26 April 2024, Friday

സാമ്പത്തിക തട്ടിപ്പ് : ലീന മരിയ പോളിന്റെ കസ്റ്റഡി നീട്ടി

Janayugom Webdesk
ന്യൂഡല്‍ഹി
October 17, 2021 8:35 pm

സാമ്പത്തിക തട്ടിപ്പ് കേസില്‍ നടി ലീന മരിയ പോളിന്റെ കസ്റ്റഡി കാലാവധി ഒക്ടോബര്‍ 23 വരെ നീട്ടി. ഡല്‍ഹിയിലെ കോടതിയാണ് കസ്റ്റഡി കാലാവധി നീട്ടിനല്‍കിയത്. 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ലീനയ്ക്ക് സുപ്രധാനമായ പങ്കുണ്ടെന്നും കസ്റ്റഡി അനുവദിച്ചില്ലെങ്കില്‍ അന്വേഷണം മന്ദീഭവിക്കുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് കസ്റ്റഡി കാലാവധി നീട്ടിനല്‍കിയിരിക്കുന്നത്.

വ്യവസായിയുടെ ഭാര്യയില്‍നിന്ന് 200 കോടി രൂപ തട്ടിയെടുത്തെന്ന കേസില്‍ ലീന കുറ്റകൃത്യത്തിന്റെ ഗുണഭോക്താവ് മാത്രമല്ലെന്നും മുഖ്യപ്രതിയായ സുകേഷ് ചന്ദ്രശേഖറിനൊപ്പം പങ്കാളിയാണെന്നും ഇഡി പറഞ്ഞു. ലീനയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് സാമ്പത്തിക ഇടപാടുകള്‍ നടന്നത്. ഈ പണം എവിടെനിന്ന് വന്നു തുടങ്ങിയ കാര്യങ്ങള്‍ അറിയേണ്ടതുണ്ട്. അന്വേഷണം ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. അതിനാല്‍ കസ്റ്റഡി നീട്ടിനല്‍കിയില്ലെങ്കില്‍ അന്വേഷണത്തെ ബാധിക്കുമെന്നും ഇഡി വാദിച്ചു. കസ്റ്റഡി കാലയളവില്‍ പ്രതിക്ക് കോവിഡ് ബാധിക്കാതിരിക്കാന്‍ കൃത്യമായ അകലം ഉറപ്പാക്കുമെന്നും ഇഡി പറഞ്ഞു. 

ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ‘നെയില്‍ ആര്‍ട്ടിസ്ട്രി’ എന്ന കമ്പനി ചെന്നൈയില്‍ 4.79 കോടി രൂപയുടെയും കൊച്ചിയില്‍ 1.21 കോടിയുടെയും നിക്ഷേപം നടത്തിയിട്ടുണ്ട്. ഈ പണം കുറ്റകൃത്യത്തില്‍നിന്ന് ലഭിച്ച പണമാണെന്നും ഇവരുടെ മൂന്ന് മൊബൈല്‍ ഫോണുകളില്‍നിന്നുള്ള വിവരങ്ങള്‍ വീണ്ടെടുത്തിട്ടുണ്ടെന്നും ഇഡി പറഞ്ഞു. 

ഫോര്‍ട്ടിസ് ഹെല്‍ത്ത്‌കെയര്‍ പ്രമോട്ടര്‍ ശിവീന്ദര്‍ മോഹന്‍ സിങ്ങിന്റെ ഭാര്യ അതിഥി സിങ്ങിനെ കബളിപ്പിച്ച് 200 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് സുകേഷ് ചന്ദ്രശേഖര്‍, ലീന മരിയ പോള്‍ തുടങ്ങിയവരെ അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ശിവീന്ദര്‍ സിങ്ങിനെ ജാമ്യത്തിലിറാക്കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. 

200 കോടിയുടെ തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിന് ഹജരാകാൻ ഇഡി ആവശ്യപ്പെട്ടിരുന്നെങ്കിലും മൂന്നാം വട്ടവും ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസ് മൂന്നാംവട്ടവും ഹാജരായില്ല. പ്രഫഷനൽ തിരക്ക് മൂലമാണ് ഏജൻസിക്ക് മുമ്പിൽ ഹാജരാകാൻ കഴിയാത്തതെന്നാണ് അറിയിച്ചിരിക്കുന്നത്. കേസിൽ ഉൾപ്പെട്ട ദമ്പതികളോടൊപ്പം ജാക്വലിനെ ചോദ്യം ചെയ്യണമെന്നാണ് ഇ ഡി ആവശ്യപ്പെടുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഡൽഹി ഓഫീസിലെത്തണമെന്ന് ഇഡി ആവശ്യപ്പെട്ടിരുന്നു. അന്ന് വരാത്തതിനെ തുടർന്ന് തിങ്കളാഴ്ചയെത്താൻ നിർദ്ദേശിച്ചിരിക്കുകയാണ്. 

കേസിൽ ബോളിവുഡ് നടി നോറ ഫതേഹിയെയും ഓഗസ്റ്റ് 30ന് ജാക്വലിനെയും ഇഡി ചോദ്യം ചെയ്തിരുന്നു. സാക്ഷിയായാണ് ജാക്വലിനെ ചോദ്യം ചെയ്തിരുന്നത്. ഇരുവരെയും സുകേഷ് ചന്ദ്രശേഖർ കെണിയിൽ വീഴ്ത്തിയെന്നാണ് ഇഡിയുടെ പ്രാഥമിക വിലയിരുത്തൽ. കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പുറമേ, ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

Eng­lish Sum­ma­ry : leena maria pauls cus­tody extended

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.