വെള്ളൂർ കേരള പേപ്പർ പ്രൊഡക്ട്സ് ലിമിറ്റഡിൽ വ്യാവസായികാടിസ്ഥാനത്തിലുള്ള ഉല്പാദനപ്രക്രിയ നവംബർ ഒന്നിന് ആരംഭിക്കും. ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങില്‍ മന്ത്രി പി രാജീവ് അധ്യക്ഷനാകും. മന്ത്രിമാരായ എ കെ ശശീന്ദ്രൻ, വി എൻ വാസവൻ എന്നിവരും മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി എംഎൽഎയുമായ ഉമ്മൻ ചാണ്ടിയും മറ്റ് ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കുമെന്ന് മന്ത്രി പി രാജീവ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ സ്വകാര്യവല്ക്കരണ നയത്തിന്റെ ഭാഗമായി കയ്യൊഴിയാൻ തീരുമാനിച്ച വെള്ളൂരിലെ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് സംസ്ഥാന സർക്കാർ ഏറ്റെടുത്ത് പുനഃസംഘടിപ്പിച്ച് പുതുതായി രൂപം നൽകിയതാണ് വെള്ളൂർ കേരള പേപ്പർ പ്രൊഡക്ട്സ് ലിമിറ്റഡ്.
ഉന്നത ഗുണമേന്മയുള്ള ന്യൂസ് പ്രിന്റും (ആദ്യം 45 ജിഎസ്എം ന്യൂസ് പ്രിന്റും പ്ലാന്റുകൾ പ്രവർത്തന സ്ഥിരത കൈവരിക്കുന്നതോടെ 42 ജിഎസ്എം ന്യൂസ് പ്രിന്റും) 52–70 ജിഎസ്എം പ്രിന്റിങ് പേപ്പറും ഉല്പാദിപ്പിക്കാൻ കഴിയുന്ന ഘട്ടത്തിലേക്ക് കെപിപിഎൽ ഉയരും.
പാക്കേജിങ്, പേപ്പർ ബോർഡ് വ്യവസായം ലോകത്താകെ വളർച്ച നേടുന്ന സന്ദർഭമാണിത്. ഇ‑കൊമേഴ്‌സ്, റീട്ടെയ്ൽ, എഫ്എംസിജി, ഫാർമസ്യൂട്ടിക്കൽസ്, ഫുഡ് ആന്റ് ബിവറേജ് തുടങ്ങിയ മേഖലകളിലെല്ലാം ഇത് ദൃശ്യമാണ്. പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ ഒറ്റത്തവണ ഉപയോഗം നിയന്ത്രിക്കപ്പെടുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും. ഉല്പന്ന വൈവിധ്യവൽക്കരണത്തിലൂടെയും ശേഷി വർധനവിലൂടെയും ഈ സാധ്യതകൾ ഉപയോഗപ്പെടുത്താനാണ് കെപിപിഎൽ ശ്രമിക്കുകയെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാരിൽ നിന്ന് ഏറ്റെടുത്ത് റെക്കോഡ് വേഗതയിലാണ് കേരളത്തിന്റെ സ്വന്തം പേപ്പർ കമ്പനിയുടെ പുനരുദ്ധാരണപ്രവർത്തനങ്ങൾ മുന്നോട്ടുപോയത്.
2022 ജനുവരി ഒന്നിന് പുനരുദ്ധാരണപ്രക്രിയ ആരംഭിച്ച് അഞ്ച് മാസം കൊണ്ട് ആദ്യഘട്ടം പൂർത്തിയാക്കാനും മേയ് 19ന് പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപനത്തിന്റെ പ്രവർത്തനം ആരംഭിക്കാനും സാധിച്ചു. കേന്ദ്രസർക്കാരിന് കീഴിൽ മൂന്ന് വർഷത്തിലധികം കാലം പൂട്ടിക്കിടന്നതിന് ശേഷമുള്ള ഈ ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. ഉല്പാദന ചെലവ് ആഗോള നിലവാരത്തിന് ഒപ്പം നിർത്താൻ ആവശ്യമായ ക്രിയാത്മക നടപടികൾ സ്വീകരിക്കാൻ മാനേജ്മെന്റിന് പൂർണ സ്വാതന്ത്ര്യമുണ്ടായിരിക്കും. സർക്കാർ നയപരമായ കാര്യങ്ങളിൽ മാത്രമായിരിക്കും ഇടപെടുക. മൂന്നര വർഷത്തിലേറെ അടച്ചുപൂട്ടിയ ഒരു സ്ഥാപനം ദീർഘകാലാടിസ്ഥാനത്തിൽ പദ്ധതി തയാറാക്കി തുറന്നു പ്രവർത്തിപ്പിക്കുന്നത് രാജ്യത്തിന്റെ വ്യാവസായിക ചരിത്രത്തിൽ ആദ്യമായാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
English Summary:KPPL: Industrial production on November 1
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.