27 April 2024, Saturday

Related news

March 27, 2024
June 2, 2023
January 9, 2023
November 22, 2022
November 22, 2022
November 19, 2022
November 17, 2022
October 25, 2022
October 3, 2022
July 28, 2022

മലയാളി വധശിക്ഷ കാത്ത് ജയിലിൽ; രക്ഷയ്ക്ക് വേണ്ടത് 33 കോടിയിലധികം രൂപ, സഹായം അഭ്യര്‍ത്ഥിച്ച് കുടുംബം

Janayugom Webdesk
കോഴിക്കോട്
March 27, 2024 9:39 pm

റിയാദിലെ ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന അബ്ദുൽ റഹീമിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ അവശേഷിക്കുന്നത് ദിവസങ്ങൾ മാത്രം. എന്നാൽ ഇതിന് വേണ്ടിവരുന്നതോ മുപ്പത്തിനാലോളം കോടി രൂപ. ഏപ്രിൽ 16 നുള്ളിൽ ഈ തുക എങ്ങിനെ നൽകുമെന്ന ആശങ്കയിൽ നെഞ്ചുരുകി കഴിയുകയാണ് അബ്ദുൽ റഹീമിന്റെ മാതാവ് ഫാത്തിമ. പതിനെട്ട് വർഷത്തോളമായി 42 കാരനായ അബ്ദുൽ റഹീം ജയിലിൽ കഴിയാൻ തുടങ്ങിയിട്ട്. കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശിയായ മച്ചിലകത്ത് അബ്ദുൽ റഹീം തന്റെ ചെറുപ്രായത്തിലാണ് റിയാദിലെത്തിയത്.

സൗദി പൗരനായ അബ്ദുള്ള അബ്ദുറഹ്‌മാൻ അൽ ശഹ് രിയുടെ വികലാംഗനായിരുന്ന മകനെ പരിചരിക്കലായിരുന്നു ജോലി. എന്നാൽ മനപൂർവ്വമല്ലാത്ത കയ്യബദ്ധത്താൽ യുവാവ് മരിച്ചതിനെ തുടർന്ന് ഒരു മാസം തികയുന്നതിന് മുമ്പേ ജയിലിലായി. റിയാദിലെ കോടതി റഹീം കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും നിയമനടപടികളിലേക്ക് കടക്കുകയും ചെയ്തു. ഇതിനകം രണ്ടു തവണ വധ ശിക്ഷയ്ക്ക് വിധിച്ച കേസിൽ മൂന്നാം തവണയും മേൽക്കോടതി വധശിക്ഷ വിധിച്ചതോടെ മോചനമെന്നത് മരീചികയായെന്ന് അബ്ദുൽ റഹീമിന്റെ സഹോദരൻ നസീർ എം പി പറഞ്ഞു.

റിയാദിലെ ഇന്ത്യൻ എംബസിയും സർവകക്ഷി സമിതിയും നടത്തിയ പരിശ്രമത്തിനൊടുവിൽ മോചന ദ്രവ്യം സ്വീകരിച്ച് മാപ്പ് നൽകാൻ സൗദി കുടുംബം തയ്യാറാവുകയായിരുന്നു. എന്നാൽ റഹീമിന്റെ മോചനത്തിന് സൗദി പൗരന്റെ കുടുംബം മുപ്പത്തി നാലോളം കോടി രൂപയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഏപ്രിൽ 16 നുള്ളിൽ ഇത്രയും വലിയൊരു തുക എങ്ങനെ സമാഹരിക്കും എന്ന ആശങ്കയിലാണ് റഹീമിന്റെ മാതാവും കുടുംബം. ഈ സാഹചര്യത്തിൽ അബ്ദുൽ റഹീം നിയമ സഹായ സമിതി പണം സമാഹരിക്കാനുള്ള പരിശ്രമം ആരംഭിച്ചിട്ടുണ്ട്. പ്രത്യേകം രൂപപ്പെടുത്തി ആപ്പും ബാങ്ക് അക്കൗണ്ടും മറ്റ് സംവിധാനങ്ങളും ഉപയോഗിച്ചാണ് വൻ തുക കണ്ടെത്താനുള്ള ശ്രമം തുടങ്ങിയത്.

ക്രൗഡ്ഫണ്ടിംഗ് ഡൊണേഷൻ കളക്ഷൻ ആപ് പ്ലേസ്റ്റോറിലും ആപ് സ്റ്റോറിലും ലഭ്യമാകും. പണം സ്വീകരിക്കുന്നതിലെ സുതാര്യതയും സൂക്ഷ്മതയും ഉറപ്പുവരുത്തുന്നതിനാണ് മൊബൈൽ ആപ്. ലോകത്ത് എവിടെ നിന്നും റഹീമിന്റെ മോചനത്തിന് പണം സംഭാവന നൽകാൻ ആപ് സഹായിക്കും. സംഭാവന നൽകിയ ആളുകൾക്ക് ഡിജിറ്റൽ റസീപ്റ്റും ലഭിക്കുകയും ഓരോ ദിവസവും അക്കൗണ്ടിലെത്തിയ തുകയുടെ വിവരങ്ങൾ അപ് ഡൗൺലോഡ് ചെയ്തവർക്ക് അറിയാൻ കഴിയുമെന്നും സമിതി ഭാരവാഹികൾ പറഞ്ഞു. കൂടാതെ ഐസിഐസിഐ, ഫെഡറൽ ബാങ്ക് എന്നിവിടങ്ങളിൽ സമിതിയുടെ പേരിലും എസ്ബിഐ യിൽ മാതാവിന്റെ പേരിലും അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.

നാട്ടിലെ സർവകക്ഷി സമിതിയെ കൂടാതെ റിയാദിലും മറ്റു നഗരങ്ങളിലും റഹീം നിയമ സഹായ സമിതികൾ പ്രവർത്തിക്കുന്നുണ്ട്. 34 കോടിയോളം രൂപ വിരലിലെണ്ണാവുന്ന ദിവസം കൊണ്ട് കണ്ടെത്തുകയെന്ന ഭാരിച്ച ഉത്തരവാദിത്വം നിറവേറ്റാൻ ലോകമെങ്ങുമുള്ള മലയാളി സമൂഹം സ്വമനസ്സാലെ മുന്നോട്ട് വരണമെന്ന് അബ്ദുൽ റഹീം നിയമ സഹായ സമിതി ഭാരവാഹികളായ കെ സുരേഷ് കുമാർ, കെ കെ അലിക്കുട്ടി മാസ്റ്റർ, എം ഗിരീഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

എം പി അബ്ദുൾ റഹീം ലീഗൽ അസിസ്റ്റൻസ് കമ്മിറ്റിയുടേ പേരിൽ ഐസിഐസിഐ ബാങ്ക് മലപ്പുറം ശാഖയിൽ തുടങ്ങിയ അക്കൗണ്ട് നമ്പർ: 074905001625.ഐഎഫ് എസ് സി: ICIC0000749.
ഫെഡറൽ ബാങ്ക് ചെറുവണ്ണൂർ ബ്രാഞ്ച് അക്കൗണ്ട് നമ്പർ: 11100200018153.ഐഎഫ് എസ് സി: FDRL0001110.

Eng­lish Sum­ma­ry: malay­ali man needs over 33 crore rupees to avoid death penal­ty in saudi
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.