22 November 2024, Friday
KSFE Galaxy Chits Banner 2

മനുഷ്യാവകാശങ്ങളെ വെല്ലുവിളിക്കുന്ന നിയമനിര്‍മ്മാണം

Janayugom Webdesk
March 30, 2022 5:00 am

തിങ്കളാഴ്ച ലോക്‌സഭയിൽ അവതരിപ്പിക്കപ്പെട്ട ക്രിമിനൽ നടപടിക്രമം (തിരിച്ചറിയൽ) ബിൽ 2022 ഭരണഘടനാ വിരുദ്ധവും സ്വകാര്യതയ്ക്കുള്ള വ്യക്തികളുടെ അവകാശങ്ങൾക്കുമേൽ കടന്നുകയറാനും നിക്ഷിപ്ത രാഷ്ട്രീയ ലക്ഷ്യത്തോട് കൂടിയതുമാണ്. 1920ലെ തടവുകാരെ തിരിച്ചറിയുന്നത് സംബന്ധിച്ച നിയമം റദ്ദുചെയ്യുന്നതിനു പകരമായാണ് നിർദ്ദിഷ്ട നിയമനിർമ്മാണം. ശിക്ഷിക്കപ്പെട്ടവരും വിചാരണ നേരിടുന്നവരുമായ ഒരു ചെറുവിഭാഗം തടവുകാരുടെ വിരലടയാളം, കാൽപ്പാദ അടയാളം എന്നിവ രേഖപ്പെടുത്താൻ അനുവദിക്കുന്നതാണ് 1920 ലെ നിയമം. പ്രസ്തുത നിയമം തടവുകാരുടെ ശാരീരിക അളവുകൾ ശേഖരിക്കൽ അനുവദിക്കുന്നില്ല. നിർദ്ദിഷ്ട നിയമമാവട്ടെ ഏതെങ്കിലും കരുതൽ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടവരുടേതും തടഞ്ഞുവയ്ക്കപ്പെട്ടവരുടേതും ഉള്‍പ്പെടെ ശാരീരികവും ജൈവീകവുമായ സാമ്പിളുകൾ ശേഖരിക്കാനും സൂക്ഷിക്കാനും വിശകലന വിധേയമാക്കാനും പൊലീസിനും ജയിൽ അധികൃതർക്കും അധികാരം നൽകുന്നു. നേത്രപടലത്തിന്റെയും കൃഷ്ണമണിയുടെയും സ്കാനും അവയിൽ ഉൾപ്പെടുന്നു. കയ്യക്ഷരം, ഒപ്പുകൾ എന്നിവയും ഇത്തരത്തില്‍ ശേഖരിക്കാം. അവ എഴുപത്തിയഞ്ച് വർഷക്കാലം വരെ ദേശീയ കുറ്റകൃത്യ വിവരശേഖരത്തിൽ (എൻസിആർബി) സൂക്ഷിക്കാനും ബിൽ വ്യവസ്ഥചെയ്യുന്നു. കുറ്റാന്വേഷണത്തിനായി ‘മറ്റുള്ളവരുടെ’ വിവരങ്ങളും ഇത്തരത്തിൽ ശേഖരിക്കാനും സൂക്ഷിക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്. തടവുകാർ, അറസ്റ്റു ചെയ്യപ്പെട്ടവർ, കരുതൽ തടങ്കിൽ ഉള്ളവർ എന്നിവർക്കുപുറമെയുള്ള ‘മറ്റുള്ളവർ’ ആരെന്ന് ബിൽ നിർവചിക്കുന്നില്ല. പൊലീസ് ഹെഡ്‍കോൺസ്റ്റബിൾ മുതൽ ഏതൊരു ഉദ്യോഗസ്ഥനും അവ രേഖപ്പെടുത്താമെന്നും ബിൽ വ്യവസ്ഥ ചെയ്യുന്നു. ബില്ലിനെ സംബന്ധിച്ച ഇത്രയും വിവരങ്ങൾതന്നെ കുറ്റാന്വേഷണം, കുറ്റകൃത്യം തടയൽ എന്നിവയ്ക്കുപരി ഭരണകൂടത്തിന്റെ ഗൂഢോദ്ദേശ്യങ്ങളാണ് തുറന്നുകാട്ടുന്നത്. ഭരണഘടന പൗരന്മാർക്ക് ഉറപ്പുനൽകുന്ന സ്വകാര്യതയ്ക്കുള്ള അവകാശമടക്കം മൗലിക അവകാശങ്ങൾ ലംഘിക്കുന്ന നിയമനിർമ്മാണം പാർലമെന്റിന്റെ അധികാരപരിധിക്ക് പുറത്താണ്. നിയമം, ബലം പ്രയോഗിച്ചു നർക്കോ അനാലിസിസ്, ബ്രയിൻമാപ്പിങ് തുടങ്ങിയ സങ്കേതങ്ങൾ ഉപയോഗിക്കാൻപോലും ഇടവരുത്തുമെന്ന് ആശങ്ക ഉയർത്തുന്നു. അത് കുറ്റാരോപിതനായ ഒരാൾ അയാൾക്കെതിരെ സാക്ഷ്യം നടത്തുന്നതിന് തുല്യമാണ്.


ഇതുകൂടി വായിക്കാം; നീതിപീഠം കണ്ണടച്ച് ഇരുട്ടാക്കുന്നു


ഭരണഘടനയുടെ അനുച്ഛേദം 20, മൂന്നാം ഉപവകുപ്പ് പൗരന് നൽകുന്ന ഉറപ്പിന്റെ ലംഘനമാണ്. നിർദ്ദിഷ്ട നിയമത്തിലെ വ്യവസ്ഥകൾ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഉടമ്പടിയുടെ നിഷേധമാണ്. നരേന്ദ്രമോഡി സർക്കാർ പിന്തുടർന്നുവരുന്ന നിയമനിർമ്മാണ രീതികളുമായി താരതമ്യം ചെയ്യുമ്പോൾ ഭരണഘടനാ വിരുദ്ധവും മനുഷ്യാവകാശ നിഷേധവുമായ ഇത്തരം നടപടികളിൽ യാതൊരു അത്ഭുതത്തിനും വകയില്ല. മോഡി സർക്കാരിനുവേണ്ടി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചത് ലഖിംപുർ ഖേരിയിൽ കർഷകരെ കൂട്ടക്കൊലചെയ്ത കേസിൽ കുറ്റാരോപിതനായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര ‘ടേനി’ ആണെന്നത് യാദൃച്ഛികമല്ല. ലഖിംപുർ സംഭവത്തിൽ മിശ്ര രാജിവയ്ക്കണമെന്ന കർഷകരുടെ ആവശ്യം മോഡിസർക്കാർ നിരാകരിച്ചിരുന്നു. കൂട്ടക്കൊലയിൽ കുറ്റാരോപിതനായ ഒരാളെത്തന്നെ കുറ്റാന്വേഷണം കാര്യക്ഷമവും കറ്റകൃത്യങ്ങൾ തടയാനും ലക്ഷ്യം വച്ചുള്ള നിയമനിർമ്മാണത്തിന്റെ ബിൽ അവതരിപ്പിക്കാൻ ചുമതലപ്പെടുത്തിയത് നൽകുന്ന സന്ദേശവും അതുയർത്തുന്ന വെല്ലുവിളിയും പകൽപോലെ വ്യക്തമാണ്. കുറ്റവാളികളെ വെള്ളപൂശുന്ന നടപടി ഭരണകൂട കറ്റകൃത്യങ്ങളെ ഒന്നാകെ നിയമവിധേയമാക്കാനും വർധിതവീര്യത്തോടെ അത് നിർബാധം തുടരാനുമുള്ള ഭരണകൂട ലക്ഷ്യമാണ് തുറന്നുകാട്ടുന്നത്. നരേന്ദ്രമോഡി നേതൃത്വം നൽകുന്ന സംഘപരിവാർ ഫാസിസ്റ്റ് സർക്കാർ ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും തകർക്കാൻ നടത്തുന്ന സംഘടിത ശ്രമങ്ങളുടെ ഏറ്റവും പുതിയ അധ്യായമാണ് ക്രിമിനൽ നടപടിക്രമം (തിരിച്ചറിയിൽ) ബിൽ 2022. പ്രതിപക്ഷപാർട്ടി നേതാക്കളെയും പ്രവർത്തകരെയും കുറ്റവാളികളാക്കി തുറങ്കിലടച്ചുകൊണ്ടു മാത്രമേ ഹിന്ദുരാഷ്ട്ര സങ്കല്പത്തിലേക്കുള്ള പ്രയാണം സാധ്യമാവു എന്ന് അവർ തിരിച്ചറിയുന്നു. രാജ്യത്ത് ഒരു ജനാധിപത്യ, മതനിരപേക്ഷ ബദൽ വളർന്നുവരുന്നതിനെ അവർ ഭയപ്പെടുന്നു. കേന്ദ്ര അന്വേഷണ ഏജൻസികൾ, പെഗാസസ് അടക്കമുള്ള ചാരനിരീക്ഷണ സംവിധാനങ്ങൾ, തീവ്രമത-വലതുപക്ഷ ജാഗ്രതാസംഘങ്ങൾ, അളവറ്റ പണക്കൊഴുപ്പ് എന്നിവയ്ക്ക് പുറമെ തങ്ങളുടെ ആയുധശേഖരങ്ങൾ വിപുലപ്പെടുത്താനുള്ള തത്രപ്പാടിലാണ് അവർ. രാജ്യത്തെ ജനാധിപത്യ, മതനിരപേക്ഷ, പുരോഗമന പ്രസ്ഥാനങ്ങൾ ഈ വിപത്തു തിരിച്ചറിഞ്ഞ് യോജിച്ച പ്രതിരോധം ഉയർത്താൻ ഇനി തെല്ലും വൈകിക്കൂടാ.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.