16 December 2025, Tuesday

Related news

December 15, 2025
December 6, 2025
December 2, 2025
November 12, 2025
November 3, 2025
November 1, 2025
October 13, 2025
October 5, 2025
October 4, 2025
October 4, 2025

കേന്ദ്രം അടച്ചുപൂട്ടിയ’പേപ്പറില്‍‘കേരളം ചരിത്രമെഴുതി

Janayugom Webdesk
February 16, 2023 6:00 am

കേന്ദ്രസര്‍ക്കാര്‍ രാജ്യത്തിന്റെ പൊതുമുതല്‍ വിറ്റുതുലയ്ക്കുമ്പോള്‍ നിലവിലുള്ളത് സംരക്ഷിക്കാനും പുതിയ സംരംഭങ്ങള്‍ തുടങ്ങി വിജയത്തിലെത്തിച്ചു കാണിക്കാനുമുള്ള തീവ്ര യത്നത്തിലാണ് കേരളത്തിലെ ജനകീയ സര്‍ക്കാര്‍. കേന്ദ്രം വില്പനക്ക് വയ്ക്കുകയോ പൂട്ടിയിടാന്‍ തീരുമാനിക്കുകയോ ചെയ്ത സംരംഭങ്ങള്‍ ഏറ്റെടുത്ത് നടത്താനും കേരളം മുന്നോട്ടുവരുന്നു. അങ്ങനെ ഏറ്റെടുത്ത് വിജയഗാഥ രചിച്ച ചരിത്രമാണ് വെള്ളൂരിലെ കേരള പേപ്പർ പ്രൊഡക്ട്സ് ലിമിറ്റഡ് പറയുന്നത്. അസ്തമിച്ചെന്ന് കരുതിയ ഒരു വ്യവസായ സ്ഥാപനം വലിയ സ്വപ്നങ്ങളോടെ കുതിച്ചുയരുന്നത് ഇന്ത്യയുടെ തന്നെ വ്യവസായ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ്. കേന്ദ്ര സർക്കാരിൽ നിന്ന് ഏറ്റെടുത്ത് റെക്കോഡ് വേഗതയിലാണ് കേരളത്തിന്റെ സ്വന്തം പേപ്പർ കമ്പനിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ മുന്നോട്ടുപോയത്. 2022 ജനുവരി ഒന്നിന് പുനരുദ്ധാരണപ്രക്രിയ ആരംഭിച്ച് അഞ്ച് മാസം കൊണ്ട് ആദ്യഘട്ടം പൂർത്തിയാക്കാനും മേയ് 19ന് പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപനത്തിന്റെ പ്രവർത്തനം ആരംഭിക്കാനും സാധിച്ചു.

2022 നവംബർ ഒന്നിനാണ് വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്പാദനമാരംഭിക്കുന്നത്. ഉല്പാദനമാരംഭിച്ച് മൂന്ന് മാസത്തിനുള്ളിൽ കേരളത്തിലെയും ദക്ഷിണേന്ത്യയിലേയും 12 ദിന പത്രങ്ങൾ അച്ചടിക്കാനുള്ള പേപ്പർ വിതരണം ചെയ്യാൻ കമ്പനിക്ക് സാധിച്ചു. ഇംഗ്ലീഷ്, മലയാളം, തെലുങ്ക്, കന്നട ഭാഷകളിലെ പത്രങ്ങളാണ് ഇപ്പോള്‍ കെപിപിഎല്ലിൽ നിര്‍മ്മിച്ച പേപ്പറിൽ അച്ചടിക്കുന്നത്. കേന്ദ്രസർക്കാരിന് കീഴിൽ മൂന്ന് വർഷത്തിലധികം കാലം പൂട്ടിക്കിടന്ന സ്ഥാപനമാണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തത്. സംസ്ഥാനം നൽകിയ വലിയ പിന്തുണയുടെ പിൻബലത്തിലാണ് ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് വെള്ളൂരിൽ പ്രവർത്തനം തുടങ്ങിയത്. 1979ൽ 700 ഏക്കർ ഭൂമി ഏറ്റെടുത്ത് കമ്പനിക്ക് കൈമാറി. തടി ഉൾപ്പെടെയുള്ള അസംസ്കൃത വസ്തുക്കൾ, വെള്ളം, വൈദ്യുതി തുടങ്ങിയ സൗകര്യങ്ങൾ എല്ലാം നല്കി കേരളം നട്ടുനനച്ച് വളർത്തിയതാണ് എച്ച്എൻഎൽ.

എന്നാൽ കമ്പനി വില്ക്കാൻ തീരുമാനിച്ച സന്ദർഭത്തിലും, കേരളത്തിന് സ്ഥാപനം കൈമാറണമെന്ന സര്‍ക്കാരിന്റെ അഭ്യർത്ഥന കേന്ദ്രം പരിഗണിച്ചില്ല. പിന്നീട് നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ മുമ്പാകെ ലേലത്തില്‍ പങ്കെടുത്താണ് സംസ്ഥാനം വെള്ളൂർ പേപ്പർ കമ്പനി ഏറ്റെടുത്തത്. ട്രിബ്യൂണൽ അവാർഡ് പ്രകാരമുള്ള എല്ലാ ബാധ്യതകളും പൂർണമായും അടച്ചു തീർത്തു. സംസ്ഥാന സർക്കാരിന് വേണ്ടി കിൻഫ്ര സമർപ്പിച്ച റെസല്യൂഷൻ പ്ലാൻ അംഗീകരിച്ച് സ്ഥാപനം കേരളത്തിന് കൈമാറുകയായിരുന്നു. പ്രതിവർഷം അഞ്ച് ലക്ഷം മെട്രിക് ടൺ ഉല്പാദന ശേഷിയും 3000 കോടി രൂപ വിറ്റുവരവുള്ള സ്ഥാപനമായി കെപിപിഎല്ലിനെ വികസിപ്പിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് വ്യവസായമന്ത്രി പി രാജീവ് വ്യക്തമാക്കി. നാലുഘട്ടങ്ങളിലായി വിഭാവനം ചെയ്തിട്ടുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ എത്തുമ്പോൾ പേപ്പർ വ്യവസായത്തിലെ മറ്റേതൊരു സ്ഥാപനത്തോടും കിടപിടിക്കുന്നതായി കെപിപിഎല്ലിനെ മാറ്റാൻ കഴിയുമെന്നാണ് പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.