4 May 2024, Saturday

കാമം സർവവിനാശ കാരണം

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
രാമായണ തത്വമനനം 31
August 17, 2023 4:32 am

ബലാൽക്കാരങ്ങളെ തടഞ്ഞ് തകർത്തെറിയുന്ന ബലപ്രയോഗങ്ങളുടെ കഥാകാവ്യമാണ് രാമായണം. വലിയ ബലമുള്ള താടകയും വിരാധനും മുതൽ ബാലിയും രാവണനും വരെയുള്ളവരെല്ലാം അവരുടെ ബലത്താൽ കയ്യടക്കിയതെല്ലാം വിട്ടൊഴിഞ്ഞ് ഒടുങ്ങേണ്ടിവരുന്നു രാമബലത്തിനു മുന്നിൽ. പരമശിവപുത്രനായ ഗണപതിയെ വെന്ന, ശിവശിഷ്യനായ പരശുരാമനെയും ശ്രീരാമൻ വെല്ലുന്നുണ്ട് ബാണബലത്താൽ. പക്ഷേ, രാമന്റെ ഒരു പ്രത്യേകത വലിയ ബലശാലികളെയും ജയിച്ചിട്ടും ആരുടെയും ഭൂമിയോ പൊന്നോ പെണ്ണോ പദവിയോ തന്റെ ബലം ഉപയോഗിച്ചു കയ്യടക്കിയില്ല എന്നതാണ്. ‘അന്യന്റെ സ്വത്ത് അധീനപ്പെടുത്തരുത്(മാഗൃധ കസ്യ സ്വിധനം) എന്ന ഉപനിഷത്ത് വാക്യം തീർത്തും പരിപാലിച്ചു ജീവിക്കാനായി എന്നതാണ് രാമജീവിത മാഹാത്മ്യം. ത്രിലോകങ്ങളും ഭയക്കുന്ന ബലമുള്ളവരായ ബാലിയുടെ കിഷ്കിന്ധയും, രാവണന്റെ ലങ്കയും, ബാലിയെയും രാവണനെയും കൊന്ന രാമബലത്തിന് നിഷ്പ്രയാസം കയ്യടക്കി ഭരിക്കാമായിരുന്നു. ശ്രീരാമൻ അതുചെയ്യാതെ കിഷ്കിന്ധ, ബാലിയുടെ സഹോദരനായ സുഗ്രീവനും ലങ്ക, രാവണ സോദരനായ വിഭീഷണനും ഭരിക്കാനായി വിട്ടുകൊടുത്തു. കീഴടക്കിയവരുടെ രാജ്യത്തെ കോളനിയാക്കാനുള്ള സാമ്രാജ്യത്വാധിനിവേശ കാമം രാമനിൽ ഉണ്ടായിരുന്നില്ല എന്നർത്ഥം.

 


ഇതുകൂടി വായിക്കൂ; രാവണന്റെ ഭോഗലങ്കയിൽ ഹനുമാന്റെ ബ്രഹ്മചര്യ ചിന്തകൾ


വലിയ ശത്രുതയോടെ അടരാടി അമ്പെയ്തു വീഴ്ത്തി കൊന്നശേഷം രാവണന് അന്തിമോപചാരം അർപ്പിക്കുന്നതിന് വിഭീഷണനോടൊപ്പം തയ്യാറാകുന്ന രാമൻ പറയുന്ന ഒരു വാക്യം ശ്രദ്ധേയമാണ്. ‘മരണാന്താനി വൈരാണി നിർവൃത്തം നഃ പ്രയോജനം\ ക്രിയതാമസ്യ സംസ്കാരോ മമാപേഷ്യ യഥാ തവ’ (യുദ്ധകാണ്ഡം; സർഗം 100; ശ്ലോകം 25). ‘മരണത്തോടെ ശത്രുതകൾ അവസാനിക്കുന്നു. വിഭീഷണാ ഇദ്ദേഹത്തിന്റെ ശവസംസ്കാരം നിർവഹിക്കുക. ഭവാന് ഇദ്ദേഹം എപ്രകാരമോ അപ്രകാരം തന്നെ ഇദ്ദേഹം എനിക്കും’ എന്നതാണ് രാമവാക്യ താല്പര്യം. മരണത്തോടെ വിഭീഷണനു രാവണൻ ജ്യേഷ്ഠനാണെന്ന പോലെ രാമനും രാവണൻ ജ്യേഷ്ഠനായി എന്നർത്ഥം. ഇവ്വിധത്തിൽ ജീവിതത്തിൽ അടരാടി വീഴ്ത്തിയ രാഷ്ട്രീയ ശത്രുക്കളെ മരണാനന്തരം ജ്യേഷ്ഠസമാനരായി കാണുന്ന സംസ്കാരം ഇപ്പോഴും സമുന്നത രാഷ്ട്രീയ നേതൃത്വങ്ങൾ പുലർത്തുന്നുണ്ടല്ലോ. ഇതു രാമായണത്തിൽ നിന്നു പകർന്നു കിട്ടിയതും പരിപാലിക്കേണ്ടതുമായ ഒരു ജീവിതാദർശമാണ്.


ഇതുകൂടി വായിക്കൂ;ഹസ്തദാനം നൽകി സൗഹൃദം ഉറപ്പിക്കൽ ഭാരതീയമുറ


 

ഇത്തരം ജീവിതാദർശ പാഠങ്ങൾ ഏറെ പകർന്നേകുന്ന രാമായണം രാമന്റെ വലിയൊരു ദൗർബല്യത്തെക്കൂടി വരച്ചുകാട്ടുന്നുണ്ട്. ആ ദൗർബല്യം രാമജീവിതത്തെയും തദ്വാരാ സഹോദരങ്ങളുടെ ജീവിതത്തെയും ദുരിതപൂരിതമാക്കിയ യശോകാമം തന്നെ. ‘എല്ലാവരും തന്നെ എപ്പോഴും പുകഴ്ത്തിക്കൊണ്ടിരിക്കുംവിധത്തിൽ ജീവിക്കണം, തെറ്റുകുറ്റങ്ങളെന്തെങ്കിലും തനിക്ക് പറ്റിയിട്ടുണ്ടെന്ന് ഒരാളും ഒരു കാലത്തും പറയാൻ ഇടവരുത്തരുത്’ എന്ന യശോകാമം രാമന്റെ ദൗർബല്യമായിരുന്നു. കർണന് ദാനശീലം ദൗർബല്യമായിരുന്നു. അതിനാൽ അദ്ദേഹം സ്വരക്ഷയുടെ കവചകുണ്ഡലങ്ങൾ പോലും ദാനം നൽകുക എന്ന ആത്മഹത്യാപരമായ നടപടി ചെയ്തു ഹതനായി. ഇതുപോലെ രാമനും യശോകാമം കൊണ്ടു സീതയെ പരിത്യജിച്ച്, അവളെയോർത്തു ഖിന്നനായി സരയൂ നദിയിൽ ഇറങ്ങി ജീവന്‍ത്യജിച്ചു. അന്യന്റെ ഭാര്യയെ കാമിച്ചു രാവണൻ നശിച്ചു. അന്യരുടെ പ്രശംസ കാമിച്ചു ഭാര്യയെ ഉപേക്ഷിച്ച് രാമനും നശിച്ചു. കാമം വിനാശകാരണം എന്ന പാഠമാണ് രാമായണം ആത്യന്തികമായി പകരുന്നതെന്നു പറയാം.
(സമാപിച്ചു)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.