19 April 2024, Friday

Related news

April 13, 2024
February 29, 2024
February 26, 2024
January 9, 2023
December 13, 2022
November 8, 2022
October 30, 2022
October 22, 2022
October 10, 2022
September 25, 2022

സഞ്ജു സാംസന്റെ കാര്യത്തില്‍ കേരളം ഇങ്ങനെ ചിന്തിക്കുമോ?

പന്ന്യൻ രവീന്ദ്രന്റെ കായിക പംക്തിയോടുള്ള വായനക്കാരന്റെ പ്രതികരണം
Janayugom Webdesk
October 22, 2022 9:42 pm

ഒറീസക്കാരെ എന്തുകൊണ്ട് ടീമിലെടുത്തില്ല?

കോച്ചായിരിക്കെ ഗ്രേഗ് ചാപ്പലിനെ ആ നാട്ടുകാർ തടഞ്ഞുവച്ചു

കളിയെളുത്തിന്റെയും നേതാവാണ് ഉത്തമ കമ്മ്യൂണിസ്റ്റുകൂടിയായ സാക്ഷാൽ പന്ന്യൻ രവീന്ദ്രൻ. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുൻ കേരള സെക്രട്ടറിയും തിരുവനന്തപുരം മണ്ഡലത്തിൽ നിന്നുള്ള പാർലമെന്റംഗവും ആയിരുന്ന പന്ന്യൻ ജനയുഗം പത്രത്തിൽ ഇടതടവില്ലാതെ തുടരുന്ന പ്രതിവാര പക്തിയാണ് കളിയെഴുത്ത്. കമ്പം ഫുട്ബോളിനോടാണെങ്കിലും ക്രിക്കറ്റും വോളിബോളും തുടങ്ങി ശരാശരി മനുഷ്യർ മത്സരബുദ്ധിയോടെ തന്നെ കണ്ട് ആനന്ദനിർവൃതിയടയുന്ന കായിക ഇനങ്ങളെല്ലാം നിരീക്ഷിച്ച് വിലയിരുത്തുന്ന രാഷ്ട്രീയക്കാരൻ പന്ന്യൻ രവീന്ദ്രനല്ലാതെ വേറയാരുമില്ല. പാർട്ടി സമ്മേളനത്തിരക്കുകൾക്കിടയിലും തന്റെ പംക്തിക്ക് മുടക്കം വരുത്താൻ അദ്ദേഹം മുതിർന്നില്ല. ആധുനിക ജേർണലിസ്റ്റുകളുടെ തത്വമാണ് പേന നിലത്തുവച്ച് മൗസും കീബോർഡും ഉപയോഗിക്കുക എന്നത്. ഏതാണ്ട് പന്ന്യൻ രവീന്ദ്രനെന്ന കായികലോകത്തെ മാധ്യമപ്രവർത്തകനും അതേപാതയിലാണ്. തന്റെ മൊബൈൽ ഫോണിലെ ഗൂഗിൾ ഹാൻഡ്റൈറ്റിങ് ആപ്പ് വഴിയാണ് എഴുത്ത്.

ലക്ഷദ്വീപിലെ സിപിഐ സമ്മേളനത്തിന് പാർട്ടി ദേശീയ ഘടകത്തിൽ നിന്നുള്ള ചുമതലക്കാരനായി പങ്കെടുക്കുന്നതിനിടെ ജനയുഗത്തിനുവേണ്ടിയുള്ള പംക്തി എഴുതിത്തീർത്തു. കേന്ദ്രത്തിന്റെ ഇന്റർനെറ്റ് നിയന്ത്രണ ബാധ നന്നായുള്ള പ്രദേശമാണ് ഇവിടത്തെ ദ്വീപുകളേറെയും. പ്രത്യേകിച്ച് ബിജെപി ഇതര പാർട്ടികളുടെ പരിപാടികളും പ്രക്ഷോഭങ്ങളും നടക്കുമ്പോൾ. മൊബൈലിൽ തയാറാക്കിയ പംക്തി ജനയുഗത്തിലേക്ക് അയയ്ക്കാൻ സമ്മേളനം നടക്കുന്നതിന്റെ പരിസരത്തൊന്നും മൊബൈൽ ഇന്റർനെറ്റിന് റേഞ്ച് ഇല്ല. പത്രം തയാറാക്കുന്ന സമയം അതിക്രമിക്കുന്നതിനനുസരിച്ച് ഡസ്കിലുള്ളവരേക്കാൾ ആതി എഴുത്തുകാരനിലായിരുന്നു. ഒടുവിൽ തന്റെ മൊബൈൽ ഒരു പാർട്ടി സഖാവിനെ ഏല്പിച്ച് അത് റേഞ്ചുള്ള ഇടത്തെത്തിച്ച് ലേഖനം ജനയുഗത്തിൽ കിട്ടിയെന്ന് ഉറപ്പിച്ചാണ് ആ രാത്രി പന്ന്യൻ ഉറക്കത്തിലേക്ക് കടന്നത്. കായികവിനോദങ്ങളോടും കളിയെഴുത്തിനോടുമുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത ആവേശമാണ് അത് തെളിയിച്ചത്. വിജയവാഡയിലെ പാർട്ടി കോൺഗ്രസിനിടെയാണ് കഴിഞ്ഞ ആഴ്ചയിലെ (ഒക്ടോബർ 17ലെ) തന്റെ പംക്തി പന്ന്യൻ രവീന്ദ്രൻ തയാറാക്കി അയച്ചത്.

കായികപ്രേമികൾക്കിടയിലും കളിയെഴുത്തുകാർക്കിടയിലും ഒട്ടേറെ ആരാധകരുള്ള പംക്തിയാണ് ജനയുഗത്തിലെ പന്ന്യന്റെ കളിയെഴുത്ത് എന്ന കോളം. എഴുത്തുകാരനോട് നേരിട്ടും ജനയുഗത്തോടും വായനക്കാർ വിശാലമായിത്തന്നെ പ്രതികരിക്കുന്നുമുണ്ട്. ഇങ്ങനെ വന്ന ഒരു കായികപ്രേമിയുടെ കത്ത് കഴിഞ്ഞ ദിവസം പന്ന്യൻ രവീന്ദ്രൻ തന്നെ തന്റെ ഫേസ് ബുക്ക് പേജിലൂടെ പങ്കുവച്ചിരുന്നു. കായിക ലോകത്തെയും കളിയെഴുത്തിനെയും ഗൗരവത്തോടെ വീക്ഷിച്ച് തയാറാക്കി അയച്ച കത്ത് ജനയുഗം വായനക്കാർക്കായി ഇവിടെ പങ്കുവയ്ക്കുകയാണ്.

 

ശ്രീ പന്ന്യൻ രവീന്ദ്രന്…

എന്റെ ഈ കത്തിന് അത്ര പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല. എങ്കിലും എഴുതിപ്പോവുകയാണ്. സഞ്ജു സാംസണെക്കുറിച്ചുള്ള താങ്കളുടെ പരാമർശം തന്നെയാണ് ഇതിനാധാരം. സഞ്ജു സാംസൺ മാത്രമല്ല, കേരളത്തിൽ നിന്നുള്ള ഒട്ടുമിക്ക താരങ്ങളും ഇത്തരത്തിൽ അവഗണന നേരിട്ടവരാണ്. ശ്രീശാന്തിന്റെ കാര്യംതന്നെയെടുക്കാം — അദ്ദേഹത്തിന് അത്തരം കുറ്റം ചെയ്യാനുള്ള ധൈര്യമൊന്നുമില്ല. പക്ഷേ, പൊലീസിന്റെ തല്ലു ഭയന്ന് കുറ്റം സമ്മതിച്ചെന്ന്! (കൂടെ രണ്ടു പേരുടെയും ഭാവി ഇല്ലാതാക്കി). ഇത് കൃത്യമായും ബിസിസിഐയിലെ വടക്കേ ഇന്ത്യ ലോബിയുടെ കൈക്കളിയാണ്, തീർച്ച. ശ്രീശാന്ത് ഉദിച്ചുവരുന്ന സമയമായിരുന്നു. ഐപിഎല്ലിൽ തിളങ്ങി നില്ക്കുന്നു. ഒരുപക്ഷെ, ക്യാപ്ടൻ വരെ ആയേനേ. അത് പക്ഷെ വടക്കൻ ലോബിക്ക് സഹിക്കില്ല. ഒരു മദ്രാസി (അതും കേരളീയൻ) തലപ്പത്തു വരുന്നത് അവർക്ക് അസഹനീയം തന്നെ. വർഷങ്ങൾക്കു മുമ്പും ഇത്തരം അവഹേളനം നടന്നിട്ടുണ്ട്. അനന്ത പത്മനാഭനെ എന്തുകൊണ്ട് പരിഗണിച്ചില്ല. അതിനു മുമ്പ് ഭാസ്കർ പിള്ളയെനന കളിക്കാരനെ തീരെ പരിഗണിച്ചില്ല. കപിൽദേവായിരുന്നു ക്യാപ്റ്റൻ. പകരം ഹരിയാനക്കാരൻ ചേതൻ ശർമ്മയെ പരിഗണിച്ചു. ഭാസ്കർ പിന്നീട് ഡൽഹിയിലേക്ക് ചേക്കേറി.

 

മറ്റ് സംസ്ഥാനക്കാർക്ക് അവരുടെ സംസ്ഥാന സർക്കാർ ഇടപെടുന്നു. നമ്മുടെ സംസ്ഥാന സർക്കാർ അക്കാര്യത്തിൽ തീരെ പിറകോട്ടാണ്. മികവാണ് മാനദണ്ഡം എന്നാണ് പ്രമാണം. പക്ഷെ, അത് കടലാസിൽ മാത്രമായതിനാൽ താങ്കളെപ്പോലുള്ളവർ സർക്കാരിൽ സമ്മർദ്ദം ചെലുത്തി നമ്മുടെ കായിക താരങ്ങൾ ദേശീയ ടീമിൽ എത്തിപ്പറ്റാൻ അവസരമൊരുക്കണം. ഒരു കാര്യം ഇവിടെ വ്യക്തമാക്കട്ടെ. കൊച്ചി കല്ലൂർ സ്റ്റേഡിയത്തിൽ ആദ്യമായി സന്തോഷ് ട്രോഫി മത്സരം നടന്നപ്പോൾ കേരളം സെമി കാണാതെ പുറത്തായി. ഫലമോ, സെമിയിലും ഫൈനലിലും സ്റ്റേഡിയം കാലി. അതേസമയം മുമ്പ് ഗോവയിൽ സ്റ്റേഡിയം പണിതശേഷം ആദ്യമായി സന്തോഷ് ട്രോഫി നടത്തിയപ്പോൾ അവർതന്നെ ജേതാക്കളായി. കൊച്ചി സ്റ്റേഡിയത്തിലെ ആ മത്സരത്തിൽ മണിപ്പൂരാണ് സെമിയിൽ തോറ്റത് ഗോവയോട്. മത്സരത്തിൽ റഫറി ഒത്തുകളിച്ചെന്നാരോപിച്ച് തൊട്ടടുത്ത ദിവസം അവിടെ സംസ്ഥാനം ഹർത്താൽ നടത്തി. കേരളത്തിലാണെങ്കിൽ ഇങ്ങനെ ഒരുകാര്യം ചിന്തിക്കാമോ?

 

https://janayugomonline.com/category/sports/

 

ക്രിക്കറ്റിൽ മാത്രമല്ല, ഹോക്കിയിലും ഇതുതന്നെ അവസ്ഥ. കേരളത്തിലെ എത്ര താരങ്ങൾ ദേശീയ ടീമിലെത്തി. വിരലിലെണ്ണാവുന്നവർ മാത്രം. തമിഴ്‌നാട്, ആന്ധ്ര, കർണാടക, മഹാരാഷ്ട്ര താരങ്ങളാണ് കൂടുതലും. പിന്നെ പഞ്ചാബികളും. ഇതിനുത്തരവാദി നമ്മുടെ സംസ്ഥാന സർക്കാർ തന്നെ. മറ്റ് സംസ്ഥാനങ്ങൾ അവരുടെ താരങ്ങളില്ലെങ്കിൽ അവരുടെ നാട്ടിൽ മത്സരം നടത്താൻ പറ്റില്ലെന്ന് തീർത്തു പറയുമ്പോൾ നമ്മുടെ സംസ്ഥാന സർക്കാർ നിഷ്പക്ഷത പാലിക്കുന്നു. ഇവിടെ ഒരു കാര്യം വ്യക്തമാക്കട്ടെ — ഇതിനെ രാഷ്ട്രീയമായി കാണരുത്. എനിക്ക് രാഷ്ട്രീയം തീരെ വശമില്ല. എപ്പോഴും കേരളത്തിലും കേന്ദ്രത്തിലും വ്യത്യസ്ത സർക്കാരുകളാണ് ഭരണത്തിൽ. ആയതിനാൽ കേരളത്തിൽ നിന്ന് കേന്ദ്രത്തിൽ ഒറ്റ മന്ത്രിയില്ല. നോമിനേറ്റ് ചെയ്തവർക്ക് സഹമന്ത്രി സ്ഥാനമേ ലഭിക്കു. ഇപ്പോഴും സ്ഥിതി വ്യത്യസ്തമല്ല. രണ്ട് സഹമന്ത്രിമാർ മാത്രം. നേരെ മറിച്ച് മറ്റ് സംസ്ഥാനൾക്കെല്ലാം അംഗങ്ങളുണ്ട്. ഭരണപാർട്ടിക്ക് ചിലർ മന്ത്രിമാരും. അപ്പോൾ അവരുടെ ശബ്ദത്തിന് വിലയുണ്ടാവും. നമുക്ക് ശബ്ദിക്കാൻ ആളില്ല!. ആയതിനാൽ ഒരു കാര്യം ഓർമ്മിപ്പിക്കാൻ കൂടിയാണ് ഈ കത്ത്. അതായത് താങ്കളെ പോലുള്ള നേതാക്കൾ ഒന്നുകിൽ സംസ്ഥാന സർക്കാരിൽ സമ്മർദ്ദം ചെലുത്തുക കേരള താരങ്ങളെയും പരിഗണിക്കണമെന്ന്. അല്ലെങ്കിൽ എംപിമാരോട് ആവശ്യപ്പെടുക (എല്ലാം കോൺഗ്രസുകാരാണല്ലോ — ഇവിടെ രാഷ്ട്രീയം നോക്കരുത്) കേരള കായിക താരങ്ങൾക്കും ദേശീയ ടീമിൽ അവസരമുണ്ടാകണമെന്ന്. ശ്രീശാന്തിനു മുമ്പ് ഒറ്റ താരവും ദേശീയ ടീമിലെത്തിയില്ല (ഹോക്കിയിലും). താങ്കളെപ്പോലുള്ളവർക്കേ അതിന് കഴിയൂ. അതിനാലാണ് ഇത്തരം ഒരു ആവശ്യം. അതിന് പ്രത്യേക ഭാഷാ നൈപുണ്യം വേണം. എങ്കിലെ പാർലമെന്റിൽ ശബ്ദിക്കാൻ പറ്റു. അല്ലെങ്കിൽ മിണ്ടാപ്രാണിയാവും. ആയതിനാൽ ഭാഷാ നൈപുണ്യമുള്ളവരെ മാത്രം (പാർലമെന്റിൽ ഇംഗ്ലീഷിലോ ഹിന്ദിയിലോ സംസാരിക്കാൻ പറ്റുന്നവർ) എന്നൊരു ചെറിയ നിർദ്ദേശവുമുണ്ട്. പരിഗണിക്കുമെന്ന് വിശ്വസിക്കട്ടെ. മേൽ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് വിശദമായി ചർച്ചചെയ്ത് തീരുമാനമെടുപ്പിക്കുക.

സർ,

ഈ കത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം എന്റെ വ്യക്തിപരമായ തോന്നലുകളാണ്. ഏതെങ്കിലും വ്യക്തിയെ കുറിച്ച് പരാമർശമുണ്ടെങ്കിൽ അത് എന്റെ വ്യക്തിപരമായേ കണക്കാക്കാവൂ. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ല. ഒരു കാര്യംകൂടി ഓർമ്മവരുന്നു. ഓസ്ട്രേലിയക്കാരൻ ഗ്രേഗ് ചാപ്പൽ കോച്ചായിരിക്കെ ഒറീസയിൽ ഒരു മത്സരം നടന്നു. അദ്ദേഹം മത്സരം കഴിഞ്ഞു മടങ്ങുമ്പോൾ ഒറീസക്കാരെ എന്തുകൊണ്ട് ടീമിലെടുത്തില്ലെന്ന് പറഞ്ഞ് അദ്ദേഹത്തെ തടഞ്ഞുവച്ചു. കേരളത്തിൽ ഇത്തരം കാര്യം ചിന്തിക്കാമോ?

കേരളീയർക്ക് കായിക മത്സരങ്ങളിൽ താല്പര്യമില്ല എന്ന വടക്കേ ഇന്ത്യക്കാരുടെ വീക്ഷണം താങ്കളെപ്പോലുള്ളവർ മാറ്റിയെടുക്കണം. പുതിയ ഏതെങ്കിലും കായികതാരം ഉയർന്നുവന്നാൽ അവൻ മദ്രാസിയോ മറാത്തിയോ (വടക്കേ ഇന്ത്യക്കാർ‍) എന്ന ചോദ്യങ്ങൾ അപ്രസക്തമാക്കണം താങ്കളെപ്പോലുള്ളവർ. തല്ക്കാലം നിർത്തട്ടെ. മികവ് തന്നെയാണ് മാനദണ്ഡമെന്ന് ഇനിയെങ്കിലും ജനങ്ങളെ പറഞ്ഞു മനസിലാക്കിക്കുക.

എന്ന്, ഒരു കായിക പ്രേമി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.