1940 സെപ്റ്റംബർ 15നാണ് സാമ്രാജ്യത്ത വിരുദ്ധ ദിനമായി ആചരിക്കുന്നതിന് തീരുമാനിച്ചിരുന്നത്. സിപിഐ കേരള ഘടകം രൂപീകരിക്കപ്പെട്ടതിനു ശേഷമുള്ള ആദ്യത്തെ വൻ ബഹുജന പ്രതിഷേധമായിരുന്നു അത്. 1936ൽ രൂപംകൊണ്ട കർഷകസംഘം അതേ ദിവസം വിലക്കയറ്റവിരുദ്ധ പ്രകടനം നടത്താനും തീരുമാനിച്ചു.
അതിനു തൊട്ടുമുമ്പത്തെ ആഴ്ച കൃഷ്ണപിള്ളയിൽ നിന്നും സി ഉണ്ണിരാജയ്ക്ക് ഒരു നിർദ്ദേശം ലഭിച്ചു. “ഉടനെ രാജനെത്തണം” എന്നതായിരുന്നു നിർദ്ദേശം. എറണാകുളത്തുനിന്നും വണ്ടികയറി വളപട്ടണത്തിനപ്പുറമുള്ള കണ്ണപുരം റയിൽവേ സ്റ്റേഷനിൽ ഇറങ്ങി. മൂസാൻകുട്ടി മാസ്റ്റർ അവിടെ ഉണ്ണിരാജയെ കാത്തിരിപ്പുണ്ട്. അദ്ദേഹത്തോടൊപ്പം പറശ്ശിനിമഠപ്പുരയ്ക്കടുത്തുള്ള ഒരു വീട്ടിലേക്കാണ് പോയത്. പ്രായമുള്ള ഗൃഹനാഥനും അവരുടെ ഏകമകളും മകളുടെ ഭർത്താവും അടങ്ങുന്ന ഒരു വീട്. മകളുടെ ഭർത്താവ് കോൺഗ്രസ് വോളണ്ടിയറാണ്. കൃഷ്ണപിള്ള സ്ഥലത്തുണ്ട്.
“പാർട്ടിക്ക് സ്ഥിരമായ ഹെഡ്ക്വാർട്ടേഴ്സിനു പുറമെ ഒരു പ്രൊഡക്ഷൻസെന്ററും വേണം. രണ്ടും രണ്ടിടത്ത്. പ്രൊഡക്ഷൻ സെന്ററിന്റെ ചുമതല ഏറ്റെടുക്കണം. ” ഉണ്ണിരാജ ഏറ്റു. അഖിലേന്ത്യാ ഹെഡ്ക്വാർട്ടേഴ്സ് അന്ന് ബോംബെയിലായിരുന്നു. പി സി ജോഷിയാണ് നേതാവ്. കൃഷ്ണപിള്ള ബോംബെയിൽ പോയി, ഒളിവുപ്രവർത്തനം (അണ്ടർ ഗ്രൗണ്ട് ‑യു ജി) സംഘടിപ്പിക്കേണ്ടതെങ്ങനെയെന്ന് പഠിച്ചുവന്നതേയുള്ളൂ. 1940 ഓഗസ്റ്റിലാണ് കൃഷ്ണപിള്ള ബോംബെയിൽ നിന്നും മടങ്ങിയത്.
സൈക്ലോസ്റ്റൈൽ മെഷീൻ, മഷി, കടലാസ് എന്നിവ അവിടെനിന്നും കൊണ്ടുവന്നിട്ടുണ്ട്. മെഷീൻ കൈകാര്യം ചെയ്യേണ്ട മെക്കാനിസവും വശത്താക്കിയിട്ടുണ്ട്. മംഗലാപുരത്തുനിന്നും തലച്ചുമടായി കൃഷ്ണപിള്ള കൊണ്ടുവന്നിരിക്കുകയാണ് ഇവയെല്ലാം. ഇതൊക്കെ ഭദ്രമായി സൂക്ഷിക്കുക, ലഘുലേഖ തയാറാക്കി വിതരണത്തിനൊരുക്കുക, നോട്ടീസ്, സർക്കുലർ എന്നിവ തയാറാക്കുക ഇവയാണ് പ്രൊഡക്ഷൻ സെന്ററിന്റെ ജോലി. പറശ്ശിനിയിലെ അതേ വീട്ടിലാണ് പ്രൊഡക്ഷൻ സെന്റർ പ്രവർത്തിക്കാൻ തീരുമാനമായത്.
സെപ്റ്റംബർ 12‑ന് പി എം ഗോപാലൻ അവിടെ എത്തി. 15‑നാണ് മൊറാഴ, മട്ടന്നൂർ, കൂത്തുപറമ്പ് തുടങ്ങിയ പ്രദേശങ്ങളിലെ പ്രതിഷേധം തീരുമാനിച്ചിരുന്നത്. കർഷകസംഘത്തിന്റെ പ്രകടനം കണ്ണൂരിൽ നടത്താനായിരുന്നു ആദ്യത്തെ നിശ്ചയം. അവിടെ പ്രകടനത്തിന് പൊലീസ് നിരോധനാജ്ഞ നൽകി. എന്നാൽ പിന്നെ പാപ്പിനിശ്ശേരിയിൽ പ്രകടനം നടത്താമെന്നായി. പൊലീസ് അതും തടഞ്ഞു. അതിനുശേഷമാണ് കണ്ണൂർ പൊലീസിന്റെ അതിർത്തിക്ക് പുറത്തുള്ള മൊറാഴയിൽ പ്രകടനം നടത്താനുള്ള ധാരണ ഉണ്ടായത്.
പി എം ഗോപാലനും മറ്റും കൃഷ്ണപിള്ളയെക്കണ്ടപ്പോൾ സഖാവ് മുറിച്ചു പറഞ്ഞു: “ഇനി മാറ്റരുത്. നിരോധനാജ്ഞ ലംഘിച്ചുകൊണ്ടും പ്രകടനം നടത്തണം. ” അതുകേട്ട് സഖാക്കളിൽ ഒരാളുടെ ചോദ്യം: “ലാത്തിച്ചാർജ് ചെയ്താലോ? ” ഉടൻ വന്നു സഖാവിന്റെ മറുപടി: “കല്ലുപെറുക്കി എറിയണം. മടങ്ങരുത്. റസിസ്റ്റ് ചെയ്യണം.
സെപ്റ്റംബർ 14‑ന് രാവിലെ സഖാവ് പുറപ്പെട്ടു. “ഞാൻ പോവുകയാണ്. താൻ ഇവിടെ ഇരുന്നോ. തനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല” ഇതും പറഞ്ഞ് കൃഷ്ണപിള്ള സ്ഥലം വിട്ടു.
സെപ്റ്റംബർ 15‑ന് മൊറാഴപ്രകടനം. കുട്ടികൃഷ്ണമേനോൻ എന്ന പൊലീസുദ്യോഗസ്ഥൻ അദ്ദേഹത്തിന്റെ അതിർത്തിക്ക് പുറത്തുള്ള മൊറാഴയിലും പ്രകടനം നടത്തിക്കില്ലെന്നു വാശിപിടിച്ചു. ഒടുക്കം അത് അദ്ദേഹത്തിന്റെ മരണത്തിൽച്ചെന്ന് കലാശിക്കുകയും ചെയ്തു.
സെപ്റ്റംബർ 15ലെ മർദ്ദനപ്രതിഷേധ പ്രകടനങ്ങളിലും പൊലീസുമായുള്ള സംഘട്ടനങ്ങളിലും മാത്രമല്ല അതിനു മുന്നോടിയായി മലബാറിനെ പിടിച്ചുകുലുക്കിയ തൊഴിലാളി-കർഷക യുദ്ധവിരുദ്ധ പ്രക്ഷോഭങ്ങളിലും, അധ്വാനിക്കുന്നവന്റെ വർഗബോധമാണ് പ്രകടമായിക്കണ്ടത്. മതത്തിന്റെയും ജാതിയുടെയും സമുദായത്തിന്റെയും അതിർവരമ്പുകൾ തട്ടിനിരത്തിക്കൊണ്ട് ഹിന്ദുവിന്റെയും മുസ്‌ലിമിന്റെയും ക്രിസ്ത്യാനിയുടെയും നായരുടെയും ഈഴവന്റെയും ആശാരിയുടെയും മൂശാരിയുടെയും പുലയന്റെയും പറയന്റെയും ഒന്നിച്ചുള്ള മുന്നേറ്റം.
തലശേരി കടപ്പുറത്ത് അന്നുനടന്ന വെടിവയ്പിൽ മാറുകാട്ടാൻ അബുവിന്റെ കൂടെ ചാത്തുക്കുട്ടിയും ഉണ്ടായിരുന്നുവെന്നത്, അപ്പോൾ, യാദൃച്ഛികമായിരുന്നില്ല. മട്ടന്നൂരിൽ അരമുക്കാൽ മണിക്കൂറാണ് നാട്ടുകാർ പൊലീസുമായി ഏറ്റുമുട്ടിയത്. മൂലപ്പൊക്കേട്ടനെന്നു വിളിക്കുന്ന കർഷക കാരണവരായ മൂലപ്പൊക്കനായിരുന്നു മട്ടന്നൂർ സംഭവത്തിലെ ധീരനായകൻ. പൊക്കേട്ടനു വെടിയേറ്റു. സമരത്തിന്റെ മുൻപന്തി നേതാക്കന്മാരിൽ വി അനന്തനും (പിന്നീട്, 1948 ലെ കറുത്തിരുണ്ട ദിവസങ്ങളിൽ പൊലീസ് വെടിവച്ചുകൊന്നു) പി കെ മാധവനും (തോണി അപകടത്തിൽപ്പെട്ടു മരിച്ചു) പെടുന്നു.
തുടർന്നു നടന്ന പൊലീസ് മർദ്ദനവും നായാട്ടും പറയാനില്ല. വീടുവീടാന്തരം പൊലീസ് കയറിയിറങ്ങി വിക്രിയകൾ പലതും കാണിച്ചു. വോളണ്ടിയർമാരെ തിരഞ്ഞുപിടിക്കാനുള്ള പൊലീസിന്റെ നെട്ടോട്ടം, ചിങ്ങമാസമായി. ഓണം വന്നു. പഴയ കാല ഓണസ്മൃതി മനസിനെ വല്ലാതെ തട്ടിയുണർത്തി. തിരുവോണത്തിന് ഒരു പപ്പടംപോലും കിട്ടാതെ പോയി. ഒളിവുജീവിതവും. തൊട്ടടുത്ത് പൊലീസ് ഭീകരത.
ഒടുവിലൊരു ദിവസം പറശ്ശിനിക്കടവിൽ ഒളിവിൽ കഴിയുന്ന വീട്ടിലെ പെൺകുട്ടി വന്ന് ഉണ്ണിരാജയോട് പറഞ്ഞു: “പൊലീസടുത്തെത്തി. സഖാവിനി ഇവിടെ നില്ക്കരുത്. പിടികിട്ടിയാൽ വീടുമില്ല, കുടിയുമില്ല. എങ്ങോട്ടിറങ്ങണമെന്ന് ഒരു പിടിപാടുമില്ല. പ്രൊഡക്ഷൻ സെന്ററിന്റെ സാധനങ്ങൾ ഒരു വീഞ്ഞപ്പെട്ടിയിലാക്കി മുമ്പിലത്തെ തെങ്ങിൻ ചുവട്ടിൽ കുഴിച്ചിട്ട് ഇറങ്ങി നടന്നു. കയ്യിൽ സഞ്ജൻ മാസികയുടെ ഒരു കോപ്പി മാത്രം. ഷേവിങ് സെറ്റ് കൃഷ്ണപിള്ള എടുത്തുകൊണ്ടുപോയതുകൊണ്ട് അതും ഇല്ല.
റോഡിൽ എത്തി. പൊലീസിന്റെ നിര. കുറച്ചുപോയപ്പോൾ ഒരു ചായക്കട. അവിടെ കയറി ചായ കുടിച്ചു. സിഐഡി വളഞ്ഞു. അന്വേഷണമായി. വടക്കൻ ഭാഷ വശമില്ലാത്തതുകൊണ്ട് ആളെ വേഗം തിരിച്ചറിയും. കാര്യം കഴിഞ്ഞതുതന്നെ എന്നു കരുതി. അപ്പോൾ തോന്നിയ ഒരു ബുദ്ധി പ്രയോഗിച്ചു.
പെരിന്തൽമണ്ണക്കാരനാണ്. തലശ്ശേരിക്കടുത്തു മണത്തണയിൽ അധ്യാപകനായി ജോലി കിട്ടി. പരീക്ഷ പാസാവാൻ പറശ്ശിനിമഠപ്പുരയ്ക്ക് നേർച്ച നേർന്നിരുന്നു. അതിനുവേണ്ടി വന്നതാണ് എന്നു പറഞ്ഞൊപ്പിച്ചതും ഉടൻ മറ്റൊരു ചോദ്യം: “അതിനിവിടെയെന്തിനു വന്നു? ” എന്തു പറയണമെന്നറിയാതെ കുഴങ്ങിയപ്പോൾ തോന്നിയത് “ബോട്ടില്ലാത്തതുകൊണ്ട്. പറശ്ശിനിമുതൽ വളപട്ടണം വരെ അന്ന് ബോട്ട് സർവീസുണ്ട്. ആ സമയത്ത് ബോട്ടില്ലാത്തതുകൊണ്ടാണ് ഈ വഴിക്കുനടന്നത്” എന്ന് പറയാനായിരുന്നു. ഉണ്ണിരാജയുടെ ആ വിശദീകരണവും പൊലീസിന് ബോധിച്ചില്ല.
ചായപ്പീടികക്കാരനോടായി പൊലീസിന്റെ അടുത്ത ചോദ്യം: “എന്തടാ ഇപ്പോൾ ബോട്ടില്ലേ? ” അനുഗ്രഹവർഷമായിട്ടൊരുത്തരം വന്നു: “ഇല്ലേമാനേ, ഇപ്പോളില്ല”. അങ്ങനെ അവിടെനിന്നും രക്ഷപ്പെട്ടു. അല്ലെങ്കിൽ ഉണ്ണിരാജ മൊറാഴാ കേസിൽ കുടുങ്ങുമായിരുന്നു. പൊലീസിന്റെ കൈയിൽ നിന്നും രക്ഷപ്പെട്ട വേറൊരു സംഭവവും അതിനുമുമ്പ് ഉണ്ണിരാജയ്ക്കുണ്ടായി. കാഞ്ഞങ്ങാട്ട് ക്ലാസെടുക്കാൻ പോയ സമയം. ഒരു വയലിന്റെ മധ്യഭാഗത്ത് ആശ്രമം പോലൊരു സ്ഥലം. അവിടെവച്ചാണ് ക്ലാസ്. കാഞ്ഞങ്ങാട്ട് റയിൽവേ സ്റ്റേഷനിൽ വണ്ടിയിറങ്ങിയ ഉടൻ എസ്കോർട്ടിനെത്തിയ ആൾ ഉണ്ണിരാജയുടെ അടുത്തേക്കു വന്നു. ഇത് നോക്കിനിന്ന സിഐഡി പിന്നാലെ കൂടി. കുറച്ചുദൂരം നടന്നപ്പോൾ പൊലീസുകാരൻ ഉണ്ണിരാജയുടെ കൈയ്ക്ക് കടന്നു പിടിച്ചു. എസ്കോർട്ട് ഓടിപ്പോയി. പൊലീസുകാരനെ തള്ളിമാറ്റി ഉണ്ണിരാജയും ഓടി. സ്ഥലമൊന്നും നിശ്ചയമില്ല. ഭാഗ്യത്തിന് ഓടിക്കയറിയത് എ സി കണ്ണൻ നായരുടെ വീട്ടിൽ. പൊലീസുമായുള്ള ആദ്യത്തെ ഏറ്റുമുട്ടലായിരുന്നു അത്.
സെപ്റ്റംബർ 15‑നെത്തുടർന്ന് പൊലീസ് നടപടികൾ നടന്നുകൊണ്ടിരുന്നു. മറുഭാഗത്ത് അറ്റുപോയ പാർട്ടിബന്ധം ശരിപ്പെടുത്താൻ കൃഷ്ണപിള്ളയുടെ ഭഗീരഥശ്രമം. പറശ്ശിനിയിൽ കുഴിച്ചിട്ടിരുന്ന പ്രൊഡക്ഷൻ സെന്ററിന്റെ സാധനങ്ങൾ തുറന്നെടുത്തു. മറ്റൊരിടത്തേക്ക് സെന്റർ മാറ്റിസ്ഥാപിച്ചു. ഇത്തവണ മാവിലായിലാണ് സെന്റർ സ്ഥാപിച്ചത്. അതിനടുത്തുതന്നെ ഇഎംഎസിനുവേണ്ടി ഷെൽട്ടർ കണ്ടെത്തിയിട്ടുണ്ട്. പ്രൊഡക്ഷൻ സെന്ററിന്റെ സഹായത്തിന് രണ്ടുപേരെ കൃഷ്ണപിള്ള ചുമതലയേല്പിച്ചിട്ടുണ്ട്. ഒന്ന് തലശ്ശേരിയിലെ പി ഹരിദാസ്. അദ്ദേഹമാണ് ചീഫ് ടെക്മാൻ. രണ്ടാമത്തെയാൾ തലശ്ശേരിക്കാരൻ കെ പി നാണു (നാരായണൻ) ഇവരെ കണ്ടെത്തിയതിനും റിക്രൂട്ട് ചെയ്തതിനും പിന്നിലുള്ള സംഘടനാ പാടവം സഖാവ് കൃഷ്ണപിള്ളയുടേതായിരുന്നു.
( സി ഉണ്ണിരാജ, ടിവികെ എഴുതിയ സഖാവ് എന്നീ പുസ്തകങ്ങളില്‍നിന്ന്)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.