ഡോ. ഇന്ദുജ

October 10, 2021, 8:50 pm

കുട്ടികളിലെ പഠന പ്രശ്നങ്ങളും പഠനവൈകല്യവും

Janayugom Online

എന്റെ മകൻ നാലാം ക്ലാസിലാണ് പഠിക്കുന്നത്. എല്ലാ കാര്യങ്ങളിലും വളരെ മിടുക്കനാണ്. മൊബൈൽ, ടിവി സംബന്ധമായ എന്തിലും പഠനേതര രംഗങ്ങളിലും നല്ല കഴിവുണ്ട്. പക്ഷേ പഠിക്കാൻ മാത്രം അവന് മടിയാണ്. വായിക്കാനോ എഴുതാനോ പറഞ്ഞാൽ ക്ഷീണം, തലവേദന, വയറുവേദന അങ്ങനെ ഓരോന്ന് പറഞ്ഞു ഒഴിയുന്നു. വായിക്കാൻ ഇരുന്നാൽ വളരെ പതുക്കെ ഓരോ അക്ഷരവും പെറുക്കിപ്പെറുക്കി വായിക്കുന്നു. പുസ്തകത്തിൽ അക്ഷരത്തെറ്റുകൾ ആണ് കൂടുതലും. ക്ലാസ് നോട്ടുകൾ എഴുതി തീരാൻ ഒരുപാട് നേരം എടുക്കുന്നു. കുട്ടികളുടെ പഠന പ്രശ്നങ്ങളെക്കുറിച്ചുള്ള മാതാപിതാക്കളുടെ വ്യാകുലതകൾ ഇതെല്ലാം ആണ്.
മൂന്നു തരത്തിൽ ഇതിനെ വിവരിക്കാം.
ഒന്ന്, ചെറുപ്പത്തിലെ ശ്രദ്ധക്കുറവ്
രണ്ട്, അശ്രദ്ധ, മടി മുതലായവ
മൂന്ന്, പഠനവൈകല്യം

എന്താണ് പഠന വൈകല്യം?
കേന്ദ്ര നാഡീവ്യൂഹത്തിലെ തകരാറുമൂലം വ്യക്തിയിൽ കണ്ടുവരുന്ന പ്രശ്നമാണ് പഠനവൈകല്യം. ശരാശരിയോ അതിൽകൂടുതലോ ബുദ്ധി ഉണ്ടായിട്ടും പഠനത്തിൽമാത്രം പുറകിൽ നിൽക്കുന്ന അവസ്ഥ
നാലു മേഖലയിൽ ആണ് ഇത് കൂടുതലും കണ്ടുവരുന്നത്. വായനയിൽ, എഴുത്തിൽ, ഗണിതത്തിൽ, ദൈനംദിന കാര്യങ്ങളിൽ…
ഇതിൽ വായനയിൽ വരുന്ന ബുദ്ധിമുട്ടുകൾ നോക്കാം
1) ബോർഡിലും പുസ്തകത്തിലും നോക്കി വായിക്കുമ്പോൾ അക്ഷരമോ വാക്കുകളോ വരികളോ തന്നെ വിട്ടുപോകുന്നു.
2) വായനയുടെ ഇടയിൽ എവിടെ നിർത്തിയെന്നും എവിടെ തുടങ്ങിയെന്നും മനസ്സിലാക്കാൻ പറ്റാതിരിക്കുന്ന അവസ്ഥ
3) വളരെ സാവധാനം പെറുക്കി പെറുക്കി തപ്പിത്തടഞ്ഞു വായിക്കേണ്ടി വരുന്നു
4) വായിക്കുമ്പോൾ ഇല്ലാത്ത വാക്ക് വായിക്കുകയോ വായിച്ചവ തന്നെ വീണ്ടും വായിക്കുകയോ ഊഹിച്ചു വായിക്കുകയൊ ചെയ്യുന്നു
5) അർത്ഥം മനസ്സിലാക്കാതെ വായിക്കുന്നത് പോലെ വായിക്കുന്നു
6) രൂപത്തിലും ശബ്ദത്തിലും സാമ്യത വരുന്ന വാക്കുകൾ തെറ്റിച്ചു വായിക്കുന്നു
7) ചിഹ്നം, ദീർഘം, കൂട്ടക്ഷരം തുടങ്ങിയവ ഉൾപ്പെടുന്ന വാക്കുകൾ വായിക്കാതെ വിടുകയോ വായിക്കാൻ ശ്രമിക്കാതിരിക്കുക ചെയ്യുന്നു. ഇതിന് ഡിസ്ലെക്സിയ എന്ന് പറയുന്നു.

എഴുതുമ്പോൾ വരുന്ന ബുദ്ധിമുട്ടുകളെ നമ്മൾ ഡിസ്ഗ്രാഫിയ എന്നുപറയുന്നു.താഴെ പറയുന്ന കാര്യങ്ങൾ ആണ് ഡിസ്ഗ്രാഫിയയുടെ പരിധിയിൽ വരുന്നത്.
1) എഴുതുമ്പോൾ അക്ഷരങ്ങൾ, വാക്കുകൾ, വരികൾ തന്നെ വിട്ടുപോവുക അല്ലെങ്കിൽ ആവർത്തിച്ചു വരിക
2) വാക്കുകൾ തമ്മിൽ തീരെ അകലം ഇല്ലാതെയോ സാധാരണയിലും അധികമായി വായിച്ചു മനസ്സിലാക്കാൻ കഴിയാത്തവണ്ണമോ എഴുതുന്നു.
3) അക്ഷരങ്ങൾ എഴുതുന്ന രീതിയിൽ വ്യത്യാസം ഉണ്ടാവുന്നു
4) എഴുതാൻ സാധാരണയിൽ കൂടുതൽ സമയം എടുക്കുന്നു
5) ചില സ്ഥലത്ത് ശരിയായി എഴുതിയ വാക്ക് മറ്റ് സ്ഥലത്ത് തെറ്റിക്കുന്നു.

ഇനി ഗണിത വൈകല്യം എന്താണ് നോക്കാം
1) ദൂരം, സമയം, സ്ഥാനം എന്നിവ മനസ്സിലാകുന്നത് ഇവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.
2) 12ന് പകരം 21 എന്നും 18 ന് പകരം 81 എന്നും എഴുതുന്നു.
3) വഴിക്കണക്കുകൾ വായിച്ചു അർത്ഥം മനസ്സിലാക്കി എഴുതാൻ ബുദ്ധിമുട്ടുന്നു. ഡിസ്പ്രാക്സിയ അഥവാ ഏകോപന പ്രശ്നങ്ങൾ. കാര്യങ്ങൾ ഏകീകരിച്ച് ചെയ്യാനുള്ള ബുദ്ധിമുട്ടാണ് ഇവരിൽ കാണുന്നത്.
ഷൂ lac­ing, but­ton­ing, കത്രിക ഉപയോഗിച്ച് വെട്ടുന്നതിലുള്ള, എഴുതുന്നതിനുള്ള ബുദ്ധിമുട്ടുകൾ എല്ലാം ഇതിൽ കണ്ടുവരുന്നു.
ഇപ്പോൾ വാങ്ങുന്ന മാർക്ക് ആ കുട്ടിയുടെ കാര്യപ്രാപ്തിയും ആയി ഒത്തുപോകാതെ വരുമ്പോൾ ആണ് പഠനവൈകലൃ൦ ശ്രദ്ധിക്കേണ്ടത്

ഇനി ഇതിന്റെ കാരണങ്ങൾ നോക്കാം
1) ജനറ്റിക് അഥവാ ജനിതകം
2) ജനിക്കുമ്പോൾ ഉള്ള തൂക്കക്കുറവ്
3) അമ്മയ്ക്ക് ഉണ്ടായിരുന്ന അസുഖങ്ങൾ
4) കുട്ടിക്ക് ഉണ്ടാവുന്ന പോഷക കുറവുകളും, മറ്റു അസുഖങ്ങളും
5) പ്രസവ സമയത്ത് അമ്മയ്ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ.

ഇതെല്ലാം ഒരു പരിധിവരെ പഠന വൈകല്യത്തിന് കാരണമാകുന്നു. പഠനവൈകല്യം എങ്ങനെ പരിഹരിക്കാം? ശാസ്ത്രീയമായ പഠനങ്ങളിൽ അധിഷ്ഠിതമായ രീതിയിൽ പഠിപ്പിക്കാം, ആവർത്തനം ഒരു പരിഹാരം അല്ല. ശബ്ദവും കാഴ്ചയും കളികളും ഉപയോഗിച്ച് ശ്രദ്ധയെ ആകർഷിക്കുന്ന രീതിയിലുള്ള പാഠ്യപദ്ധതികൾ സ്വീകരിക്കുക. ചെറിയ മാറ്റങ്ങളെയും പ്രോത്സാഹിപ്പിക്കുക. നല്ല പഠനങ്ങൾ അടിസ്ഥാനപ്പെടുത്തി പഠനരീതികൾ തിരഞ്ഞെടുക്കുക.

റെമഡിയൽ എഡ്യൂക്കേഷൻ, ബ്രയിന്‍ ഗെയിം, മൾട്ടി സെൻസറി ട്രെയിനിങ് എന്നിവ ട്രെയിൻഡ് ആയിട്ടുള്ള എഡ്യൂക്കേഷണൽ തെറാപ്പിസ്റ്റിന്റെ സഹായത്തോടെ ചെറിയ പ്രായത്തിൽ തന്നെ കണ്ടെത്തി ചെയ്യുക. സ്വഭാവവൈകല്യങ്ങൾക്ക് ഹോളിസ്റ്റിക് ആയിട്ടുള്ള പാർശ്വഫലങ്ങളില്ലാത്ത ഹോമിയോപ്പതി ചികിത്സയുടെ സഹായം തേടാവുന്നതാണ്. ഇതിനുപുറമേ ബിഹേവിയറൽ തെറാപ്പി, റിലാക്സേഷൻ തെറാപ്പി എന്നിവയും സ്വീകരിക്കാവുന്നതാണ്.

(ഹോമിയോപതിക് ഡോക്ടറും റമഡിയൽ എഡ്യുക്കേറ്ററുമാണ് ലേഖിക. ഫോണ്‍: 8281188879. ഇ മെയിൽ [email protected] com)

 

Eng­lish Sum­ma­ry:  Learn­ing Prob­lems and Learn­ing Defi­cien­cies in Children