27 April 2024, Saturday

എം എന്‍ ഭവന നിര്‍മ്മാണ പദ്ധതിക്ക് പുതിയമുഖം

Janayugom Webdesk
കാസര്‍കോട്
May 17, 2022 11:20 pm

ജില്ലയില്‍ 16 ഇരട്ട വീടുകള്‍ ഒറ്റ വീടാകുന്നു

 

  • പുല്ലൂര്‍ പെരിയയില്‍ 10, തൃക്കരിപ്പൂരില്‍ 6 ഒറ്റ വീടുകള്‍
  • 16 വീടുകള്‍ക്കായി 6400000 ലക്ഷം 
  • പൂര്‍ത്തീകരിച്ചത് 8 വീടുകളുടെ നിര്‍മ്മാണം

16 കുടുംബങ്ങളുടെ വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യത്തിലേക്ക്. കാലങ്ങളായി ഒരു ഭിത്തിക്ക് അപ്പുറവും ഇപ്പുറവുമായി കഴിഞ്ഞിരുന്ന ലക്ഷംവീട് കോളനി കുടുംബങ്ങള്‍ക്ക് എം എന്‍ ഭവന നിര്‍മ്മാണ പദ്ധതിയിലൂടെ പുതിയമുഖം കൈവരുകയാണ്. പദ്ധതി പ്രകാരം ജില്ലയിലെ 16 ഒറ്റവീടുകളാണ് പുനര്‍നിര്‍മ്മിക്കുന്നത്. ഉദുമ മണ്ഡലത്തിലെ പുല്ലൂര്‍ പെരിയയില്‍ 10 വീടുകളും, തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ കുറ്റിച്ചിയിലും, അയിച്ചിയിലും 3 വീടുകള്‍ വീതം 6 ലക്ഷംവീടുകളാണ് ഒറ്റവീടുകളാക്കി പുതുക്കി പണിയുന്നത്. കാലപ്പഴക്കവും അസൗകര്യവും കൊണ്ട് ദുരിതത്തിലായ കുടുംബങ്ങള്‍ക്ക് ഒറ്റവീട് പദ്ധതി ആശ്വാസമാണ്. എം എൻ ഗോവിന്ദൻ നായരുടെ നേതൃത്വത്തിൽ ഭവനരഹിത മനുഷ്യരില്ലാത്ത കേരളം സൃഷ്ടിക്കുകയെന്ന ലക്ഷ്യം ഉൾക്കൊണ്ട് നടപ്പിലാക്കിയ പദ്ധതിയാണ് ലക്ഷംവീട് പദ്ധതി. സി അച്യുതമേനോൻ ഭരണകാലത്ത് നിർമ്മിച്ച ഒരു ലക്ഷം വീടുകളിൽ മിക്കതും ഇരട്ട വീടുകളായാണ് നിർമ്മിച്ചത്. ഇവിടെയുള്ള കുടുംബങ്ങൾക്ക് ഒറ്റ വീട് നിർമ്മിച്ചുകൊടുക്കുകയാണ് എം എൻ ഭവന നിർമ്മാണ പദ്ധതി കൊണ്ട് ലക്ഷ്യം വെക്കുന്നത്. കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് സ്‌പെഷ്യല്‍ ബംബര്‍ ലോട്ടറി നടത്തി സമാഹരിച്ച 6,16,63,260 കോടി രൂപ വിനിയോഗിച്ചാണ് പദ്ധതിയില്‍പ്പെട്ട വീടുകളുടെ പുനര്‍നിര്‍മ്മാണവും ഇരട്ടവീടുകള്‍ ഒറ്റവീടാക്കുന്ന പദ്ധതിയും നടപ്പിലാക്കുന്നത്. ഗുണഭോക്താക്കള്‍ക്ക് നാല് ഗഡുക്കളായി 4 ലക്ഷം രൂപ വീതം നല്‍കും. പൂല്ലൂര്‍ പെരിയയിലെ പെരിയ ബസ് സ്റ്റാന്റിലെ 16ാം വാര്‍ഡിലെ ലക്ഷംവീട് കോളനികളിലെ 10 വീടുകളാണ് പുതുക്കി പണിത് ഒറ്റവീടുകളാക്കുന്നത്. നിലവില്‍ ഇവിടെ ഒമ്പത് വീടുകളുടെ എഗ്രിമെന്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് 8 വീടുകളുടെ 4 ഗഡുക്കളും നല്‍കി നിര്‍മ്മാണം പൂര്‍ത്തീകരിച്ച് താമസം തുടങ്ങിക്കഴിഞ്ഞു. ഒരു വീടിന്റെ സ്ഥലവുമായി ബന്ധപ്പെട്ട് പഞ്ചായത്തുമായി പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പ്രശ്നങ്ങള്‍ പരിഹരിച്ച് പെട്ടെന്നുതന്നെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്നാണ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ആനന്ദകൃഷ്ണന്‍ പറയുന്നത്. തൃക്കരിപ്പൂരിലെ കുറ്റിച്ചി അയിച്ചി എന്നിവിടങ്ങില്‍ 3 വീടുകള്‍ വീതം 6 വീടുകളാണ് ഒറ്റ വീടുകളാക്കുന്നത്. ഇവിടെ അഞ്ച് വീടുകളുടെ ബെനിഫിഷറി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ഭവന നിര്‍മ്മാണവകുപ്പിലേക്ക് നല്‍കിയിട്ടുള്ളത്. ഒരു കുംടുംബത്തിന്റെ ലിസ്റ്റില്‍ അവര്‍ ഭവനനിര്‍മ്മാണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ മറ്റു ആനുകൂല്യങ്ങള്‍ ലഭിച്ചതിനാല്‍ ഈ അവസരം മറ്റു ആനുകൂല്യം ലഭിക്കാത്ത കുടുംബത്തിന് ലഭ്യമാക്കാം. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ഭവന നിര്‍മ്മാണ വകുപ്പ് ലക്ഷം വീട് ഒറ്റ വീടുകളാക്കുന്നതിനുള്ള അപേക്ഷ സ്വീകരിക്കുന്നതിന്റെ ഭാഗമായി മറ്റു ഭവന നിര്‍മ്മാണ ആനുകൂല്യങ്ങള്‍ ലഭിക്കാത്തവരെയാണ് ഒറ്റ വീടുകള്‍ നിര്‍മ്മിച്ചു കൊടുക്കുന്നതിന് തിരഞ്ഞെടുത്തിട്ടുള്ളത്. ഇതില്‍ 16 കുടുബങ്ങള്‍ ക്ക് 4 ലക്ഷം രൂപവീതം 6400000 ലക്ഷം രൂപയാണ് ചിലവായിരിക്കുന്നത്. 83 മീറ്റര്‍ സ്കോയര്‍ ഫീറ്റിലാണ് വീടു പണിയുന്നതിനുള്ള പ്ലാന്‍ അനുവദിച്ചിട്ടുള്ളത്. ഇതോടെ കേരളത്തിലെ മുഴുവൻ കുടുംബത്തിനും സ്വന്തമായി വീടുള്ള ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാക്കി മാറ്റാന്‍ സാധിക്കുമെന്ന സര്‍ക്കാര്‍ പ്രതീക്ഷയാണ് നിര്‍വേറുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.