26 April 2024, Friday

സമാനതകളില്ലാത്ത കൊച്ചി ബിനാലെ

പി എ മുഹമ്മദ് റിയാസ്
December 12, 2022 4:30 am

കോവിഡ് മഹാമാരി സൃഷ്ടിച്ച മാന്ദ്യത്തിൽനിന്ന് എല്ലാ മേഖലയിലും ലോകം ഉണർന്നുവരുമ്പോൾ പൂർവാധികം ശക്തിയോടെ കേരളവും അതിനൊപ്പം സഞ്ചരിക്കുകയാണ്. മൂന്നു വർഷം മുൻപ് എന്തായിരുന്നോ കേരളം, അതിനുമപ്പുറത്തേക്ക് സമസ്തമേഖലകളും കുതിച്ചുയരുന്ന കാഴ്ചയ്ക്കാണ് നാം സാക്ഷ്യംവഹിക്കുന്നത്. കുട്ടികൾ മുതൽ മുതിർന്ന തലമുറവരെ ആ ആഘോഷങ്ങൾക്കൊപ്പം സഞ്ചരിക്കുകയാണ്. എല്ലാ മേഖലയിലെയും ജനങ്ങൾ ഒരുമിച്ചു നില്ക്കുകയും ഒറ്റക്കെട്ടായി പ്രതിബന്ധങ്ങളെ തരണം ചെയ്ത് മുന്നേറുകയും ചെയ്യുന്നതുതന്നെയാണ് കേരളത്തിന്റെ ശക്തി. നമ്മുടെ നാട് ലോകത്തിനു മുന്നിലേക്കു സമർപ്പിക്കുന്ന ഓരോ കാഴ്ചയും ഓരോ അനുഭവവും ആതിഥ്യമര്യാദയുടെ ആഘോഷംകൂടിയായി മാറുന്നത് ഈ ഒരുമയിലൂടെയാണ്. രാജ്യാന്തരതലത്തിൽ ശ്രദ്ധേയമാകുന്ന ഒട്ടേറെ പരിപാടികൾ ഇന്ന് കേരളത്തിലുണ്ട്. കായലോരങ്ങളുടെയും ഹിൽസ്റ്റേഷനുകളുടെയും ബീച്ചുകളുടെയും പരമ്പരാഗത കലാരൂപങ്ങളുടെയും അന്തരീക്ഷമൊരുക്കുന്ന വിനോദസഞ്ചാര സാധ്യതകളിൽനിന്ന് കലയുടെയും സംസ്കാരത്തിന്റെയും പുതിയൊരു തലത്തിലേക്ക് കേരളം സഞ്ചരിക്കാൻ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. കേരളത്തിന്റെ സ്വന്തമായ ചലച്ചിത്രോത്സവവും നാടകോത്സവവും സാഹിത്യോത്സവങ്ങളുമെല്ലാം ഇന്ന് വിദേശികളെ ഇവിടേക്ക് ആകർഷിക്കുന്നുണ്ട്. ഇത്തരം പരിപാടികളിലേക്കെത്തുന്നവർക്ക് കേരളം നൽകുന്ന വരവേല്പ് അവരെ അത്ഭുതപ്പെടുത്തുന്നുമുണ്ട്.

കേരളത്തിലെ കലാവിനോദസഞ്ചാരത്തെ വള്ളംകളിയും കഥകളിയും തെയ്യവും മാത്രമായി ഒതുക്കാതെ കൂടുതൽ വിശാലമാക്കാനാണ് കേരള ടൂറിസം ശ്രമിക്കുന്നത്. അവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കൊച്ചി മുസിരിസ് ബിനാലെ. കോവിഡ് മൂലം കഴിഞ്ഞതവണ ബിനാലെ മുടങ്ങിയെങ്കിലും പൂർവാധികം ശക്തിയോടെ തിരിച്ചുവരികയാണ് ഇത്തവണ. കൊച്ചി മുസിരിസ് ബിനാലെ എന്ന സങ്കല്പം 2011ലെ ഇടതുപക്ഷസർക്കാരിന്റെ കാലത്ത് കേരളം മുന്നോട്ടുവച്ചത് കലാരംഗത്തുള്ളവർക്കുള്ള പ്രോത്സാഹനത്തിനും കേരളത്തെ സമകാലിക കലയുമായി പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തിനുമപ്പുറം വിശാലമായ ടൂറിസം സാധ്യതകൾകൂടി ലക്ഷ്യമിട്ടായിരുന്നു. ഹെറിറ്റേജ് ടൂറിസത്തിന് ഏറെ സാധ്യതകളുള്ള മുസിരിസ് പദ്ധതിപ്രദേശവും ഫോർട്ട് കൊച്ചിയും ബിനാലെയുടെ കേന്ദ്രസ്ഥാനമായി തിരഞ്ഞെടുത്തതിന്റെ അടിസ്ഥാനവും അതുതന്നെയായിരുന്നു. ബിനാലെ അതിന്റെ അഞ്ചാമത്തെ പതിപ്പിലെത്തുമ്പോൾ അക്കാര്യത്തിൽ നാം ഏറെ മുന്നേറിയിരിക്കുന്നുവെന്ന് അഭിമാനത്തോടെ പറയാനാകും. കൊച്ചി മുസിരിസ് ബിനാലെ കലാലോകത്ത് സൃഷ്ടിക്കുന്ന ചലനങ്ങൾ സമാനതകളില്ലാത്തതാണ്.


ഇതുകൂടി വായിക്കൂ: വ്യക്തിവിവരങ്ങൾ സംരക്ഷിക്കുമോ വിവര സംരക്ഷണ നിയമം


ഇന്ത്യയിൽ ഇത്തരമൊരു കലാപ്രദർശനം വേറെ ഒരിടത്തും നടക്കുന്നില്ല. അതുകൊണ്ടുതന്നെ രണ്ടുവർഷം കൂടുമ്പോൾ ഡിസംബർ 12ന് ആരംഭിക്കുന്ന ബിനാലെയിലേക്കു മാത്രമായി മൂന്നുമാസം കൊണ്ട് എത്തിച്ചേരുന്ന വിദേശ‑ആഭ്യന്തര സഞ്ചാരികൾ 10ലക്ഷത്തോളമാണ്. ഫോർട്ട് കൊച്ചിയിലെയും സമീപ പ്രദേശങ്ങളിലെയും ടൂറിസംമേഖല ഇതിനു കൃത്യമായ സാക്ഷ്യം പറയും. ഫോർട്ട് കൊച്ചിയിലെ ഹോംസ്റ്റേകൾ ഉൾപ്പെടെയുള്ള താമസസ്ഥലങ്ങൾ മിക്കവാറും ദിവസങ്ങളിൽ പൂർണമായും ബുക്ക് ചെയ്യപ്പെടുന്നുവെന്നത് ഈ മേഖലയിലുള്ളവർതന്നെ സാക്ഷ്യപ്പെടുത്തുന്ന കാര്യമാണ്. ഇവിടുത്തെ ഓട്ടോറിക്ഷാത്തൊഴിലാളികളും തട്ടുകടക്കാരും മുതൽ അങ്ങേയറ്റത്ത് വിനോദസഞ്ചാരമേഖലയിൽ പ്രവർത്തിക്കുന്ന വൻകിട ഹോട്ടലുകൾക്കു വരെ ഒരുപോലെ ഈ പരിപാടി നേട്ടമുണ്ടാക്കുന്നുണ്ട്. ബിനാലെയിലെ കലാപ്രദർശനം തന്നെ ഒന്നിലേറെ ദിവസങ്ങൾ കൊണ്ടുമാത്രമേ കണ്ടുതീർക്കാനാകൂ. അതു കണക്കുകൂട്ടിയെത്തുന്നവർ കേരളത്തിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളെക്കൂടി ബന്ധപ്പെടുത്തിയാണ് യാത്രകൾ തയാറാക്കുന്നത്. കൊച്ചി കേന്ദ്രമാക്കി വിനോദസഞ്ചാരമേഖലയിൽ പ്രവർത്തിക്കുന്നവർ ബിനാലെയ്ക്കായി കാത്തിരിക്കുന്നതും അതിനാലാണ്. മട്ടാഞ്ചേരിയും ഫോർട്ട് കൊച്ചിയും പോലുള്ള ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിലെ വിനോദസഞ്ചാര ആകർഷണങ്ങളിലേക്ക് ഈ സമയത്ത് കൂടുതലായി ആളുകളെത്തുന്നു. ഫോർട്ട് കൊച്ചി തീരത്തെ ചീനവല മുതൽ സെന്റ് ഫ്രാൻസിസ് പള്ളിയും മട്ടാഞ്ചേരിയിലെ സിനഗോഗും കൊട്ടാരവുമൊക്കെ എന്നും സ‍ഞ്ചാരികളെ ആകർഷിക്കുന്ന ഇടങ്ങളാണ്. കേരളത്തിൽ ഫോർട്ട് കൊച്ചിക്കു പുറത്തുള്ളവരും ഈ ചരിത്രസ്മാരകങ്ങളെപ്പറ്റി പഠിക്കാനും അവ കാണാനും വന്നുതുടങ്ങിയതിനു പിന്നിൽ ബിനാലെയ്ക്ക് വലിയ പങ്കുണ്ട്.

ഓരോ ബിനാലെയ്ക്കു വരുമ്പോഴും ഈ പറഞ്ഞ സ്ഥലങ്ങൾ ആവർത്തനവിരസത കൂടാതെ അവർ വീണ്ടുംവീണ്ടും കണ്ടുപോകുന്നു. കോവിഡിനു മുൻപ് മട്ടാഞ്ചേരി മ്യൂസിയം കാണാൻ പ്രതിവർഷം 24 ലക്ഷത്തോളം പേർ എത്തിയിരുന്നുവെന്നാണ് കണക്ക്. മഹാമാരി അതിലുണ്ടാക്കിയ ഇടിവു നികത്താൻ ഈ ബിനാലെക്കാലത്തിനു സാധിക്കുമെന്നതിൽ സംശയമില്ല. ഫോർട്ട് കൊച്ചി തീരത്തുനിന്ന് വാങ്ങി അവിടെത്തന്നെ പാകംചെയ്തു കഴിക്കുന്ന മത്സ്യവിഭവങ്ങൾ മുതൽ മട്ടാഞ്ചേരിയിലെ കായിക്കായുടെ ബിരിയാണി വരെ ഇന്ന് ആഭ്യന്തര സ‍ഞ്ചാരികൾക്കു മാത്രമല്ല വിദേശ സഞ്ചാരികൾക്കും സുപരിചിതമായിട്ടുണ്ടെങ്കിൽ അതിൽ ബിനാലെ എന്ന കലാപ്രദർശനത്തിന്റെ പങ്ക് ഒട്ടും ചെറുതല്ല. പതിവു കാഴ്ചകളിൽനിന്നു വ്യത്യസ്തമായി, സഞ്ചരിക്കുന്ന ഓരോയിടത്തും അതിഥികൾക്ക് കാഴ്ചയുടെ പുതിയ അനുഭവങ്ങളൊരുക്കുകയാണ് കേരള ടൂറിസത്തിന്റെ ലക്ഷ്യം. കണ്ടാൽ മനസിലാകില്ലെന്നും സാധാരണക്കാർക്ക് ദഹിക്കില്ലെന്നുമൊക്കെ കരുതിയിരുന്ന സമകാലിക കലകളെ ജനകീയമാക്കുന്നതിൽ കേരള ടൂറിസം അതിന്റേതായ പങ്ക് വഹിക്കുന്നുണ്ട്. തിരുവനന്തപുരത്ത് ‘ആർട്ടീരിയ’ എന്ന പേരിൽ പകലും രാത്രിയിലും വർഷത്തിൽ എല്ലാ ദിവസവും സഞ്ചാരികൾക്ക് കാണാനാകുന്ന ചുവർചിത്രങ്ങളുടെ ഓപ്പൺ ചിത്രകലാ ഗ്യാലറി ഒരുക്കിയത് കേരള ടൂറിസമാണ്. തിരുവനന്തപുരത്തിനുമപ്പുറത്തേക്ക് ചുവരുകളിൽ കലയുടെ പുതിയലോകം തീർക്കാൻ ആർട്ടീരിയ കാരണമായിട്ടുണ്ട്. കണ്ണൂരിലെയും കോഴിക്കോട്ടെയുമെല്ലാം ചുവരുകൾ പല മേഖലകളിലുള്ള ചിത്രകാരന്മാരാലും ചിത്രകാരികളാലും വർണാഭമാക്കപ്പെടുന്നത് ഇവിടേക്കെത്തുന്ന വിനോദസഞ്ചാരികൾക്ക് ഇക്കാര്യത്തിൽ സംസ്ഥാനം പുലർത്തുന്ന അവധാനത എന്തെന്നു ബോധ്യപ്പെടുത്തുന്ന വിഭവം കൂടിയാണ്.


ഇതുകൂടി വായിക്കൂ:അധിനിവേശത്തിന്റെ ശൈത്യം


കേരളത്തിന്റെ വടക്കേ അറ്റത്ത്, കാസർകോട്, ബേക്കൽ ടൂറിസം പദ്ധതിയുടെ ഭാഗമായി ലളിതകലാ അക്കാദമിയുമായി ചേർന്ന് ഇപ്പോൾ മറ്റൊരു ചിത്രച്ചുമർ തീർത്തുകൊണ്ടിരിക്കുകയാണ്. കേരളത്തിനകത്തും പുറത്തുമുള്ള അനവധി കലാകാരന്മാരുടെയും കലാകാരികളുടെയും കയ്യൊപ്പുപതിഞ്ഞ ആ ചുമരുകളൊക്കെ ഇന്ന് കേരള ടൂറിസം അഭിമാനത്തോടെ ലോകത്തിനുമുന്നിൽ ഉയർത്തിക്കാണിക്കുന്ന കാഴ്ചയുടെ അനുഭവങ്ങളാണ്. സീസണുകളിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നതിനൊപ്പം, അല്ലാത്ത സമയത്ത് ഇവിടെയെത്തുന്നവർക്ക് തനതുകലകൾക്കും അനുഷ്ഠാനകലകൾക്കും അപ്പുറം കേരളം വ്യത്യസ്തമായ കലകളെ നെഞ്ചോടു ചേർക്കുന്ന ഒരിടമാണെന്ന് ബോധ്യപ്പെട്ടുകഴിഞ്ഞു. കലകൾക്കും കാഴ്ചകൾക്കുമൊപ്പം നമ്മുടെ തെരുവുകളെയും വൃത്തിയായി സൂക്ഷിക്കുന്നതിന് ശ്രദ്ധിക്കേണ്ടതുണ്ട്. നയനമനോഹരമായ ഒരു കാഴ്ച കണ്ട് അപ്പുറത്തേക്ക് മാറുമ്പോൾ വൃത്തിഹീനതയുടെ മനംമടുപ്പിക്കുന്ന മറ്റൊരു കാഴ്ചയിലേക്ക് സഞ്ചാരികൾ പതിക്കാൻ പാടില്ല. ചുവരുകൾ ചിത്രംവരച്ച് മനോഹരമാക്കുമ്പോൾ അത്തരം പ്രശ്നങ്ങൾ കൂടി ഇല്ലാതാകുന്നുണ്ട്. കേരളത്തിലെത്തുന്ന വിനോദസഞ്ചാരികളിൽ 70 ശതമാനത്തോളം ആഭ്യന്തരസഞ്ചാരികളാണ്. ബാക്കിയാണ് വിദേശികൾ. കോവിഡിനെത്തുടർന്ന് വിദേശ വിനോദസഞ്ചാരികളുടെ വരവിലുണ്ടായ കുറവ് നികത്താൻ ബിനാലെ ഉൾപ്പെടെയുള്ള പരിപാടികളിലൂടെ കേരളത്തിനു സാധിക്കും. അതിനുള്ള നടപടികൾ ടൂറിസം വകുപ്പ് ആവിഷ്കരിച്ച് നടപ്പാക്കി വരികയാണ്. സഞ്ചാരികൾ ഇവിടെ ചെലവഴിക്കുന്ന സമയം അവർക്ക് നല്ല അനുഭവം കൂടിയായി മാറിയാൽ കൂടുതലാളുകൾ കൂടുതൽതവണ കേരളത്തിലേക്കെത്താനും ടൂറിസത്തിലൂടെ വിവിധ മേഖലകളിൽ ചെലവഴിക്കപ്പെടുന്ന പണത്തിന്റെ തോതും മൂല്യവും വർധിക്കാനും കാരണമാകും. അവരിലൂടെ വിപണിയിലേക്കിറങ്ങുന്ന പണം നാടിനും നാട്ടുകാർക്കും ഗുണമുണ്ടാക്കുന്നതാണ്. മട്ടാഞ്ചേരിയിലും ഫോർട്ടു കൊച്ചിയിലും അവിടെ നിന്ന് ആലപ്പുഴയിലേക്കും മുസിരിസിലേക്കുമൊക്കെ എത്തുന്ന സഞ്ചാരികളിലൂടെ നാടിന്റെ സാമൂഹികവും സാമ്പത്തികവുമായ വളർച്ചയ്ക്ക് ബിനാലെ നല്‍കുന്ന പങ്ക് അംഗീകരിക്കാതിരിക്കാനാകില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.