21 November 2024, Thursday
KSFE Galaxy Chits Banner 2

Related news

May 6, 2024
May 3, 2024
April 18, 2024
April 17, 2024
January 4, 2024
December 3, 2023
November 11, 2023
October 15, 2023
September 17, 2023
September 10, 2023

കുട്ടനാട് കൊടും വരൾച്ചയുടെ പിടിയിൽ

ആർ ബാലചന്ദ്രൻ
ആലപ്പുഴ
September 2, 2023 11:24 am

കാലാവസ്ഥാ മാറ്റം മൂലം കുട്ടനാട് കൊടും വരൾച്ചയിലേക്ക്. അന്തരീക്ഷ താപനില വർധിക്കുന്നത് കാരണം ഇവിടുത്തെ 12 പഞ്ചായത്തുകളിലെയും ജനജീവിതം തീർത്തും ദുസഹമാവുകയാണ്. പകൽസമയത്ത് ചൂട് 35ഡിഗ്രിക്ക് മുകളിലേക്ക് ഉയരാറുണ്ട്. ഈ സീസണിൽ കേരളത്തിൽ സാധാരണയേക്കാൾ 45 ശതമാനം കുറവ് മഴയാണ് ലഭിച്ചത്.


ഇതുകൂടി വായിക്കാം: ഇനി പ്രതീക്ഷ തുലാവർഷം മാത്രം; സംസ്ഥാനം കടുത്ത വരൾച്ചയിലേക്ക്


എൽനിനോ (പസഫിക് സമുദ്രത്തിലെ ഉപരിതല ജലത്തിന്റെ താപനം) ആണ് കാലാവസ്ഥ മാറ്റത്തിന് കാരണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. കേരളത്തിന്റെ നെല്ലറ കൂടിയായ കുട്ടനാട്ടിലെ പുഞ്ചകർഷകരും ഇക്കാരണത്താൽ പ്രതിസന്ധി നേരിടുകയാണ്. കൊടുംചൂടിൽ ജലസ്രോതസുകൾ വറ്റിവരണ്ടു തുടങ്ങിയതോടെ ദാഹജലത്തിനായി ജനം പരക്കം പായുന്നു.


ഇതുകൂടി വായിക്കാം: അണക്കെട്ടുകളില്‍ ജലനിരപ്പ് കുറഞ്ഞു; കൃഷിയും കുടിവെള്ളവും പ്രതിസന്ധിയില്‍


കുട്ടനാട്ടിൽ ജലനിരപ്പ് കുറഞ്ഞതോടെ പൊതുജലാശയങ്ങളിലെ വെള്ളം മലിനമായി കഴിഞ്ഞു. പരമ്പരാഗത ജലസ്രോതസുകളെല്ലാം 2018ലെ പ്രളയത്തിൽ നശിച്ചതും കുടിവെള്ള പ്രശ്നത്തിന് ആക്കം കൂട്ടുന്നുണ്ട്. കുട്ടനാട് കുടിവെള്ള പദ്ധതി തിരുവല്ലയിൽ പ്രവർത്തനം തുടങ്ങി അഞ്ച് പതിറ്റാണ്ട് കഴിഞ്ഞിട്ടും കുട്ടനാട്ടുകാർക്ക് വേണ്ടവിധം പ്രയോജനപ്പെട്ടിട്ടില്ല. പ്രതിദിനം ഒരുകോടി ലിറ്റർ വെള്ളം എത്തിക്കുകയായിരുന്നു ലക്ഷ്യം. 2002-03 വർഷത്തിൽ വീണ്ടും ഉണ്ടാക്കിയ ധാരണ അനുസരിച്ച് കുട്ടനാടിന് ലഭിക്കുന്ന വെള്ളത്തിന്റെ അളവ് 60 ലക്ഷം ലിറ്ററാക്കിയെങ്കിലും അതൊന്നും മതിയാകാത്ത സ്ഥിതിയാണ്. തലവടി, എടത്വ, മുട്ടാർ, രാമങ്കരി, കാവാലം, വെളിയനാട്, പുളിങ്കുന്ന്, ചമ്പക്കുളം തുടങ്ങിയ പഞ്ചായത്തുകളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. മറ്റ് പഞ്ചായത്തുകളിൽ വാട്ടർ അ­തോറിട്ടിയുടെ കണക്ഷനുകളാണ് ഉള്ളത്.


ഇതുകൂടി വായിക്കാം: ഇടുക്കി അണക്കെട്ടിൽ ജലശേഖരം 29 ശതമാനം മാത്രം


നീരേറ്റുപുറം കുടിവെള്ള പദ്ധതി കുട്ടനാട്ടിലെ മുഴുവൻ പഞ്ചായത്തുകളിലും വ്യാപിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്. കടുത്ത ചൂട് മൂലം പമ്പ, അച്ചൻകോവിലാർ, മണിമലയാർ തുടങ്ങിയ ജില്ലയിലെ പ്രധാന ജലസ്രോതസുകളിലെ ജലനിരപ്പ് താഴുകയാണ്. പമ്പയിലെ ജലമാണ് നീരേറ്റുപുറം ശുദ്ധീകരണ ശാല ഉപയോഗപ്പെടുത്തുന്നത്. വെള്ളം കുറഞ്ഞത് പമ്പിങ്ങിനെ കാര്യമായി ബാധിക്കുന്നുണ്ട്. അതേസമയം കാലഹരണപ്പെട്ട വാട്ടർ അതോറിട്ടിയുടെ കുട്ടനാട്ടിലെ ജലവിതരണ പൈപ്പുകൾ മാറ്റാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ച് കഴിഞ്ഞു. ഇതിന്റെ ഭാഗമായി രണ്ട് കോടിയുടെ കരാര്‍ ക്ഷണിച്ചിട്ടുണ്ട്. നിലവിൽ മുട്ടാർ, എടത്വ, രാമങ്കരി, ചമ്പക്കുളം, തകഴി, നീലംപേരൂർ, മാമ്പുഴക്കരി, മിത്രക്കരി, കൈപ്പുഴ തുടങ്ങിയ പഞ്ചായത്തുകളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. കുടിവെള്ളം പണം കൊടുത്ത് വാങ്ങേണ്ട സ്ഥിതിയിലാണ് ജനങ്ങൾ.

മേഖലയിലെ ഒട്ടുമിക്ക ആർഒ പ്ലാന്റുകളും പ്രവർത്തനരഹിതമായതും പ്രശ്നം വഷളാക്കുന്നു. പുഞ്ചക്കൃഷി ആരംഭിച്ചതോടെ പാടശേഖരങ്ങളിൽ ജലസേചനം നടത്താൻ കർഷകർ പ്രയാസപ്പെടുകയാണ്. തോ­­ടുകളിൽ നിന്നും വെള്ളം പാടശേഖരങ്ങളിലേക്ക് എത്തിക്കുകയാണ് ഇപ്പോൾ. എന്നാൽ അത് എ­പ്പോൾ വേണമെങ്കിലും നിലയ്ക്കാം. തോടുകളിൽ വേണ്ടത്ര വെള്ളമില്ലാത്തതാണ് പ്രശ്നം. കാലാവസ്ഥാ വ്യതിയാനം കൃ­ഷിയെയും കാര്യമായി ബാധിച്ചിട്ടുണ്ട്. നിരന്തരം നെൽകൃഷിക്ക് ഇലകരിച്ചിൽ അടക്കമുള്ള രോഗബാധയും റിപ്പോർട്ട് ചെയ്യുന്നുണ്ട്.പൊതുവേ പാരിസ്ഥിതിക പ്ര­ശ്നം നേരിടുന്ന കുട്ടനാട്ടിൽ നിന്നും ആളുകൾ ഒഴിഞ്ഞുപോകുന്ന സ്ഥിതിയാണ്. കുടിവെള്ള പ്രശ്നം, വെള്ളപ്പൊക്കം തുടങ്ങിയ നിരവധി കാരണങ്ങൾ ഇതിന് പിന്നിലുണ്ട്. മങ്കൊമ്പ് പ്രദേശത്ത് ഇത്തരത്തില്‍ നിരവധി വീടുകൾ അനാഥമായി കിടക്കുകയാണ്.

Eng­lish Sam­mury: Kut­tanad is in the grip of severe drought

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.