30 April 2024, Tuesday

തരംമാറ്റ അപേക്ഷകളുടെ അതിവേഗ തീര്‍പ്പിനായി 372 തസ്തികകളും 220 വാഹനങ്ങളും അനുവദിച്ചു

web desk
തിരുവനന്തപുരം
September 2, 2023 3:10 pm

ഭൂമി തരംമാറ്റത്തിനായുളള അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതിനും അതിവേഗം തീര്‍പ്പാക്കുന്നതിനുമായി 68 ജൂനിയര്‍ സൂപ്രണ്ട് തസ്തികയും 181 ക്ലാര്‍ക്ക് തസ്തികയും സൃഷ്ടിച്ചു കൊണ്ടും 123 സര്‍വ്വെയര്‍മാരെ താല്കാലികമായി നിയമിക്കുന്നതിനും 220 വാഹനങ്ങള്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

റവന്യൂ വകുപ്പിന്റെ ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി വില്ലേജ് ഓഫീസ് തലം മുതല്‍ വിവിധ രേഖകള്‍ ഡിജിറ്റൈസ് ചെയ്യുന്ന നടപടികള്‍ അന്തിമഘട്ടത്തിലാണ്. ഇതിന്റെ ഭാഗമായി വില്ലേജ് ഓഫീസിലെ അടിസ്ഥാന രേഖകളായ BTR, തണ്ടപ്പേര്‍ എന്നിവ ഡിജിറ്റൈസ് ചെയ്ത് ഭൂനികുതി ഓണ്‍ലൈനായി സ്വീകരിച്ചു തുടങ്ങിയതോടെ ഭൂമിയുടെ യഥാര്‍ത്ഥ തരം നികുതി രസീതില്‍ രേഖപ്പെടുത്താന്‍ തുടങ്ങിയതായും റവന്യു മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ലക്ഷകണക്കിന് തരംമാറ്റ അപേക്ഷകള്‍ സംസ്ഥാനത്തെ റവന്യൂ ഡിവിഷണല്‍ ഓഫീസുകളില്‍ കുന്നുക്കൂടുന്നതിന് ഇത് കാരണമായി. പരിമിതമായ മനുഷ്യവിഭവശേഷിയോടെ പ്രവര്‍ത്തിച്ചിരുന്ന RDO ഓഫീസുകളിലേക്ക് ക്രമാതീതമായി ലഭിച്ച തരംമാറ്റ അപേക്ഷകള്‍ തീര്‍പ്പാക്കാനാവാതെ RDO ഓഫീസുകളുടേയും വില്ലേജ് ഓഫീസുകളുടേയും താലൂക്ക് ഓഫീസുകളുടേയും പ്രവര്‍ത്തനം താളം തെറ്റുന്ന അവസ്ഥ സംജാതമായി. ഇതേ തുടര്‍ന്ന് 22.02.2022 തീയതിയിലെ 56/2022/RD സര്‍ക്കാര്‍ ഉത്തരവിലൂടെ 990 താല്കാലിക തസ്തികകള്‍ ആറു മാസത്തേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമിക്കുന്നതിനും 340 വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കുന്നതിനും കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 5.99 കോടി രൂപ അനുവദിച്ചിരുന്നു. ഈ നടപടിയിലൂടെ ഒരു ലക്ഷത്തിലേറെ അപേക്ഷകള്‍ തീര്‍പ്പാക്കാനായെങ്കിലും രണ്ട് ലക്ഷത്തിലേറെ പുതിയ അപേക്ഷകള്‍ ലഭിച്ചത് തീര്‍പ്പാക്കേണ്ടതിലേക്ക് 26.11.2022‑ലെ 278/2022/RD നമ്പര്‍ ഉത്തരവിലൂടെ താല്കാലിക ജീവനക്കാരുടെ സേവനം ആറു മാസം കൂടി ദീര്‍ഘിപ്പിച്ചിരുന്നു.

ദിനംപ്രതി തീര്‍പ്പാക്കുന്നതിലേറെ അപേക്ഷകള്‍ പുതുതായി ലഭിക്കുന്നത് റവന്യൂ ഓഫീസുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്ന അവസ്ഥ മറികടക്കുന്നതിനായാണ് പുതിയ തസ്തികകള്‍ സൃഷ്ടിക്കപ്പെട്ടത്. ഇതിലൂടെ PSC ‑യിലേക്ക് 249 ക്ലാര്‍ക്ക് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാനാകും. സര്‍ക്കാരിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും 249 തസ്തികകള്‍ സൃഷ്ടിക്കപ്പെട്ടതില്‍ റവന്യൂ വകുപ്പ് ജീവനക്കാരും സന്തോഷത്തിലാണ്.

Eng­lish Sam­mury: Scheme for speedy dis­pos­al of land con­ver­sion applications

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.