് ക്ഷതമേല്‍ക്കുകയാണ്.
നിജ്ജറിന്റെ മരണശേഷം വിവിധ രാജ്യങ്ങളിലെ രഹസ്യാന്വേഷണ ഏജന്‍സികള്‍ സംയുക്തമായി നടത്തിയ ഒരുമാസം നീണ്ട അന്വേഷണത്തിലാണ് ഇന്ത്യന്‍ പങ്ക് വ്യക്തമാക്കുന്ന തെളിവ് ലഭിച്ചതെന്ന് കനേഡിയന്‍ മാധ്യമമായ സിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് വധത്തില്‍ പ്രത്യക്ഷമായും പരോക്ഷമായും പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ട്.
നിജ്ജര്‍ വധത്തില്‍ അജ്ഞാതനായ കനേഡിയന്‍ ഉദ്യോഗസ്ഥന്‍ ഇന്ത്യന്‍ പങ്ക് വെളിപ്പെടുത്തിയെന്ന് അസോസിയേറ്റഡ് പ്രസും റിപ്പോര്‍ട്ട് ചെയ്തു. അന്വേഷണത്തിന് ഇന്ത്യന്‍ സഹകരണം അഭ്യര്‍ത്ഥിച്ച് നിരവധി തവണ കനേഡിയന്‍ ഉദ്യോഗസ്ഥര്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. കനേഡിയന്‍ ഇന്റലിജന്‍സ് ഉപദേശകന്‍ ജോഡി തോമസ് ഓഗസ്റ്റില്‍ നാല് ദിവസം ഇന്ത്യയില്‍ തങ്ങി ഇക്കാര്യത്തില്‍ സഹകരണം ആവശ്യപ്പെട്ടു.
ജി20 ഉച്ചകോടി നടന്ന വേളയിലും ജോഡി തോമസ് ഇന്ത്യയിലുണ്ടായിരുന്നു. ഉച്ചകോടിക്കിടെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂ‍ഡോ നിജ്ജര്‍ വധം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി ആശയവിനിമയം നടത്തിയിരുന്നുവെന്നും എപി റിപ്പോര്‍ട്ടിലുണ്ട്. അമേരിക്കയും ഓസ്ട്രേലിയയും ന്യൂസിലന്‍ഡും മറ്റ് ലോക രാജ്യങ്ങളും നിജ്ജര്‍ വധത്തിലെ ഇന്ത്യന്‍ പങ്ക് പരോക്ഷമായി അംഗീകരിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഒരു രാജ്യത്തിനും പ്രത്യേക ഇളവുകളില്ലെന്നും ഇന്ത്യ അന്വേഷണവുമായി സഹകരിക്കണമെന്നും യുഎസ് ഇന്നലെ ആവശ്യപ്പെട്ടതും ഇന്ത്യക്ക് മേല്‍ സമ്മര്‍ദമേറ്റുന്നതായി. തെളിവുകള്‍ നല്‍കിയാല്‍ അന്വേഷണവുമായി സഹകരിക്കാമെന്ന് ഇന്ത്യ നേരത്തെ നിലപാടെടുത്തിരുന്നു.

രഹസ്യ സംഭാഷണങ്ങള്‍ ചോര്‍ന്നു

നിജ്ജര്‍ വധത്തിന് പിന്നില്‍ ഇന്ത്യന്‍ കരങ്ങളെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായി സിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പരസ്പരം നടത്തിയ സംഭാഷണങ്ങളും രഹസ്യ ആശയവിനിമയങ്ങളും ഓപ്പറേഷന്‍ രീതികള്‍, ഇന്റലിജന്‍സ് ഇടപെടലുകള്‍ തുടങ്ങിയ വിവരങ്ങളും ഇവയില്‍ ഉള്‍പ്പെടുന്നു.
കാനഡയിലെ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പുറമെ മറ്റ് രാജ്യങ്ങളിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ ആശയവിനിമയങ്ങളുടെ വിവരങ്ങളും അന്വേഷണ സംഘത്തിന്റെ പക്കലുണ്ട്. തെളിവുകള്‍ നിയമപരമായി ആവശ്യമുള്ളപ്പോള്‍ പുറത്തുവിടുമെന്നാണ് കാനഡ വ്യക്തമാക്കുന്നത്.

ഫൈവ് ഐസ്

യുഎസ്, ബ്രിട്ടന്‍, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളുടെ ഇന്റലിജന്‍സ് സഖ്യമാണ് ഫൈവ് ഐസ്. 1946ല്‍ അമേരിക്കയും ബ്രിട്ടനും ചേര്‍ന്നാണ് സഖ്യം രൂപീകരിക്കുന്നത്. 1949ല്‍ കാനഡയെ ഉള്‍പ്പെടുത്തി. 1955ല്‍ ഓസ്ട്രേലിയയും ന്യൂസിലാന്‍ഡും സഖ്യത്തിന്റെ ഭാഗമായി. മൂന്നാം കക്ഷികളായി മറ്റ് പലരാജ്യങ്ങളും ഇതിനോട് സഹകരിക്കാറുണ്ട്. കമ്മ്യൂണിക്കേഷന്‍സ് സെക്യൂരിറ്റി എസ്റ്റാബ്ലിഷ്ബെന്റ് (സിഎസ്ഇ), ആര്‍സിഎംപി, കനേഡിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് സര്‍വീസ് (സിഎസ്ഐഎസ്), കനേഡിയന്‍ ഫോഴ്സസ് ഇന്റലിജന്‍സ് കമാന്‍ഡ് എന്നീ അഞ്ച് കനേഡിയന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ സഖ്യത്തിലേക്ക് വിവരങ്ങള്‍ കൈമാറുന്നുണ്ട്.

eng­lish summary;Killing of Khal­is­tan leader: Cana­da says there is evidence

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.